This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖ്വാജാ നാസിമുദ്ദീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖ്വാജാ നാസിമുദ്ദീന്‍

Khawja Nazimuddin (1894 - 1964)

പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി. ഉര്‍ദു രാഷ്ട്രഭാഷയായി തിരഞ്ഞെടുത്തതും പാകിസ്താന്‍ ഭരണഘടന അംഗീകരിച്ചതും (1952 ആഗസ്റ്റ്) ഇദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്.

ഡാക്കയില്‍ 1894 ജൂല. 19-ന് ജനിച്ചു. അലിഗഡിലെ മുസ്ലിം ആംഗ്ലോ ഓറിയന്റല്‍ കോളജ്, ഇംഗ്ലണ്ടിലെ ഡണ്‍സ്റ്റേബിള്‍ ഗ്രാമര്‍ സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസാനന്തരം കേംബ്രിജിലെ ട്രിനിറ്റി ഹാളില്‍ നിന്ന് 'ബാര്‍അറ്റ്-ലാ' പാസ്സായി.

1922-29-ല്‍ ഡാക്ക മുനിസിപ്പാലിറ്റി ചെയര്‍മാന്‍, ഡാക്ക യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1929 മുതല്‍ 34 വരെ ബംഗാള്‍ വിദ്യാഭ്യാസമന്ത്രിയായിരിക്കെ നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസ ബില്‍ സഭയില്‍ അവതരിപ്പിച്ചു. 1930-കളുടെ മധ്യത്തോടെ മുസ്ലിംലീഗുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഇദ്ദേഹം ബംഗാള്‍ മുസ്ലിം ലീഗ് നേതാവായി. 1937-47 കാലഘട്ടത്തില്‍ ആള്‍ ഇന്ത്യ മുസ്ലിംലീഗ് പ്രവര്‍ത്തകസമിതിയംഗമായിരുന്നു.

1937-ല്‍ കല്‍ക്കത്തയെ പ്രതിനിധാനം ചെയ്ത് മുസ്ലിംലീഗിന്റെ നിയമനിര്‍മാണ സഭാംഗമായി. ഫസലുല്‍ ഹക്കിന്റെ കൂട്ടുമന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായെങ്കിലും (1937 ഏപ്രില്‍) മന്ത്രിസഭയ്ക്കുള്ള പിന്തുണ മുസ്ലിംലീഗ് പിന്‍വലിച്ചതോടെ 1941 ഡിസംബറില്‍ ഇദ്ദേഹം രാജിവച്ചു. 1943 ഏ. 24 മുതല്‍ 1945 മാ. 25-വരെ ഖ്വാജാ നാസിമുദ്ദീന്‍ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു.

മുഹമ്മദലി ജിന്നയുടെ സന്തതസഹചാരിയായിരുന്ന ഇദ്ദേഹം പാകിസ്താന്‍ രൂപവത്കരണത്തിനു ശക്തമായ പിന്തുണ നല്കി. പാകിസ്താന്‍ ഭരണഘടനാ നിര്‍മാണസഭാംഗം, പൂര്‍വബംഗാള്‍ മുഖ്യമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം 1948 സെപ്തംബറില്‍ ജിന്നയുടെ മരണത്തോടെ പാകിസ്താന്‍ ഗവര്‍ണര്‍ ജനറലായും, ലിയാക്കത്ത് അലിഖാന്റെ മരണത്തോടെ 1951 ഒ. 24 മുതല്‍ 1953 ഏ. 17 വരെ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു. രാജ്യത്തെ പ്രതിസന്ധികള്‍ തരണംചെയ്യാന്‍ കഴിയാതിരുന്നതും പ്രധാനമന്ത്രിയെന്ന നിലയില്‍ പ്രശോഭിക്കാന്‍ കഴിയാഞ്ഞതും ഇദ്ദേഹത്തിനു തത്സ്ഥാനം നഷ്ടമാകാന്‍ കാരണമായി.

1964 ഒ. 22-ന് നിസാമുദ്ദീന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍