This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖജുരാഹൊ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഖജുരാഹൊ

മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലുള്ള പുരാതനക്ഷേത്രനഗരം. ഡല്‍ഹിയില്‍ നിന്നു ഏകദേശം 402 കി.മീ. തെക്കു കിഴക്കായി സ്ഥിതിചെയ്യുന്നു. 2 നൂറ്റാണ്ടോളം കാലം മധ്യ ഇന്ത്യ ഭരിച്ചിരുന്ന ചന്ദേലരാജാക്കന്മാരുടെ ആസ്ഥാനമായിരന്നു ഖജുരാഹൊ. 10-11 ശതകത്തിലെ ഭാരതീയ ശില്പകലാവൈദഗ്ധ്യത്തിന്റെ പ്രകടമായ നിദര്‍ശനങ്ങളാണ് ഖജുരാഹൊയില്‍ കാണുന്നത്. ചെറുതും വലുതുമായി 85-ഓളം ക്ഷേത്രങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ഖജുരാഹൊവിനെക്കുറിച്ച് പല ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. ഭാരതത്തില്‍ രതി ചിത്രീകരണത്തിന്റെ ശിലാവിഷ്കരണം ആരംഭിച്ചത് ഇവിടെനിന്നാണ്. ഒരു കാലത്ത് സ്വീകാര്യമായിരുന്ന ആശയങ്ങളുടെ ശില്പാവിഷ്കാരം ഇവിടെ കാണാം.

ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഖജുരാഹൊയിലെ ലോകപ്രസിദ്ധമായ ഈ ശില്പങ്ങള്‍ വളരെയധികം വിദേശികളെ ഇങ്ങോട്ടാകര്‍ഷിക്കുന്നു. കലയുടെയും സംസ്കാരത്തിന്റെയും അമൂല്യമായ ചരിത്രമുറങ്ങുന്ന ഈ പ്രദേശത്തെ 'ഖജ്റാഹൊ' എന്നു വിളിക്കാറുണ്ട്. ജെജാകഭുക്തി എന്ന രാജവംശത്തിന്റെ ആസ്ഥാനമായും ഖജുരാഹൊ അറിയപ്പെട്ടിരുന്നു. ഈ പ്രദേശത്ത് സമൃദ്ധമായി കാണുന്ന 'ഖജുര്‍' എന്ന പനവൃക്ഷങ്ങളാകണം 'ഖജുരാഹൊ' എന്ന പേരിനു കാരണമായത്.

ഐതിഹ്യവും ചരിത്രവും

പതിനൊന്നും പന്ത്രണ്ടും ശതകത്തിലെ മധ്യഭാരത ശില്പനിര്‍മാതാക്കളില്‍ ആഗ്രഗണ്യരായി അറിയപ്പെട്ടിരുന്നത് ചന്ദേലരാജാക്കന്മാരാണ്. ഇവര്‍ തങ്ങളുടെ ഭരണപ്രദേശം കുളങ്ങള്‍, കോട്ടകള്‍, കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവകൊണ്ട് അലങ്കൃതമാക്കുകയും ഛത്തര്‍പൂര്‍ ജില്ലയിലുള്ള ഖജുരാഹൊ പട്ടണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ക്ഷേത്രസമുച്ചയങ്ങളില്‍ മിക്ക ക്ഷേത്രങ്ങളുടെയും നിര്‍മിതി ചന്ദേലശൈലിയിലാണ്.

ചന്ദേലവംശത്തിന്റെ ആദ്യകാല ചരിത്രം ദുരൂഹമാണ്. എന്നാല്‍ പൃഥ്വിരാജ് ചൗഹാന്റെ ആസ്ഥാനകവി ഛങ്ബര്‍ദായിയുടെ കാവ്യമായ പൃഥ്വിരാജ്രസോവില്‍ ചന്ദേലവംശോത്പത്തിയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

ഖജുരാഹൊ

കാശിയിലെ ഗഹദ്വല രാജാവായ ഇന്ദ്രജിത്തിന്റെ കൊട്ടാരത്തിലെ പുരോഹിതന്റെ പുത്രിയായിരുന്നു സുന്ദരിയായ ഹേമവതി. ഒരു ഗ്രീഷ്മരാവില്‍ താമരക്കുളത്തില്‍ നീന്തിത്തുടിക്കവേ അവളുടെ സൗന്ദര്യത്തില്‍ പ്രലോഭിതനായ ചന്ദ്രന്‍ ഭൂമിയില്‍ ഇറങ്ങിവന്ന് അവളുമായി രമിക്കുകയും പ്രഭാതത്തില്‍ വിടപറയവേ ഖിന്നയായ അവള്‍ക്ക് പ്രസിദ്ധനായ ഒരു പുത്രനുണ്ടാകുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. തങ്ങളുടെ ആ പുത്രന്‍ 16-ാം വയസ്സില്‍ നടത്തുന്ന യാഗത്തോടെ ഹേമവതി പാപമുക്തയാകുമെന്നും വര്‍മന്‍വംശത്തിന്റെ സ്ഥാപകനായ ആ മഹാരാജാവ് അനേകം കോട്ടകളും ക്ഷേത്രങ്ങളും പണിത് ഉത്തമനായൊരു ഭരണാധികാരിയാകുമെന്നും ചന്ദ്രന്‍ അരുള്‍ ചെയ്തു. അവളോടു ഖജുര്‍പുര(ഖജുരാഹൊ)യിലേക്കു പോകുവാനും ചന്ദ്രന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹേമവതി കാശിയിലെ വീടുപേക്ഷിച്ച് മധ്യപ്രദേശിലെത്തി. കലിഞ്ഞാറിലെ ഗ്രാമത്തലവന്റെ വീട്ടില്‍ അവള്‍ക്കു ചന്ദ്രവര്‍മന്‍ എന്നൊരാണ്‍കുട്ടി ജനിച്ചു. 16-ാം വയസ്സില്‍ ചന്ദ്രവര്‍മന്‍ സിംഹത്തെയും കടുവയെയും കൊല്ലാന്‍ കെല്പുറ്റ ഒരു ധീരയോദ്ധാവായി. ചന്ദ്രദേവന്‍ പ്രത്യക്ഷപ്പെട്ട്, മകനു സമ്മാനമായി ഇരുമ്പിനെ സ്വര്‍ണമാക്കി മാറ്റുന്ന ഒരു ഉരകല്ലു നല്കി അനുഗ്രഹിച്ചു. കിരീടധാരണദിവസം ദേവതകളും യുവരാജാവിനെ അനുഗ്രഹിച്ചു. കലിഞ്ഞാര്‍ക്കോട്ടയില്‍ നീലകണ്ഠനെ ഉപവസിച്ച് ചന്ദ്രവര്‍മന്‍ ബ്രാഹ്മണര്‍ക്കും സന്ന്യാസിമാര്‍ക്കും ദാനം നല്കുകയും അങ്ങനെ മതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കി ദേവാനുഗ്രഹത്തോടെ ചന്ദ്രവര്‍മന്‍ സൈനികനീക്കം ആരംഭിക്കുകയും ചെയ്തു. യുദ്ധത്തില്‍ കാശിയിലെ ഗഹദ്വല രാജാവ് ചന്ദ്രവര്‍മന് കീഴടങ്ങി. പിന്നീട് ഖജുരാഹൊയിലെത്തി ഹേമവതിയെ പാപമുക്തമാക്കി. ചന്ദ്രവര്‍മന്‍ അമ്മയുടെ ആഗ്രഹപൂര്‍ത്തിക്കായി വിശ്വശില്പിയായ വിശ്വകര്‍മാവിനോടു ക്ഷേത്രങ്ങള്‍ നിര്‍മിക്കണമെന്നപേക്ഷിച്ചു. അങ്ങനെ നിര്‍മിച്ചവയാണ് ഖജുരാഹൊയിലെ തടാകങ്ങളും എണ്‍പത്തിയഞ്ച് ക്ഷേത്രങ്ങളും. പൃഥ്വിരാജരസോവിലെ ഈ വിവരണത്തില്‍ നിന്നു വ്യത്യസ്തമായ ചില ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. ഈ കഥകള്‍ യഥാര്‍ഥമായ ഉത്പത്തി ചരിത്രത്തിന്റെ രചനയ്ക്കു തടസം സൃഷ്ടിക്കാനുദ്ദേശിച്ചുള്ളവയാണെന്നു ചരിത്ര ഗവേഷകര്‍ കരുതുന്നു. ആദിവാസികളായ ഗോണ്ട് വര്‍ഗക്കാരില്‍ നിന്നു മറ്റു വര്‍ഗങ്ങളുമായുള്ള മിശ്രണത്തിലൂടെ ചന്ദേലവംശം ഉണ്ടായി എന്ന് കരുതുന്നവരുണ്ട്. ആര്‍.വി. റസ്സല്‍ പറയുന്നത് മധ്യഭാരതത്തിലെ 'ഭര്‍' വര്‍ഗക്കാരില്‍ നിന്നു ചന്ദേലവംശം ഉദ്ഭവിച്ചു എന്നാണ്. ഈ വര്‍ഗക്കാര്‍ ശില്പനൈപുണ്യം ആര്‍ജിച്ചവരായിരുന്നുവത്രെ.

പ്രാചീന ലിഖിതങ്ങള്‍ വ്യക്തമാക്കുന്നതു ചന്ദേലവംശജര്‍ പശ്ചിമഭാരതത്തിലെ പ്രതിഹാര ഭരണകര്‍ത്താക്കളുടെ കീഴിലെ പ്രഭുക്കന്മാരായിരുന്നു എന്നാണ്. 7-ാം ശതകത്തിന്റെ മധ്യത്തോടെ ചന്ദേല ഭരണാധികാരികളില്‍ പ്രമുഖനായ ഹര്‍ഷദേവന്‍ ഡക്കാണിലെ രാഷ്ട്രകൂടരെ പരാജയപ്പെടുത്തി. 25 വര്‍ഷക്കാലം രാജ്യം ഭരിച്ചു.

ഹര്‍ഷദേവപുത്രനായ യശോവര്‍മന്‍ രാഷ്ട്രകൂടരുമായും, പൂര്‍വഭാരതത്തിലെ 'പാല' വംശജരുമായും യുദ്ധം ചെയ്ത് സ്വന്തം രാജ്യം സ്ഥാപിച്ചു. യശോവര്‍മന്റെ യുദ്ധവിജയങ്ങളെക്കുറിക്കുന്ന പുരാലിഖിതങ്ങളുണ്ട്. അദ്ദേഹം ലക്ഷ്മണക്ഷേത്രം പണിത് അതില്‍ വിഷ്ണുപ്രതിഷ്ഠ നടത്തുകയും ഇദ്ദേഹത്തിന്റെ പുത്രന്‍ ധംഗന്‍ പ്രതിഹാരരുമായുള്ള ബന്ധം വിച്ഛേദിച്ച് രാജ്യം വിസ്തൃതമാക്കുകയും ചെയ്തു. വിശ്വനാഥക്ഷേത്രം, പാര്‍ശ്വനാഥക്ഷേത്രം തുടങ്ങിയവ ധംഗന്റെ സംഭാവനകളാണ്. ധംഗപുത്രനായ ഗന്ധന്റെ 9 വര്‍ഷക്കാലത്തെ (1008-17) ഭരണത്തിനിടയ്ക്കാണ് ചിത്രഗുപ്ത ക്ഷേത്രവും ദേവീ ജഗദംബക്ഷേത്രവും നിര്‍മിച്ചത്. ഗന്ധന്റെ പിന്‍ഗാമിയായ വിദ്യാധരന്‍ (1017-29) കര്‍ച്ചൂരികളെയും പരമാരന്മാരെയും കീഴടക്കി. തെക്കു ചംബല്‍ മുതല്‍ വടക്ക് ദോബ് മേഖലവരെ അദ്ദേഹം തന്റെ സാമ്രാജ്യം വിസ്തൃതമാക്കി. പിന്നീട് 1022-ല്‍ മുഹമ്മദ് ഗസ്നിയുമായി യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഖജുരാഹൊയിലെ കാണ്ഡരീയ മഹാദേവക്ഷേത്രത്തിന്റെ നിര്‍മാതാവ് വിദ്യാധരനാണ്. വിദ്യാധരനുശേഷം ചന്ദേലവംശം മുസ്ലിം ആക്രമണത്തിനു വിധേയമായി. രാഷ്ട്രീയ സ്വാധീനം ക്ഷയിച്ചെങ്കിലും ക്ഷേത്ര നിര്‍മിതിയില്‍ ഇവര്‍ ശ്രദ്ധചെലുത്തിയിരുന്നുവെന്ന് 1335-ല്‍ ഇവിടം സന്ദര്‍ശിച്ച ഇബ്നു ബത്തൂത്ത പ്രസ്താവിച്ചിട്ടുണ്ട്.

ഖജുരാഹൊ ക്ഷേത്രങ്ങളുടെ രൂപകല്പനയിലും നിര്‍മിതിയിലും പൊതുവായ ചില സവിശേഷതകളുണ്ട്. ഉയര്‍ന്നു നില്ക്കുന്ന പ്ലാറ്റ്ഫോമില്‍ പടുത്തുയര്‍ത്തിയ ഈ ക്ഷേത്രങ്ങള്‍ക്ക്, അലങ്കാരപ്പണികള്‍ കൊത്തിവച്ചിട്ടുള്ള സുദൃഢമായ അടിത്തറയാണുള്ളത്. പ്രവേശന കവാടം, മണ്ഡപം, പാര്‍ശ്വഭാഗ മുറികളോടുകൂടിയ മഹാമണ്ഡപം, മുഖപ്പ്, പിന്‍മുറികള്‍ ഇവ ചേര്‍ന്നു പ്രദക്ഷിണ വീഥിയോടുകൂടിയ ശ്രീകോവില്‍ തുടങ്ങി ലക്ഷണവിധിക്കനുസൃതമായ ഘടകങ്ങളെല്ലാം സംയോജിതമാണ്. ചുവരുകളുടെ ദൃഢതയില്‍ ആനുപാതിക ശൂന്യതയോടുകൂടിയ ജംഘകള്‍ സുസ്ഥിരമായ അടിത്തറയില്‍ നിലകൊള്ളുന്നു. ബാല്‍ക്കണി വാതായനങ്ങള്‍ തൂവാനപ്പലകകള്‍കൊണ്ട് മറയ്ക്കപ്പെട്ടിരിക്കുന്നു. അലങ്കാരപ്പണികള്‍ ചെയ്ത വാതായനങ്ങളിലൂടെ അകത്തളങ്ങളില്‍ കാറ്റും വെളിച്ചവും എത്തുന്നു. ചുമരുകളിലെ ശേഷിച്ച സ്ഥലം കൊത്തുപണികളുടെ നീണ്ട നിരകളാല്‍ കമനീയമാണ്. ഈ കൊത്തുപണികളാണ് ഖജുരാഹൊ ക്ഷേത്രങ്ങളുടെ ഒരു സവിശേഷത. ശില്പനിരകളില്‍ വീഴുന്ന സാന്ദ്രമായ നിഴലുകള്‍ വാതായനങ്ങളിലൂടെ വീഴുന്ന പ്രകാശരേണുക്കള്‍ മൂലമാണ്. പ്രകാശവും നിഴലും ദാരുശില്പങ്ങളും ആന്തരഭാഗങ്ങളിലും വീണ് അനിര്‍വചനീയമായ ചിത്രഭംഗി വരുത്തുന്നു.

പൂര്‍ണവികസിതമായ ഖജുരാഹൊ ക്ഷേത്രങ്ങള്‍ക്കു നിശ്ചിത ഉയരത്തില്‍ നില്ക്കുന്ന മുഖ്യശിഖരത്തോട് ആനുപാതികമായി കുറയുന്ന ഉയരത്തില്‍ നിര്‍മിച്ചു ഘടിപ്പിക്കപ്പെട്ട ഉപശിഖിരങ്ങള്‍കൂടിയുണ്ട്. മുഖ്യഗോപുരത്തോട് ഉപഗോപുരങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നതിലെ ആനുപാതിക ഉയരവും, ശില്പ വൈദഗ്ധ്യവും, സവിശേഷ ലംബാവസ്ഥയും നിയതമായിരിക്കുന്നതായി കാണാം. ക്ഷേത്രകവാടത്തില്‍ അലങ്കൃതമായ മകരതോരണങ്ങളുണ്ട്. അന്തര്‍ഭാഗത്തു ശില്പചാതുര്യം നിറഞ്ഞു നില്ക്കുന്നു. വാതില്‍പ്പടികള്‍, തൂണുകള്‍, മേല്‍ക്കൂര, ചുവരുകള്‍ എന്നിവയില്‍ ഇത്തരം അലങ്കാരപ്പണികള്‍ ദൃശ്യമാണ്. ശ്രദ്ധേയമായിട്ടുള്ള ശില്പങ്ങള്‍ മധ്യകാല വാസ്തുശില്പ വിദ്യയുടെ ഉത്തമ ദൃഷ്ടാന്തങ്ങളായ സ്ത്രീശില്പങ്ങളാണ്. ഭാവോജ്ജ്വലത തുടിക്കുന്ന സ്ത്രീസൗന്ദര്യത്തിന്റെ ഈ മൂര്‍ത്തരൂപങ്ങള്‍ മോഹദീപ്തവും ചടുലവുമാണ്. സമകാലിക ഭാരതകലാക്ഷേത്രങ്ങളെ അതിശയിക്കുന്നവയാണ് ഈ കലാശില്പങ്ങള്‍.

ഖജുരാഹൊ ശില്പങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിക്കാവുന്നതാണ്: (i) ദേവതാശില്പങ്ങള്‍; (ii) സ്ത്രീശില്പങ്ങള്‍-അപ്സരസ്, സാലഭഞ്ജിക, സുരസുന്ദരി തുടങ്ങിയ ദേവാംഗനകള്‍; (iii) മിഥുന ശില്പങ്ങള്‍-അനുരാഗവിവശര്‍, കാമാസക്തര്‍, ഇണചേരുന്ന മിഥുനങ്ങള്‍, ഭ്രഷ്ടരതിയിലാവിഷ്ടരായ മിഥുനങ്ങള്‍.

ദേവതാശില്പങ്ങള്‍ വിഗ്രഹനിര്‍മാണ വിധിയനുസരിച്ച് രൂപഭാവാദികളും, പ്രതീകങ്ങളും ആയുധങ്ങളുമണിഞ്ഞവയാണ്. ഖജുരാഹൊ ക്ഷേത്രങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തിന്റേതല്ല. ശിവനും വിഷ്ണുവിനും ജൈനതീര്‍ഥങ്കരന്മാര്‍ക്കും സമര്‍പ്പിതമായ ക്ഷേത്രങ്ങളുണ്ട്. ഘടനയിലും ശില്പശൈലിയിലും ഇവയ്ക്കു തമ്മില്‍ യാതൊരു വൈജാത്യവും പ്രകടമല്ല.

ദേവാംഗനകളും മിഥുനങ്ങളും വിഗ്രഹനിര്‍മാണ വിധിയനുസരിച്ചുള്ളവയല്ല. പ്രത്യുത, കലാപരതയുടെ പ്രകടനമാണ്. അനുരാഗവിവശരായ മിഥുനങ്ങളൊടൊപ്പം താളാത്മകതയ്ക്കും ലയഭംഗമൊഴിവാക്കാനുമായി മിക്കപ്പോഴും ഒരു ശാര്‍ദൂലരൂപമുണ്ടാകും. ഇവ ചുമരുണ്ടാക്കിയ കല്ലുകളില്‍ കൊത്തിയെടുത്തവയാണ്. വെളിച്ചവും നിഴലും ചുറ്റും തുടിക്കുന്ന ഈ ശില്പങ്ങളില്‍ ഓരോ ശില്പത്തിനും പ്രത്യേകം അസ്തിത്വമുണ്ട്. പന്തുകളിക്കുന്ന സുന്ദരി, കണ്ണാടി നോക്കുന്ന സുമുഖി, കാമലേഖനമെഴുതുന്നവള്‍, കാമുകനെ കാത്തിരിക്കുന്നവള്‍, കാലില്‍ നിന്ന് മുള്ളെടുക്കുന്നവള്‍, കാമാഗ്നിയില്‍ നീറി വസ്ത്രമഴിക്കുന്നവള്‍, നീരാട്ടു നടത്തുന്നവള്‍, നര്‍ത്തനമാടുന്നവള്‍ അങ്ങനെ സ്ത്രീസൗന്ദര്യത്തിന്റെ ഒട്ടെറെ ഭാവങ്ങള്‍ ഇവയിലുണ്ട്.

മിഥുനശില്പങ്ങളുടെ പ്രസക്തി

ഒട്ടേറെ വിമര്‍ശനവിധേയമായവയാണ് ഖജുരാഹൊയിലെ രതിലീലാശില്പങ്ങള്‍. സമകാലിക സമൂഹത്തിലെ കുത്തഴിഞ്ഞ ജീവിതത്തിന്റെ ചിത്രീകരണമാണിവയെന്നും, അതല്ല ഉത്തരേന്ത്യയില്‍ വ്യാപകമായിരുന്ന കൌള-കാപാലിക തന്ത്രമനുസരിച്ചുള്ള ശിവശക്തി സംയോഗപ്രതീകമാണിവയെന്നും കരുതുന്നവരുണ്ട്. ജൈനിസത്തിന്റെ കാഴ്ചപ്പാടില്‍ അതിരുകവിഞ്ഞ ലൈംഗികത ആത്മീയതയ്ക്ക് വിഘാതമാവും. അതുകൊണ്ട്, ലൈംഗികതയോടും തദ്വാരാ ഭൗതികതയോടും വിരക്തിയുളവാക്കാനും, ഭക്തന്റെ ആത്മനിഷ്ഠയും മനഃസാന്നിധ്യവും പരീക്ഷിക്കുവാനുമായി രതിലീലകള്‍ ചിത്രീകരിച്ചിരിക്കുന്നു. ഖജുരാഹൊ ശില്പങ്ങളെക്കുറിച്ചുള്ള ഒരഭിപ്രായം: ക്ഷേത്രങ്ങള്‍ ദേവതകളുടെ ഇരിപ്പിടമെന്ന നിലയ്ക്ക് ഇന്ദ്രനെയും വരുണനെയും ആകര്‍ഷിക്കും. പക്ഷേ രതിവൈകൃതശില്പങ്ങള്‍ കണ്ടു ജുഗുപ്സയോടെ ക്ഷേത്രപരിസരം വിടും. അങ്ങനെ ക്ഷേത്രങ്ങള്‍ പരിരക്ഷിക്കപ്പെടും. മറ്റൊരഭിപ്രായം: ഇടിമിന്നലും ചുഴലിക്കാറ്റു തുടങ്ങിയവയ്ക്കും ഇന്ദ്രിയങ്ങള്‍ക്കും അധിപതിയാണ് ഇന്ദ്രന്‍. രതിശില്പങ്ങള്‍ ഇന്ദ്രപ്രീതിയുണര്‍ത്തും; അങ്ങനെ ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടും.

പ്രധാന ക്ഷേത്രങ്ങള്‍

ഐതിഹ്യമനുസരിച്ച് ഖജുരാഹൊയില്‍ 85 ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെ താഴെക്കൊടുത്തിട്ടുള്ള 20 ക്ഷേത്രങ്ങള്‍ മാത്രമേയുള്ളൂ.

ഖജുരാഹൊ ശില്പം

1.ഛൗന്‍സാത്യോഗിനീക്ഷേത്രം. ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രം ശിബസാഗര്‍ തടാകതീരത്തു സ്ഥിതിചെയ്യുന്നു. ചുറ്റുമതിലില്ല. 5.5 മീ. ഉയരമുള്ള മേല്‍ക്കൂര കല്ലുകൊണ്ടുമാത്രം തീര്‍ത്തതാണ്. 64 അറകളും അവയ്ക്കുള്ളില്‍ ഓരോ യോഗിനീപ്രതിഷ്ഠയും അറകള്‍ക്കുമുകളില്‍ 64 ചെറിയ ശിഖരങ്ങളും മുമ്പുണ്ടായിരുന്നെങ്കിലും മിക്ക പ്രതിഷ്ഠകളും നഷ്ടമായിരിക്കുന്നു. പ്രധാനക്ഷേത്രം വടക്കുഭാഗത്തു സ്ഥിതിചെയ്യുന്നു. പ്രവേശനകവാടം തകര്‍ന്നടിഞ്ഞ നിലയിലാണ്. ഖജുരാഹൊശൈലി ഈ ക്ഷേത്രത്തിനില്ല. ചന്ദേലവംശത്തിനു മുമ്പ് തീര്‍ത്തതാവണം ഈ ക്ഷേത്രം.

2.കാണ്ഡരീയ മഹാദേവക്ഷേത്രം. ഖജുരാഹൊ ശില്പശൈലിയുടെ ഉദാത്തമാതൃകയാണ് കിഴക്കു ദര്‍ശനമായുള്ള ഈ ശിവക്ഷേത്രം. കാണ്ഡരീയ എന്നാല്‍ ഗുഹ, ഗുഹാവാസിയായ ശിവന്റെ ക്ഷേത്രമെന്നു പേരിനര്‍ഥം. മൂലപ്രതിഷ്ഠ മാര്‍ബിളില്‍ തീര്‍ത്ത ശിവലിംഗമാണ് 31 മീ. നീളവും അത്രതന്നെ ഉയരവും 20 മീ. വീതിയുമുള്ള ഈ ക്ഷേത്രത്തിന്റെ പുറം ഭിത്തിയില്‍ മൂന്നു നിരകളിലായി വൈവിധ്യമാര്‍ന്ന 900-ത്തിലധികം ജീവസസ്യജാലങ്ങളാല്‍ കമനീയമാക്കപ്പെട്ടിരിക്കുന്നു. ദേവതകള്‍, അപ്സരസ്സുകള്‍, നാഗകന്യകമാര്‍, സംഗീതോപാസകര്‍, തപസ്സനുഷ്ഠിക്കുന്നവര്‍, കമിതാക്കള്‍, ഇതിഹാസങ്ങളിലെ ജന്തുക്കള്‍ എന്നിവയെ ത്രിമാനസ്വഭാവത്തോടെ, ചലനാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. ഗര്‍ഭഗൃഹവാതിലില്‍ ഗംഗയും യമുനയും ചിത്രീകരിച്ചിരിക്കുന്നു. രതിലീലാമഗ്നരായ മിഥുനങ്ങളില്‍ ലാവണ്യ, ആസക്ത, മൈഥുനാരത, ഭ്രഷ്ട ഇങ്ങനെ നാലുവിധത്തിലുള്ളവയാല്‍ സജീവമാക്കപ്പെട്ടിരിക്കുന്നു.

ക്ഷേത്രത്തിലെ 'റിലീഫുകള്‍'

3.ദേവിജഗദംബക്ഷേത്രം. പാര്‍വതിയുടെയോ ദേവിയുടെയോ എന്നു വ്യക്തമല്ലാത്ത ഒരു പ്രതിഷ്ഠ. പ്രദക്ഷിണവീഥിയില്ലാത്തതുകൊണ്ട് നിരന്ധര ശൈലിയിലുള്ള ക്ഷേത്രമെന്നു കരുതുന്നു. നീണ്ട പോര്‍ച്ചും വലിയ ഹാളുമുണ്ട്. ഒറ്റശിഖിരമാണുള്ളത്. ഗര്‍ഭഗൃഹവാതിലില്‍ നാലുജോടി കമിതാക്കളോടൊപ്പം നര്‍ത്തകികളാലും പുറംചുമരില്‍ മൂന്നു നിര കൊത്തുപണികളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ നാലുവിധ രതിഭാവമാടുന്ന മിഥുനങ്ങള്‍ പ്രകടമാണ്.

4.ചിത്രഗുപ്തക്ഷേത്രം (എ.ഡി. 975-1025). എഴു കുതിരകള്‍ വലിക്കുന്ന തേരില്‍ സൂര്യന്‍ നില്ക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് ഭരത്ജി ക്ഷേത്രമെന്നും പേരുണ്ട്. അന്തരാളം, മഹാമണ്ഡപം, ഗര്‍ഭഗൃഹം ഇവയാണ് പ്രധാനഭാവങ്ങള്‍. ഗര്‍ഭഗൃഹത്തിനും ചുറ്റും പ്രദക്ഷിണ വഴിയില്ല. അഷ്ടകോണാകൃതിയിലാണ് മേല്‍ക്കൂര. ദേവാംഗനകളും, മിഥുനങ്ങളും രതിലീലകളും ജീവസ്സുറ്റു നിലകൊള്ളുന്നു. അടിത്തറയുടെ വശങ്ങളില്‍ കൊത്തുപണിയിലേര്‍പ്പെട്ടവര്‍, നായാട്ടുകാര്‍, പരസ്പരം മല്ലിടുന്ന ആനകള്‍ തുടങ്ങിയ ചിത്രങ്ങളും കാണാം.

5.വിശ്വനാഥക്ഷേത്രം (എ.ഡി. 1002). ഈ ശിവക്ഷേത്രത്തിനു ശിവമര്‍ക്കടേശ്വക്ഷേത്രമെന്നും പേരുണ്ട്. മാര്‍ബിളില്‍ തീര്‍ത്ത ലിംഗപ്രതിഷ്ഠയുമുണ്ട്. വാതില്‍പ്പടിയില്‍ മിഥുനശാഖകളും പുറത്ത് മൂന്ന് ചുറ്റുമിഥുനശില്പങ്ങളുമുണ്ട്.

6.നന്ദിക്ഷേത്രം (എ.ഡി. 1002). ശിവവാഹനമായ നന്ദിപ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തില്‍ ചതുരാകൃതിയിലുള്ള ഹാളും പിരമിഡാകൃതിയിലുള്ള ശിഖരങ്ങളുമുണ്ട്. അലങ്കാരത്തിനായി പ്രത്യേകം ശില്പങ്ങളില്ല.

7.പാര്‍വതിക്ഷേത്രം (950-1002). ഈ ശൈവക്ഷേത്രത്തിനു പരിഷ്കരിച്ച ഘടനയാണുള്ളത്. കിഴക്കുദര്‍ശനമായുള്ള ഈ ക്ഷേത്രത്തിന് ശ്രീകോവിലുണ്ട്. പാര്‍വതിയുടേതാണ് പ്രതിഷ്ഠ.

8.ലക്ഷ്മിദേവിക്ഷേത്രം (950-1002). വൈഷ്ണവ ക്ഷേത്രമാണിത്. 18-ാം ശതകത്തില്‍ ഛത്രപ്പൂര്‍ശൈലിയില്‍ നവീകരിച്ചു. ചന്ദേലശൈലിയുടെ അവശിഷ്ടമൊന്നും ഇതില്‍ ദൃശ്യമില്ല.

9.വരാഹക്ഷേത്രം (950-1002). വരാഹപ്രതിഷ്ഠയുള്ള വൈഷ്ണവക്ഷേത്രം, തുറസ്സായ ഹാളും ശിഖരങ്ങളുമുണ്ട്. ക്ഷേത്രം നവീകരിച്ചതോടെ അലങ്കാരപ്പണികള്‍ നഷ്ടപ്പെട്ടു.

10.ലക്ഷ്മണക്ഷേത്രം (954). ചതുര്‍ഭുജ വിഷ്ണു പ്രതിഷ്ഠയുള്ളതിനാല്‍ ചതുര്‍ഭുജ ക്ഷേത്രമെന്നും പേരുണ്ട്. നാലു കര്‍ണപ്രാസാദങ്ങളുണ്ട്. കാണ്ഡരീയശൈലിയിലുള്ള ഈ ക്ഷേത്രത്തില്‍ ഒന്നിലധികം ശിഖരങ്ങളുണ്ട്. വാതില്‍പ്പടിയില്‍ മിഥുനശാഖകളില്ല. പുറംചുവരില്‍ രണ്ടുനിര കൊത്തുപണികളുണ്ട്.

11.മാതംഗേശ്വര ക്ഷേത്രം (950-1002). ലിംഗപ്രതിഷ്ഠയുള്ള ഈ ശിവക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം ചതുരാകൃതിയിലാണ്. മൃത്യുഞ്ജയ മഹാക്ഷേത്രമെന്നും ഇത് അറിയപ്പെടുന്നു. ഇവിടെ കൊത്തുപണികളും അലങ്കാരങ്ങളും ഇല്ല.

12.ഘണ്ടൈ ക്ഷേത്രം (1085). ഇതൊരു ബുദ്ധമത ക്ഷേത്രമായിരുന്നുവെന്നും പിന്നീട് ജൈനക്ഷേത്രമാക്കി മാറ്റപ്പെട്ടുവെന്നും കരുതുന്നു. സ്തൂപങ്ങളില്‍ മണിയും മാലയും കൊത്തിയിട്ടുണ്ട്. അതില്‍ നിന്നാണ് പ്രസ്തുത പേരുണ്ടായതെന്നു ഊഹിക്കുന്നു.

13.പാര്‍ശ്വനാഥക്ഷേത്രം (954). കിഴക്കുദര്‍ശനമായാണ് ഈ ജൈനക്ഷേത്രത്തിന്റെ നിര്‍മാണം. ഗര്‍ഭഗൃഹവും പ്രദക്ഷിണ വീഥിയും ഒന്നിലധികം ശിഖരങ്ങളുമുണ്ട്. ചെറിയ ശ്രീകോവിലില്‍ പാര്‍ശ്വനാഥ പ്രതിഷ്ഠയുണ്ട്. പുറംചുമരില്‍ മൂന്നു നിരകളിലായി അലങ്കാരപ്പണികളുണ്ട്.

14.ആദിനാഥക്ഷേത്രം (1000). ഈ ജൈനക്ഷേത്രത്തില്‍ ഗര്‍ഭഗൃഹമോ പ്രദക്ഷിണ വീഥിയോ വാതായനങ്ങളോ ഇല്ല. പതിഞ്ഞശിഖരം. പുറംചുമരില്‍ മൂന്നുനിര കൊത്തുപണികള്‍.

15.ശാന്തിക്ഷേത്രം (1028). തീര്‍ഥങ്കരര്‍ക്കായി ചെറിയ ശ്രീകോവിലുകള്‍ സമര്‍പ്പിച്ചിരിക്കുന്നു, ചുറ്റുമതിലില്ലാത്ത ഈ ജൈനക്ഷേത്രം പില്ക്കാലത്തു നവീകരിച്ചിട്ടുണ്ട്.

16.ബ്രഹ്മക്ഷേത്രം (925). ഖജുരാഹൊ ഗ്രാമത്തില്‍ വടക്കുപടിഞ്ഞാറായി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. കൃഷണശിലയില്‍ തീര്‍ത്ത ചതുര്‍മുഖലിംഗപ്രതിഷ്ഠയാണുള്ളത്.

17.ജാവരി വിഷ്ണുക്ഷേത്രം (950-975). ഇവിടെ ചതുര്‍മുഖവിഷ്ണുപ്രതിഷ്ഠയാണുള്ളത്. ജാവരി എന്ന പേരിന്റെ നിഷ്പത്തി നിഗൂഢമാണ്. മണ്ഡപമോ പ്രദക്ഷിണ വീഥിയോ ഇല്ലെങ്കിലും ഒന്നിലധികം ശിഖരങ്ങളുണ്ട്. പുറംചുമരില്‍ മൂന്നുനിര ശില്പങ്ങള്‍ ദൃശ്യമാണ്.

18.വാമനക്ഷേത്രം (എ.ഡി. 950-975). വാമനപ്രതിഷ്ഠയുണ്ട്. നരസിംഹവരാഹാവതാരങ്ങളും ആമയുടെ പുറത്തു സഞ്ചരിക്കുന്ന ദേവതയും ശില്പങ്ങളില്‍ കാണാം. മണ്ഡപവും ഗര്‍ഭഗൃഹവും വാതായനങ്ങളും ഒന്നിലധികം ശിഖരങ്ങളുമുണ്ട്. പുറം ചുമരില്‍ രണ്ടുനിരശില്പങ്ങളുണ്ട്.

19.ദുലാദേവക്ഷേത്രം (എ.ഡി. 1000). ഈ ശൈവക്ഷേത്രത്തില്‍ ലിംഗപ്രതിഷ്ഠയാണുള്ളത്. മണ്ഡപങ്ങളും ഗര്‍ഭഗൃഹവും ഒന്നിലധികം ശിഖരങ്ങളുമുണ്ട്. ഗര്‍ഭഗൃഹത്തിനു പുറത്തുള്ള ചുമരില്‍ മൂന്നുനിര ശില്പങ്ങള്‍ കാണുന്നു.

20.ജട്കാരി അഥവാ ചതുര്‍ഭുജ ക്ഷേത്രം (എ.ഡി. 1000). ഈ വൈഷ്ണവക്ഷേത്രത്തിനു തെക്കോട്ടാണ് ദര്‍ശനം. ഗര്‍ഭഗൃഹത്തിന്റെ പുറംചുമരില്‍ മൂന്നു നിര ശില്പങ്ങളുണ്ട്.

(വി. മന്മഥന്‍ നായര്‍, ജെ.കെ. അനിത)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%9C%E0%B5%81%E0%B4%B0%E0%B4%BE%E0%B4%B9%E0%B5%8A" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍