This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗമകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗമകങ്ങള്‍

സ്വരങ്ങളെ കമ്പനത്തോടുകൂടി പാടുന്ന സമ്പ്രദായം. ഗമകപ്രധാനമാണ് ഇന്ത്യന്‍ സംഗീതം. വേദകാല സംഗീതം മുതല്‍ തന്നെ ഗമകം കാണപ്പെടുന്നു. ആഭരണമില്ലാത്ത സ്ത്രീയെപ്പോലെയാണ് ഗമകമില്ലാത്ത സംഗീതം എന്ന് നാട്യശാസ്ത്ര കര്‍ത്താവായ ഭരതന്‍ പറയുന്നു. തമ്മില്‍ സാമ്യമുള്ള രണ്ടു രാഗങ്ങളെ തമ്മില്‍ തിരിച്ചറിയുന്നത് രണ്ടു രാഗങ്ങളിലുമുള്ള വ്യത്യസ്ത ഗമകങ്ങള്‍മൂലമാണ്. ചിഹ്നങ്ങള്‍കൊണ്ട് ഗമകങ്ങള്‍ എല്ലാം എഴുതി ഫലിപ്പിക്കുക സാധ്യമല്ല. നാരദീയശിക്ഷയില്‍ രക്ത, പൂര്‍ണ, അലംകൃത, പ്രസന്ന, വ്യക്ത, വികൃഷ്ട, ശ്ളക്ഷണ, സാമ, സുകുമാര, മധുര എന്നിങ്ങനെ പത്തുവിധം ഗമകത്തെക്കുറിച്ചു പറയുന്നു. മതംഗന്‍ ബൃഹദ്ദേരിയില്‍ ഗമകത്തെക്കുറിച്ച് പറയുന്നുണ്ട്. കൂടാതെ പാര്‍ശ്വദേവന്‍ സംഗീതസമയസാരത്തിലും, ഹരിപാലന്‍ സംഗീത സുധാകരത്തിലും 7 ഗമകങ്ങളെക്കുറിച്ച് പറയുന്നുണ്ട്. സംഗീതമകരന്ദത്തില്‍ 19 ഗമകങ്ങളെക്കുറിച്ചാണ് നാരദന്‍ പറയുന്നത്. ശാര്‍ങ്ഗദേവന്‍ 15 ഗമകങ്ങളെക്കുറിച്ച് സംഗീതരത്നാകരത്തില്‍ വിവരിച്ചിരിക്കുന്നു. പിന്നീട് ഗേവിന്ദദീക്ഷിതര്‍, വെങ്കിടാഖി എന്നിവരും അതിനു ശേഷമുള്ള ലക്ഷണ ഗ്രന്ഥകര്‍ത്താക്കളും 15 ഗമകങ്ങളെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. ഇവ 'പഞ്ചദശ ഗമകങ്ങള്‍' എന്നറിയപ്പെടുന്നു. തിരിപാ അഥവാ നൊക്കു, സ്ഫുരിതം, കമ്പിതം, ലീനം, ആന്ദോളിതം, വലി, ത്രിഭിന്നം, കുരുളം, ആഹതം, ഉല്ലസിതം, പ്ലാവിതം, ഗുംഭിതം, മുദ്രിതം, നാമിതം, മിശ്രിതം എന്നിവയാണവ. ലീനം, ആന്ദോളിതം, പ്ളാവിതം എന്നിവ കമ്പിത ഗമകത്തിന്റെ വകഭേദങ്ങളാണ്.

ആധുനിക സംഗീതത്തില്‍ നിലവിലിരിക്കുന്നവ ദശവിധ ഗമകങ്ങളാണ്. (1) ആരോഹണം-ആരോഹണക്രമത്തില്‍ വരുന്നവ സരിഗമ പധനിസ; (2) അവരോഹണം-അവരോഹണക്രമത്തില്‍ വരുന്നവ-സനിധപ മഗരിസ; (3) ഡാലു-താഴെയുള്ള സ്വരത്തില്‍ നിന്ന് അടുത്ത സ്വരങ്ങള്‍ വരത്തക്കവിധം പാടുന്നത്. ഉദാ. സപാ സമാ സഗാ സരീ; (4) സ്ഫുരിതം-ഒരു സ്വരത്തിന്റെ തൊട്ടടുത്ത സ്വരം ഉറപ്പിച്ചു പാടുന്നത്. ഇത് ഒരു ജണ്ഡസ്വരമായിരിക്കും. ഉദാ. സസരിരി ഗഗ മമ; (5) കമ്പിതം-കമ്പിതത്തോടെ പാടുന്നത്. ഉദാ. രിമാധാ; (6) ആഹതം- സരി-രിഗ-ഗമമപ എന്നീ രീതിയില്‍; (7) പ്രത്യാഹതം-സനി-നിധ-ധപപമ എന്ന് അവരോഹണ രീതിയില്‍; (8) ത്രിപുഛം-ഒരേ സ്വരങ്ങള്‍ മുമ്മൂന്നായി പാടുന്നത്. ഉദാ സസസ രിരിരി ഗഗഗ---; (9) ആന്ദോളം. ഉദാ. സരിസ ധാ ധ-സരിസ പാ പ സരിസ മാ മ-സരിസ ഗാ ഗ; (10) മൂര്‍ച്ഛത-സ, എന്ന സ്വരത്തില്‍ ആരോഹണ ക്രമത്തില്‍ ആരംഭിച്ച് ദീര്‍ഘനിഷാദം, ദീര്‍ഘധൈവതം എന്ന രീതിയില്‍ പാടുന്നത്. ഉദാ. സരിഗമപധ നി---രിഗമ പധനീസ.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍