This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖലാസികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖലാസികള്‍

കടലുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ പരമ്പരാഗതമായി ഏര്‍പ്പെടുന്ന ഒരുകൂട്ടം ആളുകള്‍. 'ഖലാസി' എന്ന അറബി പദത്തിന് തുറമുഖത്തൊഴിലാളി, നാവികന്‍, കപ്പല്‍വേലക്കാരന്‍, എന്നൊക്കെ അര്‍ഥങ്ങളുണ്ട്. അറബിരാജ്യങ്ങളുമായി ബേപ്പൂരിനുണ്ടായിരുന്ന വാണിജ്യബന്ധത്തില്‍ നിന്നാവാം ഈ തൊഴിലാളികള്‍ക്ക് ഖലാസികള്‍ എന്നു പേരുണ്ടായത്. ഖലാസികള്‍ക്ക് ഒരു നീണ്ടകാലത്തെ ചരിത്രം അവകാശപ്പെടാനുണ്ട്. സമുദ്രവാണിജ്യത്തില്‍ ബേപ്പൂരിന് ഏതാണ്ട് രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ട്. സുമാര്‍ 1100 വര്‍ഷം മുമ്പ് ചേരമാന്‍ പെരുമാളിന്റെ മക്കായാത്രയ്ക്ക് കപ്പല്‍ നിര്‍മിച്ചത് ബേപ്പൂരിലായിരുന്നുവെന്നുപറയപ്പെടുന്നു. ബേപ്പൂരില്‍ പണ്ട് യുദ്ധകപ്പലുകള്‍ നിര്‍മിച്ചിരുന്നതായി ഫ്രാന്‍സിസ് ബുക്കാനന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ബേപ്പൂരില്‍ വന്നെത്തുന്ന കപ്പലുകളും പത്തേമാരികളും പിടിച്ചടുപ്പിക്കുകയും ബേപ്പൂരില്‍ നിര്‍മിക്കുന്ന ഉരുക്കള്‍ കടലിലേക്കു തള്ളിയിറക്കുകയും ചെയ്യുന്ന ജോലി തലമുറകളായി ചെയ്തു വന്നിരുന്ന ഖലാസികളുടെ കൈമുതല്‍ ആരോഗ്യവും അധ്വാനശേഷിയും ആവേശവും ആത്മവിശ്വാസവും പ്രായോഗിക ബുദ്ധിയുമാണ്. യന്ത്രങ്ങള്‍ പരാജയപ്പെടുന്നിടത്ത് ഖലാസികള്‍ വിജയിക്കുന്നു. ബേപ്പൂര്‍, ചാലിയം എന്നിവിടങ്ങളിലെ ഏതാനും കുടുംബങ്ങള്‍ പരമ്പരാഗതമായി ഈ തൊഴില്‍ ചെയ്തുവരുന്നു. ഇതില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണ്. ഇതര സമുദായത്തില്‍പ്പെട്ടവര്‍ ഈ തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും ഖലാസികള്‍ പൊതുവേ മാപ്പിള ഖലാസികള്‍ എന്നറിയപ്പെടുന്നു. ഖലാസി സംഘത്തലവന്‍ മൂപ്പന്‍ ആണ്. മൂപ്പന്മാരുടെ നേതൃത്വത്തില്‍ മറ്റുള്ളവര്‍ പരിശീലനം നേടുകയാണ് പതിവ്. സാധാരണഗതിയില്‍ ഇവര്‍ ബോട്ട്യാഡിലും പത്തേമാരി നിര്‍മാണശാലയിലും പണിയെടുക്കുന്നു. ഖലാസികള്‍ക്ക് ഉരുക്കളുടെ അറ്റകുറ്റപ്പണിയിലും വൈദഗ്ധ്യമുണ്ട്. വലിയഭാരം പൊക്കാന്‍ കഴിവുള്ള ഇവര്‍ മുങ്ങല്‍വിദഗ്ധര്‍കൂടിയാണ്. ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ റെയില്‍വേക്കാവശ്യമായ പാലങ്ങള്‍ സ്ഥാപിക്കുന്നതിനും മറ്റും ഖലാസികളുടെ സേവനം ഉപയോഗപ്പെടുത്തി വരുന്നുണ്ട്. ഇത്തരം പണികള്‍ക്ക് ഖലാസികളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന് ഒരു പശ്ചാത്തലമുണ്ട്. ഏതാണ്ട് ഒരു ശതകത്തിനുമുമ്പ് ദക്ഷിണറെയില്‍വേയുടെ മലബാറിലെ ടെര്‍മിനസ് ചാലിയമായിരുന്നു. തന്മൂലം ഖലാസികള്‍ക്ക് റെയില്‍വേയുടെ പണികളുമായി ബന്ധപ്പെടാന്‍ സൗകര്യമുണ്ടായി. ഖലാസികളുടെ തൊഴില്‍വൈദഗ്ധ്യം പില്ക്കാലത്ത് മറ്റുകേന്ദ്രങ്ങളില്‍ അറിയപ്പെടാനും അവരുടെ സേവനം വന്‍തോതില്‍ ഉപയോഗിക്കപ്പെടാനും ഇടയായത് ഈ സമ്പര്‍ക്കംമൂലമാണ്.

ഡാബര്‍ (ദാവര്‍), സ്ളെങ്കി, വടം, കപ്പി, കയറ് തുടങ്ങിയവയാണ് ഖലാസികളുടെ തൊഴിലുപകരണങ്ങള്‍. ചക്കിന്റെ ആകൃതിയില്‍ തടികൊണ്ടു നിര്‍മിച്ചതാണ് ഡാബര്‍. ഡാബറിന്റെ ദ്വാരങ്ങളിലൂടെ കഴകള്‍ കടത്തും. ഈ കഴകളാണ് ഉത്തോലകമായി പ്രവര്‍ത്തിക്കുന്നത്. തറയില്‍ ബലമായി ഘടിപ്പിച്ച ഡാബറും നീക്കേണ്ട വസ്തുവും ഉരുക്കുവടംകൊണ്ട് ബന്ധിപ്പിക്കും. വേണ്ടത്ര ആളുകള്‍ ചേര്‍ന്നു കഴകള്‍ ചലിപ്പിക്കുന്നതിന്റെ ഫലമായി ഡാബര്‍ കറങ്ങി വടം അതില്‍ചുറ്റും; അതനുസരിച്ച് വസ്തു ആവശ്യാനുസരണം നീങ്ങും.

കൊച്ചി, വിശാഖപട്ടണം തുറമുഖങ്ങളില്‍ ഖലാസി തസ്തികയില്‍ നിയമിക്കുന്നത് ഇക്കൂട്ടരെയാണ്. പെരുമണ്‍ തീവണ്ടി ദുരന്തത്തില്‍ (1988) കായലില്‍ വീണ ബോഗികള്‍ പൊക്കിയെടുക്കുന്നതിന് ബേപ്പൂരിലെ മാപ്പിള ഖലാസി സംഘത്തലവന്മാരില്‍പ്പെട്ട കെ.എം. മുഹമ്മദ്കോയ മൂപ്പന്‍, ജാഹു മൂപ്പന്‍, ബാബു മൂപ്പന്‍, ബാലന്‍ എന്നിവരാണ് നേതൃത്വം നല്കിയത്. ഇടുക്കി അണക്കെട്ടു നിര്‍മാണാവസരത്തില്‍ കൂറ്റന്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനും എറണാകുളം-ആലപ്പുഴ റെയില്‍പ്പാതയുടെ നിര്‍മാണഘട്ടത്തില്‍ ആലപ്പുഴയിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനും (1989) ഖലാസികളുടെ സേവനം പ്രയോജനപ്പെടുത്തി. ഇന്നും ഇത്തരം ജോലികള്‍ക്ക് ഖലാസികളെ ആശ്രയിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍