This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാദി-ഗ്രാമവ്യവസായങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാദി-ഗ്രാമവ്യവസായങ്ങള്‍

ഖാദി ഉത്പാദനവും ഗ്രാമതലത്തില്‍ നടത്തപ്പെടുന്ന മറ്റു ചെറുകിട വ്യവസായങ്ങളും. ഇന്ത്യയെപ്പോലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു രാജ്യത്തിന്റെ പുരോഗതി അവിടെയുള്ള ഗ്രാമങ്ങളുടെയും ഗ്രാമീണരുടെയും സാമ്പത്തികോന്നമനത്തെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയിലെ വ്യാപകമായ തൊഴിലില്ലായ്മയ്ക്കു പരിഹാരം ഗ്രാമവ്യവസായീകരണമാണ്. ഖദര്‍ ഉത്പാദനം, കൊല്ലപ്പണി, ആശാരിപ്പണി, കളിമണ്‍പാത്ര നിര്‍മാണം, എണ്ണയാട്ടു വ്യവസായം, കൈക്കടലാസ് നിര്‍മാണം, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ ഒട്ടനവധി വ്യവസായങ്ങള്‍ ഗ്രാമതലത്തില്‍ പ്രചാരത്തിലുണ്ട്. ഇത്തരം വ്യവസായങ്ങളുടെ വളര്‍ച്ച ഗ്രാമീണസമ്പദ് വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. മുന്‍കാലങ്ങളില്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഖാദി വസ്ത്രങ്ങള്‍ക്കു വളരെയേറെ പ്രചാരമുണ്ടായിരുന്നു. പാശ്ചാത്യശക്തികള്‍ വ്യാവസായികാധിപത്യം ആരംഭിച്ചതോടെ നൂല്‍നൂല്പിനും ഖാദിത്തുണി നെയ്ത്തിനും ക്ഷയം സംഭവിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മഹാത്മാഗാന്ധി രംഗപ്രവേശം ചെയ്തതോടെ ചര്‍ക്കയ്ക്കും ഖാദിവസ്ത്രങ്ങള്‍ക്കും വീണ്ടും പ്രാമുഖ്യം ലഭിച്ചു തുടങ്ങി. ഖാദിനിര്‍മാണത്തെയും അതിനെ സംബന്ധിച്ച പ്രചാരണത്തെയും ഗാന്ധിജി ഒരു പ്രസ്ഥാനമായി സ്വീകരിച്ചു. അതിന്റെ ഫലമായി ഖാദിപ്രസ്ഥാനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഒരു അവിഭാജ്യഘടകമായിത്തീര്‍ന്നു. ഇന്ത്യാക്കാരെ അലസതയില്‍ നിന്നും മോചിപ്പിക്കുവാനും, വിദേശവസ്ത്രം ബഹിഷ്കരിച്ചു ഖാദിയെ സ്വാതന്ത്ര്യസമരഭടന്മാരുടെ പടച്ചട്ടയാക്കാനും ദേശീയബഹുമതിയുടെ ചിഹ്നമാക്കാനും ദേശീയപ്രസ്ഥാനത്തിനു കഴിഞ്ഞു. ചര്‍ക്കയെ മോചനത്തിന്റെ മുഖമുദ്രയാക്കി അവതരിപ്പിക്കാന്‍ ഗാന്ധിജി നിഷ്കര്‍ഷിച്ചിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷവും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായങ്ങളും സേവനങ്ങളും ഖാദിനിര്‍മാണത്തിനു ലഭിച്ചു വരുന്നു.

സ്വതന്ത്രമായ തൊഴിലവസരങ്ങള്‍ ആഗ്രഹിക്കുന്ന തൊഴില്‍ സംരംഭകര്‍ക്ക് ഗ്രാമവ്യവസായങ്ങള്‍ ഒരു അത്താണിയാണ്. ഗ്രാമങ്ങളുടെ സമുദ്ധാരണത്തിന് ഗാന്ധിജി നിര്‍ദേശിച്ച മാര്‍ഗം അവയുടെ വ്യവസായവത്കരണമാണ്. ഇന്ത്യയില്‍ ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള ഗ്രാമവ്യവസായങ്ങള്‍ക്ക് നാല്പതുലക്ഷത്തിലേറെ പേര്‍ക്ക് പൂര്‍ണമായോ ഭാഗികമായോ തൊഴില്‍ നല്കാന്‍ കഴിയുന്നു. ഇതില്‍ വിദഗ്ധ പരിശീലനം സിദ്ധിച്ചു. പത്തുലക്ഷം ആളുകള്‍ക്ക് ഈ രംഗത്ത് തൊഴില്‍ നല്കിയിട്ടുണ്ട്.

ആദ്യകാലത്ത് ഖാദി ഗ്രാമവ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഉത്പാദകരുടെ സാമ്പത്തികശേഷിക്കുറവും സംഘടനാരാഹിത്യവും പരിശീലനം ലഭിച്ചവരുടെ അഭാവവും പഴഞ്ചന്‍ ഉത്പാദനസമ്പ്രദായങ്ങളും ഇവയുടെ അഭിവൃദ്ധിക്കു വിലങ്ങുതടികളായിരുന്നു. പിന്നീട് ഈ സ്ഥിതിക്കു മാറ്റമുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ 1935-ല്‍ സ്ഥാപിതമായ അഖിലേന്ത്യാഗ്രാമവ്യവസായസംഘം ഖാദി-ഗ്രാമവ്യവസായങ്ങളെ പുനരുദ്ധരിക്കുവാന്‍ ശ്രമം നടത്തി. ഗ്രാമവ്യവസായങ്ങളെ സംബന്ധിച്ചിടത്തോളം സഹകരണസംഘങ്ങള്‍ രൂപം പ്രാപിച്ചത് 1953-ല്‍ അഖിലേന്ത്യാ ഖാദി-ഗ്രാമവ്യവസായ ബോര്‍ഡ് സ്ഥാപിച്ചതിനുശേഷം മാത്രമാണ്. തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്റുകളും ചില രജിസ്റ്റേഡ് സ്ഥാപനങ്ങളും ഖാദിവ്യവസായത്തിന്റെ വികേന്ദ്രീകരണം നടപ്പില്‍ വരുത്താന്‍ ശ്രമിച്ചു.

ഖാദി-ഗ്രാമവ്യവസായ കമ്മിഷന്‍: മുംബൈ ആസ്ഥാനമാക്കി 1956-ല്‍ ഖാദി-ഗ്രാമവ്യവസായ കമ്മിഷന്‍ സ്ഥാപിതമായതോടെയാണ് ഖാദി-ഗ്രാമ വ്യവസായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുസംഘടിതവും വിപുലവുമായിത്തീര്‍ന്നത്. 1953-ല്‍ രൂപീകരിച്ച അഖിലേന്ത്യാഗ്രാമവ്യവസായബോര്‍ഡ് തന്നെയാണ് ഖാദി- ഗ്രാമവ്യവസായ കമ്മിഷനായി മാറിയത്. ഖാദിയുടെയും ഗ്രാമവ്യവസായങ്ങളുടെയും വളര്‍ച്ചയെ സഹായിക്കുക, ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉത്പാദനവര്‍ധനവിനാവശ്യമായ ഗവേഷണം നടത്തുക, ഗ്രാമീണകരകൗശല വിദഗ്ധര്‍ക്കു പരിശീലനം നല്കുക, ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍ക്കു വിപണികള്‍ കണ്ടെത്തുക മുതലായ ലക്ഷ്യങ്ങളോടുകൂടിയാണ് കമ്മിഷന്‍ സ്ഥാപിച്ചത്. ഗ്രാമീണമേഖലയിലെ തൊഴില്‍രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി ഗ്രാമീണസമൂഹത്തിനു സാമ്പത്തികഭദ്രതയുണ്ടാക്കുകയുമാണ് കമ്മിഷന്റെ പരമമായ ലക്ഷ്യം. ഇതിലേക്കായി ഖദര്‍ ഉത്പാദനത്തിലും ഗ്രാമീണവ്യവസായങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അസംസ്കൃതവസ്തുക്കളും തൊഴിലുപകരണങ്ങളും ലഭ്യമാക്കുക, പണിപ്പുരകളും വിപണനകേന്ദ്രങ്ങളും നിര്‍മിക്കുവാന്‍ ധനസഹായം നല്കുക, പ്രവര്‍ത്തനമൂലധനം നല്കുക മുതലായ സഹായങ്ങള്‍ ഖാദി-ഗ്രാമവ്യവസായ കമ്മിഷന്‍ ചെയ്തുകൊടുക്കുന്നു. ഇതുകൂടാതെ കരകൗശലവിദഗ്ധര്‍ക്ക് ആവശ്യമായ പരിശീലനവും നല്കിവരുന്നു.

ഖാദി-ഗ്രാമവ്യവസായ വികസനപരിപാടികള്‍ നടപ്പിലാക്കുന്നതിനായി കമ്മിഷന്റെ കീഴില്‍ ഇപ്പോള്‍ 26 സംസ്ഥാന ഖാദി-ഗ്രാമവ്യവസായ ബോര്‍ഡുകളും രജിസ്റ്റര്‍ ചെയ്ത 1114 ചെറുകിട യൂണിറ്റുകളും നിലവിലുണ്ട് (1.15 ലക്ഷം). കണക്കുകള്‍ പ്രകാരം 2009-2010-ല്‍ 16,036.95 ലക്ഷം രൂപ വിലമതിക്കുന്ന ഉത്പാദനവും 17,727.41 ലക്ഷം രൂപയ്ക്ക് വിപണനവും നടന്നു. 1,49,187 പേര്‍ക്ക് തൊഴിലും ലഭ്യമായി. എന്നാല്‍ 2010-11 സാമ്പത്തികവര്‍ഷത്തില്‍ യഥാക്രമം 15,258.62, 17455.01, 133367 ലക്ഷം എന്നിങ്ങനെയായിരുന്നു.

2010-11 സാമ്പത്തികവര്‍ഷത്തില്‍ കേരള ഖാദിബോര്‍ഡിന് 212 വില്പനകേന്ദ്രങ്ങളുണ്ട്. ഇതില്‍ പുതുതായി 4 യൂണിറ്റുകള്‍ കൂടി ആരംഭിച്ചു. ഈ ഗ്രാമങ്ങളിലെ കൈത്തൊഴിലുകാരെ ഉള്‍പ്പെടുത്തി 30,000-ത്തിലേറെ ഗ്രാമസഹകരണസംഘങ്ങള്‍ ഇന്നു പ്രവര്‍ത്തുച്ചുവരുന്നു. ഖാദി-ഗ്രാമവ്യവസായ കമ്മിഷനും സംസ്ഥാന ഖാദി-ഗ്രാമവ്യവസായ ബോര്‍ഡുകളും 26 ഇനം ഗ്രാമവ്യവസായങ്ങള്‍ക്കാണ് സാമ്പത്തികസഹായം നല്കിവരുന്നത്. ഗ്രാമങ്ങളില്‍ നിന്നു തന്നെ ലഭ്യമാകുന്ന അസംസ്കൃതപദാര്‍ഥങ്ങളാണ് ഈ ഗ്രാമവ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. കൈക്കുത്തരി, നാടന്‍ എണ്ണ, ഭക്ഷ്യേതരഎണ്ണയും സോപ്പും, തേനീച്ച വളര്‍ത്തല്‍, പനഞ്ചക്കര വ്യവസായം തുടങ്ങിയവ ഈ രംഗത്തുള്ള കാര്‍ഷികോത്പന്ന സംസ്കരണ വ്യവസായങ്ങളാണ്. ഖാദി വസ്ത്രനിര്‍മാണം, കുമ്മായംനീറ്റല്‍, നാരുകൊണ്ടുള്ള ഉത്പന്നങ്ങള്‍, കൊല്ലപ്പണി, ആശാരിപ്പണി, തുകല്‍ ഉത്പന്നങ്ങള്‍, മണ്‍പാത്രനിര്‍മാണം, തീപ്പെട്ടി ഉത്പാദനം, മുള, ഈറ, ചൂരല്‍, തഴപ്പായ് എന്നിവയുടെ നെയ്ത്ത്, കൈക്കടലാസ് നിര്‍മാണം എന്നീ വ്യവസായങ്ങള്‍ ഗ്രാമീണ കരകൗശലപ്പണിക്കാരെയും കാര്‍ഷികത്തൊഴിലാളികളെയും തൊഴിലുള്ളവരാക്കി ത്തീര്‍ക്കുകയും, കൃഷിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. കമ്മിഷന്റെ സഹായം ലഭിക്കുന്ന തൊഴിലാളികളില്‍ അമ്പതു ശതമാനത്തോളം പട്ടികജാതി-പട്ടികവര്‍ഗക്കാരിലോ, സമൂഹത്തിലെ മറ്റു ദുര്‍ബലവിഭാഗങ്ങളിലോ പെടുന്നവരാണ്.

പതിനൊന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് ഖാദി-ഗ്രാമവ്യവസായ കമ്മിഷന്‍ അഭിമാനാര്‍ഹമായ ചില നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. തൊഴില്‍ മേഖലയിലും ഉത്പാദനരംഗത്തും ഉണ്ടായിട്ടുള്ള നേട്ടങ്ങളെക്കൂടാതെ അനുയോജ്യമായ സങ്കേതം ഉപയോഗിച്ച് ഗ്രാമവ്യവസായങ്ങള്‍ക്ക് ഊര്‍ജസ്വലത പകരാനും കമ്മിഷനു കഴിഞ്ഞു. ഉദാ. തടിച്ചര്‍ക്കകള്‍ക്കുപകരം ആധുനിക നെയ്ത്തുവിദ്യ ഉപയോഗിക്കുന്ന ലോഹനിര്‍മിത ചര്‍ക്കകള്‍ രംഗത്തു വന്നു. കൂടാതെ ഏഴു സ്പിന്‍ഡില്‍ മാതൃകയിലുള്ള മസ്ളിന്‍ ചര്‍ക്കകളും ആറു സ്പിന്‍ഡല്‍ അംബര്‍ ചര്‍ക്കകളും ഖാദി നിര്‍മാണത്തില്‍ നിര്‍ണായകമായ ഉത്പാദനവര്‍ധനയ്ക്കു വഴിതെളിച്ചു. ഇത് നെയ്ത്തുകാര്‍ക്കു പൂര്‍ണമായ തൊഴിലും കൂടുതല്‍ വേതനവും ലഭിക്കുവാന്‍ സഹായകമായി. മൃഗശക്തികൊണ്ടു പ്രവര്‍ത്തിച്ചിരുന്ന എണ്ണച്ചക്കുകള്‍ക്കു പകരം യന്ത്രച്ചക്കുകള്‍ ഏര്‍പ്പെടുത്തിയതും സ്വാഗതാര്‍ഹമായ മാറ്റമാണ്. ഗോബര്‍ഗ്യാസ് യൂണിറ്റുകളുടെ പ്രവര്‍ത്തനം ഇന്ധനച്ചെലവ് കുറയ്ക്കാന്‍ സഹായിച്ചു. സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി ഉത്പന്നങ്ങളുടെ മേന്മ വര്‍ധിപ്പിക്കുവാനും കയറ്റുമതി വരുമാനത്തില്‍ വര്‍ധനവുണ്ടാക്കുവാനും വഴിതളിച്ചു. കമ്മിഷന്‍ കൈവരിച്ച സാങ്കേതികവിദ്യകള്‍ പല വിദേശരാജ്യങ്ങളെയും ആകര്‍ഷിച്ചിട്ടുണ്ട്.

പഞ്ചവത്സരപദ്ധതികളും ഖാദി-ഗ്രാമവ്യവസായങ്ങളും. പഞ്ചവത്സരപദ്ധതികളുടെ ആവിര്‍ഭാവത്തോടെ ഖാദി-ഗ്രാമവ്യവസായമേഖലയ്ക്ക് കൂടുതല്‍ അംഗീകാരം ലഭിച്ചെങ്കിലും പദ്ധതികളിലെ വിഹിതം പരിമിതമായിരുന്നു. സമീപകാലത്തു മാത്രമാണ് ഇത് കുറെയെങ്കിലും പരിഹൃതമായത്. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ (2012-17) ഗ്രാമവ്യവസായപരിപാടികള്‍ക്ക് 282.48 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കേരളത്തില്‍. കേരള ഖാദി-ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആവിര്‍ഭാവത്തിനുമുമ്പ് കേരളത്തില്‍ ഖാദിപ്രവര്‍ത്തനം നടത്തിവന്നിരുന്നത് കേരളസര്‍വോദയ സംഘം, തൃശൂര്‍ അസോസിയേഷന്‍, വള്ളുവനാട് ഡെവലപ്മെന്റ്സൊസൈറ്റി, കുറുമ്പ്രനാട് ഡെവലപ്മെന്റ് സൊസൈറ്റി തുടങ്ങിയ ചില രജിസ്റ്റേഡ് സ്ഥാപനങ്ങളായിരുന്നു. ഇവയ്ക്കു പുറമേ മുന്‍മലബാര്‍ പ്രദേശത്ത് പയ്യന്നൂര്‍ കേന്ദ്രമാക്കി മദ്രാസ് ഗവണ്‍മെന്റിന്റെ കീഴില്‍ ഒരു ഖാദി കേന്ദ്രവും പ്രവര്‍ത്തിച്ചുവന്നിരുന്നു. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം ഈ

കൈത്തറി വ്യവസായം

കേരള ഖാദി-ഗ്രാമവ്യവസായ ബോര്‍ഡ്. കേരള സംസ്ഥാനത്ത് 1957-ലെ 9-ാം നമ്പര്‍ ആക്റ്റ്പ്രകാരം കേരളാ ഖാദി-ഗ്രാമവ്യവസായബോര്‍ഡ് രൂപീകരിക്കുകയും 1957 ആഗ. 1-ന് ബോര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ബോര്‍ഡിന്റെ രൂപീകരണത്തിനുശേഷം ഖാദി-ഗ്രാമവ്യവസായ കമ്മിഷന്റെ നിശ്ചിതപദ്ധതികളനുസരിച്ച് ഖാദി-ഗ്രാമവ്യവസായ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ മൂലധനവും മറ്റു ധനസഹായങ്ങളും ഉത്പാദനത്തിനുള്ള സാങ്കേതികപരിജ്ഞാനവും ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വര്‍ധിച്ചു വന്നു. അതോടുകൂടി ഗ്രാമവ്യവസായരംഗത്തുള്ള സഹകരണസംഘങ്ങളുടെ എണ്ണവും വര്‍ധിച്ചു. അഖിലേന്ത്യാഖാദി-ഗ്രാമവ്യവസായകമ്മിഷന്‍ അംഗീകരിച്ചിട്ടുള്ള ഗ്രാമവ്യവസായങ്ങള്‍ക്കും ഖാദി ഉത്പാദനത്തിനുമാണ് കേരളസംസ്ഥാന ഖാദി-ഗ്രാമവ്യവസായ ബോര്‍ഡ് സാമ്പത്തിക-സാങ്കേതിക സഹായം നല്കിവരുന്നത്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ബോര്‍ഡ് നേരിട്ടും ദേശസാത്കൃതബാങ്കുകള്‍ മുഖേനയും ധനസഹായം ലഭ്യമാക്കിവരുന്നു. ഗ്രാമവ്യവസായങ്ങള്‍ക്ക് നല്കുന്ന വായ്പയ്ക്ക് നാലു ശതമാനം പലിശ മാത്രമേ ഈടാക്കുന്നുള്ളൂ. ഖാദിവ്യവസായത്തിനു പലിശ നല്കേണ്ടതില്ല. 25 പേര്‍ ചേര്‍ന്ന് ഒരു സഹകരണസംഘം ഉണ്ടാക്കിയാല്‍ അത് ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഖാദി-ഗ്രാമവ്യവസായങ്ങളില്‍ കളിമണ്‍ വ്യവസായം, തുകല്‍ വ്യവസായം, നാരുവ്യവസായം, പയറ്-ധാന്യ സംസ്കരണം, മരം-ഇരുമ്പു ഫര്‍ണിച്ചര്‍ നിര്‍മാണം, ഗ്രാമീണ എണ്ണയാട്ടു വ്യവസായം, തീപ്പെട്ടി നിര്‍മാണം, പനഞ്ചക്കരനിര്‍മാണം, പനയോല ഉപയോഗിച്ചു വസ്തുക്കള്‍ നിര്‍മിക്കുന്ന വ്യവസായം, സോപ്പു നിര്‍മാണം, കടലാസ് നിര്‍മാണം, തേനീച്ച വളര്‍ത്തല്‍, ഈറ-മുള വ്യവസായം, കുമ്മായ വ്യവസായം, ആയുര്‍വേദമരുന്നുകളുടെ ശേഖരണം, പഴവര്‍ഗ-ഫലവര്‍ഗ സംസ്കരണം, അലുമിനിയം പാത്രനിര്‍മാണം, റബ്ബര്‍ അധിഷ്ഠിത വ്യവസായം എന്നിവ ഉള്‍പ്പെടുന്നു. ഈ വ്യവസായങ്ങള്‍ കേരളത്തിലെ ഗ്രാമീണ കൈവേലക്കാരെയും കര്‍ഷകത്തൊഴിലാളികളെയും തൊഴിലുള്ളവരാക്കുകയും കൃഷിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

നൂല്‍നൂല്പ് കേന്ദ്രം

ഖാദി. ബോര്‍ഡിന്റെ ഒരു പ്രധാന പരിപാടിയാണ് ഖാദി-വ്യവസായ വികസനം. ഇന്ന് (2010-2011) കേരളത്തില്‍ ഉദ്ദേശം 1,33,367 പേര്‍ ഈ രംഗത്ത് ജോലിചെയ്ത് ഉപജീവനം നടത്തുന്നു. 2010-2011-ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 152.60 കോടി രൂപ വിലവരുന്ന ഖാദി ഉത്പാദിപ്പിച്ചിട്ടുണ്ട്. കേരള സര്‍വോദയസംഘം, തൃശൂര്‍ഖാദി-വില്ലേജ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, കേരള ഗാന്ധിസ്മാരകനിധി, പയ്യന്നൂര്‍ ഖാദി സെന്റര്‍, തുടങ്ങിയ സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ ഖാദിവ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ ബോര്‍ഡ് തന്നെ ഖാദി ഉത്പാദനം ഏറ്റെടുത്തു നടത്തുന്നുണ്ട്. മൂന്നു കോടിയിലധികം ജനസംഖ്യയുള്ള കേരളത്തില്‍ ഒരാള്‍ക്ക് 40 രൂപ വിലയ്ക്കുള്ള വസ്ത്രമെന്ന നിലയില്‍ 120 കോടി രൂപയ്ക്കുള്ള വസ്ത്രം ആവശ്യമാണ്. ഖാദിവസ്ത്രം ജനങ്ങളുടെ ഒരു ശതമാനത്തോളം വസ്ത്രാവശ്യങ്ങള്‍ മാത്രമേ നിറവേറ്റുന്നുള്ളൂ. ഈ സ്ഥിതി തീര്‍ച്ചയായും മെച്ചപ്പെടുത്താവുന്നതാണ്. താരതമ്യേന കുറഞ്ഞ മൂലധനം ഉപയോഗിച്ച് കൂടുതല്‍ ആളുകള്‍ക്കു ജോലി നല്കുവാനുള്ള സാധ്യത ഖാദിവ്യവസായത്തിനുണ്ട്. ജോലിക്കാരില്‍ ഏറിയപങ്കും സ്ത്രീകളായതുകാരണം തൊഴില്‍ രഹിതരായ അനേകം സ്ത്രീകളെ ഈ രംഗത്തു പുനരധിവസിപ്പിക്കാന്‍ കഴിയും. പാടത്തു പണിചെയ്യാന്‍ വിഷമമുള്ളവര്‍ക്കും ആണ്ടില്‍ മുഴുവന്‍ സമയവും കൃഷിമേഖലയില്‍ ജോലികിട്ടാത്തവര്‍ക്കും വലിയ ശരീരാധ്വാനം കൂടാതെ തന്നെ ഖാദി ഉത്പാദനത്തില്‍ ഏര്‍പ്പെടാം. ഖാദിവ്യവസായത്തില്‍ നൂല്‍നൂല്പും നെയ്ത്തുമാണ് പ്രധാനപ്പെട്ട തൊഴിലുകള്‍. ചര്‍ക്കകളില്‍ ഉത്പാദിപ്പിക്കുന്ന നൂല്‍ നെയ്തെടുക്കുവാന്‍ ഒരു നെയ്ത്തു തറി ആവശ്യമാണ്. ന്യൂ മോഡല്‍ ചര്‍ക്ക, 12 കതിര്‍ ചര്‍ക്ക, 6 കതിര്‍ മസ്ളിന്‍ ചര്‍ക്ക, ലോഹനിര്‍മിത ചര്‍ക്ക എന്നിവയാണ് ഇന്ന് ഉപയോഗിച്ചു വരുന്ന നൂല്പ് ഉപകരണങ്ങളില്‍ പ്രധാനമായവ. ഒരു സാധാരണ ചര്‍ക്കാകേന്ദ്രത്തില്‍ പഞ്ഞി കടയുക, തിരിയടിക്കുക തുടങ്ങിയ ജോലികള്‍ക്കു 6 പേരും 25 നൂല്പുകാരും ഉള്‍പ്പെടെ 31 പേര്‍ ജോലി ചെയ്യുന്നു. ഒരു ന്യൂമോഡല്‍ ചര്‍ക്കയില്‍ 12 മുതല്‍ 25 കഴിവരെ നൂല്‍ ഉത്പാദിപ്പിക്കുന്നതിന് ഒരാള്‍ക്കു കഴിയുന്നു. മസ്ളിന്‍ ചര്‍ക്കയില്‍ 15 മുതല്‍ 30 കഴിവരെ നൂലാണ് ഉത്പാദിപ്പിക്കുന്നത്. അംബര്‍ ചര്‍ക്കയോ മസ്ളിന്‍ ചര്‍ക്കയോ, 12 കതിര്‍ ചര്‍ക്കയോ ഒരു നൂല്‍നൂല്പുകാരിക്ക് സ്വന്തമായി വാങ്ങുന്നതിന് ദേശസാത്കൃത ബാങ്കില്‍നിന്നു വായ്പ ലഭിക്കും. സംയുക്ത ന്യൂ മോഡല്‍ ചര്‍ക്കാ യൂണിറ്റോ മസ്ളിന്‍ യൂണിറ്റോ വേണമെങ്കില്‍ ഖാദി ബോര്‍ഡില്‍ നിന്നുള്ള ധനസഹായം ഉപയോഗപ്പെടുത്താം. 25-ല്‍ കുറയാത്ത പ്രവര്‍ത്തകരെ ചേര്‍ത്ത് സഹകരണസംഘം രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യ നടപടി. രജിസ്റ്റര്‍ ചെയ്യുന്ന സഹകരണസംഘത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമെന്നു കണ്ടാല്‍ ആ സംഘത്തിന് ഖാദിക്കമ്മീഷന്‍ അംഗീകാരം (സര്‍ട്ടിഫിക്കറ്റ്) നല്കും. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും സംസ്ഥാന ബോര്‍ഡ് നല്കും. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഖാദിബോര്‍ഡില്‍ നിന്ന് ധനസഹായം ലഭിക്കുകയില്ല. സംഘത്തിന്റെ ഓഹരിയുടെ പത്തിരട്ടിയില്‍ കവിയാത്ത തുകയായിരിക്കും ധനസഹായമായി ലഭിക്കുക. സഹകരണസംഘങ്ങള്‍ക്കോ രജിസ്റ്റര്‍ ചെയ്തു മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനങ്ങള്‍ക്കോ മാത്രമേ ബോര്‍ഡ് സഹായം നല്കുകയുള്ളൂ. സഹകരണസംഘം രൂപീകരിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും ബോര്‍ഡിന്റെ ജില്ലാ ഓഫീസര്‍ക്ക് അധികാരമുണ്ട്. കൂടുതല്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരും നല്ല പരിചയമുള്ള നെയ്ത്തുകാരും അധിവസിക്കുന്ന പ്രദേശങ്ങളില്‍ ഖാദി സഹകരണ സംഘങ്ങള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. സഹകരണസംഘങ്ങള്‍ ഉണ്ടാക്കുന്നതു ഖാദിക്കുവേണ്ടി മാത്രമോ ഏതാനും ഗ്രാമവ്യവസായ ങ്ങള്‍ക്കും വേണ്ടിയോ, രണ്ടിനും കൂടിയോ ആകാവുന്നതാണ്. പരുത്തി, പട്ട്, കമ്പിളി, മസ്ളിന്‍, പോളിഎസ്റ്റര്‍ എന്നീ നാരുകള്‍ ഖാദി ഉത്പാദനരംഗത്ത് ഉപയോഗപ്പെടുത്തിവരുന്നു.

ഖാദിയുടെ വിപണനം ശക്തിപ്പെടുത്തുന്നതിലേക്കായി ജില്ലാ ആസ്ഥാനങ്ങളിലും ഇതര വ്യാപാരകേന്ദ്രങ്ങളിലും ഖാദിഭവനുകളും ഖാദി-ഗ്രാമോദ്യോഗഭവനുകളും പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ ജില്ലകളിലും പരുത്തി ശേഖരിച്ചു വയ്ക്കാനുള്ള ഗോഡൌണുകള്‍ ഉണ്ട്. കേരളത്തിലെ ഖാദി പ്രവര്‍ത്തനത്തിനു പരുത്തിയുടെ വിലക്കയറ്റം പലപ്പോഴും ഒരു പ്രതിസന്ധിയായിത്തീരുന്നുണ്ട്. ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ടുള്ള വിപണനസമ്പ്രദായങ്ങള്‍ ഈ രംഗത്ത് ആവശ്യമാണ്. ചര്‍ക്കകളുടെ നിര്‍മാണം, വിനിയോഗം, എന്നിവയുടെ കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാട് വേണം. ഖാദിയുടെ വില്പന വര്‍ധിപ്പിക്കുന്നതിലേക്കായി റിബേറ്റ് സമ്പ്രദായം നിലവിലുണ്ട്. ചെറിയതോതിലാണെങ്കിലും ഗവണ്‍മെന്റും ഖാദി വാങ്ങി ഉത്പാദകരെ സഹായിക്കുന്നുണ്ട്.

ഗ്രാമവ്യവസായങ്ങള്‍. ഖാദി-ഗ്രാമവ്യവസായ കമ്മിഷന്‍ കേരളത്തിലെ 26 ഗ്രാമവ്യവസായങ്ങളെ അംഗീകരിച്ചിട്ടുണ്ട്. ഇവയില്‍ എല്ലാറ്റിനും ഒരുപോലെ പ്രായോഗികതയും സാധ്യതയും ഉണ്ടെന്നുവരില്ല. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിജയകരമായി നടത്താവുന്ന വ്യവസായങ്ങള്‍ മാത്രമേ പ്രവര്‍ത്തകര്‍ തുടങ്ങാന്‍ പാടുള്ളൂ. കേരളത്തിലെ പ്രധാന ഗ്രാമവ്യവസായങ്ങള്‍ ഇവയാണ്:

കളിമണ്‍ വ്യവസായം. പാരമ്പര്യ വ്യവസായങ്ങളില്‍ ഒന്നാണ് കളിമണ്‍ വ്യവസായം (ഗ്രാമീണ മണ്‍പാത്ര നിര്‍മാണം). പാരമ്പര്യമായി ഉണ്ടാക്കിക്കൊണ്ടിരുന്ന ചട്ടി, കലം മുതലായവയ്ക്കു പുറമെ ആധുനികങ്ങളായ പൂച്ചട്ടി, കൂശ, ഓട്, കൗതുകവസ്തുക്കള്‍, ഇഷ്ടിക തുടങ്ങിയവയും ഈ വ്യവസായത്തില്‍ ഉള്‍പ്പെടുന്നു. പച്ചക്കറികളും മറ്റും ഒരാഴ്ചയോളം കേടുകൂടാതെ സൂക്ഷിക്കാവുന്ന മണ്ണുകൊണ്ടുണ്ടാക്കിയ ഫ്രിഡ്ജ്, വിവിധയിനം മേച്ചില്‍ ഓടുകള്‍ എന്നിവയും, ഗ്ളേസ്ഡ് പോട്ടറി ഉത്പന്നങ്ങളും ഈ മേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. പാത്രനിര്‍മാണരംഗത്ത് പോര്‍സിലിന്‍, സ്റ്റീല്‍, അലുമിനിയം, ചെമ്പ്, വെള്ളി, ഗ്ലാസ് മുതലായവ രംഗപ്രവേശം ചെയ്തിട്ടുണ്ടെങ്കിലും മണ്‍പാത്രങ്ങളുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. തൊഴില്‍ ചെയ്യുവാനും ഉത്പന്നങ്ങള്‍ സൂക്ഷിക്കുവാനും പണിശാലകളും പാര്‍പ്പിടങ്ങളും ഉണ്ടാക്കികൊടുക്കുക, മേല്‍ത്തരം ചൂളകള്‍ നിര്‍മിക്കുക, മണ്ണിന്റെ ഗുണം മെച്ചപ്പെടുത്തി സാധനങ്ങളുടെ ഉടവ് കുറയ്ക്കുകയും മേന്മ വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന് മണ്ണ് പാകപ്പെടുത്തിയെടുക്കാനുള്ള ഏര്‍പ്പാട് ഉണ്ടാക്കുക. നല്ലയിനം കളിമണ്‍ നിക്ഷേപങ്ങള്‍ തൊഴിലാളികള്‍ക്കു ലഭ്യമാക്കുക മുതലായവ ചെയ്യാന്‍ സാധിച്ചാല്‍ ഈ രംഗത്ത് ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കഴിയും. അതോടൊപ്പം പരമ്പരാഗത നിര്‍മാണപ്രക്രിയകളില്‍ മാറ്റം വരുത്തി വിപണി സാധ്യതയുള്ള പുതിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലും ശ്രദ്ധിക്കേണ്ടതാണ്. കളിമണ്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ ചേര്‍ത്തു സഹകരണസംഘങ്ങള്‍ ഉണ്ടാക്കി സംഘം വഴി ബോര്‍ഡ് സാമ്പത്തിക സഹായം നല്കുന്നു. സംഘാംഗങ്ങള്‍ക്കു മിതവ്യയം ശീലിക്കുന്നതിനും കൂട്ടായി ഉത്പാദന വിപണനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും സഹകരണസംഘങ്ങള്‍ അവരെ സഹായിക്കുന്നു. രണ്ടും മൂന്നും കുടുംബങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനു സഹായകരമായ ചെറിയ വര്‍ക്ക് ഷെഡും, ചൂളയും ഉണ്ടാക്കുന്നതിനും, കൂടുതല്‍ ആളുകള്‍ക്കു പണിയെടുക്കുവാനും ഉത്പന്നങ്ങള്‍ സൂക്ഷിക്കുവാനും ഉതകുന്ന ഭാരിച്ച ജോലി നല്കുന്നു. ഉത്പാദനത്തില്‍ വേഗതയും പരിഷ്കാരവും ലഭിക്കത്തക്ക രീതിയില്‍ പരിഷ്കൃത ചക്രങ്ങളും വൈദ്യുതചക്രങ്ങളും (ഷൈലവീല്‍) മണ്ണുരയ്ക്കുന്നതിനുള്ള ചെറുതും ഇടത്തരങ്ങളുമായ പഗ്ഗ്മില്ലുകളും മറ്റ് ആധുനിക ഉപകരണങ്ങളും ഈ രംഗത്ത് ഇന്ന് ഉപയോഗിക്കപ്പെടുന്നു. ഇതിലേക്കാവശ്യമായ വിദഗ്ധ പരിശീലനം ബോര്‍ഡില്‍ നിന്നു ഏര്‍പ്പാടു ചെയ്തുകൊടുക്കുന്നു. പ്രാദേശികമായി ലഭിക്കുന്ന കളിമണ്ണ് പരിശോധിക്കാനും അവ പാകപ്പെടുത്തുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കാനുമായി ഈരണ്ടുപേരടങ്ങുന്ന ഡെമോണ്‍സ്ട്രേഷന്‍ സ്ക്വാഡുകളുടെ സേവനവും ബോര്‍ഡ് നല്കുന്നു. ഈ സ്ക്വാഡുകള്‍ ഓരോ സംഘത്തിലും രണ്ടുമൂന്നുമാസക്കാലം താമസിച്ച് സാങ്കേതികമായ സേവനങ്ങള്‍ നല്കിവരുന്നു. ഓട്നിര്‍മാണം, ഇഷ്ടികനിര്‍മാണം, തറയോട് നിര്‍മാണം, കളിമണ്‍പാത്രനിര്‍മാണം, എന്നിവ ഓരോന്നും ആരംഭിക്കുന്നതിന് പ്രത്യേകം പ്രത്യേകം വായ്പയാണ് ബോര്‍ഡ് നല്കിവരുന്നത്.

ഗ്രാമീണ എണ്ണയാട്ടുവ്യവസായം. ഗ്രാമപദേശങ്ങളില്‍ നിലവിലിരിക്കുന്ന ഒരു പുരാതന വ്യവസായമാണ് ഗ്രാമീണ എണ്ണയാട്ട്. കാളവലിച്ചും മനുഷ്യന്‍ തള്ളിയും നടത്തിവരുന്ന നാടന്‍ ചക്കുകള്‍ ഇന്നും ഗ്രാമങ്ങളില്‍ പ്രചാരത്തിലുണ്ട്. ഈ വ്യവസായത്തിനാവശ്യമായ അസംസ്കൃത സാധനങ്ങള്‍-നാളികേരം, എള്ള്, നിലക്കടല, മറ്റു എണ്ണക്കുരുക്കള്‍ എന്നിവ കേരളത്തില്‍ സുലഭമായി ലഭിക്കുന്നു. ഇവ സംഭരിച്ച് നാടന്‍ ചക്കുകളില്‍ ആട്ടി എണ്ണ ഉത്പാദിപ്പിക്കുന്ന നിരവധി കുടുംബങ്ങള്‍ കേരളത്തിലുണ്ട്. യന്ത്രമില്ലുകളുടെ മത്സരം ഈ ഗ്രാമവ്യവസായത്തിനു കുറെയൊക്കെ കോട്ടം ഉണ്ടാക്കിയിട്ടുണ്ട്. വന്‍കിട മില്ലുടമകള്‍ കൂടുതല്‍ തുക മുടക്കി അസംസ്കൃത സാധങ്ങള്‍ യഥാകാലം സംഭരിച്ച് എണ്ണ ഉത്പാദിപ്പിച്ച് കൂടുതല്‍ വിലയ്ക്കു വിറ്റ് അമിതാദായം ഉണ്ടാക്കുന്നു. എന്നാല്‍ നാടന്‍ ചക്കുകളില്‍ തൊഴിലാളികള്‍ തങ്ങളുടെ കുടുംബങ്ങളുടെയോ കാളകളുടെയോ സഹായത്തോടെ ചുരുങ്ങിയ തോതില്‍ എണ്ണ ഉത്പാദനം നടത്തുകയാണ് ചെയ്യുന്നത്; അവരുടെ ആദായവും നാമമാത്രമാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുത മോട്ടോര്‍ ഘടിപ്പിച്ച് ആധുനിക രീതിയിലുള്ള യന്ത്രങ്ങളുടെ സഹായത്താല്‍ നാടന്‍ ചക്ക് പ്രവര്‍ത്തിപ്പിക്കാന്‍ സംവിധാനം ഉണ്ടാക്കിയിട്ടുള്ളത്. വൈദ്യുത മോട്ടോര്‍ ഘടിപ്പിച്ച ധാരാളം ചക്കുകള്‍ ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. നാടന്‍ ചക്കില്‍ നിന്നും ഉണ്ടാക്കാവുന്ന ഉത്പാദനത്തിന്റെ എട്ടിരട്ടി യന്ത്രവത്കൃത ചക്കില്‍ നിന്ന് ഉണ്ടാക്കാം. അതനുസരിച്ച് ജോലിയില്‍ എര്‍പ്പെട്ടിരിക്കുന്നവര്‍ക്കു കൂടുതല്‍ വരുമാനവും ലഭിക്കുന്നു. എണ്ണയാട്ടു തൊഴിലാളികള്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്യുന്ന സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തികസഹായം ബോര്‍ഡ് നല്കുന്നു. യന്ത്രോപകരണങ്ങളും ഷെഡ് നിര്‍മിക്കുന്നതിനുള്ള സാമ്പത്തികസഹായവും ഇത്തരം ധനസഹായത്തില്‍പ്പെടുന്നു. സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനപരിധിയില്‍പ്പെടാതെ ഒറ്റപ്പെട്ടുകഴിയുന്ന എണ്ണയാട്ടുവ്യവസായികള്‍ക്കും ബോര്‍ഡില്‍ നിന്നും ധനസഹായം നല്കുന്നു.

തുകല്‍വ്യവസായം. ഖാദി-ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വ്യവസായങ്ങളില്‍ പ്രധാനമായ ഒന്നാണ് തുകല്‍വ്യവസായം. കേരളത്തില്‍ പുരാതന കാലം മുതല്ക്കേയുള്ള ഈ വ്യവസായത്തില്‍ കന്നുകാലികളുടെ തുകല്‍, റബ്ബര്‍ മുതലായവ ഉപയോഗിച്ച് പലയിനം ചെരുപ്പുകള്‍, ഷൂസുകള്‍, ബാഗ്, പെട്ടി എന്നിവ നിര്‍മിക്കപ്പെടുന്നു. തൃശൂര്‍ ജില്ലയില്‍ ഈ വ്യവസായത്തിനു വളരെ പ്രചാരമുണ്ട്. കയറ്റുമതി സാധ്യതയുള്ളതാണ് ഈ വ്യവസായം. കേരളത്തില്‍ തയ്യാറാക്കുന്ന തുകല്‍ വന്‍കിട ടാനറികളില്‍ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നു. കേരളത്തിലെ തുകല്‍വ്യവസായത്തൊഴിലാളികളില്‍ പാദരക്ഷാനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് കൂടുതല്‍. ചത്ത കന്നുകാലികളുടെ തോലുരിക്കുന്നതിനും എല്ലുപൊടി, മാംസവളം, കമ്പോസ്റ്റ് എന്നിവ ഉത്പാദിപ്പിക്കുന്നതിനും, കൊഴുപ്പ് പരമാവധി എടുക്കുന്നതിനും പദ്ധതികളുണ്ട്. പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഖാദി-ഗ്രാമവ്യവസായകമ്മിഷന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കു പരിശീലനം കൊടുക്കുകയും ആധുനിക ഉപകരണങ്ങള്‍ സൗജന്യ നിരക്കില്‍ വിതരണം നടത്തുകയും ചെയ്യുന്നവരുണ്ട്. കേരളത്തില്‍ വളരെ വികസനസാധ്യതയുള്ളതും അഖിലേന്ത്യാടിസ്ഥാനത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞിട്ടുള്ളതുമായ ഒരു പദ്ധതിയാണ് എല്ലുപൊടി നിര്‍മാണം.

കേരളത്തില്‍ വളരെ വികസന സാധ്യതയുള്ള ഒരു വ്യവസായ മേഖലയാണ് പാദരക്ഷാനിര്‍മാണം. ഇതിനാവശ്യമായ തുകല്‍ തമിഴ്നാട്ടില്‍ നിന്ന് ലഭിക്കുന്നു; റബ്ബര്‍ സോള്‍ കേരളത്തില്‍ തന്നെ നിര്‍മിക്കപ്പെടുന്നു. തുകല്‍ ഉത്പന്നങ്ങളുടെ വില്പനശാലകള്‍ക്കും ബോര്‍ഡിന്റെ സാമ്പത്തികസഹായം ലഭ്യമാണ്.

തീപ്പെട്ടിനിര്‍മാണം. ഈ വ്യവസായത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റില്‍ത്തന്നെ 22 പേര്‍ക്കു ജോലി ലഭിക്കും. തടി നേരിയ വലുപ്പത്തില്‍ അറുത്തെടുക്കുക, പെട്ടിയുണ്ടാക്കുക, പശപുരട്ടി പെട്ടി ഒട്ടിക്കുക, കൊള്ളികള്‍ ഉണ്ടാക്കുക, ഉണക്കുക, അവ എണ്ണി പെട്ടിനിറയ്ക്കുക എന്നിവയെല്ലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചെയ്യാവുന്ന ജോലികളാണ്. മരുന്നു പുരട്ടി ചെയ്യുന്ന ഡിപ്പിങ്ങിനു മാത്രമേ വൈദഗ്ധ്യം ആവശ്യമുള്ളൂ. തീപ്പെട്ടിനിര്‍മാണത്തിനാവശ്യമായ തടി കേരളത്തില്‍ ധാരാളമായുണ്ട്. കട്ടികുറഞ്ഞ വെള്ളത്തടിയാണ്. മറ്റു അസംസ്കൃത സാധനങ്ങളുടെയും രാസവസ്തുക്കളുടെയും ലഭ്യതയെ ആശ്രയിച്ചാണ് തീപ്പെട്ടി വ്യവസായ യൂണിറ്റിന്റെ വിജയകരമായ പ്രവര്‍ത്തനം സ്ഥിതിചെയ്യുന്നത്. തീപ്പെട്ടി നിര്‍മാണ യൂണിറ്റുകളെ എ, ബി, സി എന്നിങ്ങനെ മൂന്നായിതരം തിരിച്ചിട്ടുണ്ട്. 'എ' ടൈപ്പ് യൂണിറ്റില്‍ 71 പേര്‍ക്കും, 'ബി' ടൈപ്പ് യൂണിറ്റില്‍ 35 പേര്‍ക്കും 'സി' ടൈപ്പ് യൂണിറ്റില്‍ 22 പേര്‍ക്കും തൊഴില്‍ നല്കാന്‍ കഴിയും. കേരളത്തില്‍ കൂടുതലും 'സി' ടൈപ്പ് യൂണിറ്റുകള്‍ക്കാണ് സഹായം നല്കുന്നത്. വ്യക്തികള്‍ക്കും വില്പനശാലകള്‍ക്കും സാമ്പത്തികസഹായം ലഭിക്കുന്നു.

ഭക്ഷ്യേതര എണ്ണ-സോപ്പ് വ്യവസായം. വെളിച്ചെണ്ണ, കടുകെണ്ണ, കടലയെണ്ണ തുടങ്ങിയ ഭക്ഷ്യയെണ്ണകള്‍ സോപ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് ദേശീയ നഷ്ടമായതിനാല്‍ ഭക്ഷ്യേതര എണ്ണകള്‍, കൊഴുപ്പ് മുതലായവ ഉപയോഗിച്ചു സോപ്പു നിര്‍മാണം നടത്തുന്നതിനെ ഖാദി-ഗ്രാമവ്യവസായ കമ്മിഷന്‍ പ്രോത്സാഹിപ്പിക്കുന്നു. വേപ്പ്, ഇലുപ്പ, പുന്നയ്ക്ക, റബ്ബര്‍, കരിഞ്ഞോട്, പരുത്തി എന്നീ എണ്ണക്കുരുക്കള്‍ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലും വനങ്ങളിലും ധാരാളമായുണ്ട്. കൂവരക്, മരവട്ടി, ഓടല്‍ തുടങ്ങിയവയുടെയും കുരുക്കള്‍ ലഭിക്കും. എന്നാല്‍ ഇവയെല്ലാം ശരിയായ രീതിയില്‍ സംഭരിച്ച് സംസ്കരിക്കപ്പെടുന്നില്ല. ലഭ്യമായ എണ്ണക്കുരുക്കളെ ശരിയായി സംസ്കരിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലുണ്ടാക്കാനും സോപ്പു നിര്‍മാണത്തിനാവശ്യമായ എണ്ണ ഉണ്ടാക്കാനും സാധിക്കും. ഈ വ്യവസായത്തെ ഭക്ഷ്യേതര എണ്ണക്കുരുക്കളുടെ സംഭരണം, എണ്ണയാട്ടല്‍, സോപ്പു നിര്‍മാണം എന്നീ മൂന്നു മേഖലകളിലായി തരംതിരിക്കാം. ഈ ഓരോ മേഖലയ്ക്കും ബോര്‍ഡില്‍ നിന്നു സാമ്പത്തികസഹായം നല്കുന്നുണ്ട്. വ്യക്തികള്‍ നടത്തുന്ന ചെറിയ സോപ്പു നിര്‍മാണ യൂണിറ്റുകള്‍ക്കും ബോര്‍ഡ് സഹായം നല്കുന്നു. ടോയ്ലറ്റ് സോപ്പ് ബേസ് യൂണിറ്റിനും ടോയ്ലറ്റ് സോപ്പ് യൂണിറ്റുകള്‍ക്കും ഇപ്പോള്‍ ധനസഹായം നല്കിവരുന്നുണ്ട്.

ധാന്യ സംസ്കരണം. നെല്ലു കുത്തല്‍, ധാന്യങ്ങള്‍ പൊടിക്കല്‍ തുടങ്ങിയ പല പ്രവര്‍ത്തനങ്ങളും പാരമ്പര്യമായി എല്ലാവീടുകളിലും നടന്നിരുന്നു. എന്നാല്‍ യന്ത്രമില്ലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ വീടുകളില്‍ വച്ചുള്ള ജോലി മിക്കവാറും ഇല്ലാതായി. ഈ മാറ്റംകൊണ്ട് രണ്ടുവിധത്തിലുള്ള നഷ്ടമാണ് രാഷ്ട്രത്തിനു സംഭവിച്ചത്; പരമ്പരാഗതമായി ഒരു ജോലിയായി ധാന്യസംസ്കരണം നടത്തിപ്പോന്നവര്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെട്ടു; മില്ലില്‍ സംസ്കരിച്ചെടുക്കുന്ന ധാന്യത്തിന് അളവിലും ഗുണത്തിലും കുറവുണ്ടായി. ഈ ദേശീയ നഷ്ടം ഒഴിവാക്കാനായി ധാന്യ സംസ്കരണം പ്രധാനപ്പെട്ട ഒരു ഗ്രാമവ്യവസായമായി ഖാദി-ഗ്രാമവ്യവസായകമ്മിഷന്‍ അംഗീകരിച്ച് അതിനു സാമ്പത്തിക സാങ്കേതികസഹായങ്ങള്‍ നല്കിവരുന്നു. കൈക്കുത്തരി വ്യവസായത്തിനുവേണ്ടി നവീനരീതിയിലുള്ള ഉലക്കകള്‍, വിന്നോയിങ്ഫാന്‍, നെല്ല് പുഴുങ്ങുന്ന ഉപകരണങ്ങള്‍ എന്നിവ വാങ്ങാനായി വായ്പയും ഗ്രാന്റും നല്കുന്നു. ഈ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും സഹകരണസംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും ധനസഹായം ചെയ്യുന്നുണ്ട്. ഇവയ്ക്കു പുറമേ പപ്പടനിര്‍മാണം, ബേക്കറി, മസാല നിര്‍മാണം, അവല്‍, പൊരി എന്നിവയുടെ നിര്‍മാണം എന്നിവയ്ക്കും സാമ്പത്തിക സഹായം നല്കുന്നുണ്ട്.

തേനീച്ച വളര്‍ത്തല്‍. നൂറ്റാണ്ടുകാലം മുമ്പു മുതല്ക്കേ അറിയപ്പെടുന്ന ഒരു കുടില്‍ വ്യവസായമാണിത്. ആധുനിക സജ്ജീകരണങ്ങളോടെ തേനീച്ചകളെ വളര്‍ത്തി വന്‍തോതില്‍ തേന്‍ എടുക്കുന്നു; ഈച്ചകളെകൊണ്ടുണ്ടാക്കാവുന്ന പരാഗസംക്രമണം അതിപ്രധാനമായ കാര്യമാണ്. തേനീച്ച പരാഗവാഹികളായി വര്‍ത്തിക്കുന്നതുകൊണ്ട് കാര്‍ഷികോത്പാദനം ഗണ്യമായി വര്‍ധിക്കുന്നു. കാര്‍ഷികപ്രദേശമായ കേരളത്തില്‍ തേനീച്ച വളര്‍ത്തല്‍ ഗണ്യമായി വികസിപ്പിക്കാന്‍ കഴിയും. ശാസ്ത്രീയ തേനീച്ച വളര്‍ത്തലില്‍ തേനിനു പുറമേ മെഴുക്, റോയല്‍ ജെല്ലി, ബീ വെനം (തേനീച്ച വിഷം) തുടങ്ങിയ മറ്റുത്പന്നങ്ങളും ലഭിക്കും. തേനീച്ച വളര്‍ത്തലില്‍ പ്രത്യക്ഷമായി ലഭിക്കുന്ന ഉത്പന്നങ്ങള്‍ തേനും മെഴുകും ആണെങ്കിലും ഇവയില്‍ നിന്നും ലഭിക്കുന്ന ആദായത്തിന്റെ അനേകമടങ്ങ് ആദായം പരാഗവിതരണംമൂലം കാര്‍ഷിക വിളകളില്‍ നിന്നു ലഭിക്കും. തേനീച്ചക്കൂടുകള്‍ എവിടെ വേണമെങ്കിലും മാറ്റിക്കൊണ്ടുപോകുവാന്‍ സാധിക്കും. തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഹകരണസംഘങ്ങള്‍ക്കും രജിസ്റ്റേഡ് സ്ഥാപനങ്ങള്‍ക്കും ബോര്‍ഡ് സാമ്പത്തിക സഹായം നല്കിവരുന്നു. തേനീച്ചവളര്‍ത്തലിന്റെ ഓരോ ഘട്ടത്തിനും (തേനീച്ച നഴ്സറി, തേനീച്ചകളുടെ കുടിയേറ്റം, പരാഗവിതരണത്തിന് തേനീച്ചകളെ ഉപയോഗിക്കല്‍) പ്രത്യേകസഹായം നല്കും. കൂടുകള്‍ വാങ്ങുന്നതിനും വായ്പ നല്കും. പെട്ടികളുടെ എണ്ണം കണക്കാക്കിയാണ് സാമ്പത്തികസഹായം നല്കുന്നത്.

നാരുവ്യവസായവും പായ്നെയ്ത്തും. വാഴ, കൈത, പന തുടങ്ങിയവയുടെ നാര് ഉപയോഗിച്ച് ഒട്ടനേകം കൗതുകവസ്തുക്കളും നിത്യോപയോഗസാധനങ്ങളും ഉണ്ടാക്കുന്നുണ്ട്. കേരളത്തില്‍ നിന്നും ഈ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളില്‍ പലയിനം പനനാരുകളും മറ്റു ജില്ലകളില്‍ പലതരം നാരുകളും ലഭ്യമാണ്. തഴയുപയോഗിച്ചു ചിക്കുപായ്, മെത്തപ്പായ്, കൌതുകവസ്തുക്കള്‍ മുതലായവ നിര്‍മിക്കുന്നു. കൈതത്തഴ ഉപയോഗിച്ചുള്ള തഴപ്പായ് വ്യവസായം കരുനാഗപ്പള്ളി താലൂക്കിലുള്ള തഴവായിലും മാവേലിക്കര, വൈക്കം, കൊടുങ്ങല്ലൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും വന്‍തോതില്‍ നടക്കുന്നു. നേര്‍മയും മിനുസവുമുള്ള തഴ ഉപയോഗിച്ച് തഴവായില്‍ നിര്‍മിക്കപ്പെടുന്ന പലവിധം മെത്തപ്പായ്കള്‍, ബാഗുകള്‍, കൌതുകവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് വിദേശങ്ങളിലും പ്രിയമുണ്ട്. കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലുണ്ടാക്കിക്കൊടുക്കുകയും വിദേശനാണയം സമ്പാദിക്കുകയും ചെയ്യുക എന്ന തത്ത്വത്തില്‍ ഈ നാരുവ്യവസായത്തിന് അതിയായ പ്രാധാന്യമുണ്ട്. നാരുസംഭരണം, കൗതുകവസ്തുക്കളുടെ നിര്‍മാണം എന്നിവയില്‍ പരിശീലനം നല്കുക, ഉപകരണങ്ങള്‍ ചുരുങ്ങിയ വിലയ്ക്കു വില്ക്കുക, പരിശീലകര്‍ക്കു ശമ്പളം കൊടുക്കുക മുതലായവയ്ക്ക് ധനസഹായം ചെയ്തുവരുന്നു. സഹകരണസംഘങ്ങളും രജിസ്റ്റേഡ് സ്ഥാപനങ്ങളും നടത്തുന്ന വ്യവസായങ്ങള്‍ക്കു ഉത്പാദനവിപണന പ്രക്രിയയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന മൂലധനവും ബോര്‍ഡ് അനുവദിച്ചുകൊടുക്കും. നാരുവ്യവസായം ആരംഭിക്കുന്നതിന് കെട്ടിടനിര്‍മാണത്തിനും ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിനും ആവശ്യമായ മുഴുവന്‍ തുകയും വായ്പ നല്കും. പ്രവര്‍ത്തനമൂലധനമായി അസംസ്കൃത സാധനം വാങ്ങുന്നതിന് 50 ശതമാനവും സംസ്കരണത്തിന് 25 ശതമാനവും വായ്പ നല്കും. പരിശീലനത്തിനും മാനേജീരിയല്‍ ചെലവുകള്‍ക്കും ബോര്‍ഡ് സഹായം നല്കുന്നുണ്ട്.

കുമ്മായ വ്യവസായം. കക്ക നീറ്റി കുമ്മായവും ചുണ്ണാമ്പും ഉണ്ടാക്കുന്ന രീതി കേരളീയര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കക്കയില്‍ നിന്ന് ചോക്ക്, സിമന്റിന് പകരം ഉപയോഗിക്കാവുന്ന ലിംപോ മുതലായ വസ്തുക്കള്‍ ഉണ്ടാക്കി വ്യവസായമെന്ന നിലയില്‍ നടത്തുന്നരീതി അടുത്തകാലത്തുണ്ടായതാണ്. കക്ക ലഭിക്കുന്ന കടലോരപ്രദേശങ്ങളില്‍ ഈ വ്യവസായത്തിനു വളരെ സാധ്യതകള്‍ ഉണ്ട്. അമ്പതില്‍പ്പരം സഹകരണസംഘങ്ങളും വ്യക്തികളും ഖാദി-ഗ്രാമവ്യവസായ ബോര്‍ഡിന്റെ ധനസഹായത്തോടെ ഈ വ്യവസായത്തില്‍ ഏര്‍പ്പെടുന്നു. ഖാദിക്കമ്മീഷന്റെ നേരിട്ടുള്ള ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരള ഗാന്ധിസ്മാരകനിധി, കേരള സര്‍വോദയസംഘം എന്നീ സ്ഥാപനങ്ങളും ഈ വ്യവസായം ഏറ്റെടുത്തു നടത്തി വരുന്നു. ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്കു കുറഞ്ഞ പലിശയ്ക്ക് പ്രവര്‍ത്തന മൂലധനം നല്കി ഈ വ്യവസായത്തെ അഭിവൃദ്ധിപ്പെടുത്താന്‍ ദേശസാത്കൃത ബാങ്കുകളും മുന്നോട്ടു വന്നിട്ടുണ്ട്.

ആശാരിപ്പണി-കൊല്ലപ്പണി. ഖാദി-ഗ്രാമവ്യവസായകമ്മിഷന്‍ അംഗീകരിച്ചിട്ടുള്ള ഗ്രാമവ്യവസായങ്ങളില്‍ ഒന്നാണിത്. ഇതിന്റെ വികസനത്തിന് ബോര്‍ഡ് സ്ഥാപനങ്ങള്‍ക്കും സഹകരണസംഘങ്ങള്‍ ധനസഹായവും നല്കുന്നു. വര്‍ക്ഷോപ്പ് സ്ഥാപിക്കുന്നതിന് കെട്ടിടനിര്‍മാണത്തിനു 30,000 രൂപയും യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനു 50,000 രൂപയും വായ്പ അനുവദിക്കുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഉത്പാദനത്തിന്റെ 25 ശതമാനവും വില്പനയുടെ 15 ശതമാനവും പ്രവര്‍ത്തനമൂലധനമായും (പരമാവധി 50,000 രൂപ നല്കുന്നു). വര്‍ക്ഷോപ്പില്‍ കൃഷിയായുധങ്ങള്‍, ഫര്‍ണിച്ചര്‍, ഖാദി-ഗ്രാമവ്യവസായങ്ങള്‍ക്കു വേണ്ടിയുള്ള ഉപകരണങ്ങള്‍, കെട്ടിടത്തിനുള്ള ജനല്‍, വാതില്‍, ഗേറ്റ് മുതലായവ ഉണ്ടാക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുപതു മുതല്‍ മുപ്പതു വരെ ആളുകള്‍ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ തൊഴില്‍ സാധ്യതകളുണ്ട്.

പനഞ്ചക്കര വ്യവസായം. ചക്കര ഉത്പാദിപ്പിക്കുന്നതിനുതകുന്ന തെങ്ങ്, കരിമ്പന, ചൂണ്ടപ്പന എന്നീ മൂന്നു തരം പനമരങ്ങള്‍ കേരളത്തിലുണ്ട്. ഇവയില്‍ നിന്നെല്ലാം ചക്കര ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും പ്രധാനമായും കരിമ്പനയില്‍ നിന്നാണ് ചക്കര (കരിപ്പുകട്ടി) ഉത്പാദിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കിലും പാലക്കാടു ജില്ലയിലുമാണ് ഏറ്റവും കൂടുതല്‍ കരിപ്പുകട്ടി ഉത്പാദിപ്പിക്കപ്പെടുന്നത്. തൃശൂര്‍ ജില്ലയില്‍ തലപ്പള്ളിത്താലൂക്കില്‍ ചൂണ്ടപ്പനയില്‍ നിന്ന് ചക്കര നിര്‍മിക്കുന്നുണ്ട്. വടക്കേ മലബാറില്‍ പ്രധാനമായും തെങ്ങില്‍ നിന്നും ചക്കര ഉണ്ടാക്കുന്നു. തെങ്ങും ചൂണ്ടപ്പനയും ചെത്തുന്നത് ഒരു ഉപതൊഴില്‍ എന്ന നിലയ്ക്കാണ്. അഞ്ചുമുതല്‍ 10 വരെ തെങ്ങും ചൂണ്ടപ്പനയും, 15 മുതല്‍ 25 വരെ കരിമ്പനയും ഒരാള്‍ ഒരു ദിവസം ചെത്തുന്നു. ഈ വ്യവസായത്തിനു വേണ്ട ചെത്തുപകരണങ്ങള്‍ വാങ്ങുന്നതിനും പ്രവര്‍ത്തനമൂലധനത്തിനും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ധനസഹായം ലഭിക്കുന്നു. കരിമ്പനയുടെ നാരും ഓലയും ഉപയോഗിച്ച് പല ഉപോത്പന്നങ്ങളും ഉണ്ടാക്കാം. പനന്തുമ്പുകൊണ്ട് ബ്രഷുകള്‍ നിര്‍മിക്കുന്നതിനും പനയോലകൊണ്ട് അവശ്യസാധനങ്ങളും, കൗതുകവസ്തുക്കളും ഉണ്ടാക്കുന്നതിനും ബോര്‍ഡ് ധനസഹായം നല്കുന്നു. പനന്തുമ്പ് സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും സഹായം നല്കുന്നു. പനമ്പഞ്ചസാര, കല്‍ക്കണ്ട്, മറ്റ് ഭക്ഷ്യസാധനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും ബോര്‍ഡില്‍ നിന്നും സഹായം ലഭ്യമാണ്. ചില പ്രത്യേക സ്ഥലങ്ങളില്‍ ചെത്തുകാരുടെ കോളനി ഉണ്ടാക്കുന്നതിനും ബോര്‍ഡ് ധനസഹായം നല്കിവരുന്നു. കൈക്കടലാസ് വ്യവസായം, ഈറ-മുള വ്യവസായം, ഗുര്‍ഖണ്ഡസാരി (ശര്‍ക്കര-പഞ്ചസാര) വ്യവസായം, ഔഷധച്ചെടികളുടെ സംഭരണവും സംസ്കരണവും പഴവര്‍ഗങ്ങളുടെ സംസ്കരണം മുതലായവയ്ക്കും ബോര്‍ഡ് സഹായം നല്കുന്നു. ബോര്‍ഡിന്റെ വായ്പകള്‍ ഓഹരി മൂലധനം, പ്രവര്‍ത്തന മൂലധനം, സംഭരണം, മൂലധനച്ചെലവ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നു. പരിശീലനം, അധ്യാപനം എന്നിവയ്ക്കും ഉത്പാദനക്ഷമമായ വ്യവസായ ഗ്രാന്റായും വാടക, ശമ്പളം എന്നിവയ്ക്കുള്ള ഗ്രാന്റായും ആണ് ബോര്‍ഡ് ഗ്രാന്റുകള്‍ നല്കുന്നത്.

അതാത് വര്‍ഷങ്ങളിലെ കേരളത്തിലെ ഗ്രാമവ്യവസായങ്ങളില്‍ നിര്‍മിച്ച ഉത്പന്നങ്ങളുടെ മൂല്യം, വിറ്റഴിച്ച ഉത്പന്നങ്ങളുടെ മൂല്യം, തൊഴിലാളികളുടെ എണ്ണം, വേതനം എന്നിവ സംബന്ധിച്ച കണക്കുകള്‍ സംസ്ഥാന ആസൂത്രണബോര്‍ഡില്‍ ലഭ്യമാണ്.

പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും. നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഖാദി-ഗ്രാമവ്യവസായ മേഖലയെക്കുറിച്ച് സമഗ്രമായ ഒരു അന്വേഷണപഠനം ആവശ്യമാണ്. പല പുതിയഗ്രാമവ്യവസായ സംഘങ്ങള്‍ നിലവില്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ നിരവധി യൂണിറ്റുകള്‍ പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുന്നു. ഗ്രാമവ്യവസായസംഘങ്ങളില്‍ പലതിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലാണ്. ചില സ്ഥലങ്ങളില്‍ വ്യാവസായിക സഹകരണസംഘങ്ങള്‍ രൂപീകരിച്ചത് ആ പ്രദേശത്ത് അപ്രകാരം ഒരു സംഘത്തിന്റെ ആവശ്യകത ഉണ്ടോ എന്നും ഉണ്ടെങ്കില്‍ അതിനുള്ള സാധ്യതകള്‍ എത്രത്തോളമാണെന്നുമുള്ള സമ്പൂര്‍ണമായ അന്വേഷണങ്ങള്‍ നടത്താതെയാണ്. ചില സഹകരണ സംഘങ്ങള്‍ ഉത്പാദക സംഘങ്ങളെന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും അവയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഉത്പാദനം നടക്കാത്ത ദൃഷ്ടാന്തങ്ങളുണ്ട്. ഉത്പാദനത്തിനു ആവശ്യമായ അസംസ്കൃത സാധനങ്ങള്‍ സുലഭമായ അവസരങ്ങളില്‍ അവ ന്യായമായ വിലയ്ക്കു വാങ്ങി സംഭരിച്ച് അംഗങ്ങള്‍ക്കു വിതരണം ചെയ്യുകയും, അവര്‍ക്ക് ശരിയായ വേതനം നല്കി ഉത്പന്നങ്ങള്‍ വാങ്ങി ലാഭകരമായ വിധത്തില്‍ വിതരണം നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ക്കു മാത്രമേ യഥാര്‍ഥത്തില്‍ ഉത്പാദനസംഘങ്ങള്‍ എന്ന പേരിന് അര്‍ഹതയുള്ളൂ. സഹകരണസംഘത്തിന്റെ മേല്‍നോട്ടത്തില്‍ തന്നെ അസംസ്കൃത സാധനങ്ങളുടെ വിതരണവും നടന്നെങ്കില്‍ മാത്രമേ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ അംഗങ്ങള്‍ക്കും പങ്കാളിത്തവും സംഘം നടത്തിപ്പിനെപ്പറ്റിയുള്ള അറിവും ലഭിക്കുകയുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍