This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖവാറസ്മി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖവാറസ്മി

Khwarizmi (935 - 993)

അറബി പണ്ഡിതനും കവിയും. അബൂബക്കര്‍ മുഹമ്മദ് ബിന്‍ അബ്ബാസ് അല്‍-ഖവാറസ്മി എന്നാണ് പൂര്‍ണനാമം. 935-ല്‍ ഖവാറസം എന്ന സ്ഥലത്ത് ജനിച്ചു. അമ്മ തബരിസ്താന്‍കാരിയായിരുന്നതിനാല്‍ തബര്‍ഖസി എന്നും പേരുണ്ട്. പ്രസിദ്ധചരിത്രകാരനായ തബരിയുടെ സഹോദരീപുത്രനാണ് ഇദ്ദേഹം. ചെറുപ്രായത്തില്‍ത്തന്നെ നാടുവിടുകയും രാജാക്കന്മാരുടെയും പ്രഭുക്കളുടെയും ആശ്രിതനായിക്കഴിയുകയും ചെയ്ത ഇദ്ദേഹം അല്പകാലം സൈഫുദൌലയുടെ സംരക്ഷണത്തില്‍ ജീവിച്ചു. പിന്നീട് ബുക്കാറ, നൈസാബൂര്‍, സജിസ്റ്റാന്‍ തുടങ്ങിയ സ്ഥലങ്ങളുടെ ഇസ്ബഹാനില്‍ അസ്സാഹിബ്ബിന്‍ ഉബാദയുടെ അരികിലെത്തി. അദ്ദേഹത്തിന്റെ ഒരെഴുത്തുമായി ഖലീഫ അജദുദൌലയുടെ കൊട്ടാരത്തിലെത്തിയ ഖവാറസ്മി, ധാരാളം സമ്പത്തും സമ്മാനങ്ങളും നേടി. നൈസാബൂരില്‍ സ്ഥിരതാമസമാക്കി. അവിടെ വിദ്യാര്‍ഥികളെയും സുഹൃത്തുക്കളെയും സമ്പാദിച്ച് പ്രശസ്തനായി.

അറബിഭാഷയുടെ ഘടനാവൈവിധ്യം, പ്രയോഗസൂക്ഷ്മത, കവിത, പാരമ്പര്യശാസ്ത്രം എന്നിവയില്‍ മാതൃകായോഗ്യനായ പണ്ഡിതനായിരുന്നു ഖവാറസ്മി. ഗദ്യരചനയില്‍ ഇബ്നുല്‍ അമീദ്, അസ്സാഹിബ്ബിന്‍ ഉബാദ തുടങ്ങിയ പ്രശസ്തരുടെ നിരയിലാണ് ഇദ്ദേഹം. ഖവാറസ്മിയുടെ ഓര്‍മശക്തി പ്രസിദ്ധമാണ്. അസ്സാഹിബ്ബിന്‍ ഉബാദയെ കാണാന്‍ ചെന്നപ്പോള്‍ അറബിക്കവിതയുടെ ഇരുപതിനായിരം ഈരടികള്‍ മനഃപാഠമറിയുന്നവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ എന്ന് കാവല്‍ക്കാരന്‍ അറിയിച്ചു. 'കവികളുടെതോ, കവയിത്രികളുടെതോ?' എന്നായിരുന്നത്രേ ഖവാറസ്മി ചോദിച്ചത്. ഇതറിഞ്ഞ ഇബ്നു ഉബാദയുടെ പ്രതികരണം 'ഇത് അബൂബക്കര്‍ ഖവാറസ്മി തന്നെ' എന്നായിരുന്നു.

ഇദ്ദേഹത്തിന്റെ കൃതികളില്‍ ഈജിപ്തില്‍ അച്ചടിച്ച ഏതാനും ലിഖിതങ്ങളുടെ സമാഹാരം മാത്രമേ ലഭ്യമായിട്ടുള്ളൂ. 1297-ല്‍ ഇസ്താന്‍ബൂളിലും 1301-ല്‍ മുംബൈയിലും അവ പ്രസിദ്ധീകരിച്ചു. ഏതാനും കൈയെഴുത്തു പ്രതികള്‍ ബര്‍ലിന്‍, ലണ്ടന്‍ ലൈബ്രറികളില്‍ ഉണ്ട്. യതീമത്തുദ്ദഹ്ര്‍ എന്ന കൃതിയില്‍ ഇദ്ദേഹത്തിന്റെ ഗദ്യപദ്യങ്ങളുടെ ചില മാതൃകകളുണ്ട്.

993-ല്‍ ഖവാറസ്മി അന്തരിച്ചു.

(കെ.പി. കമാലുദ്ദീന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍