This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗണദേവതകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗണദേവതകള്‍

ഭാരതീയ പുരാണേതിഹാസങ്ങളില്‍ ഗണങ്ങളായി വ്യവഹരിക്കപ്പെടുന്ന ദേവതകള്‍. ആദിത്യന്‍ തുടങ്ങി 9 വര്‍ഗക്കാര്‍ ഗണദേവതകളാണ്. ഒന്നിച്ചു സഞ്ചരിക്കുന്ന ദേവന്മാരെന്നര്‍ഥം. ആദിത്യന്മാര്‍ 12, വിശ്വദേവന്മാര്‍ 10, വസുക്കള്‍ 8, മരുത്തുകള്‍ 49, സാധ്യന്മാര്‍ 12, രുദ്രന്മാര്‍ 11, മഹാരാജികന്മാര്‍ 220, തുഷിതന്മാര്‍ 36, ആഭാസ്വരന്മാര്‍ 84 എന്നിവരാണ് ഗണദേവതകള്‍.

ഇവരില്‍ മഹാരാജികന്മാര്‍, തുഷിതന്മാര്‍, ആഭാസ്വരന്മാര്‍ എന്നിവര്‍ ബൌദ്ധപുരാണങ്ങളില്‍ പ്രസിദ്ധരാണ്; മറ്റുള്ള ഗണങ്ങള്‍ ഹൈന്ദവ പുരാണേതിഹാസങ്ങളിലും.

1. ആദിത്യന്മാര്‍. കശ്യപപ്രജാപതിക്ക് അദിതിയില്‍ ഉണ്ടായ പുത്രന്മാരാണ് ആദിത്യന്മാര്‍. ഇന്ദ്രന്‍, ധാതാവ്, പര്‍ജന്യന്‍, മിത്രന്‍, അര്യമന്‍, വരുണന്‍, ഭഗന്‍, വിവസ്വാന്‍, പൂഷന്‍, ത്വഷ്ടാവ്, വിഷ്ണു, അംശുമാന്‍ എന്നിവരാണ് 12 പേര്‍.

2. വിശ്വദേവക(കള്‍)ന്മാര്‍. വസുബന്ധുക്കള്‍, ക്രതുദക്ഷന്മാര്‍, കാലകാമുകന്മാര്‍, പുരൂരനാദ്രവന്മാര്‍, ധുരിവിരോചനന്മാര്‍ എന്നിങ്ങനെ അഞ്ചുജോടികളായിട്ടു വിശ്വദേവന്മാര്‍ അറിയപ്പെടുന്നു. ശ്രാദ്ധത്തില്‍ പിതൃക്കളുടെകൂടെ ഇവരെയും പൂജിക്കുന്നു. ഇവര്‍ ദക്ഷന്റെ പുത്രിയായ വിശ്വയുടെ പുത്രന്മാരെന്നാണ് വിഷ്ണുപുരാണം.

3. വസൂക്കള്‍. ധരന്‍, ധ്രുവന്‍, സോമന്‍, അഹന്‍, അനിലന്‍, അനലന്‍, പ്രത്യൂഷന്‍, പ്രഭാസന്‍ ഇങ്ങനെ വസുക്കള്‍ എട്ടുപേര്‍ (മഹാഭാരതം).

വിഷ്ണുപുരാണത്തില്‍ ധരന്‍, അഹന്‍ എന്നിവര്‍ക്കുപകരം ആപന്‍, ധര്‍മന്‍ എന്നീ പേരുകള്‍ കാണുന്നു. ഭാഗവതത്തിലാകട്ടെ ദ്രോണന്‍, പ്രാണന്‍, ധ്രുവന്‍, അര്‍ക്കന്‍, അഗ്നി ദോഷന്‍, വസു, വിഭാസു എന്നിങ്ങനെയാണ് പേരുകള്‍. മഹാഭാരതത്തില്‍ വസുക്കളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും വിവരങ്ങള്‍ നല്കിയിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള കഥകള്‍ പല പുരാണങ്ങളിലും കാണാം.

4. അനിലന്മാര്‍ (മരുത്തുകള്‍-വാതങ്ങള്‍). ഇന്ദ്രന്റെ ഇഷ്ടന്മാരായ ദേവതാസമൂഹം. മിന്നലും ഇടിയും ഇവരുടെ ആയുധങ്ങളാണ്. പുത്രന്മാരായ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും മഹാവിഷ്ണുവിനാല്‍ വധിക്കപ്പെട്ടപ്പോള്‍ അതിനു കാരണഭൂതനായ ഇന്ദ്രനെ ഹനിക്കുവാന്‍ കഴിവുള്ള ഒരു പുത്രനെ ജനിപ്പിക്കണമെന്നു ദിതി ഭര്‍ത്താവായ കശ്യപനോട് അപേക്ഷിച്ചു. കശ്യപന്‍ ദിതിയില്‍ ഗര്‍ഭധാനം ചെയ്യുകയും ശുചിയായി നിഷ്ഠയോടെ പതിനായിരം വര്‍ഷം തപസ്സനുഷ്ഠിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഈ വിവരം മനസ്സിലാക്കിയ ഇന്ദ്രന്‍ ശ്രുശ്രൂഷിക്കാനെന്ന വ്യാജേന ദിതിയുടെ അടുത്തുകൂടി. ഒരിക്കല്‍ ദിതി അശുചിയായി ഉറങ്ങുന്ന അവസരത്തില്‍ ഇന്ദ്രന്‍ അവളുടെ ഉദരത്തില്‍ പ്രവേശിക്കുകയും അവിടെ കണ്ട ഗര്‍ഭത്തെ മര്‍ദിച്ച് ആദ്യം ഏഴായും പിന്നെ ഓരോന്നിനെയും വീണ്ടും ഏഴായും ഖണ്ഡിക്കുകയും ചെയ്തു. അങ്ങനെ ഉണ്ടായവരാണ് 49 മരുത്തുകള്‍.

5. സാധ്യന്മാര്‍. വിരാട്പുരുഷന്റെ അണ്ഡത്തില്‍ നിന്നാണ് സാധ്യന്മാരുണ്ടായതെന്നു മഹാഭാരതത്തില്‍ കാണുന്നു. ധര്‍മദേവന് ദക്ഷപ്രജാപതിയുടെ മകള്‍ സാധ്യയില്‍ ജനിച്ചവരാണ് സാധ്യന്മാര്‍ എന്ന് വിഷ്ണുപുരാണം. ഋഗ്വേദത്തിലും സാധ്യന്മാരെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. യാസ്കന്റെ നിരുക്തപ്രകാരം ഇവര്‍ ഭൂവര്‍ലോക (ഭൂമിയുടെയും സൂര്യന്റെയും ഇടയ്ക്ക്) വാസികളാണ്. മനുസ്മൃതിയിലും ഇവരുടെ ഉത്പത്തിയെക്കുറിച്ച് പ്രതിപാദിക്കുന്നു. വിരാട്പുത്രന്മാരായ സോമസത്തുക്കള്‍ സാധ്യന്മാരുടെ പിതൃക്കളാണെന്നും പറയുന്നുണ്ട്. മനസ്, മന്ത്രി, പ്രാണന്‍, നരന്‍, പാനന്‍, നരകന്‍, വിനിര്‍ഭയന്‍, നയന്‍, ദംശന്‍, നാരായണന്‍, വൃഷന്‍, പ്രഭു എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. സാധ്യന്മാര്‍ ഒന്നിച്ചു സഞ്ചരിക്കുന്ന ദേവന്മാരാണ്.

6. രുദ്രന്മാര്‍. ബ്രഹ്മാവിന്റെ ലലാടത്തില്‍ നിന്ന് രുദ്രന്‍ ഉദ്ഭവിച്ചു. ആ രുദ്രരൂപം ബ്രഹ്മാവിന്റെ നിര്‍ദേശപ്രകാരം സ്ത്രീരൂപവും പുരുഷരൂപവും ആയി വേര്‍പെട്ടു. ആ രൂപങ്ങള്‍ ഓരോന്നും പതിനൊന്നായി പിരിഞ്ഞു. പുരുഷരൂപത്തില്‍ നിന്നുണ്ടായ ദേവന്മാരാണ് പതിനൊന്ന് രുദ്രന്മാര്‍. അജന്‍, ഏകപാത് (ഏകപാദന്‍), അഹിര്‍ബുധ്ദ്യന്‍, ത്വഷ്ടാവ്, രുദ്രന്‍, ഹരന്‍, ശംഭു, ത്യംബകന്‍, അപരാജിതന്‍, ഈശാനന്‍, ത്രിഭുവനന്‍ എന്നിവരാണ് രുദ്രന്മാരെന്ന് ഒരു പക്ഷം. മനു, മന്യു, മഹിനസന്‍, മഹാന്‍, ശിവന്‍, ഋതുധ്വജന്‍, ഉഗ്രരേതസ്, ഭവന്‍, കാമന്‍, വാമദേവന്‍, ധൃതവ്രതന്‍ എന്നിവരാണ് ഏകാദശരുദ്രന്മാരെന്ന് വേറൊരു വിവക്ഷ. വായൂപുരാണത്തില്‍ അജൈകപാത്, അനിര്‍ബുധ്ദ്യന്‍, ഹരന്‍, നിര്‍ഋതന്‍, ഈശ്വരന്‍, ഭുവനന്‍, അംഗാരകന്‍, അര്‍ധകേതു, മൃത്യു, സര്‍പ്പന്‍, കപാലി എന്നീ പേരുകളും കാണുന്നു. വേറെവിധത്തിലും പേരുകള്‍ കാണാം. കശ്യപന്‍-സുരഭി, ബ്രഹ്മാവ്-സുരഭി, ഭൂതന്‍-സുരുപ എന്നിവരുടെ പുത്രന്മാരായും രുദ്രന്മാര്‍ വിവരിക്കപ്പെടുന്നു.

7. മഹാരാജികന്മാര്‍. ബൗദ്ധപുരാണങ്ങള്‍ അനുസരിച്ച് ജംബൂദീപത്തിന്റെ മുകളില്‍ ഒന്നിനുമേല്‍ ഒന്നായി ചതുര്‍മഹാരാജികം, ത്രയത്ത്രിംശം, യമലോകം, തുഷിതം, നിര്‍മാണരതി, പരനിര്‍മിതവശവൃത്തി എന്നിങ്ങനെ ആറു ദേവലോകങ്ങള്‍ ഉണ്ട്. അവയില്‍ ധാര്‍ത്രരാഷ്ട്രന്‍, നിരൂഢന്‍, വിരൂപാക്ഷന്‍, വൈശ്രവണന്‍ എന്നീ നാലു മഹാരാജാക്കന്മാര്‍ പാലിക്കുന്ന ചതുര്‍ മഹാരാജികദേവലോകത്തിലെ ദേവന്മാരാണ് മഹാരാജികന്മാര്‍.

8. തുഷിതന്മാര്‍. നാലാമത്തേതായ തുഷിതലോകത്തിലെ ദേവന്മാരാണ് തുഷിതന്മാര്‍.

9. ആഭാസ്വരന്മാര്‍. രൂപലോകം, അരൂപലോകം എന്നു ബ്രഹ്മലോകം രണ്ടുവിധം. രൂപബ്രഹ്മലോകം പതിനാറ്. അരൂപബ്രഹ്മലോകം നാല്. രൂപബ്രഹ്മലോകങ്ങളില്‍ ആറാമത്തേതായ ആഭാസ്വരലോകത്തിലെ ദേവന്മാരാണ് ആഭാസ്വരന്മാര്‍.

(പ്രൊഫ. വെങ്കിടരാജശര്‍മ., ഡോ. വിജയാലയം ജയകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍