This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖ്മെര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖ്മെര്‍

Khmer

ഇന്തോചീനയിലെ ഒരു ഗോത്രവര്‍ഗം. പുരാതനമായ ഖ്മെര്‍ സാമ്രാജ്യത്തിന്റെ നഷ്ടാവശിഷ്ടങ്ങളില്‍നിന്നുദയംകൊണ്ട കമ്പോഡിയ (കംപൂച്ചിയ) ആണ് ഇവരുടെ പ്രധാന വാസസ്ഥലം. ഒരു ചെറിയ ശതമാനം തായ്ലന്‍ഡിലും ദക്ഷിണകൊറിയയിലും അധിവസിക്കുന്നു.

പ്രാചീനകാലം മുതലേ ഭാരതവുമായി ഇവര്‍ക്കു ബന്ധമുണ്ടായിരുന്നു എന്നതിന് തെളിവാണ് സംസ്കൃത ഭാഷയിലുള്ള ശിലാലിഖിതങ്ങളും ഇവരുടെ പുരാതന ഗ്രന്ഥങ്ങളും. തായ് ലാന്‍ഡിലെ പുരാതന സാമ്രാജ്യമായ ഫുനാനിലെത്തിയ ചൈനീസ് സന്ദര്‍ശകരാണ് ഈ ജനവിഭാഗത്തെപ്പറ്റി പല വിവരങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത്.

ഭീകരമായ ഒരു പ്രളയം ആറാം ശതകത്തില്‍ ഫുനാനിലുണ്ടായി. പ്രളയക്കെടുതി ഈ ദേശത്തെ വെറുമൊരു ചതുപ്പുനിലമാക്കി. ഈ സന്ദര്‍ഭത്തില്‍ ഒരു വടക്കന്‍ പ്രവിശ്യയായ ചെന്‍ലയിലെ ഭരണകൂടം ഫുനാന്‍ പ്രദേശം മുഴുവന്‍ കീഴടക്കി. ചെന്‍ലയിലെ ജനങ്ങളിലധികവും ഖ്മെര്‍ വര്‍ഗത്തില്‍പ്പെട്ടവരായിരുന്നു.

ഒമ്പതുമുതല്‍ 13 വരെയുള്ള നൂറ്റാണ്ടുകള്‍ ഖ്മെര്‍ സാമ്രാജ്യത്തിന്റെ സുവര്‍ണകാലഘട്ടം എന്നറിയപ്പെടുന്നു. ഫുനാന്‍ എന്ന പേര് കംബൂജ എന്നായി മാറി. വര്‍ധിച്ച ജലസേചനസൌകര്യവും തത്ഫലമായുണ്ടായ ഭക്ഷ്യധാന്യവിതരണവും ഖ്മെല്‍ ജനതയുടെ മൊത്തം ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. തലസ്ഥാന നഗരമായ അങ്കോര്‍തോമില്‍ ദേവാലയങ്ങളും രമ്യഹര്‍മ്യങ്ങളും ഉയര്‍ന്നുവന്നു. അങ്കോര്‍വത്ത് എന്ന വൈഷ്ണവ ദേവാലയമാണ് ഇതില്‍ ഏറ്റവും പ്രശസ്തം. സൂര്യവര്‍മന്‍ II-ന്റെ കാലത്താണ് ഇത് പണിയിക്കപ്പെട്ടത്. എ.ഡി. 1200-ല്‍ ഖ്മെര്‍ സാമ്രാജ്യത്തിന്റെ വിസ്തൃതി അതിന്റെ പരമകാഷ്ഠയിലെത്തി. 1864-ല്‍ ഫ്രാന്‍സിന്റെ സംരക്ഷണം ലഭിക്കുന്നതുവരെ തായ്കളുടെയും വിയറ്റ്നാംകാരുടെയും ആക്രമണത്തെ ഇവര്‍ക്കു നേരിടേണ്ടിവന്നു. ആധുനിക പഠനകേന്ദ്രങ്ങളുടെ ആരംഭവും അടിമത്ത്വ സമ്പ്രദായത്തിന്റെ അന്ത്യവും ഇതിനെത്തുടര്‍ന്നുണ്ടായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ആരംഭിച്ച സ്വാതന്ത്ര്യസമരം സിഹാനുക് രാജകുമാരന്‍ ഗറില്ലാഭരണത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടുകൂടി ഒരു പുതിയ വഴിത്തിരിവില്‍ എത്തുകയും 1954-ല്‍ ഇവര്‍ക്കു സ്വാതന്ത്യ്രം ലഭിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സമര്‍ഥമായ ഭരണം സമാധാനപുനഃസ്ഥാപനത്തിനു കളമൊരുക്കി. 1970-ല്‍ കമ്പോഡിയ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ വിയറ്റ്നാംകാരെ പരാജയപ്പെടുത്തുവാന്‍ അമേരിക്കന്‍ സഹായം തേടിയ റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റ് 1975-ല്‍ ഖ്മെര്‍ റൂഷ് ജനതയ്ക്കു കീഴടങ്ങി. ഒരു കമ്യൂണിസ്റ്റ് ഗവണ്‍മെന്റാണ് ഇന്ന് കമ്പോഡിയാഭരണം നടത്തുന്നത്.

യുദ്ധം ജനജീവിതത്തില്‍ പല മറ്റങ്ങള്‍ക്കു കാരണമായി. ഖ്മെര്‍ ജനതയില്‍ ബഹുഭൂരിപക്ഷവും ഗ്രാമീണരാണ്. 1960-കളുടെ അവസാനം ജനസംഖ്യയില്‍ 50 ശതമാനം മറ്റു വര്‍ഗക്കാരായിരുന്നു. പില്ക്കാലത്തുനടന്ന യുദ്ധംമൂലം ഖ്മെര്‍ അഭയാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. പക്ഷേ യുദ്ധാനന്തരം ഗ്രാമാന്തരങ്ങളിലേക്ക് ഇവരെല്ലാം മടങ്ങിപ്പോയി.

സിംഹളമാതൃകയിലുള്ള ബുദ്ധമതവിശ്വാസികളായ ഖ്മെര്‍ ജനത പ്രസ്തുത മതവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ആഘോഷങ്ങളും നടത്താറുണ്ട്. 'ഖമെര്‍ പുതുവര്‍ഷം' ഏപ്രില്‍ മാസത്തിലാണ് ആഘോഷിക്കാറുള്ളത്. പുരാതനകാലത്ത് ഭാരതവുമായുണ്ടായിരുന്ന ബന്ധംകാരണം പല ഹൈന്ദവാചാരങ്ങളും ഇവരുടെയിടയില്‍ കടന്നുകൂടിയിട്ടുണ്ട്.

ബുദ്ധസന്ന്യാസിമാര്‍ക്കും ആശ്രമങ്ങള്‍ക്കും സാധാരണക്കാരന്റെ ജീവിതത്തില്‍ നിര്‍ണായകസ്ഥാനമുണ്ട്. ജില്ലകളെ പല പ്രവിശ്യകളായി തിരിച്ച് ഓരോ തലവന്റെ കീഴിലാക്കിയിട്ടുണ്ടെങ്കിലും ആശ്രമത്തെയും തെരഞ്ഞെടുക്കപ്പെട്ട ആചാര്യസമിതിയെയും കേന്ദ്രമാക്കിയാണ് സാമൂഹ്യജീവിതം ക്രമീകരിച്ചിരിക്കുന്നത്.

ആശ്രമങ്ങളെ കേന്ദ്രീകരിച്ചുമാത്രം നിലനിന്നിരുന്ന വിദ്യാഭ്യാസസമ്പ്രദായത്തിന് 1975-ല്‍ വന്ന കമ്യൂണിസ്റ്റ് ഭരണകൂടം പല മാറ്റങ്ങളും വരുത്തി. അതിന്റെ ഫലമായി മതേതരപാഠശാലകളിലുള്ള പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതമായി. വിവാഹത്തിനു മുമ്പുള്ള കാലഘട്ടം ബ്രഹ്മചര്യം അനുഷ്ഠിച്ച് ബുദ്ധസന്ന്യാസിയായി ജീവിക്കുന്ന രീതി യുവവിദ്യാര്‍ഥികള്‍ ഉപേക്ഷിച്ചുതുടങ്ങി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B5%8D%E0%B4%AE%E0%B5%86%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍