This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖേസരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖേസരി

ലെഗുമിനോസേ സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ശാ.നാ.: ലാത്തൈറസ് സറ്റൈവം (Lathyrus sativum) കേസരിപ്പരിപ്പ് ഈ ചെടിയില്‍ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെല്ലായിടങ്ങളിലും തന്നെ നട്ടുവളര്‍ത്തപ്പെട്ടിരുന്ന ഈ ചെടിയുടെ കൃഷി ഇന്ന് പല സ്ഥലങ്ങളിലും നിയമംമൂലം നിരോധിച്ചിട്ടുണ്ട്. ഏകവര്‍ഷിയായ ഈ ചെടിയുടെ ഇലകള്‍ പിച്ഛകാവസ്ഥയില്‍ സംയുക്തമാണ്. ഇവയ്ക്ക് രണ്ടു പത്രകങ്ങളും കാണപ്പെടുന്നു. ഇലകളുടെ അഗ്രഭാഗത്തായി മൂന്നായി വിഭജിക്കപ്പെട്ട പ്രതാനങ്ങളും ഉണ്ട്. പുഷ്പങ്ങള്‍ ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്നാണുണ്ടാകുന്നത്. ഇവയ്ക്ക് വെള്ളയോ നീലയോ ഇരുണ്ട ചുവപ്പോ നിറമായിരിക്കും. കായ്കള്‍ക്ക് ഏകദേശം നാലു സെന്റിമീറ്ററോളം നീളമുണ്ടായിരിക്കും. ഒരു കായില്‍ നാലോ അഞ്ചോ വിത്തുകള്‍ കാണപ്പെടുന്നു.

കേസരിപ്പരിപ്പ് ഭക്ഷ്യധാന്യമായി വന്‍തോതില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ നിത്യേനയുള്ള ഉപയോഗം ലാത്തൈറിസം എന്ന തളര്‍വാതരോഗത്തിനു കാരണമാകും എന്നു മനസ്സിലായതോടെ ഇതിന്റെ ഉപയോഗം കുറഞ്ഞിരിക്കുന്നു. ഹൃദ്രോഗം, മാനസികരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളും ഇതു കഴിക്കുന്നവര്‍ക്ക് ഉണ്ടാകാറുണ്ട്. ചെടി കാലിത്തീറ്റയായി ഉപയോഗിച്ചാല്‍ കന്നുകാലികള്‍ക്കും തളര്‍വാതം പിടിപെടുന്നതായി കണ്ടുവരുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B5%87%E0%B4%B8%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍