This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാന്‍ സാഹിബ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാന്‍ സാഹിബ്

Khan Sahib (1883 - 1958)

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതാവ്. പാകിസ്താനില്‍പ്പെട്ട പെഷവാര്‍ പ്രവിശ്യയിലെ ഉത്തമാന്‍സാ (Uthamanzai) ഗ്രാമത്തില്‍ 1883-ല്‍ ജനിച്ചു. ചാര്‍സാദ താലൂക്കില്‍ മുഹമ്മദ് സായ് വര്‍ഗത്തിലെ ഒരു പ്രധാനപ്പെട്ട പത്താന്‍ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്.

പെഷവാറിലെ മുന്‍സിപ്പല്‍ ബോര്‍ഡ് സ്കൂളിലും പിന്നീട് മിഷന്‍ ഹൈസ്കൂളിലും പഠിച്ച ഖാന്‍ സാഹിബ് മെട്രിക്കുലേഷന്‍ പാസായതിനുശേഷം മുംബൈയിലെ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു. 1909-ല്‍ ഉപരിപഠനാര്‍ഥം ഇംഗ്ലണ്ടില്‍ എത്തി. ഇംഗ്ലണ്ടില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ എം.ആര്‍.സി.എസ്. പരീക്ഷ പാസായി. ഒന്നാം ലോകയുദ്ധത്തിന്റെ കാലഘട്ടത്തില്‍ പൊട്ടിപ്പുറപ്പെട്ടതിനാല്‍ ബ്രിട്ടനിലെ ഹോസ്പിറ്റല്‍ കോറില്‍ സേവനം അനുഷ്ഠിച്ചുകൊണ്ട് യുദ്ധസേവനത്തില്‍ സജീവമായി പങ്കുകൊണ്ടു. ഈ കാലഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ കര്‍മരംഗത്തിന്റെ പ്രധാനഭാഗം ഫ്രാന്‍സിനായിരുന്നു. ഇദ്ദേഹം 1920-ല്‍ ഇന്ത്യയിലേക്ക് മടങ്ങുകയും ഇവിടെ ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ ചേരുകയും ചെയ്തു.

കലാപകാരികളായ വസീരി(Waziris)കളുടെ നേരെ ശിക്ഷണ നടപടി എടുക്കുന്നതിന് നിയോഗിക്കപ്പെട്ട സൈന്യത്തെ അനുഗമിക്കുന്നതിന് 1921-ല്‍ ഖാന്‍ സാഹിബ് നിയുക്തനായി. തന്റെ സ്വന്തം മതാനുയായികളുടെ നേരെ പ്രതികാരനടപടികളെടുക്കുന്നതിന് സഹകരിക്കാന്‍ ഖാന്‍ സാഹിബ് കൂട്ടാക്കിയില്ല. തുടര്‍ന്ന് തന്റെ ജോലി ഉപേക്ഷിച്ച ഇദ്ദേഹം പൊതുരംഗത്ത് സജീവമായി.

മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു മുതലായ രാഷ്ട്രീയ നേതാക്കന്മാരുമായി ഖാന്‍ സാഹിബ് നേരത്തേ ബന്ധം പുലര്‍ത്തിയിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ നിന്നു വിരമിച്ച ഖാന്‍ സ്വന്തമായി ആതുരസേവനത്തില്‍ മുഴുകി. അനുജനായ ഖാന്‍ അബ്ദുള്‍ഗാഫര്‍ഖാന്റെ സ്വാധീനവും പെഷവാറില്‍ ക്വിസ്സാഖ്വാനി ബസാറില്‍ 1930 ഏ. 13-ന് നടന്ന വെടിവയ്പും ഖാന്‍സാഹിബിനെ സജീവ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തനനിരതനാവാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്ന് അറസ്റ്റുചെയ്യപ്പെട്ട് ഹസാരിബാഗ്ജയിലില്‍ അടയ്ക്കപ്പെട്ട ഇദ്ദേഹം 1934-ല്‍ ആണ് മോചിതനായത്. എങ്കിലും പഞ്ചാബിലും പെഷവാറിലും പ്രവേശിക്കുന്നതില്‍ നിന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ ഇദ്ദേഹത്തെ വിലക്കി. ഈ വിലക്കിനെത്തുടര്‍ന്ന് ഖാന്‍ സാഹിബ് വാര്‍ധയില്‍ താമസിച്ച് ആതുരശ്രുശ്രൂഷ നടത്തി. ഇദ്ദേഹത്തിന്റെ അഭാവത്തില്‍ത്തന്നെ പെഷവാര്‍ പ്രവിശ്യയില്‍ നിന്ന് കേന്ദ്ര നിയമനിര്‍മാണസഭയിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഒരു കോണ്‍ഗ്രസ് മെമ്പറായിരുന്ന ഖാന്‍സാഹിബിന്റെ നിയമസഭാപ്രസംഗങ്ങള്‍ ആദരവോടെയാണ് സ്വീകരിക്കപ്പെട്ടത്.

ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ 1935-ലെ ഗവണ്‍മെന്റ് ഒഫ് ഇന്ത്യാ ആക്റ്റ് അനുസരിച്ച് പെഷവാറില്‍ നിന്ന് കോണ്‍ഗ്രസുകാരനായി പ്രവിശ്യാ നിയമസഭയിലേക്കു ജയിച്ച ഖാന്‍ സാഹിബ് ആദ്യത്തെ കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുത്തു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം ഉപേക്ഷിച്ച ഇദ്ദേഹം 1945-ലെ പൊതു തിരഞ്ഞെടുപ്പിനുശേഷം വീണ്ടും മന്ത്രിസഭയ്ക്ക് നേതൃത്വം നല്കി. വിഭജനത്തിനുശേഷം ഒരാഴ്ച കഴിഞ്ഞ് ജിന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ചുവിട്ട ദിവസം വരെ ഖാന്‍ സാഹിബ് അധികാരത്തില്‍ തുടര്‍ന്നു.

പാകിസ്താന്‍ രൂപവത്കരണത്തിനുശേഷം ജിന്ന, ഖാന്‍ സഹോദരന്മാരെ ജയിലിലടച്ചു. ഏതാണ്ട് ആറു വര്‍ഷക്കാലം ഇദ്ദേഹം കാരാഗൃഹത്തില്‍ കഴിഞ്ഞു. എന്നാല്‍ ഖാന്‍ സാഹിബ് തന്റെ സഹോദരനില്‍ നിന്നും വ്യത്യസ്തനായി ക്രമേണ പാകിസ്താനുമായി പൊരുത്തപ്പെട്ടു. ജയില്‍മോചിതനായ ഇദ്ദേഹം 1954-ല്‍ പാകിസ്താന്‍ കേന്ദ്രമന്ത്രിസഭയില്‍ ചേരുകയും ഒരു കൊല്ലം മന്ത്രിയായി തുടരുകയും ചെയ്തു. പിന്നത്തെ കൊല്ലം ഇദ്ദേഹം പടിഞ്ഞാറന്‍ പാകിസ്താനിലെ മുഖ്യമന്ത്രിയായി. പാകിസ്താന്റെ യൂണിറ്റ് സ്കീമിന്റെ പ്രണേതാവായിരുന്നു ഖാന്‍ സാഹിബ്.

1958 മേയ് 9-ന് അറ്റമുഹമ്മദ് എന്നൊരു അക്രമി ലാഹോറില്‍ വച്ചു ഖാന്‍ സാഹിബിനെ വധിച്ചു. 'അതിര്‍ത്തിഗാന്ധി' എന്നു പ്രസിദ്ധനായ ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്റെ സഹോദരനാണ് ഇദ്ദേഹം.

(പ്രൊഫ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍