This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖൈബര്‍ചുരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖൈബര്‍ചുരം

Khyber pass

കാബൂളിനെ പെഷവാറുമായി ബന്ധിപ്പിക്കുന്ന ഒരു ഹിമാലയന്‍ ചുരം. പാകിസ്താനിലെ പെഷവാറിന് 17 കി.മീ. പടിഞ്ഞാറു നിന്നാരംഭിക്കുന്നു. അഫ്ഗാനിസ്താനില്‍ നിന്നു പാകിസ്താനിലേക്ക് കടക്കുന്നതിനുള്ള ചരിത്രപ്രധാനമായ ചുരമാണിത്; ലോകത്തിലെ മറ്റു ചുരങ്ങളെ അപേക്ഷിച്ച് തന്ത്രപ്രധാനവുമാണ്.

ഖൈബര്‍ചുരം

ഖൈബര്‍ചുരം സ്ഥിതിചെയ്യുന്ന മലനിരകളും ഖൈബര്‍ എന്ന പേരില്‍ത്തന്നെ അറിയപ്പെടുന്നു. ഇത് സഫേദ്കോ നിരയിലൂടെ ഏകദേശം 53 കി.മീ. വടക്കു പടിഞ്ഞാറോട്ടുപോയി അഫ്ഗാനിസ്താനില്‍ എത്തുന്നു. ജംറൂദ് കോട്ടയ്ക്ക് ഏതാനും കി.മീ. അപ്പുറം വച്ച് ഖൈബര്‍ മലകളില്‍ പ്രവേശിക്കുന്ന ഈ ചുരം കുത്തനെയുള്ള കയറ്റത്തിനുശേഷം ക്രമേണ 967 മീ. ഉയരമുള്ള ആലി മസ്ജിദില്‍ എത്തിച്ചേരുന്നു. ആലി മസ്ജിദില്‍ അനേകം ബുദ്ധവിഹാരാവശിഷ്ടങ്ങള്‍ കാണാം. ഈ പ്രദേശം അശോകന്റെ സാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്നപ്പോഴാണ് ഇവിടെ ബുദ്ധമതം പ്രചരിച്ചതെന്നു കരുതപ്പെടുന്നു. ഇതിനടുത്തുകൂടെയൊഴുകുന്ന ഖൈബര്‍ നദി ചുരത്തിന്റെ സ്ഥാനം തെക്കോട്ടു മാറ്റുന്നതായി കാണാം. ആലി മസ്ജിദില്‍ നിന്ന് ഏകദേശം എട്ട് കി. മീറ്ററോളം ദൂരം ചുരത്തിന്റെ വ്യാസം കുറഞ്ഞ് വളരെ ചെറിയ ഒരു ഇടുക്കായി കാണപ്പെടുന്നു. ഈ ഇടുക്കിന് 180 മീറ്ററിലധികം വീതിയില്ല; മാത്രമല്ല കുത്തനെയുള്ള കുന്നുകളാല്‍ ഇരുവശവും സുരക്ഷിതവുമാണ്. സിന്താരാ ഗ്രാമത്തില്‍ ചെന്നുചേരുന്ന ഈ ഇടുക്കിന് അവിടെ മുതല്‍ അങ്ങോട്ടു വീതികൂടുന്നു. കോട്ടകളും ഇടവിട്ടുള്ള കൃഷിസ്ഥലങ്ങളും നിറഞ്ഞ ഒരു പ്രദേശമാണ് ഈ ഗ്രാമം. തുടര്‍ന്ന് ചുരം ആലി മസ്ജിദില്‍നിന്ന് ഏകദേശം 10 കി.മീ. അകലെയുള്ള ലാണ്ടി കൊട്ടേല്‍ വഴി കടന്നുപോകുന്നു. ലാണ്ടി കൊട്ടേല്‍ ആണ് ഈ ചുരത്തിലെ ഏറ്റവും ഉയരംകൂടിയ (1070 മീ.) പ്രദേശം. ഇവിടം ഒരു സുപ്രധാന വ്യാപാരകേന്ദ്രമാണ്. ഇവിടെനിന്നു പെഷവാറിലേക്കു പോകുന്ന മറ്റൊരു പാതയുമുണ്ട്. വീണ്ടും ഒരു ഇടുങ്ങിയ പാതയിലൂടെ പോകുന്ന ചുരം 16 കി.മീറ്ററിനുശേഷം അഫ്ഗാന്‍ പ്രദേശത്തിലെത്തുന്നു.

കാറുകള്‍ക്കും ചെറിയ ട്രക്കുകള്‍ക്കും കാബൂള്‍ വരെ പോകാന്‍ കഴിയുന്ന മെറ്റല്‍ ചെയ്ത റോഡ് ഈ ചുരത്തിലുണ്ട്. ഈ ചുരത്തിലൂടെയുള്ള തീവണ്ടിപ്പാത ഗതാഗതരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു സംരംഭമായിരുന്നു.

ഇന്ത്യാചരിത്രത്തില്‍ ഈ ചുരം സുപ്രധാന പങ്കുവഹിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ഇന്ത്യയില്‍ ആധിപത്യമുറപ്പിച്ച വിദേശികളായ പേര്‍ഷ്യക്കാര്‍, ഗ്രീക്കുകാര്‍, ടാര്‍ട്ടറുകള്‍, മുഗളര്‍ തുടങ്ങിയവരെ ഇന്ത്യയിലെത്തുന്നതിനു സഹായിച്ചത് ഈ ചുരമാണ്. പുരാതനകാലത്ത് ആര്യന്മാര്‍ സിന്ധുതടത്തിലെത്തിയതും ഈ ചുരം വഴിതന്നെ. അലക്സാണ്ടര്‍, മുഹമ്മദ് ഗസ്നി, ജെങ്കിസ് ഖാന്‍, മുഗള്‍ സാമ്രാജ്യ സ്ഥാപകനായ ബാബര്‍, നാദിര്‍ഷാ, അഹമ്മദ് ഷാ അബ്ദാലി തുടങ്ങിയവരെല്ലാം ഈ ചുരം താണ്ടി ഇന്ത്യയിലെത്തിയ പ്രമുഖരാണ്.

2,577 ച.കി.മീ. വിസ്തൃതിയുള്ള ഖൈബര്‍ പ്രദേശത്തെ അധിവസിക്കുന്ന അപരിഷ്കൃതരും ക്രൂരരുമായ ഗിരിവര്‍ഗക്കാരെ നിയന്ത്രിക്കുന്നത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു. 1839-ല്‍ ഇവിടം കടന്നുവന്ന ബ്രിട്ടീഷുകാര്‍ 1879-ലെ ഉടമ്പടിപ്രകാരം, ഈ വര്‍ഗക്കാരുടെ നിയന്ത്രണാധികാരം ഏറ്റെടുത്തു. 1947-ല്‍ സ്വാതന്ത്ര്യപ്രാപ്തിയോടെ, ഈ ജനതയുടെ മേലുള്ള അധികാരം പാകിസ്താനു ലഭിച്ചു. പാകിസ്താനിലെ പെഷവാര്‍ ജില്ലയോടു ബന്ധപ്പെട്ട ഖൈബര്‍ ഏജന്‍സിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഈ പ്രദേശം.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍