This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖദീജ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഖദീജ
Khadeeja
ഇസ്ലാംമത പ്രവാചകനായ മുഹമ്മദ് നബിയുടെ പ്രഥമ പത്നി. ഖുറൈഷി ഗോത്രത്തില്‍ ജനിച്ചു. വിശുദ്ധ എന്ന അര്‍ഥത്തില്‍ 'ഫാഹിറാ' എന്ന പേരിലും ഖദീജ അറിയപ്പെടുന്നു.
നബിയെ ഭര്‍ത്താവായി സ്വീകരിക്കുന്നതിനുമുമ്പ് രണ്ടുപ്രാവശ്യം വിവാഹിതയായെങ്കിലും ഭര്‍ത്താക്കന്മാര്‍ രണ്ടുപേരും അകാലചരമമടഞ്ഞു. വ്യവസായപ്രമുഖനായ പിതാവ് മരിച്ചതോടെ വ്യാപാരം മുന്നോട്ടു കൊണ്ടുപോകാനായി വിശ്വസ്തനും അധ്വാനശീലനും ബുദ്ധിമാനുമായ മുഹമ്മദ് നബിയെ വ്യാപാരങ്ങളുടെ മേല്‍നോട്ടം ഖദീജ ഏല്പിച്ചു.
വ്യാപാരത്തില്‍ സമര്‍ഥനായിരുന്ന മുഹമ്മദ്, സിറിയയില്‍ ചരക്കുമായി പോയി വമ്പിച്ച ലാഭം കരസ്ഥമാക്കി മടങ്ങിവന്നു. മുഹമ്മദിന്റെ സത്യസന്ധതയിലും സ്വഭാവത്തിലും കഴിവിലും ആകൃഷ്ടയായ ഖദീജ വിവാഹാഭ്യര്‍ഥന നടത്തി. ബന്ധുക്കളുടെ ആശീര്‍വാദത്തോടെ അവര്‍ വിവാഹിതരായി. വിവാഹം കഴിക്കുമ്പോള്‍ ഖദീജയ്ക്ക് 40 വയസ്സും നബിക്ക് 25 വയസ്സുമായിരുന്നു പ്രായം.
ആധ്യാത്മിക കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ച മുഹമ്മദിന് 40-ാമത്തെ വയസ്സില്‍ ദിവ്യസന്ദേശം ലഭിച്ചു. ഇതില്‍ ഭയന്നുവിറച്ച നബിയെ സമാശ്വസിപ്പിച്ചത് ഖദീജയാണ്. ഇവര്‍ പുരോഹിതനായ വറകാത്ബിന്‍ നൗഫലിന്റെ അഭിപ്രായം ആരാഞ്ഞു. മൂസാ നബിക്കുണ്ടായ അലൗകികാനുഭവം ഇതുപോലെയായിരുന്നുവെന്നും മുഹമ്മദിനെ ഈ സമൂഹത്തിന്റെ പ്രവാചകനാക്കിയിരിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. അല്ലാഹുവിലും മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിലും വിശ്വസിച്ച ആദ്യത്തെ വ്യക്തി ഖദീജയായിരുന്നു. നബിക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ച ഇവര്‍ 619-ല്‍ അന്തരിച്ചു.
(ഡോ.എം.എ. കരിം; ഡോ. കെ.എം. മുഹമ്മദ്)