This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖാറ്യാനൃത്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഖാറ്യാനൃത്തം
ബിഹാറിലെ റാഞ്ചി ജില്ലയുടെ പര്‍വതപ്രദേശങ്ങളില്‍ നിവസിക്കുന്ന ഖാറ്യാവര്‍ഗത്തിന്റെ ദൃശ്യകലാരൂപം. സഞ്ചാരശീലരായ ഈ വര്‍ഗം പലതരം നൃത്തങ്ങള്‍ നടത്താറുണ്ട്. നൃത്തങ്ങളുടെ ഇതിവൃത്തം പ്രകൃതിയാണ്. യുദ്ധം, ആഘോഷം, പുരാണം, സോളോ എന്നിങ്ങനെ നാലുഭാഗങ്ങളായിട്ടാണ് നൃത്തങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. വിവാഹം, ദസ്റാ എന്നീ ആഘോഷാവസരങ്ങളില്‍ രണ്ടു സംഘം നര്‍ത്തകര്‍ നടത്തുന്ന യുദ്ധാവതരണമാണ് യുദ്ധനൃത്തം. ഛോട്ടാനാഗ്പൂരിലെ ഭീല്‍ വര്‍ഗക്കാര്‍ നടത്തുന്ന കര്‍മോത്സവനൃത്തം കര്‍മവൃക്ഷപൂജയുടെ രൂപത്തിലാണ് നടത്തുന്നത്. ഈ നൃത്തം ഫലസമൃദ്ധമായ വിളവിനു വേണ്ടിയുളള പ്രാര്‍ഥനയില്‍ അവസാനിക്കുന്നു. പുരാണ നൃത്തത്തിലെ മുഖ്യപ്രതിപാദ്യം മഹാഭാരതത്തിലെ കിരാതാര്‍ജുന യുദ്ധമാണ്. സോളോനൃത്തം ആദിവാസി ഒറ്റയ്ക്കു നടത്തുന്നതാണ്. യോദ്ധാവിന്റെ വേഷത്തില്‍ രംഗത്തു പ്രവേശിക്കുന്ന നര്‍ത്തകന്‍ ദസ്റാ ആഘോഷത്തില്‍ പങ്കെടുക്കുന്ന ജനങ്ങളുടെ മുമ്പില്‍ തന്റെ നൈപുണ്യം പ്രകടിപ്പിക്കുന്നു. ബര്‍ലംഗാ ഗ്രാമസമൂഹത്തിലെ ആദിവാസികളും ബര്‍ലംഗാനൃത്തങ്ങള്‍ അവതരിപ്പിച്ചു വരുന്നു. ഈ നൃത്തങ്ങള്‍ അത്യന്തം സങ്കീര്‍ണമാണ്. ബര്‍ലംഗാനൃത്തങ്ങളും യുദ്ധനൃത്തം മുതലായ നൃത്തരൂപങ്ങളും പൊതുവേ ഖാറ്യാനൃത്തമെന്ന പേരിലാണ് അറിയപ്പെടുന്നത്.