This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗന്ധമാദനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗന്ധമാദനം

പുരാണപ്രസിദ്ധമായ ഒരു പര്‍വതം. സൗരഭ്യംകൊണ്ടു ലഹരി പിടിപ്പിക്കുന്ന ഈ ഗിരി ഹിമവാന്റെ കിഴക്കുഭാഗത്ത് ഇളാവ്രത വനത്തില്‍ സ്ഥിതിചെയ്യുന്നതായി ഭാഗവതം പഞ്ചമസ്കന്ധത്തില്‍ പറയുന്നു. മഹാഭാരതത്തിലാണ് ഗന്ധമാദനത്തെപ്പറ്റി കൂടുതല്‍ വിവരങ്ങളുള്ളത്. ഈ പര്‍വതത്തിന്റെ മുകള്‍പ്പരപ്പില്‍ ബദരീവൃക്ഷവും അതിന്റെ ചുവട്ടില്‍ നരനാരായണന്മാരുടെ ആശ്രമവും ഉണ്ടെന്നും അവിടെ യക്ഷന്മാര്‍ വസിക്കുന്നുണ്ടെന്നും വനപര്‍വത്തില്‍ പ്രസ്താവിക്കുന്നു. തപശ്ശക്തിയുള്ളവര്‍ക്കു മാത്രം പ്രവേശിക്കാവുന്ന ഗന്ധമാദനഗിരിശൃംഗത്തിലിരുന്നാണ് കശ്യപപ്രജാപതിയും ശ്രീകൃഷ്ണനും അനന്തനും മറ്റും തപസ്സുചെയ്തത്. ഭീമസേനന്‍, സൗഗന്ധികാപഹരണയാത്രയില്‍ തന്റെ അഗ്രജനായ ഹനൂമാനെ കണ്ടുമുട്ടിയതും കുബേരന്റെ മിത്രമായ മണിമാനെ വധിച്ചതും ഇവിടെവച്ചാണ്. പാണ്ഡു ഭാര്യമാരായ കുന്തി, മാദ്രി എന്നിവരോടൊപ്പം ശതശൃംഗപര്‍വതത്തില്‍ തപസ്സിനു പോയപ്പോള്‍ ഗന്ധമാദനം സന്ദര്‍ശിച്ചതായി പറയുന്നു. പാണ്ഡവന്മാര്‍ വനവാസവേളയില്‍ ഘടോത്കചന്റെ സഹായത്തോടെ ഈ പര്‍വതത്തില്‍ പ്രവേശിക്കുകയുണ്ടായി. അര്‍ജുനന്‍ കൈലാസത്തിലേക്കു തപസ്സിനു പോയത് ഈ പര്‍വതം കടന്നാണ്. ചിരഞ്ജീവിയായ ഹനൂമാന്‍ ഗന്ധമാദനവനത്തില്‍ വസിക്കുന്നതായാണ് വിശ്വാസം. ഈ പര്‍വതം ദിവ്യപുരുഷവേഷം പൂണ്ട് കുബേരന്റെ സഭയില്‍ച്ചെന്ന് കുബേരനെ ഉപാസിച്ചതായി മഹാഭാരതം സഭാപര്‍വത്തില്‍ പരാമര്‍ശിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍