This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖ്മു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖ്മു

Khmu

ലാവോസിലെ മെക്കോങ് നദിക്കരയില്‍ കുടിയേറിപ്പാര്‍ത്തിട്ടുള്ള ഒരു ഗിരിവര്‍ഗം. ലാവോജനങ്ങളാല്‍ ഇവരുടെ ഫലഭൂയിഷ്ഠമായ ഭൂമി പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഇവര്‍ പര്‍വതപ്രാന്തങ്ങളിലേക്ക് മാറി. ചൈന, ടിബത്ത്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നു കുടിയേറിപ്പാര്‍ത്തവരാണ് ലാവോസിലെ ജനങ്ങള്‍; ഇവര്‍ ഇര്‍റിവേഡി (Irriwaddy), സിറ്റാങ് (Sittang) എന്നീ താഴ്വരകളിലെ മ്യാന്‍മര്‍ക്കാരെപ്പോലെയും റെഡ് നദിക്കരയിലെ വിയറ്റ്നാംകാരെപ്പോലെയും വികസിത സംസ്കാരമുള്ള ജനങ്ങളാണ്. പുരാതന ഇന്ത്യന്‍ സംസ്കാരത്തിന്റെയും യു.എസ്., യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളിലെ സംസ്കാരങ്ങളുടെയും സ്വാധീനമുള്ള മറ്റൊരു പുതിയ സംസ്കാരത്തിന്റെ ഉടമകളാണ്.

പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഖ്മു കുടുംബം

ലാവോസിലെ ഖ്മു വര്‍ഗക്കാര്‍ വളരെപ്പെട്ടെന്ന് അവിടത്തെ ഭാഷയും സംസ്കാരവും സ്വായത്തമാക്കുകയും ജനങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുകയും ചെയ്തതോടൊപ്പം അവരുടെ സ്വന്തം സംസ്കാരം നിലനിര്‍ത്തുകയും ചെയ്തു.

വളരെ സങ്കീര്‍ണസ്വഭാവമുള്ള ഒരു ഗിരിവര്‍ഗമാണ് ഖ്മു വര്‍ക്കാര്‍. ഇന്നത്തെ ലാവോജനങ്ങളില്‍ അധികവും ഖ്മു വര്‍ഗക്കാരാണ്. ഇവര്‍ ഭാഷ, സംസ്കാരം, വസ്ത്രധാരണം എന്നീ എല്ലാക്കാര്യങ്ങളിലും ലാവോജനങ്ങളെ അനുകരിച്ച് ലാവോക്കാരായി മാറിയതാണത്രെ. ആസ്ട്രോ ഏഷ്യാറ്റിക് അല്ലെങ്കില്‍ മാണ്‍ഖ്മര്‍ (Monkhmer) വര്‍ഗക്കാരുടെ ഭാഷാഭേദങ്ങള്‍ ഇവരുടെ ഭാഷയിലും കാണാം. കൂടാതെ, തെക്കുകിഴക്കേ ഏഷ്യയിലെ കംബോഡിയക്കാരുമായും ചെമ്പന്‍മുടിക്കാരായ മെലനേഷ്യന്‍ (Melanesian)കാരുമായും ഇവര്‍ക്ക് ഭാഷാപരമായ ബന്ധമുണ്ട്.

സാംസ്കാരികമായി ഉയര്‍ന്ന ബുദ്ധമതക്കാരായ ലാവോക്കാരുമായുള്ള ബന്ധം ഖ്മു വര്‍ഗക്കാരുടെയും ബുദ്ധമതക്കാരല്ലാത്ത മറ്റു ഗിരിജനങ്ങളുടെയും 'ചേതന പൂജകത്വം' ഇല്ലാതാക്കുന്നതിന് സഹായകമായി. ബുദ്ധമത പുതുവര്‍ഷാഘോഷത്തില്‍ ലാവോക്കാര്‍ ഭൂമിയോടുള്ള ബന്ധം നിലനിര്‍ത്തുന്നതിന് പ്രത്യേക പൂജ നടത്താറുണ്ട്. ഖ്മു വര്‍ഗത്തിലെ മന്ത്രവാദികളെക്കൊണ്ടാണ് ഇതു ചെയ്യിക്കുന്നത്. വര്‍ഷന്തോറും നടക്കാറുള്ള ജലോത്സവാരംഭത്തില്‍ ലാവോ രാജാവിന് ശുദ്ധീകരിച്ച കുമ്പളങ്ങ കാഴ്ചവയ്ക്കുന്ന പതിവുണ്ട്. മണ്ണിന്റെ ഫലഭൂയിഷ്ഠത കാണിക്കാനാണ് ഇത് ചെയ്തിരുന്നത്. പുതുവത്സരാഘോഷങ്ങളിലെ മറ്റൊരു പ്രധാന ഇനം ബുദ്ധവിഗ്രഹമായ പ്രാബജിനെ ലോങ്പ്രബാങ്ങിലെ തെരുവുകളിലൂടെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്നതാണ്. കേമാളി വേഷംകെട്ടിയ ഖ്മു തൊഴിലാളികളാണ് ബുദ്ധവിഗ്രഹം ചുമക്കുന്നത്. ഈ വിഗ്രഹം പ്രാചീനകാലത്ത്, അങ്കൊര്‍വാറ്റിന്റെ (Angkorwat) മാതൃകയില്‍ ഒരു ബൌദ്ധരാജ്യം കെട്ടിപ്പടുക്കുന്നതിനായി കംബോഡിയയില്‍നിന്നു കൊണ്ടുവന്നതാണത്രെ. ഇത് ഇവരുടെ രാജ്യസ്നേഹം, ദേശീയസ്വഭാവം, മതപരമായ നിയമസാധുത്വം എന്നിവ വ്യക്തമാക്കുന്നു. രാഷ്ട്രീയമേധാവിത്വം ലാവോക്കാര്‍ക്കാണെങ്കില്‍പ്പോലും ലാവോരാജ്യം രൂപവത്കരിച്ചത് ഖ്മുവര്‍ഗക്കാരാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B5%8D%E0%B4%AE%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍