This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗദര്‍ പാര്‍ട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗദര്‍ പാര്‍ട്ടി

Ghadar Party

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഒരു മറുനാടന്‍ വിപ്ലവ പാര്‍ട്ടി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഭീകരപ്രസ്ഥാനം പ്രധാനമായും ഗൂഢാലോചനകളിലും വ്യക്തികളുടെ പ്രവര്‍ത്തനങ്ങളിലും ഒതുങ്ങിനിന്നു. എന്നാല്‍ മറുനാടുകളിലെ ഇന്ത്യന്‍ വിപ്ലവകാരികള്‍ ഇത്തരം രീതികള്‍ക്കെതിരായിരുന്നില്ലെങ്കിലും ഈ വിധത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യം സമ്പാദിക്കാമെന്ന് വിശ്വസിച്ചിരുന്നില്ല. അതിനാല്‍ അവര്‍ സായുധകലാപത്തിലും അതിനുവേണ്ട ആയുധസമ്പാദനത്തിലുമാണ് പ്രധാനമായി ശ്രദ്ധിച്ചത്. ഇത്തരത്തിലുള്ള ഒരു ഇന്ത്യന്‍ വിപ്ലവസംഘടനയായിരുന്നു ഗദര്‍ പാര്‍ട്ടി. 1913 ന. 1-ന് രൂപീകരിച്ച ഈ പാര്‍ട്ടിയുടെ നേതാവ് ഹര്‍ദയാലായിരുന്നു. ബ്രിട്ടീഷ് അധികാരികളുടെ നോട്ടപ്പുള്ളിയായിരുന്ന ഹര്‍ദയാല്‍ ഇന്ത്യയില്‍ നിന്ന് ഫ്രാന്‍സിലേക്കും പിന്നീട് യു.എസ്സിലേക്കും ഒളിച്ചോടി. അവിടെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍, പ്രധാനമായും സിക്കുകാര്‍, പ്രക്ഷോഭത്തിന്റെ വക്കിലായിരുന്നു.

ഈ അവസരത്തിലാണ് ഹര്‍ദയാല്‍ അവരുടെ ഇടയില്‍ എത്തിയത്. അദ്ദേഹം ഹിന്ദി (ഇന്ത്യന്‍) അസോസിയേഷന് പുതിയ ജീവന്‍ നല്കി. അതിന് ഗദര്‍പാര്‍ട്ടി എന്നുപേരും കൊടുത്തു. അദ്ദേഹം സാന്‍ഫ്രാന്‍സിസ്കോയില്‍ 'യുഗനൂര്‍ ആശ്രമം' സ്ഥാപിക്കുകയും ഫണ്ട് പിരിക്കുകയും ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. ഗദര്‍ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിച്ചു. അത് യു.എസ്സില്‍ മാത്രമല്ല, ഇന്ത്യയിലും ഇന്ത്യക്കാര്‍ താമസിക്കുന്ന മറ്റു രാജ്യങ്ങളിലും പ്രചരിപ്പിച്ചു.

ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കുന്നതിന് ഇന്ത്യക്കാരെ സഹായിക്കാന്‍ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പേരില്‍ ഗദര്‍ പാര്‍ട്ടി അഭ്യര്‍ഥിച്ചു. യു.എസ്സില്‍ ഈ സംഘടനയ്ക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്.

ബ്രിട്ടന്റെ പരാതിയനുസരിച്ച് ഹര്‍ദയാലിനെ 1914 മാ. 14-ന് അറസ്റ്റു ചെയ്യുകയും കുടിയേറ്റ നിയമമനുസരിച്ച് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഹര്‍ദയാല്‍ ജാമ്യത്തില്‍പോയി. സ്വിറ്റ്സര്‍ലണ്ടില്‍ എത്തി അവിടെയുണ്ടായിരുന്ന ശ്യാം ജി കൃഷ്ണവര്‍മ, വീരേന്ദ്ര ചതോപാധ്യായ, ചെമ്പകരാമന്‍പിള്ള, ബര്‍ക്കത്തുള്ള എന്നീ ഇന്ത്യന്‍ വിപ്ലവകാരികളുമായി ബന്ധപ്പെട്ടു. ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇവരില്‍ പലരും ജര്‍മനിയിലേക്കു പോവുകയും ഇന്ത്യയെ സ്വതന്ത്രയാക്കുന്നതിന് ജര്‍മനിയുടെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ബ്രിട്ടന്റെ കിഴക്കന്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്താന്‍ പണവും ആയുധവും നല്കി ഈ വിപ്ലവകാരികളെ ജര്‍മന്‍ വിദേശമന്ത്രികാര്യാലയം സഹായിച്ചു. ഇന്ത്യന്‍ വിപ്ലവകാരികള്‍ ബര്‍ലിനില്‍ ഒരു ഇന്ത്യന്‍ സ്വാതന്ത്ര്യക്കമ്മിറ്റിയുണ്ടാക്കി. അവര്‍ യു.എസ്., ഇന്ത്യ, സമീപ പൂര്‍വദേശങ്ങള്‍ എന്നിവിടങ്ങളില്‍ ബ്രിട്ടനെതിരെ പ്രചാരണം നടത്തി. പടയാളികളെ തെരഞ്ഞെടുക്കുകയും ഇന്ത്യന്‍ ആംബുലന്‍സ് സര്‍വീസ് രൂപവത്കരിക്കുകയും ഇന്ത്യന്‍ പട്ടാളക്കാരെ ലഹള നടത്താന്‍ പ്രേരിപ്പിക്കുകയും സ്ഫോടന വസ്തുക്കള്‍ നിര്‍മിക്കാന്‍ പരിശീലനം നല്കുകയും ചെയ്തു. ബ്രിട്ടനെതിരെയുള്ള ജര്‍മനിയുടെ പ്രചാരണത്തെ സഹായിക്കാനും ആയുധ സാമഗ്രികള്‍ ഇന്ത്യയിലേക്ക് ഒളിച്ചുകടത്താനും, അങ്ങനെ ലഹള സംഘടിപ്പിച്ച് ഇന്ത്യയുടെ മേലുള്ള ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കാനും ഈ കമ്മിറ്റി പരിശ്രമിച്ചു.

1915-ല്‍ ഹര്‍ദയാല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് പോയി, എന്‍വര്‍ പാഷായെ കണ്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി മുസ്ലിം രാജ്യങ്ങളുടെ സഹായം ദേവ്ബന്ദിലെ മഹ്മൂദ്ഹസന്‍ തേടുകയുണ്ടായി. പഞ്ചാബിലെ കുറേ മുസ്ലിം യുവാക്കള്‍ വടക്കു-പടിഞ്ഞാറെ ഇന്ത്യന്‍ ഗോത്രങ്ങളുടെയിടയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി പ്രവര്‍ത്തിച്ചു. മഹ്മൂദ് ഹസനും അഹ്മദ് മദ്നിയും അറേബ്യയില്‍പോയി തുര്‍ക്കി ഗവണ്‍മെന്റുമായി ബന്ധം സ്ഥാപിച്ചു. ബര്‍ലിനില്‍നിന്ന് രാജാ മഹേന്ദ്രപ്രതാവും ബറക്കത്തുള്ളയും കാബൂളിലെത്തി ഒരു സ്വതന്ത്ര ഇന്ത്യാഗവണ്‍മെന്റ് സ്ഥാപിച്ചു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളൊന്നും ഫലവത്തായില്ല. ബറക്കത്തുള്ളയ്ക്ക് കാബൂള്‍ വിടേണ്ടിവന്നു. മഹ്മൂദ് ഹസനും അദ്ദേഹത്തിന്റെ കൂട്ടാളികളും ബ്രിട്ടീഷ് ജയിലറകളിലായി. ഹര്‍ദയാല്‍ ജര്‍മനിയില്‍നിന്ന് സ്വീഡനിലേക്ക് ഓടിപ്പോയി. ഇതോടെ പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുകയാണുണ്ടായത്.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍