This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖിയാമത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖിയാമത്

Kiamat

ഇസ്ലാംമത വിശ്വാസപ്രമാണമനുസരിച്ച് ലോകാവസാനത്തെയോ അന്ത്യദിനത്തെയോ സൂചിപ്പിക്കുന്നപദം. ഇസ്ലാം മതത്തിലെ അടിസ്ഥാന വിശ്വാസങ്ങളിലൊന്നാണ് ഖിയാമത് യവ്മുല്‍ ഫസ്ല്‍ (വിധിതീര്‍പ്പിന്റെ ദിനം), യവ്മുല്‍ ഹിസാബ് (വിചാരണാദിനം), യവ്മുല്‍ ബഅ്സ് (ഉണര്‍വിന്റെ ദിനം), യവ്മുല്‍ മുഹീത് (വലയം ചെയ്യുന്ന ദിനം) എന്നിവ ഖിയാമത്തിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ പറയുന്ന മറ്റുപേരുകളാണ്. വേദഗ്രന്ഥമായ ഖുര്‍ ആന്‍ ഖിയാമത്തിനെക്കുറിച്ച് വിവിധ സ്ഥലങ്ങളില്‍ വിവരിക്കുന്നുണ്ട് (6:73, 22:1-2, 81:6, 75:7-10, 99:1-5).

ഖിയാമത്തിന്റെ സമയമെത്തിയാല്‍, ഇസ്റാഫീല്‍ എന്ന മലക്ക് (മാലാഖ) കാഹള(സൂര്‍)ത്തില്‍ ഊതുമെന്നും ഉടനെ ഭൂമികുലുങ്ങുമെന്നും പര്‍വതങ്ങള്‍ തകര്‍ന്നു വീഴുമെന്നും സമുദ്രങ്ങളും നദികളും നിറഞ്ഞൊഴുകുമെന്നും ആകാശം പൊട്ടിപ്പിളരുമെന്നുമാണ് വിശ്വാസം. കൂടാതെ സൂര്യന്‍ മറയും. നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴും. മനുഷ്യര്‍ പരിഭ്രാന്തരാകും. ഒരു വ്യക്തിയും മറ്റൊരു വ്യക്തിയെക്കുറിച്ച് ചിന്തിക്കുകയില്ല. പേടിമൂലം അവന്റെ കണ്ണുകളിലെ ചൈതന്യം നശിക്കും. നാവ് ഉള്ളിലേക്കു വലിയും. ഈ ഭൂമിക്കെന്തു സംഭവിക്കുന്നുവെന്നറിയാതെ മനുഷ്യര്‍ പകച്ചുനില്‍ക്കും. മുലയൂട്ടുന്ന അമ്മമാര്‍ നവജാതശിശുക്കളെപ്പോലും മറന്നുപോകും. ഗര്‍ഭിണികള്‍ പ്രസവിക്കും. മനുഷ്യര്‍ ചിറകൊടിഞ്ഞ ശലഭങ്ങളെപ്പോലെയാകും. അവര്‍ക്കു ലഹരിബാധിച്ചതുപോലെ തോന്നും. പിന്നീട് എല്ലാം നശിച്ചുനാമാവശേഷമാകും. ഇത്തരമൊരു അവസ്ഥയാണ് ഖിയാമത്ത് എന്നാണ് വിശുദ്ധ ഖുര്‍ആനും നബിവചനങ്ങളും വിശദീകരിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍