This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖരഹരപ്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖരഹരപ്രിയ

വെങ്കടമഖിയുടെ 72 മേളകര്‍ത്താരാഗങ്ങളില്‍ 22-ാമത്തെത്.

ആരോഹണം - സ രി ഗ മ പ ധ നി സ

അവരോഹണം - സ നി ധ പ മ ഗ രി സ

സ, പ എന്നീ സ്വരങ്ങളെക്കൂടാതെ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ചതുശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമധ്യമം, ചതുശ്രുതി ധൈവതം, കൈശികി നിഷാദം എന്നിവയാണ്. ഇത് ഒരു സര്‍വസ്വര ഗമകവരികരക്തി രാഗമാണ്. രി, ഗ, ധ, നി എന്നീ സ്വരങ്ങള്‍ രാഗഛായാസ്വരങ്ങളാണ്. കൂടാതെ ഇവ ന്യാസസ്വരങ്ങളുമാണ്. രി, പ എന്നിവ അംശസ്വരങ്ങള്‍. മേളകര്‍ത്താരാഗങ്ങളുടെ ക്രമനമ്പര്‍ കണ്ടുപിടിക്കുവാനായി ഉണ്ടാക്കിയിട്ടുള്ള കടപയാദി അനുസരിച്ച് ഖ, ര എന്നീ അക്ഷരങ്ങള്‍ ഹരപ്രിയ എന്ന പേരിന്റെ മുമ്പില്‍ ചേര്‍ത്തിരിക്കുന്നു. അക്ഷരമാലാക്രമമനുസരിച്ച് ക, ഖ, ഗ, ഘ, ങ എന്നിവയില്‍ ഖ രണ്ടാമത്തെതും യ, ര, ല, വ, ശ, ഷ, സ, ഹ എന്നിവയില്‍ 'ര' രണ്ടാമത്തേതുമാണ്. രണ്ടും ചേരുമ്പോള്‍ 22 എന്നു കിട്ടുന്നു. ഇങ്ങനെ കിട്ടുന്ന അക്കങ്ങള തിരിച്ചെഴുതിയാണ് ശരിയായ സംഖ്യ കണ്ടുപിടിക്കേണ്ടത്. ഇവിടെ തിരിച്ചെഴുതുമ്പോഴും 22 എന്നു തന്നെ കിട്ടുന്നു. ഇതാണ് ഖരഹരപ്രിയ മേളത്തിന്റെ സംഖ്യ.

നിധപാമഗരി, നീധപധനിസ നീധപാമഗരി എന്നിവ രാഗരഞ്ജക പ്രയോഗങ്ങളാണ്. എപ്പോഴും പാടാമെന്നുള്ള രാഗമാണിത്. ഇതിന് സാര്‍വകാലികരാഗം എന്നു പറയുന്നു. കൃതികള്‍ ആരംഭിക്കുന്നത് സ, രി, പ, നി, എന്നീ സ്വരങ്ങളിലാണ്. ഉദാ. പ്രസിദ്ധമായ പക്കാല നിലബടി എന്ന കൃതി ആരംഭിക്കുന്നത് പ എന്ന സ്വരത്തിലാണ്. ത്യാഗരാജകൃതികളിലൂടെയാണ് ഈ രാഗം പ്രസിദ്ധമായത്. പല വാഗ്ഗേയകാരന്മാരും ഈ രാഗത്തില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്.

രാഗസഞ്ചാരം.

രിഗരീ രിഗമപധനിധപ മപധാപമഗരീ

രിഗമപ ധനിധാ പധനിസാസ ധനിഗരിനിധാ

ധനി സരി ഗാഗ മഗരിസാ ധനിഗാരിസ നിധ പധനിസാ നിധപ

മപധനി പധനിധ മപധപ മഗരീ രിഗമ ഗരിസാ നിധ നീസാ.

ഈ രാഗത്തിലുള്ള ചില കൃതികള്‍.

ചക്കനിരാജമാര്‍ഗമു ആദിതാളം ത്യാഗരാജകൃതി

പക്കാലനിലബടി ചാപ്പുതാളം

രാമനീസമാനമെവരു രൂപകം

സതതം താവക ആദി സ്വാതിതിരുനാള്‍

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍