This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖരതുഷാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖരതുഷാരം

Hoarfrost

അന്തരീക്ഷത്തിലെ നീരാവി പൂജ്യം ഡിഗ്രിയിലും താണതാപനിലയില്‍ സംഘനന(condensation)വിധേയമാകുന്ന സാഹചര്യത്തില്‍, ആദ്യമുണ്ടാകുന്ന ജലകണങ്ങള്‍ പെട്ടെന്നു ഖരീഭവിച്ചു രൂപമെടുക്കുന്ന ഹിമപ്പരലുകള്‍. ജലകണങ്ങള്‍ പെട്ടെന്നു ഖരീഭവിച്ചു കഴിയുമ്പോള്‍ ഇതിന്റെ മേല്‍ നീരാവി കൂടുതല്‍ കൂടുതലായി അടിഞ്ഞുറഞ്ഞ് എളുപ്പം പൊടിയുന്ന ഹിമപ്പരലുകള്‍ സൃഷ്ടിക്കപ്പെടും. ശുഭ്രവര്‍ണത്തിലുള്ള ഈയിനം പരലുകളാണ് ഖരതുഷാരം. ഇവയ്ക്ക് നിയതമായ ജ്യാമിതീയ രൂപമില്ല; നീരാവി അസമമിതമായി (asymmetrical) ഉറഞ്ഞടിയുന്നതിലൂടെ രൂപവൈകൃതം ഉണ്ടായിരിക്കും. ഒരു രാത്രി മുഴുവന്‍ ഖരതുഷാരം ഉണ്ടായിക്കൊണ്ടിരുന്നാലും ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്നു വര്‍ഷപാതം ഉണ്ടായതായി കണക്കാക്കാനാവില്ല. ഖരതുഷാരത്തിന്റെ മൊത്തത്തിലുള്ള പ്രഭാവം നന്നേ അഗണ്യമാണ്.

അതിശൈത്യമുള്ള പ്രദേശങ്ങളിലാണ് ഖരതുഷാരം സാധാരണയായി ഉണ്ടാവുന്നത്. കണ്ണാടിപ്പാളികളില്‍ അടിഞ്ഞ്, പൂജ്യം ഡിഗ്രിയിലും താഴെയെത്തിയ അതിശീതള ജലം (Super-cooled water) പെട്ടെന്നു ഖരീഭവിച്ച്, പന്നല്‍ച്ചെടികളുടെ ആകൃതിയില്‍ രൂപപ്പെടുന്ന ഖരതുഷാര പടലങ്ങള്‍ വളരെ മനോഹരമാണ്. അതിശീതള ജലകണങ്ങള്‍ ഉറയുമ്പോള്‍ അവയ്ക്കു ചുറ്റിനുമുള്ള താപനില പെട്ടെന്നു താഴുന്നത് തുഷാരപാളികള്‍ രൂപംകൊള്ളുന്നതിനു സഹായിക്കുന്നു. സൂക്ഷ്മദര്‍ശിനികളിലൂടെ നിരീക്ഷിച്ചാല്‍ ജലകണങ്ങള്‍ ഖരീഭവിച്ചുണ്ടായ തന്മാത്രകളെയും അവയെച്ചൂഴ്ന്ന് രൂപംകൊണ്ടിട്ടുള്ള ലോലതന്തുക്കളെയും വേര്‍തിരിച്ചു കാണാന്‍ കഴിയും.

ഖരതുഷാരത്തിലെ പരലുകള്‍ അടരുകളായോ സൂചിരൂപത്തിലോ വിശറിപോലെ പടര്‍ന്നോ, തൂവലുകള്‍ പോലെ നേര്‍ത്ത പാളികളായോ കാണപ്പെടാം. തുഷാരത്തില്‍ (dew) നിന്ന് ഖരതുഷാരത്തിനുള്ള പ്രധാന വ്യത്യാസം ഖരതുഷാരത്തില്‍ അന്തരീക്ഷത്തിലെ നീരാവി നേരിട്ട് ഹിമരൂപത്തിലേക്കു പരിവര്‍ത്തിതമാവുന്നുവെന്നതാണ്.

സംഘനനാങ്കത്തോളം (condensation) താണ താപനിലയിലെത്തിയിട്ടില്ലാത്ത മേഘങ്ങളും മൂടല്‍മഞ്ഞും ഏതെങ്കിലും പ്രതലങ്ങളുമായി ഏറ്റുമുട്ടുമ്പോള്‍ ഹിമപ്പരലുകളുടെ ശുഭ്രവര്‍ണത്തിലുള്ള പാടകള്‍ ഉണ്ടാകുന്നു. ഉയരമേറിയ ഗിരിശൃങ്ഗങ്ങളിലും ധ്രുവങ്ങളോടടുത്ത ഹിമാച്ഛാദിത മേഖലകളിലും വ്യാപകമായി രൂപംകൊള്ളുന്ന ഇത്തരം തുഹിനപടലങ്ങളെ (rime) ഖരതുഷാരത്തിന്റെ വകഭേദമായി കണക്കാക്കുന്നുണ്ട്.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍