This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖല്‍ഖാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖല്‍ഖാ

Khalkha

മംഗോളിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക്കിലെ ഒരു ജനവിഭാഗം. പതിനെട്ട് ലക്ഷത്തിലധികം വരുന്ന ജനങ്ങളില്‍ 75 ശതമാനവും ഖല്‍ഖാ മംഗോളിയരാണ്. നിരന്തരമായി ആക്രമിച്ചും ആക്രമിക്കപ്പെട്ടുമിരുന്ന ഒരു ജനസമൂഹമായിരുന്നുവെങ്കിലും 12-ാം ശതകത്തില്‍ത്തന്നെ വിദ്യാഭ്യാസം, വാര്‍ത്താവിനിമയം, നിയമനിര്‍മാണം, ആരോഗ്യപരിപാലനം എന്നിവയ്ക്കുവേണ്ട സംവിധാനം ഇവര്‍ക്കുണ്ടായിരുന്നു. 13-ാം ശതകത്തില്‍ മംഗോളിയയും സമീപരാജ്യങ്ങളും കൈയടക്കി ഭരണം നടത്തി ചെങ്കിസ്ഖാന്റെ പിന്തുടര്‍ച്ചക്കാരായി ഇവര്‍ അറിയപ്പെടുന്നു.

പാല്‍ കറക്കുന്ന ഖല്‍ഖാ വനിത

ചെങ്കിസ്ഖാന്റെ വിശാല സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചക്കാരെങ്കിലും ഇവര്‍ പില്ക്കാലത്ത് മഞ്ചൂറിയയുടെയും ചൈനയുടെയും ആക്രമണത്തിനു വിധേയരായി. ചൈനയുടെ ആക്രമണത്തെത്തുടര്‍ന്ന് മുന്‍സോവിയറ്റ് യൂണിയന്‍ ഇടപെടുകയും മംഗോളിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക് എന്ന സ്വതന്ത്രരാഷ്ട്രത്തെ ഒരു ഉടമ്പടിയിലൂടെ അംഗീകരിക്കുകയുമുണ്ടായി. ആക്രമണങ്ങളെ ഫലപ്രദമായി നേരിടുന്നതിനും പ്രത്യേകരാജ്യം സ്ഥാപിക്കുന്നതിനും മംഗോളിയയിലെ ഖല്‍ഖാ വിഭാഗക്കാര്‍ക്കുമാത്രമേ സാധിച്ചുള്ളൂ. മറ്റു പ്രധാന വിഭാഗക്കാരായ ബ്യുറിയറ്റുകളും കല്‍മക്കുകളും മംഗോളിയയുമായി ചേര്‍ന്നുള്ള സോവിയറ്റ് യൂണിയന്റെ പ്രദേശങ്ങളിലും ഛക്കര്‍, ഖൊര്‍ചിന്‍, ഡാഗര്‍, ടൊര്‍ഗട് എന്നീ വിഭാഗക്കാര്‍ ചൈനയുടെ പ്രദേശമായ ഇന്നര്‍ മംഗോളിയയിലും നിവസിക്കുന്നു.

1921-ല്‍ നടന്ന ജനകീയ വിപ്ലവത്തിനുശേഷം മുന്‍സോവിയറ്റ് യൂണിയനോട് അടുപ്പമുള്ള കമ്യൂണിസ്റ്റ് ഭരണം മംഗോളിയയില്‍ നിലവില്‍വന്നു. അതിനുമുമ്പ് ബുദ്ധമതമായിരുന്നു സമൂഹത്തെ ഏറ്റവുമധികം സ്വാധീനിച്ചത്. 1924-ല്‍ മംഗോളിയയിലെ ബുദ്ധമത നേതാവായിരുന്ന ലാമ മരിച്ചതോടെ ലാമമാരുടെ സ്വാധീനം ഇവിടെയില്ലാതായി. കമ്യൂണിസ്റ്റ് ഭരണവും വ്യാവസായിക വളര്‍ച്ചയും പാശ്ചാത്യമാതൃകയിലുള്ള വിദ്യാഭ്യാസവും കൂട്ടുകൃഷിസമ്പ്രദായവും കമ്യൂണിസ്റ്റ് സാമൂഹ്യവീക്ഷണവും ഈ ജനവിഭാഗത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ മുഖച്ഛായ മാറ്റിയെടുത്തു. 'യര്‍ട്ട്' എന്നറിയപ്പെടുന്ന കുടിലുകളില്‍ മതാചാര പ്രകാരം ലാമമാരായി കഴിയുന്നവര്‍ വളരെ വിരളമാണ്.

ആടിനെയും കുതിരയെയും മറ്റും വളര്‍ത്തുന്നതിന് അനുയോജ്യമായ വിസ്തൃതമായ പുല്‍ത്തകിടികള്‍ നിറഞ്ഞതാണ് മംഗോളിയ. പ്രധാന തൊഴില്‍ ആടുവളര്‍ത്തലാണെങ്കിലും ആധുനികകാലത്തു ജനങ്ങളില്‍ പകുതിയിലധികംപേരും വ്യവസായം, കൃഷി, ട്രാന്‍സ്പോര്‍ട്ട്, കച്ചവടം തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ജനങ്ങളില്‍ 25 ശതമാനം പേരും വ്യാവസായിക നഗരവും തലസ്ഥാനവുമായ ഉലാന്‍ബത്തോറില്‍ത്തന്നെ വസിക്കുന്നു. അതിഥിസത്കാരപ്രിയരായ ഇവരുടെ പ്രധാന ആഹാരപദാര്‍ഥങ്ങള്‍ പാല്, വെണ്ണ, തൈര്, ആട്ടിറച്ചി, ചായ തുടങ്ങിയവയാണ്. കമ്പിളി നൂലുകൊണ്ടുള്ള കെട്ടും ബട്ടണും ഉള്ളതും ശരീരം മുഴുവന്‍ മൂടിക്കിടക്കുന്നതുമായ നിറപ്പകിട്ടാര്‍ന്ന ഉടുപ്പാണ് പരമ്പരാഗതമായ വസ്ത്രം. വിവാഹം തുടങ്ങിയ ചടങ്ങുകള്‍ വിപുലമായി നടത്തുകയും ദൂരസ്ഥലങ്ങളില്‍ നിന്നു ബന്ധുക്കളും സുഹൃത്തുക്കളും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. അതിഥികള്‍ വരുമ്പോള്‍ രത്നങ്ങള്‍ കൂടെ കൊണ്ടുവരികയും ആതിഥേയരുമായി രത്നങ്ങള്‍ കൈമാറുകയും പതിവുണ്ട്. സ്ത്രീകള്‍ ആഭരണമണിയുന്നതില്‍ തത്പരരാണ്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ വെള്ളിയും രത്നവും പതിച്ച തലപ്പാവു ധരിക്കാറുണ്ട്. വരന്‍ വധുവിന് നല്കുന്ന ആദ്യത്തെ സമ്മാനമാണ് ഇത്.

അമ്പെയ്ത്ത്, കുതിരപ്പന്തയം, മല്‍പ്പിടിത്തം ഇവ പ്രധാന വിനോദങ്ങളാണ്. ചതുരംഗക്കളിയും പ്രചാരത്തിലുണ്ട്. കുട്ടികള്‍ ചെറുപ്പത്തില്‍ത്തന്നെ കുതിരസവാരി പഠിക്കുകയും കുതിരപ്പന്തയത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ദീര്‍ഘദൂരയാത്രയ്ക്ക് ഒട്ടകത്തെയാണ് ഉപയോഗിച്ചിരുന്നത്. ആ സ്ഥാനം ഇപ്പോള്‍ മോട്ടോര്‍ വാഹനങ്ങള്‍ കൈയടക്കിയിരിക്കുന്നു.

കോലാട്, ചെമ്മരിയാട്, കുതിര, പശു, ഒട്ടകം എന്നിവയാണ് ഇവരുടെ പ്രധാന വളര്‍ത്തുമൃഗങ്ങള്‍. ആധുനികകാലത്ത് ആടുവളര്‍ത്തല്‍ നെഗ്ഡല്‍ എന്നു പേരുള്ള സംഘം വഴി വ്യാവസായികാടിസ്ഥാനത്തിലാണ് നടത്തുന്നത്. സ്വന്തമായി മൃഗങ്ങളെ വളര്‍ത്തി ആദായമെടുക്കുന്നതിനു ഗവണ്‍മെന്റ് നിയന്ത്രണമുണ്ട്. ആടിന്റെ ഇറച്ചി, വെണ്ണ, വസ്ത്രം, പുതപ്പ്, തൊപ്പി തുടങ്ങിയവ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കുതിരപ്പാലില്‍ നിന്നെടുക്കുന്ന കുമിസ് എന്ന മദ്യം ഇവര്‍ക്കു പ്രിയപ്പെട്ടതാണ്. സിമന്റ്, കുട്ട, പായ്, പുതപ്പ്, തുണിത്തരങ്ങള്‍, ചെരുപ്പ്, ടിന്നിലടച്ച ആഹാരസാധനങ്ങള്‍ തുടങ്ങിയവ തയ്യാറാക്കുന്ന ചെറുകിട വ്യവസായങ്ങള്‍ ഉണ്ട്. മനോഹരമായ ചിത്രപ്പണികളോടുകൂടിയ ലോഹപ്പാത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ ഇവര്‍ വിദഗ്ധരാണ്.

ഖല്‍ഖാ ജനങ്ങളില്‍ നിരക്ഷരര്‍ വിരളമാണ്. തൊഴിലില്ലായ്മയും ഇല്ല. മംഗോളിയന്‍ അഥവാ ഖല്‍ഖാ മംഗോളിയന്‍ ആണ് ഭാഷ. സാഹിത്യം വളരെനാള്‍ ബുദ്ധമതവുമായി ബന്ധപ്പെട്ടതായിരുന്നു. ഭാരതീയ സാഹിത്യവും കഥകളും ഇവിടെ പ്രചാരത്തിലിരുന്നു; പിന്നീട് ചൈനീസ് സാഹിത്യവും. ആധുനിക കാലത്തു റഷ്യന്‍ സാഹിത്യമാണ് ഇവിടെ സ്വാധീനം ചെലുത്തിയത്. മംഗോളിയരിലെ മറ്റു വിഭാഗക്കാരെ അപേക്ഷിച്ച് ഖല്‍ഖാ വിഭാഗക്കാരില്‍ നിന്നാണ് സാഹിത്യത്തിനും കലകള്‍ക്കും കൂടുതല്‍ സംഭാവന കിട്ടിയിട്ടുള്ളത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%B2%E0%B5%8D%E2%80%8D%E0%B4%96%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍