This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗജേന്ദ്രകുമാര്‍ മിത്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗജേന്ദ്രകുമാര്‍ മിത്ര

Gajendrakumar Mitra (1908 -91 )

ആധുനിക ബംഗാളി നോവലിസ്റ്റ്. 1908 ന. 11-ന് ജനിച്ചു. ബനാറസിലും കൊല്‍ക്കത്തയിലും വിദ്യാഭ്യാസം നടത്തി. കല്‍ക്കത്താസര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. പത്രപ്രവര്‍ത്തകനായി ജീവിതമാരംഭിച്ച ഇദ്ദേഹത്തിന്റെ ആദ്യത്തെ സാഹിത്യസൃഷ്ടി ഋത്വിക് വാരികയില്‍ 1928-ല്‍ പ്രസിദ്ധീകരിച്ച ഒരു കഥയായിരുന്നു. കഥാസാഹിത്യ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപസമിതിയില്‍ കുറേനാള്‍ പ്രവര്‍ത്തിച്ചശേഷം സാഹിത്യസൃഷ്ടിയില്‍ മാത്രം വ്യാപൃതനായിക്കഴിഞ്ഞു.

നൂറിലധികം ഗ്രന്ഥങ്ങള്‍ എഴുതിയതില്‍ മിക്കതും നോവലുകളാണ്. പ്രധാന കൃതികള്‍ കൊല്‍ക്കത്താര്‍ കച്ഛേയ് (1957), പൌസ് ഫഗുനേര്‍ പല (1964), ഉപകാന്തേ (1961), മനേചില്‍ ആശാ (1941), ബഹുവിചിത്ര (1945), മിലനാന്ത് (1949), അമീകാന്‍ ചേതേ റോയ് എന്നിവയാണ്. ഇതില്‍ ആദ്യത്തേതിന് 1960-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും രണ്ടാമത്തേതിന് 1965-ല്‍ രവീന്ദ്രമെമ്മോറിയല്‍ സമ്മാനവും ലഭിച്ചു. രാത്രിര്‍ തപസ്യ (1950), ബഹ്നിബന്യ (1960), പാഞ്ചജന്യ (1979) എന്നിവയും ഇദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്. ശ്രീകൃഷ്ണനെ മുഖ്യ കഥാപാത്രമാക്കിരചിച്ചതാണ് പാഞ്ചജന്യ. മറ്റു കൃതികള്‍ പൊതുവേ ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണപ്രശ്നങ്ങളും യാഥാര്‍ഥ്യങ്ങളും ആവിഷ്കരിക്കുന്നു. ശില്പബോധവും ഭാവവൈവിധ്യവും കൊണ്ടു ശ്രദ്ധേയമായ ചെറുകഥകളാണ് രജനീഗന്ധ എന്ന സമാഹാരത്തില്‍. ഹിന്ദിയിലേക്കും മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും ഇദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചില കഥകള്‍ ചലച്ചിത്രരൂപത്തിലും വന്നിട്ടുണ്ട്. ബംഗാളിലെ ആധുനിക ജനകീയ കഥാകാരന്മാരുടെ കൂട്ടത്തില്‍ സാമൂഹിക പ്രശ്നങ്ങളെ അപഗ്രഥിക്കുന്നതിലും കൃതികളില്‍ ശില്പസൗഭാഗ്യം പുലര്‍ത്തുന്നതിലും കഴിവുനേടിയ എഴുത്തുകാരനാണ് മിത്ര. ഇദ്ദേഹം 1991 ജനു. 1 ന് അന്തരിച്ചു.

(നിലീന എബ്രഹാം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍