This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗദ്യകവിത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗദ്യകവിത

ഛന്ദോമുക്തമായ കവിത. ഭാവഗീതത്തിന്റെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ഗദ്യാത്മകമായ രചനയാണിത്. ഈ സാഹിത്യരൂപം ഉപനിഷത്തുകളില്‍ കാണാം. ആധുനികരൂപത്തില്‍ ഇത് വികാസം പ്രാപിച്ചത് 19-ാം ശതകത്തില്‍ പാശ്ചാത്യ സാഹിത്യത്തിലാണ്. ജര്‍മന്‍ കവികളായ ഹോള്‍ഡെര്‍ലിനും നൊവാലിസും 19-ാം ശതകത്തിന്റെ പ്രാരംഭത്തില്‍ ഗദ്യകവിതകള്‍ എഴുതിയിരുന്നു. ജാക്വിസ് ബര്‍ട്രാന്‍ഡിന്റെ ഗസ്പാട് ഒഫ് ദ് നൈറ്റ് എന്ന ഗദ്യകവിത 1842-ല്‍ പ്രസിദ്ധീകൃതമായി. 19-ാം ശതകത്തിന്റെ അവസാനത്തിലെ സിംബലിസ്റ്റുകളില്‍ ഇദ്ദേഹത്തിന്റെ സ്വാധീനം പ്രകടമായിരുന്നതായി ബോദ്ലെയര്‍ തന്റെ പെറ്റിറ്റ്സ് പൊയംസ് എസ്പോസില്‍ (1862) അംഗീകരിക്കുന്നുണ്ട്. സ്റ്റിഫാന്‍ മല്ലാര്‍മേയുടെ ഡിവഗേഷന്‍സ് (1897), ആര്‍തര്‍ റിംബാര്‍ഡിന്റെ ഇല്യൂമിനേഷന്‍സ് (1886) എന്നീ കൃതികള്‍ ഫ്രാന്‍സില്‍ ഗദ്യകവിതയ്ക്ക് പ്രതിഷ്ഠ നേടിക്കൊടുത്തു. പോള്‍വലേറി, പോള്‍ഫോര്‍ട്, പോള്‍ക്ലാഡല്‍ എന്നിവരാണ് ഈ രംഗത്ത് പ്രസിദ്ധരായ മറ്റു പാശ്ചാത്യകവികള്‍.

19-ാം ശതകത്തിന്റെ അവസാനത്തില്‍ ഈ സാഹിത്യരൂപത്തോട് പടിഞ്ഞാറന്‍ ദിക്കുകളില്‍ പൊതുവേ ഒരു ആഭിമുഖ്യം ഉണ്ടായി. പിയര്‍ റെ വെര്‍ഡിയുടെ പോയെംസ് ഇന്‍ പ്രോസ് (1915) ഈ രംഗത്തെ എണ്ണപ്പെട്ട കൃതിയാണ്. സെന്റ് ജോണ്‍സ് പെഴ്സ് ആണ് ഈ പ്രസ്ഥാനത്തിലെ പ്രസിദ്ധനായ മറ്റൊരു കവി.

1980-കളില്‍ ഇത് വീണ്ടും ജനപ്രിയമായി. ഗദ്യകവിതകളുടെ ഒരു സമാഹാരം തന്നെ എ ക്യൂരിയസ് ആര്‍ക്കിടെക്ചര്‍ (1993) എന്ന പേരില്‍ യു.കെ. യില്‍ പ്രസിദ്ധീകൃതമായി. റോണ്‍ സില്ലിമാന്‍ (ജ. 1946), തോമസ് വിലോച് (ജ. 1953), ഡബ്ള്യു.എച്ച്. പഗ്മയര്‍ (ജ. 1951), ജോണ്‍ ഓസ്ലോണ്‍ (ജ. 1947). ജെയിംസ് റ്റേറ്റ് (ജ. 1943), ഗാരി യംഗ് (ജ. 1951) തുടങ്ങിയവരാണ് ഗദ്യകവിതയില്‍ ശ്രദ്ധേയരായ സമകാലിക എഴുത്തുകാര്‍.

1930-കളില്‍ ഈ സാഹിത്യരൂപം മലയാളത്തിലേക്ക് കടന്നുവന്നു. ആദ്യമൊക്കെ പുതുമയുടെ പേരില്‍ ഇത് അംഗീകരിക്കപ്പെട്ടു. പിന്നീട് മധുരകോമള ശബ്ദങ്ങള്‍കൊണ്ടുള്ള ഒരു കവിതക്കസര്‍ത്തായി ഇത് മാറുകയാണുണ്ടായത്. മലയാളത്തിലെ ഗദ്യകവിതാപ്രസ്ഥാനത്തില്‍ പ്രാതഃസ്മരണീയന്‍ ടി.കെ. നാരായണക്കുറുപ്പാണ്. അദ്ദേഹത്തിന്റെ ആത്മഗീതം 1935-ല്‍ പ്രസിദ്ധീകൃതമായി. കൈനിക്കര കുമാരപിള്ളയുടെ ആത്മാലാപം (1930-31), പൊന്‍കുന്നം വര്‍ക്കിയുടെ തിരുമുല്‍ക്കാഴ്ച (1939) എന്നിവയാണ് ഗദ്യകവിതാരംഗത്ത് ശ്രദ്ധേയമായ മറ്റു കൃതികള്‍. ഇവര്‍ക്കെല്ലാം പ്രചോദനം നല്കിയത് ടാഗൂറിന്റെ ഗീതാഞ്ജലിയുടെ ഇംഗ്ളീഷുവിവര്‍ത്തനം ആയിരിക്കണം.

ജി. ശങ്കരക്കുറുപ്പിന്റെ ജൈത്രപടഹം (1935), വിശ്വസുന്ദരി (1970), നിന്നെ ഞാന്‍ സ്നേഹിക്കുന്നു (1971) എന്നീ കവിതകള്‍ ഈ കൂട്ടത്തില്‍ എടുത്തു പറയേണ്ടവയാണ്. വി.വി.കെ. വാലത്തിന്റെ ഇടിമുഴക്കം (1947), എം.ആര്‍.ബി.യുടെ വളപ്പൊട്ടുകള്‍ (1968) എന്നിവയും സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു.

ഗദ്യകവിതയില്‍ പ്രാസം നിര്‍ബന്ധമല്ല. ഛന്ദസ്സിന് പ്രസക്തിയില്ല. സമാനമായ ശബ്ദശൃംഖല ഇതിന്റെ സവിശേഷതയാണ്. മലയാളത്തിലെ ആധുനിക കവികളില്‍ പലരും ഗദ്യകവിതകള്‍ രചിച്ചിട്ടുണ്ട്. കെ.ജി. ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍ (ജ. 1946), ആറ്റൂര്‍ രവിവര്‍മ, എ. അയ്യപ്പന്‍ (1949-2010), ഡി. വിനയചന്ദ്രന്‍ (ജ. 1946) എന്നിവര്‍ ഇക്കൂട്ടത്തില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. അയ്യപ്പപ്പണിക്കരുടെയും കടമ്മനിട്ടയുടെയും ചില കവിതകളിലും ഈ രീതി കാണാം.

(പ്രൊഫ. കെ.ബി. കര്‍ത്താ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍