This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗബ്രിയേല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗബ്രിയേല്‍

Gabriel

യഹൂദ-ക്രൈസതവ-മുസ്ലീം മതഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഒരു ദൈവദൂതന്‍. 'ദൈവത്തിന്റെ മനുഷ്യന്‍' എന്നാണ് ഹീബ്രു ഭാഷയില്‍ ഈ വാക്കിന് അര്‍ഥം. പ്രവാചകനായ ദാനിയേലിന് ഒരു ദര്‍ശനമുണ്ടായപ്പോള്‍ ആ ദര്‍ശനത്തെക്കുറിച്ചുള്ള വ്യാഖ്യാനം ദാനിയേലിനു നല്കുവാന്‍ ദൈവം തന്റെ ദൂതനായ ഗബ്രിയേലിനെ അയച്ചുകൊടുത്തതായി ബൈബിള്‍ പഴയനിയമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കന്യകാമറിയത്തിന് ക്രിസ്തു ജനിക്കുവാന്‍ പോകുന്ന വിവരം മറിയത്തെ അറിയിക്കുവാനും സ്നാപക യോഹന്നാന്റെ ജനനത്തെപ്പറ്റി അദ്ദേഹത്തിന്റെ പിതാവായ സഖറിയാസിനുമുന്നറിയിപ്പു നല്കുവാനും ദൈവം നിയോഗിച്ചത് ഗബ്രിയേലിനെ ആയിരുന്നു എന്ന് പുതിയ നിയമത്തില്‍ കാണാം. ദാനിയേലിനും സഖറിയാസിനും കന്യാമറിയത്തിനും ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ടത് പുരുഷരൂപത്തിലാണ്. താന്‍ ദൈവത്തിന്റെ പ്രതിനിധിയാണെന്ന് ഗബ്രിയേല്‍തന്നെ വെളിപ്പെടുത്തുന്നു. സൈന്യങ്ങളുടെ ഏഴ് അധിപന്മാരില്‍ ഒരാളായ ഗബ്രിയേല്‍ യൌസേഫിനു വഴി കാണിച്ചു എന്നും മറ്റു ദൂതന്മാരുമായി മോശയെ അടക്കം ചെയ്തു എന്നും അശ്ശൂരസൈന്യത്തെ ഹനിച്ചു എന്നും പരാമര്‍ശമുണ്ട്.

യഹോവയുടെ സിംഹാസനത്തിനു ചുറ്റും നില്‍ക്കുന്ന നാലു പ്രമുഖദൈവദൂതരില്‍ (ഗബ്രിയേല്‍, മൈക്കേല്‍, യൂറിയേല്‍, റാഫേല്‍) ഒരാളായിട്ടാണ് ഗബ്രിയേലിനെ യഹൂദര്‍ സങ്കല്പിച്ചിട്ടുള്ളത്. യഹൂദരുടെ ബുക്ക് ഒഫ് ഇനോക്കി(Book of Enoch)ല്‍ പറയുന്ന നാലുപേര്‍ ഗബ്രിയേല്‍, മൈക്കേല്‍, യൂറിയേല്‍, റാഫേല്‍ എന്നിവരാണ്. ഈ നാല് ദൈവദൂതന്മാരും ലോകത്തിന്റെ നാലുഭാഗങ്ങളെ സംരക്ഷിക്കുന്നവരാണ്. സോദോമിനെ നശിപ്പിച്ചതും യഹൂദര്‍ക്കെതിരെ പൊരുതി 'സെന്നാചെറീബ്' രാജാവിന്റെ സേനയെ നശിപ്പിച്ചതും ഈ മാലാഖമാരാണെന്ന് യഹൂദര്‍ വിശ്വസിക്കുന്നു.

'ജിബ്രില്‍' എന്ന പേരിലാണ് ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ഗബ്രിയേലിനെ അവതരിപ്പിച്ചിട്ടുള്ളത്. നബി ഉള്‍പ്പെടെയുള്ള എല്ലാ പ്രവാചകന്മാര്‍ക്കും ദിവ്യസന്ദേശം എത്തിച്ചുകൊടുത്തത് ജിബ്രില്‍ എന്ന മലക്ക് (മാലാഖ) ആണെന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍