This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖിലാഫത്ത് പ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖിലാഫത്ത് പ്രസ്ഥാനം

Khilafat Movement

തുര്‍ക്കി സുല്‍ത്താന്റെ ഖലീഫാസ്ഥാനവും മുസ്ലിം പുണ്യസ്ഥലങ്ങളുടെ മേലുള്ള ആധിപത്യവും നിലനിര്‍ത്താന്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ ആരംഭിച്ച പ്രസ്ഥാനം. ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കി ജര്‍മനിയുടെ ഭാഗത്തു ചേര്‍ന്നതോടെ ഖിലാഫത്തിന്റെയും പുണ്യസ്ഥലങ്ങളുടെയും കാര്യത്തില്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് ആശങ്കയുളവായിരുന്നു. യുദ്ധത്തില്‍ ബ്രിട്ടന്റെ ഭാഗത്തു പങ്കെടുക്കുന്ന മുസ്ലിം ഭടന്മാരെ പ്രീതിപ്പെടുത്താന്‍ പ്രധാനമന്ത്രിയായിരുന്ന ലോയ്ഡ് ജോര്‍ജ് തുര്‍ക്കി പ്രദേശങ്ങളുടെ അഖണ്ഡതയും മുസ്ലിം പുണ്യസ്ഥലങ്ങളുടെ പവിത്രതയും കാത്തുസൂക്ഷിക്കുന്നതാണെന്നു പ്രഖ്യാപിച്ചു. എന്നാല്‍ യുദ്ധത്തില്‍ ജര്‍മനി തോറ്റതോടെ ഐക്യകക്ഷികള്‍ ഈ പ്രഖ്യാപനം കാറ്റില്‍ പറത്തുകയും സെവെഴ്സ് ഉടമ്പടിപ്രകാരം തുര്‍ക്കിയുടെ കൈവശമിരുന്ന സിറിയ, പലസ്തീന്‍, ഇറാഖ് എന്നിവ മാന്‍ഡേറ്റ് ശക്തികളുടെ നിയന്ത്രണത്തിലാക്കുകയും ത്രേസ്, അറേബ്യ എന്നിവ സ്വതന്ത്രപ്രദേശങ്ങളായി അംഗീകരിക്കുകയും ചെയ്തു. അതിനുപുറമേ സ്മിര്‍ണയും ചുറ്റുമുള്ള പ്രദേശങ്ങളും ദ്വീപുകളും ഗ്രീസിന്റെ ആധിപത്യത്തില്‍ വിട്ടുകൊടുക്കുകയുമുണ്ടായി.

ഇന്ത്യന്‍ മുസ്ലിങ്ങള്‍ തുര്‍ക്കി സുല്‍ത്താനെ മുസ്ലിങ്ങളുടെ ഖലീഫയായി പരിഗണിച്ചിരുന്നു. ബ്രിട്ടന്‍ തങ്ങളെ വഞ്ചിച്ചുവെന്നു കണ്ട് മുസ്ലിങ്ങള്‍ കോണ്‍ഗ്രസ്സുമായി യോജിച്ച് ഒരു പ്രക്ഷോഭണത്തിനു തയ്യാറായി. ഗാന്ധിജി ഖിലാഫത്ത് കോണ്‍ഫറന്‍സിന്റെ നേതാക്കന്മാരായ അലിസഹോദരന്മാരുമായി സമ്പര്‍ക്കം സ്ഥാപിച്ചു. ഖിലാഫത്ത് പ്രശ്നത്തില്‍ മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ന്യായമായതിനാല്‍, അവരെ സഹായിക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും കടമയാണെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഖിലാഫത്ത് കോണ്‍ഫറന്‍സുമായി യോജിച്ച് നിസ്സഹകരണസമരത്തിനു പരിപാടിയിട്ടു. ഹിന്ദു-മുസ്ലിം യോജിപ്പിന്റെ പ്രതീകമായി ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ ആര്യസമാജ നേതാവായ സ്വാമി ശ്രദ്ധാനന്ദനെ മുസ്ലിങ്ങള്‍ ക്ഷണിക്കുകയുണ്ടായി. മുസ്ലിമായ ഡോ. കിച്ച് ലുവിന് അമൃതസരസ്സിലെ സുവര്‍ണക്ഷേത്രത്തിന്റെ താക്കോല്‍ നല്കി ബഹുമാനിച്ചു. ഈ രാഷ്ട്രീയ ഐക്യം സാധ്യമാക്കിയത് ഗവണ്‍മെന്റിന്റെ മര്‍ദനനയവും ഖിലാഫത്ത് പ്രസ്ഥാനവുമായിരുന്നു. ഖിലാഫത്ത് പ്രക്ഷോഭണത്തെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും യോജിപ്പിക്കാന്‍ നൂറുവര്‍ഷങ്ങളില്‍ ഉണ്ടാവാനിടയില്ലാത്ത ഒരു സന്ദര്‍ഭമായാണ് ഗാന്ധിജി കണ്ടത്. ഭരണഘടനാപ്രശ്നങ്ങളെയും പഞ്ചാബിലെ തെറ്റുകളെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഖിലാഫത്ത് പ്രശ്നം പ്രാധാന്യമാര്‍ജിച്ചു. മുസ്ലിം യുവജനങ്ങള്‍ മാത്രമല്ല, സാധാരണയായി, രാഷ്ട്രീയകാര്യങ്ങളില്‍ താത്പര്യം കാണിച്ചിരുന്ന 'ഉലമ' (മുസ്ലിം മതപണ്ഡിതന്മാര്‍) പോലും ഈ പ്രക്ഷോഭണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. മുസ്ലിം ലീഗും ജും ഇയ്യത്തുല്‍ ഉലമായും കോണ്‍ഗ്രസ്സും ചേര്‍ന്ന് 1920 ജൂണ്‍ 2-ന് അലഹാബാദില്‍ ഒരു സംയുക്ത സമ്മേളനം നടത്തി. സമ്മേളനത്തില്‍വച്ച് സമാധാനക്കരാറില്‍ തുര്‍ക്കിക്കെതിരായ നിബന്ധനകള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ഗവണ്‍മെന്റിനോട് നിസ്സഹകരിക്കുന്നതാണെന്നു പ്രമേയം പാസാക്കി. വിദ്യാലയങ്ങള്‍, കോടതികള്‍, കൗണ്‍സിലുകള്‍, പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ബഹിഷ്കരിക്കാനും ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്കിയ ബഹുമതികള്‍ ഉപേക്ഷിക്കാനും തീരുമാനിച്ചു. 1920 ആഗ. 31-ന് ഖിലാഫത്ത് കമ്മിറ്റി നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചു. അതില്‍ ആദ്യമായി പങ്കെടുത്തത് ഗാന്ധിജിയായിരുന്നു. യുദ്ധകാലത്ത് ഗാന്ധിജി ചെയ്തിരുന്ന സേവനങ്ങളെ പരിഗണിച്ച് ഗവണ്‍മെന്റ് നല്കിയിരുന്ന കൈസര്‍-എ-ഹിന്ദ് മെഡല്‍ അദ്ദേഹം തിരിച്ചുനല്കി.

പ്രസ്ഥാനത്തിന്റെ ആദ്യമാസങ്ങളില്‍ത്തന്നെ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഗവണ്‍മെന്റിനെതിരെ യുദ്ധം (ജിഹാദ്) നടത്തുകയോ നാടുവിട്ടു (ഹിജ്റ) പോവുകയോ അല്ലാതെ ഗത്യന്തരമില്ലെന്ന് ഉലമാ തീര്‍പ്പ് (ഫത്വാ) നല്കി. ഇതനുസരിച്ച് വടക്കുപടിഞ്ഞാറേ ഇന്ത്യയില്‍ നിന്ന് 18,000-ത്തോളം മുസ്ലിങ്ങള്‍ അഫ്ഗാനിസ്താനിലേക്ക് ഹിജ്റ പോയി. എന്നാല്‍ ഇത്രയും ആളുകളെ തന്റെ രാജ്യത്ത് കുടിയിരുത്തുന്നതിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അഫ്ഗാന്‍ രാജാവ് അവരെ സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഭയാനകമായൊരു ദുരന്തത്തിലാണ് അത് പര്യവസാനിച്ചത്. 'പെഷവാര്‍ മുതല്‍ കാബൂള്‍ വരെയുള്ള റോഡ് യാത്രാക്ളേശംമൂലം മരിച്ച വൃദ്ധന്മാരുടെയും സ്ത്രീകളുടെയും ശ്മശാനമായി മാറി. തിരിച്ചെത്തിയ നിര്‍ഭാഗ്യരായ ആളുകള്‍ക്ക് ഭൂമി നഷ്ടപ്പെട്ടു. കൈവശമുണ്ടായിരുന്ന പണവും തീര്‍ന്നു' (ഇന്ത്യ ഇന്‍ 1920).

ഖിലാഫത്ത് പ്രസ്ഥാനം നാടൊട്ടുക്ക് വളരെവേഗം പ്രചരിച്ചു. തുര്‍ക്കിയോടു കാണിച്ച അന്യായം തിരുത്തുവാനും ഇന്ത്യയ്ക്ക് 'സ്വരാജ്' അനുവദിക്കുവാനും ഇന്ത്യാക്കാരോടു കാട്ടുന്ന അക്രമം അവസാനിപ്പിക്കുവാനും കോണ്‍ഗ്രസ്-ഖിലാഫത്ത് കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. ഹിന്ദുക്കളും മുസ്ലിങ്ങളും ഗവണ്‍മെന്റിനെ പരസ്യമായി എതിര്‍ക്കാനും നിയമം ലംഘിക്കാനും മുന്നോട്ടുവന്നു. ആയിരക്കണക്കിനാളുകള്‍ മര്‍ദിക്കപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. അധ്യാപകര്‍ ജോലി രാജിവയ്ക്കുകയും വിദ്യാര്‍ഥികള്‍ സ്കൂളുകളും കോളജുകളും വിട്ടിറങ്ങുകയുംചെയ്തു. ഗവണ്‍മെന്റ് ഗ്രാന്റ് നിഷേധിക്കാന്‍ അലിഗഢ് യൂണിവേഴ്സിറ്റി ട്രസ്റ്റികളുടെ മേല്‍ നിരന്തരമായ സമ്മര്‍ദമുണ്ടായി. അവര്‍ അതിനു വിസമ്മതിച്ചപ്പോള്‍ നൂറോളം വിദ്യാര്‍ഥികള്‍ അലിഗഢ് വിട്ടുപോയി; ജാമി ആ മില്ലിയ്യാ സ്ഥാപിച്ചു.

ഗാന്ധിജി, ആസാദ്, അലിസഹോദരന്‍ തുടങ്ങിയവര്‍ നാട്ടിലുടനീളം സഞ്ചരിച്ച് ഗവണ്‍മെന്റിന്റെ ദുര്‍വാശിയെ കുറ്റപ്പെടുത്തുകയും ഫണ്ടുപിരിവു നടത്തുകയും, ഒരു വാളണ്ടിയര്‍ വിഭാഗം രൂപവത്കരിക്കുകയും ചെയ്തു. ഗാന്ധിജി 1921 മേയില്‍ വൈസ്രോയി ആയിരുന്ന റീഡിങ് പ്രഭുവിനെ പലപ്രാവശ്യം സന്ദര്‍ശിച്ചുവെങ്കിലും ഫലമൊന്നുമുണ്ടായില്ല. പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍തന്നെ ഗവണ്‍മെന്റ് തീരുമാനിച്ചു. മുസ്ലിങ്ങള്‍ ബ്രിട്ടീഷ് പട്ടാളത്തില്‍ ചേരുന്നതു മതവിരുദ്ധമാണെന്ന് കറാച്ചി സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദലിയെയും ഷൌക്കത്തലിയെയും സെപ്തംബറില്‍ അറസ്റ്റു ചെയ്യപ്പെട്ടു. വെയില്‍സ് രാജകുമാരന്റെ വരവില്‍ പ്രതിഷേധിച്ച 30,000 പേര്‍ 1921 ഡിസംബറിനും 1922 ജനുവരിക്കുമിടയില്‍ ജയിലിലായി. മര്‍ദനം പ്രക്ഷോഭം ആളിക്കത്തിക്കാനേ ഉപകരിച്ചുള്ളൂ. ഘോഷയാത്രകളും പ്രതിഷേധയോഗങ്ങളും നഗരങ്ങളിലും ഗ്രാമങ്ങളും അലയടിച്ചു.

പ്രസ്ഥാനം ആഴത്തില്‍ വ്യാപിച്ചിരുന്നതുകൊണ്ട് ജനങ്ങള്‍ അക്ഷമയോടെ സമരം തീവ്രമാക്കാനുള്ള ആഹ്വാനം കാത്തിരിക്കുകയായിരുന്നു. ബംഗാളിലെയും ഉത്തര്‍പ്രദേശിലെയും ആയിരക്കണക്കിനു കര്‍ഷകര്‍ നിസ്സഹകരണത്തിന്റെ മുന്നണിപ്പടയാളികളായി മുന്നോട്ടുവന്നു. പഞ്ചാബില്‍ സിക്കുകാര്‍ അകാലിപ്രസ്ഥാനം പടുത്തുയര്‍ത്തിക്കഴിഞ്ഞിരുന്നു. മലബാറിലെ മാപ്പിള ക്കര്‍ഷകര്‍ ജന്മി-ബ്രിട്ടീഷ് വിരുദ്ധപ്രസ്ഥാനം സൃഷ്ടിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കുകയും പത്രങ്ങളെ ഗവണ്‍മെന്റ് നിയന്ത്രണത്തില്‍നിന്നു വിമുക്തമാക്കുകയും ചെയ്തില്ലെങ്കില്‍ നികുതിനിഷേധം ഉള്‍പ്പെടെയുള്ള നിയമലംഘനം തുടങ്ങുമെന്ന് ഗാന്ധിജി 1922 ഫെ. 1-ന് പ്രഖ്യാപിച്ചു.

ഈയവസരത്തിലാണ് 1922 ഫെ. 5-ന് യു.പി.യിലെ ഗോരഖ്പൂര്‍ ജില്ലയിലെ ചൌരിചൌരായില്‍ പൊലീസും ഒരു ഘോഷയാത്രയിലെ ആളുകളും തമ്മില്‍ ഏറ്റുമുട്ടിയത്. പൊലീസ് വെടിവയ്ക്കുകയും വെടിയുണ്ട തീര്‍ന്നപ്പോള്‍ സ്റ്റേഷനിലേക്കു പിന്‍വലിയുകയും ചെയ്തു. കുപിതരായ ജനക്കൂട്ടം സ്റ്റേഷന്‍ ആക്രമിച്ച് തീവയ്ക്കുകയും 22 പൊലീസുകാര്‍ വെന്തുമരിക്കുകയും ചെയ്തു. ഗാന്ധിജിക്ക് ഈ സംഭവം ഹൃദയഭേദകമായിത്തോന്നി. ഖിലാഫത്ത് കമ്മിറ്റിയോടുപോലും ആലോചിക്കാതെ ഫെ. 11-ന് നിസ്സഹകരണപ്രസ്ഥാനം പിന്‍വലിച്ചു. ഗാന്ധിജി അഞ്ചുദിവസം ഉപവാസം അനുഷ്ഠിക്കുകയും നിസ്സഹകരണപ്രസ്ഥാനത്തില്‍ തന്റെ തോല്‍വി സമ്മതിക്കുകയും ചെയ്തു.

താമസിയാതെ ഖിലാഫത്ത് പ്രശ്നം പ്രസക്തമല്ലാതായിത്തീര്‍ന്നു. തുര്‍ക്കി ജനത മുസ്തഫാ കമാല്‍പാഷയുടെ നേതൃത്വത്തില്‍ അണിനിരക്കുകയും സ്മിര്‍ണയും പരിസരപ്രദേശങ്ങളും ദ്വീപുകളും കൈയടക്കിയിരുന്ന ഗ്രീക്കുകാരെ തുരത്തുകയും ചെയ്തു. ഐക്യകക്ഷികള്‍ ലൗസന്‍ സന്ധിപ്രകാരം തുര്‍ക്കിയുടെ രാഷ്ട്രീയാധീശത്വം അംഗീകരിക്കുകയുണ്ടായി (1923 ജൂലായ്). 1922 നവംബറില്‍ സുല്‍ത്താന്റെ രാഷ്ട്രീയാധികാരവും, 1924 മാര്‍ച്ചില്‍ ഖിലാഫത്തും അവസാനിച്ചു. അതോടെ ഖിലാഫത്തു പ്രസ്ഥാനത്തിന്റെ അടിത്തറയും തകര്‍ന്നു.

കേരളത്തില്‍. കോണ്‍ഗ്രസ്സും ഖിലാഫത്ത് കോണ്‍ഫറന്‍സും ഒന്നായി നിസ്സഹകരണസമരം നടത്താന്‍ തീരുമാനിച്ചതോടെ മലബാറിലും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അലയടിക്കാന്‍ തുടങ്ങി. ഖിലാഫത്ത് സന്ദേശം പ്രചരിപ്പിക്കാനായി ഗാന്ധിജിയും ഷൗക്കത്തലിയും 1920 ആഗസ്റ്റില്‍ മലബാര്‍ സന്ദര്‍ശിച്ചത് ജനങ്ങളെ, പ്രത്യേകിച്ച് മാപ്പിളമാരെ, ആവേശഭരിതരാക്കി. മലബാറിലൊട്ടാകെ ഖിലാഫത്ത് കമ്മിറ്റികള്‍ സ്ഥാപിച്ചു. മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റ് സമരം അമര്‍ച്ച ചെയ്യാന്‍ കരുക്കളൊരുക്കി.

1921 ഏപ്രിലില്‍ ഒറ്റപ്പാലത്തുവച്ചു നടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനം ജില്ലയിലാകമാനം ജനങ്ങളുടെ രാഷ്ട്രീയബോധം തട്ടിയുണര്‍ത്തി. നാലുദിവസമായി നടന്ന സമ്മേളനത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ധാരാളമായി പങ്കെടുത്തത് അധികാരികളെ പരിഭ്രാന്തരാക്കി, സമ്മേളനത്തിന്റെ അവസാനദിവസം പൊലീസുകാര്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ നാട്ടുകാര്‍ക്ക് പ്രസ്ഥാനത്തോടുള്ള അനുഭാവം വര്‍ധിപ്പിക്കാനേ ഉതകിയുള്ളൂ.

ഏറനാടു-വള്ളുവനാടു താലൂക്കുകളില്‍ വളര്‍ന്നുവന്ന രാഷ്ട്രീയാവേശം അടിച്ചമര്‍ത്താന്‍ തീരുമാനിച്ച അധികാരികള്‍ അവിടെ 144-ാം വകുപ്പു നടപ്പാക്കി. പൊലീസ് ഈ താലൂക്കുകളില്‍ ഭീകരഭരണം ഏര്‍പ്പെടുത്തി. പൂക്കോട്ടൂര്‍ എന്ന സ്ഥലത്ത് ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ വടക്കേവീട്ടില്‍ മുഹമ്മദിനെ, നിലമ്പൂര്‍ രാജാവിന്റെ ഒരു തോക്കു മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റുചെയ്യാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. ഏറനാട്ടില്‍ ഈ സംഭവം കോളിളക്കം സൃഷ്ടിച്ചു. നിയമവിരുദ്ധമായി ആയുധങ്ങള്‍ ശേഖരിക്കുന്നുവെന്ന കുറ്റം ചുമത്തി തിരൂരങ്ങാടിയിലെ ഖിലാഫത്ത് നേതാവായ ആലിമുസല്യാരെയും കൂട്ടരെയും അറസ്റ്റു ചെയ്യാന്‍ പുറപ്പെട്ട കളക്ടറും പൊലീസ് പാര്‍ട്ടിയും നിരായുധരായ മാപ്പിളമാരുടെ നേരെ നിറയൊഴിച്ചതാണ് ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ലഹള തുടങ്ങാന്‍ മാപ്പിളമാരെ പ്രേരിപ്പിച്ചത്.

അവസാനഘട്ടത്തില്‍ ലഹള അക്രമാസക്തമാകാന്‍ ഇടയായി. കോണ്‍ഗ്രസ് നേതാക്കളായ കെ.പി.കേശവമേനോന്‍, എം.പി. നാരായണമേനോന്‍, മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ഈ അക്രമങ്ങളെ തടയുവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബ്രിട്ടീഷ് ഗവണ്‍മെന്റ് ക്രൂരമായി ലഹള അടിച്ചമര്‍ത്തുകയും നേതാക്കളെ തെരഞ്ഞുപിടിച്ച് വെടിവച്ചു കൊല്ലുകയോ തൂക്കിക്കൊല്ലുകയോ ചെയ്യുകയും ചെയ്തു. അനുയായികളെ നൂറുകണക്കിന് തടവിലാക്കുകയും അനേകം പേരെ നാടുകടത്തുകയും ചെയ്തു. ലഹളയില്‍ ഏകദേശം 10,000 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി കണക്കാക്കപ്പെടുന്നു.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍