This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗട്ടെര്‍മന്‍ ആല്‍ഡിഹൈഡ് സംശ്ലേഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

Gattermann aldehyde synthesis

ആരോമാറ്റിക് ആല്‍ഡിഹൈഡുകളും ഫീനോളിക് ആല്‍ഡിഹൈഡുകളും ആല്‍ക്കോക്സി ബെന്‍സാല്‍ഡി ഹൈഡുകളും നിര്‍മിക്കാനുപയോഗിക്കുന്ന ഒരു സംശ്ലേഷണപ്രക്രിയ. 1906-ല്‍ കണ്ടുപിടിക്കപ്പെട്ട ഈ സംശ്ലേഷണപ്രക്രിയയില്‍ ബെന്‍സീനെയോ ബെന്‍സീന്‍ വ്യുത്പന്നത്തെയോ ഹൈഡ്രജന്‍ സയനൈഡും ഹൈഡ്രജന്‍ ക്ലോറൈഡും ചേര്‍ന്നൊരു മിശ്രിതവുമായി അലുമിനിയം ക്ലോറൈഡിന്റെ സാന്നിധ്യത്തില്‍ പ്രതിപ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ കിട്ടുന്ന അറൈല്‍ ഇമീനിനെ ജലത്തിന്റെ സാന്നിധ്യത്തില്‍ വിഘടിപ്പിക്കുമ്പോള്‍ ബെന്‍സാല്‍ഡി ഹൈഡോ മറ്റേതെങ്കിലും ഒരു ആരോമാറ്റിക് ആല്‍ഡിഹൈഡോ കിട്ടും. ഈ പ്രക്രിയയില്‍ ഉത്പന്നത്തിന്റെ അളവ് താരതമ്യേന കുറവായിരിക്കും. ഹൈഡ്രജന്‍ ക്ലോറൈഡും ഹൈഡ്രജന്‍ സയനൈഡും സംയോജിച്ച് ഇമിഡോ ഫോര്‍മൈല്‍ ക്ലോറൈഡ് ഉണ്ടാവുകയാണ് ഈ പ്രതിപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം. ഇത് ബെന്‍സീനുമായി സംയോജിച്ച് അറൈല്‍ ഇമീന്‍ ഉണ്ടാകുന്നു.

ചിത്രം:Page721for1.png‎

ഫീനോളുപയോഗിച്ച് ഈ പ്രക്രിയ നടത്തുമ്പോള്‍ പാരാഹൈഡ്രോക്സി ബെന്‍സാല്‍ഡിഹൈഡ് കിട്ടും.

ചിത്രം:Page721for2.png

ഫിനോളിക് ഈഥറാണുപയോഗിക്കുന്നതെങ്കില്‍ ആല്‍ക്കോക്സി ബെന്‍സാല്‍ഡിഹൈഡായിരിക്കും കിട്ടുക. ഡൈ ഹൈഡ്രിക് ഫീനോളുകള്‍, ട്രൈ ഹൈഡ്രിക് ഫീനോളുകള്‍ തുടങ്ങിയ കൂടുതല്‍ ക്രിയാശീലതയുള്ള ഫീനോളുകളുപയോഗിച്ച് ഈ പ്രക്രിയ നടത്തുമ്പോള്‍ കൂടുതല്‍ അനുയോജ്യമായ രാസത്വരകം സിങ്ക് ക്ലോറൈഡാണ്. നൈട്രോ ബെന്‍സീനുകള്‍ക്ക് ഗട്ടെര്‍മന്‍ ആല്‍ഡിഹൈഡ് സംസ്ലേഷണപ്രക്രിയ ഫലപ്രദമല്ല.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍