This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖരോഷ്ഠി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖരോഷ്ഠി

ഒരു പ്രാചീന ലിപി. 'ഗാന്ധാരം' എന്നും പേരുണ്ട്. വലത്തുനിന്ന് ഇടത്തോട്ടാണ് എഴുത്ത്. ഇന്ത്യയുടെ പശ്ചിമോത്തരഭാഗങ്ങളില്‍ ക്രി.മു. 4-ാം ശതകം മുതല്‍ ക്രി. പി. 3-ാം ശതകംവരെ പ്രചരിച്ചിരുന്ന ഈ ലിപി ബ്രാഹ്മിയുടെ അക്ഷരക്രമത്തെയും സമ്പ്രദായത്തെയുമാണ് സ്വീകരിച്ചത്.

ബി.സി. 4-ാം ശതകത്തില്‍ രചിക്കപ്പെട്ട സമവായാംഗസൂത്രം എന്ന ജൈനഗ്രന്ഥത്തില്‍ 18 ലിപികളെക്കുറിച്ചും ലളിതവിസ്തരം എന്ന ബുദ്ധമതഗ്രന്ഥത്തില്‍ 64 തരം ലിപികളെക്കുറിച്ചും പറയുന്നു. അവയില്‍ ബ്രാഹ്മി, ഖരോഷ്ഠി, ദ്രാവിഡി, യവനാനി എന്നിവ പ്രധാനപ്പെട്ടവയാണ്. ഫാ-യുഅന്‍-ചുലിന്‍ എന്ന ചൈനീസ് വിശ്വകോശത്തില്‍ ഖരോഷ്ഠി ലിപി നിര്‍മിച്ചത് ഭാരതീയനായ ഖരോഷ്ഠന്‍ ആണെന്നു പറഞ്ഞിരിക്കുന്നു. ഖരോഷ്ഠിയിലെ ഏറ്റവും പഴക്കംചെന്ന അക്ഷരം 'ഇറാനിസിങ് ലോയി'യിലാണ് ലഭിക്കുന്നത്. കംബോജം, ഗാന്ധാരം, സിന്ധ് എന്നിവിടങ്ങള്‍ ബി.സി. 516-നു ശേഷം ഇറാനികളുടെ അധികാരത്തിലായപ്പോള്‍ അവര്‍ ഇന്ത്യാക്കാരെ 'അര്‍മയിക്' ലിപി പഠിപ്പിച്ചു. ഇതില്‍ 22 ലിപി ചിഹ്നങ്ങളും 18 ഉച്ചാരണ ശബ്ദങ്ങളും ഉണ്ടായിരുന്നു. ആശയവിനിമയത്തിന് ഇത് അപര്യാപ്തമായിരുന്നു. അതിനാല്‍ ഖരോഷ്ഠന്‍ എന്ന ആചാര്യന്‍ നിര്‍ദേശിച്ച ഉച്ചാരണധ്വനികളും ലിപിചിഹ്നങ്ങളും ഉള്‍ക്കൊള്ളിച്ച് ഇത് വിപുലമാക്കി.

ഖരോഷ്ഠിയില്‍ 37 അക്ഷരങ്ങള്‍ ഉണ്ട്. കുറ്റിപോലെ നീണ്ടും വലത്തോട്ടു ചാഞ്ഞും ശിരോഭാഗം ഭാരിച്ചും കാണപ്പെടുന്ന ഖരോഷ്ഠിലിപിക്ക് ക്രമവും രൂപഭംഗിയുമില്ല. മിക്കതും വളഞ്ഞ വരകളാണ്. നേര്‍വരകള്‍ തീരെ ചുരുക്കം. ചുഴികള്‍ അധികം കാണുന്നില്ല.

പ്രാചീനമായ ഖരോഷ്ഠി ലിഖിതങ്ങള്‍ ലഭിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഇറാന്‍ ഭരണം (ബി.സി. 500 മുതല്‍ 331 വരെ) നിലവിലിരുന്നതായിക്കാണാം. അക്കാലത്തെ നാണയങ്ങളില്‍ ഖരോഷ്ഠിയിലും ബ്രാഹ്മിയിലും അക്ഷരങ്ങള്‍ കൊത്തിയിട്ടുണ്ട്. ഇറാന്‍കാരുടെ പതനത്തിനുശേഷവും ഇന്ത്യയില്‍ ഖരോഷ്ഠി പ്രചാരത്തിലിരുന്നു. തക്ഷശില (ശാഹ്ടേരി), പുഷ്കലാവതി അഥവാ ചര്‍സാദാ (ഹശ്തനഗര്‍) എന്നീ പഴയ രാജധാനികളില്‍നിന്നാണ് ഏറ്റവും പഴയ ഖരോഷ്ഠി ലിഖിതങ്ങള്‍ ലഭിച്ചിട്ടുള്ളത്. ബഹാവലപുരത്തില്‍ മുന്‍താനിനടുത്തും തെക്ക് മഥുരയിലും പ്രാചീന ഖരോഷ്ഠി ലിഖിതങ്ങള്‍ കണ്ടിട്ടുണ്ട്. ഖരോഷ്ഠിയുടെ ഏതോ ഒറ്റപ്പെട്ട ശബ്ദം അല്ലെങ്കില്‍ അക്ഷരം ഭര്‍ഹൂത്, ഉജ്ജയിനി, മൈസൂര്‍ (അശോകന്റെ ശിദ്ദാപുരത്തുള്ള വിളംബരങ്ങള്‍) എന്നിവിടങ്ങളില്‍ കാണുന്നു. ഖരോഷ്ഠി അക്ഷരങ്ങളിലുള്ള നാണയങ്ങളും ശിലകളും കൈയെഴുത്തു പ്രതികളും പിന്നീട് വടക്കും വടക്കു കിഴക്കുമുള്ള പ്രദേശങ്ങള്‍വരെയെത്തി. ഇക്കാലത്തെ രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ ലിപി ബി.സി. 4-ാം ശതകം മുതല്‍ എ.ഡി. 3-ാം ശതകം വരെ പ്രചാരത്തിലുണ്ടായിരുന്നുവെന്ന് ഊഹിക്കുന്നത്. എന്നാല്‍ ബി.സി. 6-ാം ശതകത്തില്‍ പേര്‍ഷ്യന്‍ രാജവാഴ്ചക്കാലത്ത് ഹഖ്മനി സാമ്രാജ്യത്തില്‍ ഔദ്യോഗിക ലിപിയായി ഖരോഷ്ഠി അംഗീകരിച്ചിരുന്നതായും അന്ന് ഹിന്ദുക്കുഷ് വരെ അതു പ്രചരിച്ചിരുന്നതായും പറയപ്പെടുന്നു. ഖരോഷ്ഠി ലിപി ആദ്യമായി നിലവില്‍വന്നത് ഗാന്ധാരത്തിലാണെന്നും പിന്നീട് തക്ഷശിലവരെ എത്തിയെന്നുമുള്ള മറ്റൊരഭിപ്രായവും നിലവിലുണ്ട്. പഞ്ചാബിലെ യൂസുഫ്ജയി ജില്ലയിലെ ശഹ്ബാജഗഢിയിലും, ഹജ്രാ ജില്ലയിലെ മാന്‍സേരായിലും അശോകന്റെ ധാരാളം ശിലാലേഖനങ്ങളിലും ഖരോഷ്ഠി ലിപി കാണുന്നുണ്ട്. അശോകനുമുമ്പ് ഇവയുണ്ടായിരുന്നില്ല എന്നും ഇറാന്‍കാരുടെ സമ്പര്‍ക്കത്താല്‍ ആ പ്രദേശത്തു നടപ്പിലായ ഖരോഷ്ഠിയില്‍ അശോകന്‍ ശാസനങ്ങള്‍ കൊത്തിച്ചതാണ് എന്നും പറയപ്പെടുന്നു. വ്യാപാരികളും മറ്റു സാധാരണക്കാരുമാണ് ഈ ലിപി ഉപയോഗിച്ചിരുന്നത്.

ഇന്ത്യയുടെ പശ്ചിമോത്തരഭാഗത്തുനിന്നു കിട്ടിയ രണ്ട് അശോകശാസനങ്ങള്‍ ഖരോഷ്ഠി ലിപിയിലാണ്. തെക്കുകിഴക്കന്‍ തുര്‍ക്കിസ്താനില്‍നിന്ന് മരത്തില്‍ കൊത്തിയ ഒരു ഖരോഷ്ഠിരേഖ കിട്ടിയിട്ടുണ്ട്. പശ്ചിമ പാകിസ്താന്റെ വടക്കുപടിഞ്ഞാറേ ഭാഗത്തുള്ള ബജാവുര്‍ എന്ന സ്ഥലത്തുനിന്നു മഹാരാജ മീനാദ്രന്റെ (മെനന്‍ഡര്‍) ഒരു ഖരോഷ്ഠിരേഖയും ലഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്തൂപങ്ങളില്‍നിന്നു കിട്ടിയ പൂവണക്ക് വൃക്ഷത്തിലെ ഇലകളില്‍ ഖരോഷ്ഠിലിപിയില്‍ വസ്തുതകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖരോഷ്ഠി ലിപി കണ്ടുകിട്ടിയിട്ടുള്ളത് ശിലാലേഖനങ്ങളിലും ലോഹത്തകിടുകളിലും പാത്രങ്ങളിലും നാണയങ്ങളിലും ജീര്‍ണിച്ച ശിലകളില്‍നിന്നുമാണ്. ഇന്ത്യയുടെ ഖരോഷ്ഠിരേഖയും ലഭിച്ചിട്ടുണ്ട്.

'ഖരോഷ്ഠി' എന്ന പേരു ലഭിച്ചതിനെക്കുറിച്ചുള്ള വ്യത്യസ്താഭിപ്രായങ്ങള്‍:

1. ഖരോഷ്ടന്‍ (ഖരോഷ്ഠന്‍) എന്ന ആചാര്യന്‍ അര്‍മയിക്ക് ലിപി പരിഷ്കരിച്ചതാണ് ഖരോഷ്ഠി.

2. കഴുതയുടെ ചര്‍മം എഴുതാനുപയോഗിച്ചിരുന്നതിനാല്‍ ഖരപൃഷ്ഠി എന്നും അതു ചുരുങ്ങി 'ഖരോഷ്ഠി' എന്നും പേര്‍ വന്നു. ഇതിന്റെ ലിപിക്ക് കഴുതയുടെ ചുണ്ടിന്റെ ആകൃതി ഉള്ളതാണ് പേരിനു കാരണമെന്നും പറയുന്നുണ്ട്.

3. ഇറാന്‍ ഭാഷയില്‍ കൈയക്ഷരത്തിന് ഖരോശേഷ് എന്നാണ് പറയുന്നത്. ഖരോശേഷിന്റെ സംസ്കൃതരൂപമാണ് ഖരോഷ്ഠി.

4. 'കാശഗര്‍' എന്ന സ്ഥലത്തു പ്രചാരത്തിലിരുന്നതിനാല്‍ 'ഖരോഷ്ഠ' ശബ്ദത്തെ 'കാശഗര്‍' എന്നതിന്റെ സംസ്കൃതരൂപമായി ചിലര്‍ കണക്കാക്കുന്നു.

5. ചൈനീസ് ഗ്രന്ഥകാരന്മാര്‍ ഭാരതത്തിന്റെ അടുത്തുണ്ടായിരുന്ന 'ഖരോഷ്ട്ര'ദേശത്തിന്റെ സംഭാവനയായിട്ടാണ് 'ഖരോഷ്ഠി'യെ കണക്കാക്കിയിരിക്കുന്നത്.

ചുരുക്കത്തില്‍ ഖരോഷ്ഠി വടക്കന്‍ സെമിറ്റിക്കില്‍ നിന്നാണുണ്ടായതെന്നും ഇതു പ്രധാനമായും പശ്ചിമോത്തര ഭാരതത്തിലും ചൈനീസ് തുര്‍ക്കിസ്താനിലുമാണ് പ്രചരിച്ചിരുന്നതെന്നും കരുതാം. സാമാന്യജനത്തിന്റെ ലിപിയായി തക്ഷശില, പുഷ്കലാവതി എന്നീ പഴയ നാഗരികാസ്ഥാനങ്ങളില്‍ ഈ ലിപി നിലനിന്നിരുന്നതായി തെളിവുണ്ട്.

ഒരു പ്രാചീനബുദ്ധമതഗ്രന്ഥമായ ധമ്മപഥത്തിനും ഖരോഷ്ഠിയില്‍ ഇന്നു ലഭിക്കുന്ന സാഹിത്യത്തിനുമായി ബന്ധമൊന്നും കാണുന്നില്ല. ഇന്ത്യന്‍ ലിപികളുടേതില്‍നിന്നു തികച്ചും വ്യത്യസ്തമാണ് ഇത് എഴുതുന്ന രീതിയും. അറബിയില്‍ നിന്നോ പേര്‍ഷ്യനില്‍നിന്നോ ഉദ്ഭവിച്ചതിനാലാവാം വലത്തുനിന്ന് ഇടത്തോട്ടൊഴുകുന്ന രീതി ലഭിച്ചത്. ഇന്ത്യന്‍ ലിപികളുടെ വൈശിഷ്ട്യങ്ങളോ ആര്യഭാഷാകുടുംബത്തിന്റെ പ്രത്യേകതയായി കരുതുന്ന സ്വരങ്ങളുടെയും മാത്രകളുടെയും ഹ്രസ്വ-ദീര്‍ഘവ്യത്യാസങ്ങളോ ഖരോഷ്ഠിയിലില്ല. ഇക്കാരണങ്ങളാല്‍ ഇതൊരു ഇന്ത്യന്‍ ലിപി അല്ല എന്നു വാദമുണ്ട്. ബ്രാഹ്മിയില്‍ നിന്നു വടക്കേ ഇന്ത്യയിലെ ആധുനിക ലിപികള്‍ ഉണ്ടായതുപോലെ ഖരോഷ്ഠിയില്‍നിന്ന് ഒരു ഭാരതീയ ലിപിയും ഉണ്ടായില്ല. സംയുക്താക്ഷരങ്ങള്‍ പ്രയോഗിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ സംസ്കൃതം പോലുള്ള സംയുക്താക്ഷരബഹുല ഭാഷകള്‍ക്ക് ഈ ലിപി സ്വീകാര്യമായില്ല.

എ.ഡി. 4-ാം ശതകത്തോടെ ഈ ഭാഷയ്ക്കുപ്രചാരം ഇല്ലാതായെന്നു കരുതുന്നു. ആര്യഭാഷകളിലെ ധ്വനികളെ പ്രതിനിധാനം ചെയ്യുന്നതില്‍ പരാജയപ്പെട്ടതും ഈ ലിപിയുടെ പ്രചാരം കുറഞ്ഞുപോയതിനു കാരണമാവാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%B0%E0%B5%8B%E0%B4%B7%E0%B5%8D%E0%B4%A0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍