This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗണപതിഹോമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗണപതിഹോമം

സങ്കല്പിക്കുന്ന കാര്യം വിഘ്നംകൂടാതെ പരിസമാപ്തിയിലെത്തുവാനും ഗണേശന്റെ അനുഗ്രഹം ലഭിക്കുവാനുമായി നടത്തുന്ന ഹോമം. ദേവതയെ ഉദ്ദേശിച്ച് സമര്‍പ്പിച്ച് ദ്രവ്യത്തെ അഗ്നിയില്‍ നിക്ഷേപിക്കുന്നതാണ് ഹോമം. ഈ ഹോമം സ്വാഹാന്തമായ മന്ത്രത്തോടുകൂടിയാണ്. ഗണപതിഹോമത്തില്‍ ഗണപതിയാണ് ദേവത. പ്രായേണ ചതുര്‍ഥിനാളിലാണ് ഈ ഹോമം നടത്തുന്നത്. മറ്റു ദിവസങ്ങളില്‍ നടത്തുന്നതും നിഷിദ്ധമല്ല. ഹോമദ്രവ്യത്തില്‍ നാളികേരം (ഉണങ്ങിയ തേങ്ങയായാല്‍ ഉത്തമം), അവില്‍, മലര്‍, എള്ള്, കരിമ്പ്, തേന്‍, ശര്‍ക്കര, കദളിപ്പഴം എന്നിവ ഉള്‍പ്പെടുന്നു. നിത്യഹോമം നാളികേരം മാത്രമായും നടത്താറുണ്ട്. അഗ്നിയില്‍ ഗണപതിദേവനെ ആവാഹിച്ച് പൂജിച്ചതിനുശേഷം തയ്യാറാക്കിയ അഷ്ടദ്രവ്യം ഗണപതിദേവന്റെ മൂലമന്ത്രം ഉച്ചരിച്ച് സ്വാഹാകാരത്തോടുകൂടി അഗ്നിയില്‍ ഹോമിക്കണം. ഹോമത്തിനുമുമ്പായി സങ്കല്പം ചെയ്യണം. അഗ്നിയെ ജ്വലിപ്പിക്കുവാന്‍ പ്ളാവിന്‍വിറകാണ് ഉപയോഗിക്കേണ്ടത്. ഹോമദ്രവ്യം ആജ്യ(നെയ്യ്)ത്തോടുകൂടി ഹോമിക്കണം. തെച്ചി, ചെമ്പരത്തി മുതലായ രക്തപുഷ്പങ്ങളും തുളസി, പിച്ചി മുതലായവയും ആണ് പൂജയ്ക്ക് ഉപയോഗിക്കുന്നത്. നാളികേരത്തിന്റെ എണ്ണത്തിനനുസരിച്ച് മറ്റു ദ്രവ്യങ്ങളുടെ അളവിലും ആനുപാതികമായ വര്‍ധനവുമുണ്ടാകും. മഹാഗണപതിഹോമത്തിനു 108 മുതല്‍ 1008 വരെ നാളികേരം ഹോമദ്രവ്യമായി സ്വീകരിക്കാറുണ്ട്. പ്രായേണ പ്രഭാതത്തില്‍ സൂര്യോദയത്തിനു മുമ്പാണ് ഈ ഹോമം നടത്തുന്നത്. ഹോമദ്രവ്യാവശിഷ്ടം ഗണപതിക്കു നിവേദിച്ച് പ്രസാ ദമായി സ്വീകരിക്കുന്നു. പ്രസ്തരത്തിനും മറ്റും ഉപയോഗിച്ച ദര്‍ഭ കത്തിച്ച് ഹോമസസ്വാതമായ നെയ്യില്‍ ചാലിച്ചും പ്രസാദം ഉണ്ടാക്കാവുന്നതാണ്. ഗണപതിഹോമത്തോടെയാണ് മംഗളകര്‍മങ്ങളുടെയെല്ലാം ആരംഭം. 'ഗണപതിക്കു കുറിക്കുക' എന്ന ഭാഷാശൈലിയും ഇങ്ങനെ പ്രചരിച്ചതാണ്.

(പ്രൊഫ. ആര്‍. വാസുദേവന്‍ പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍