This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖഗോളമിതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖഗോളമിതി

Astrometry

നക്ഷത്രങ്ങളുടെയും മറ്റു ഖഗോളവസ്തുക്കളുടെയും സ്ഥാനവും ചലനവും കൃത്യമായി അളന്നു തിട്ടപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുന്ന ജ്യോതിശ്ശാസ്ത്രശാഖ. ഗോളീയ ജ്യോതിശ്ശാസ്ത്രം എന്നും ഇത് അറിയപ്പെടുന്നു. ഖഗോളമിതിയും ഖഗോള ബലതന്ത്രവും ജ്യോതിര്‍ഭൗതികവുമാണ് ജ്യോതിശ്ശാസ്ത്രത്തിന്റെ മൂന്ന് പ്രധാനശാഖകള്‍. അവയില്‍ ആദ്യത്തെ രണ്ടെണ്ണമാണ് ഏറ്റവും പഴക്കം ചെന്ന ശാഖകള്‍. ഒരു കാലത്ത്, കപ്പലുകളുടെ ഗതി നിര്‍ണയിക്കാന്‍ നക്ഷത്രങ്ങള്‍ സഹായിച്ചിരുന്നതുകൊണ്ട്, വളരെ പ്രാധാന്യമുള്ള ഒരു പഠനമേഖലയായി പുരാതനകാലം മുതല്‍ക്കേ ഖഗോളമിതിയുടെ അടിസ്ഥാനതത്ത്വങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. ജ്യോതിര്‍ഭൗതികം വികസിക്കുന്നതുവരെ ഖഗോളമിതി തന്നെയായിരുന്നു ജ്യോതിശ്ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശാഖ. ഇന്ന് സൗരയൂഥത്തിന്റെയും നമ്മുടെ നക്ഷത്രസമൂഹമായ ആകാശഗംഗയുടെയും ഉദ്ഭവവും പരിണാമവുമായി ബന്ധപ്പെട്ട പല ഗവേഷണങ്ങളും നടത്തുന്നതിന് അന്ന് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചുവരുന്നു.

നക്ഷത്രകാറ്റലോഗുകളുടെ ചരിത്രവും ഖഗോളമിതിയുടെ ചരിത്രവും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഏതാണ്ട് ക്രി.മു. 190 കാലത്ത് തന്നെ നക്ഷത്രകാറ്റലോഗുകളുടെ സഹായത്തോടെ ഭൂമിയുടെ അയനത്തെക്കുറിച്ച് (ഭൂമിയുടെ അച്ചുതണ്ടിന്റെ ദിശയിലുള്ള ക്രമമായ മാറ്റം,precession) ഹിപ്പാര്‍ക്കസ് പഠിക്കുകയുണ്ടായി. അദ്ദേഹം അക്കാലത്തുതന്നെ നക്ഷത്രങ്ങളുടെ കാന്തികമാനം (Magnitude) അളക്കാനുള്ള അളവുകോലും വികസിപ്പിച്ചിരുന്നു. ഇന്നും നാമുപയോഗിക്കുന്നത് ഇതിന്റെ ഔപചാരികമാക്കിയ രൂപമാണ്.

ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെയും നിരീക്ഷണങ്ങളുടെ സൂക്ഷ്മതയുടെയും അടിസ്ഥാനത്തില്‍ ഖഗോളമിതിയെ ചരിത്രപരമായി മൂന്ന് കാലഘട്ടങ്ങളായി തിരിക്കാം. നഗ്നനേത്രങ്ങള്‍കൊണ്ട് നിരീക്ഷണം നടത്തിയിരുന്ന കാലഘട്ടമാണ് ആദ്യത്തേത്. ദൂരദര്‍ശിനി ഉപയോഗിച്ചുള്ള നിരീക്ഷണങ്ങള്‍ സാധ്യമായപ്പോഴാണ് രണ്ടാമത്തെ കാലഘട്ടത്തിന്റെ ആരംഭം. നിരീക്ഷണങ്ങളുടെ സൂക്ഷ്മത ഈ കാലഘട്ടത്തില്‍ വളരെയധികം വര്‍ധിച്ചു. ഉപഗ്രഹങ്ങളുടെയും ഇന്റര്‍ഫെറോമെട്രിയുടെയും കാലഘട്ടമാണ് മൂന്നാമത്തേത്.

ഉദ്ദേശം 4500 വര്‍ഷം മുമ്പ് മനുഷ്യര്‍ നിര്‍മിച്ച, ഇംഗ്ലണ്ടിലെ വില്‍റ്റ്ഷയറിലുള്ള സ്റ്റോണ്‍ഹെഞ്ച് എന്നറിയപ്പെടുന്ന കരിങ്കല്‍ സ്മാരകം യഥാര്‍ഥത്തില്‍ ജ്യോതിശ്ശാസ്ത്രനിരീക്ഷണങ്ങള്‍ക്കായി നിര്‍മിച്ചതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ചൈനയിലും ഇന്ത്യയിലും ഇതിനടുത്ത കാലഘട്ടത്തില്‍ത്തന്നെ വാനനിരീക്ഷണങ്ങള്‍ നടത്തിയിരുന്നതായി സൂചനകളുണ്ട്. ഇന്ത്യയില്‍ ഏതാണ്ട് ക്രി.മു. 1200-ലാണ് ആദ്യത്തെ ജ്യോതിശ്ശാസ്ത്രഗ്രന്ഥം രചിക്കപ്പെടുന്നത്. ലഗധന്റെ (Lagadha) വേദാംഗജ്യോതിഷം ആണ് പ്രസ്തുത ഗ്രന്ഥം. അക്കാലത്തെ ഭാരതീയ ജ്യോതിശാസ്ത്രം ബ്രാഹ്മണ മതവും ജ്യോത്സ്യവുമായി അടുത്ത് ബന്ധപ്പെട്ടിരുന്നതുകൊണ്ട് അവയുടെ സ്വാധീനം അന്നത്തെ മിക്ക ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. എങ്കിലും അതില്‍ ജ്യോതിശ്ശാസ്ത്രസംബന്ധമായ കണക്കുകൂട്ടലുകളും മറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്യഭടന്‍ (അഞ്ചാം ശതകം), ഭാസ്കരന്‍ (ആറാം ശതകം), പന്ത്രണ്ടാം ശതകത്തില്‍ മറ്റൊരു ഭാസ്കരന്‍, 15-16 ശതകങ്ങളില്‍ ജീവിച്ചിരുന്ന നീലകണ്ഠ സോമയാജി, അച്യുതപ്പിഷാരടി തുടങ്ങിയവരാണ് പൗരാണിക ഇന്ത്യയിലെ മറ്റു പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞര്‍. ഇവരുടെയെല്ലാം പഠനങ്ങളില്‍ ഖഗോളീയ വസ്തുക്കളുടെ സൂക്ഷ്മമായ നിരീക്ഷണങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകളും കാണാം.

8-ാം നൂറ്റാണ്ടില്‍ ഇസ്ലാമിക ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഖഗോളമിതിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്കി. ക്രി.പി. 850-ല്‍ അല്‍ ഫര്‍ഗാനി ( കിതാബ് ഫി ജവാനി (Kitab fi Jawani) എന്ന ഗ്രന്ഥത്തില്‍ ക്രാന്തിവൃത്തത്തിന്റെ ചരിവ്, സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണപഥത്തിലെ ഏറ്റവും അകന്ന ബിന്ദുവിന്റെ (apogee) അയനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. 8-9 ശതകങ്ങളില്‍ ജീവിച്ചിരുന്ന അല്‍ ബത്താനി അമാവാസിയുടെ സമയവും സൗരവര്‍ഷത്തിന്റെ ദൈര്‍ഘ്യവും മറ്റും കണക്കുകൂട്ടി. സൗരവര്‍ഷം 365 ദിവസും 5 മണിക്കൂറും 46 മിനിട്ടും 24 സെക്കന്‍ഡ് ആണെന്ന് അദ്ദേഹം കണ്ടുപിടിച്ചു. അല്‍-സൂഫി, ഇബ്ന്‍ യൂനസ് തുടങ്ങി പല പ്രമുഖ ഇസ്ലാമിക ജ്യോതിശ്ശാസ്ത്രജ്ഞരും ഖഗോളമിതിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവന നല്കിയിട്ടുണ്ട്.

ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബ്രഹ്മഗുപ്തന്റെ ബ്രഹ്മസ്ഫുടസംഹിത എന്ന ഗ്രന്ഥം ഭാരതീയ ജ്യോതിശ്ശാസ്ത്രവും ഗണിതശാസ്ത്രവും കൈകാര്യം ചെയ്തിരുന്നു. ക്രി. പി. 771-ല്‍ ബാഗ്ദാദില്‍ അത് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഈ ഗ്രന്ഥത്തിന് ഇസ്ലാമിക ജ്യോതിശ്ശാസ്ത്രത്തിനുമേല്‍ കാര്യമായ സ്വാധീനം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ഗ്രഹങ്ങളുടെ ചലനത്തെക്കുറിച്ചും ദിഗ്ഭ്രംശം (parallax) കണക്കുകൂട്ടാനുള്ള സമവാക്യത്തെക്കുറിച്ചും ഗ്രഹണങ്ങള്‍ കണക്കുകൂട്ടുന്നതിനെക്കുറിച്ചും ബ്രഹ്മഗുപ്തന്‍ പ്രസ്തുത ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.

ടൈക്കോ ബ്രാഹെ (1546-1601) നിരീക്ഷണോപകരണങ്ങള്‍ നിര്‍മിക്കുന്നതിലും സൂക്ഷ്മഗ്രഹനിരീക്ഷണങ്ങള്‍ നടത്തുന്നതിലും അതിസമര്‍ഥനായിരുന്നു. ടൈക്കോയുടെ സൂക്ഷ്മമായ ഗ്രഹനിരീക്ഷണങ്ങളെ പിന്തുടര്‍ന്നാണ് യൊഹന്നാസ് കെപ്ലര്‍ ഗ്രഹചലനത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍ ആവിഷ്കരിക്കുന്നത്.

കോംപസ് (magnetic compass), ക്വാഡ്രന്റ് (quadrant), സെക്സ്റ്റന്റ് (sextant) എന്നിവയായിരുന്നു അക്കാലത്ത് ഉപയോഗിച്ചിരുന്ന പ്രധാന ഉപകരണങ്ങള്‍. വൃത്തത്തിന്റെ നാലിലൊന്ന് വരുന്ന ഒരു ഉപകരണമാണ് ക്വാഡ്രന്റ്. അതിന്റെ വളഞ്ഞ ഭാഗത്ത് കോണിക അളവ് അടയാളപ്പെടുത്തിയിരിക്കും. ചെറിയ കോണിക വ്യത്യാസം അളക്കാനുള്ള സൗകര്യത്തിനായി സാമാന്യം വലുപ്പമുണ്ടായിരിക്കും ഈ ഉപകരണത്തിന്. തടിയിലോ പിച്ചളയിലോ ഉണ്ടാക്കുന്ന ക്വാഡ്രന്റിന് നല്ല ഭാരമുണ്ടാകും. അതുകൊണ്ട് അത് തിരിക്കാനും മറ്റുമുള്ള സൗകര്യത്തിന് എല്ലാ വശത്തും ഭാരം ഒരുപോലെ വരത്തക്ക വിധത്തിലാണ് ഘടിപ്പിക്കുക. ക്വാഡ്രന്റിന്റെ ഋജുവായിട്ടുള്ള ഒരു വശത്ത് നക്ഷത്രത്തെയോ ഗ്രഹത്തെയോ നിരീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. ക്വാഡ്രന്റ് പോലെയുള്ള മറ്റൊരു ഉപകരണമാണ് സെക്സ്റ്റന്റ്. പക്ഷേ വൃത്തത്തിന് ആറിലൊന്നു വലുപ്പമേ ഉണ്ടാകൂ. ക്വാഡ്രന്റുപയോഗിച്ച് 90o വരെ അളക്കാമെങ്കില്‍ സെക്സ്റ്റന്റ് ഉപയോഗിച്ച് 60° വരെ മാത്രമേ അളക്കാനാകൂ. രണ്ട് ഉപകരണങ്ങളും ഫ്രേമില്‍ ഘടിപ്പിക്കുന്നവ കൂടാതെ ഭിത്തിയില്‍ ഉറപ്പിക്കുന്നവയുമുണ്ട്. മ്യൂറല്‍ ക്വാഡ്രന്റ് (അല്ലെങ്കില്‍ സെക്സ്റ്റന്റ്) എന്നാണവ അറിയപ്പെടുന്നത്. ഈ ഉപകരണങ്ങള്‍ തിരിക്കാനാവില്ല എന്നതുകൊണ്ട് ഒരു ദിശയിലുള്ള അളവുകളെ എടുക്കാനാവൂ. എന്നാല്‍ കാറ്റോ നിരീക്ഷകന്റെ ചലനങ്ങളോ ഇവയെ ബാധിക്കാത്തതുകൊണ്ട് കൂടുതല്‍ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ ഇവയുപയോഗിച്ച് സാധ്യമാണ്. നക്ഷത്രത്തിന്റെയോ ഗ്രഹത്തിന്റെയോ ചക്രവാളത്തില്‍ നിന്നുള്ള കോണിക ഉയരമോ രണ്ടു വസ്തുക്കള്‍ തമ്മിലുള്ള കോണിക ദൂരമോ അളക്കാനാണ് ക്വാഡ്രന്റുകളും സെക്സ്റ്റന്റുകളും ഉപയോഗിച്ചിരുന്നത്. ടൈക്കോ ബ്രാഹെ പ്രചാരത്തില്‍ കൊണ്ടുവന്ന മറ്റൊരു ഉപകരണമാണ് ട്രാന്‍സിറ്റ് സര്‍ക്കിള്‍, അഥവാ മെറിഡിയന്‍ സര്‍ക്കിള്‍. ഒരു ഖഗോളവസ്തു (നക്ഷത്രമോ ഗ്രഹമോ) നിരീക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്ന രേഖാംശം കടന്നുപോകുന്ന സമയവും നേരെ മുകളില്‍ (zenith) നിന്നുള്ള അതിന്റെ കോണിക ദൂരവും അളക്കാനാണ് ഇത്. രേഖാംശത്തിന് സമാന്തരമായി ക്വാഡ്രന്റ് സ്ഥാപിക്കുക എന്ന ആശയം പണ്ടുമുതലേ നിലനിന്നിരുന്നു എങ്കിലും ടൈക്കോയാണ് അത്തരമൊരു ഉപകരണം ആദ്യമായി ആ വിധം സ്ഥാപിച്ചത്.

പതിനേഴാം നൂറ്റാണ്ടില്‍ ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങള്‍ക്കായി ഗലീലിയോ ദൂരദര്‍ശിനി ഉപയോഗിക്കുന്നതോടെയാണ് കൂടുതല്‍ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്ക് വഴിവച്ചുകൊണ്ട് ആധുനിക ജ്യോതിശ്ശാസ്ത്രം പിറവി കൊള്ളുന്നത്. നഗ്നനേത്രങ്ങള്‍ക്ക് ഒരു കോണിക മിനിട്ടഫലധികം സൂക്ഷ്മതയോടെ നിരീക്ഷണം നടത്താനാവില്ല എന്ന് പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ റോബര്‍ട്ട് ഹൂക്ക് തെളിയിച്ചിരുന്നു. ദൂരദര്‍ശിനിയുടെ കണ്ടുപിടിത്തത്തോടെ ഈ പരിമിതി മറികടക്കാനും സൂക്ഷ്മത അനേകം ഇരട്ടി വര്‍ധിപ്പിക്കാനും സാധിച്ചു. ക്വാഡ്രന്റുകളിലും സെക്സ്റ്റന്റുകളിലും നഗ്നനേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കുന്നതിനുപകരം ദൂരദര്‍ശിനി ഉപയോഗിക്കാന്‍ തുടങ്ങി. ഇതോടെ സൂക്ഷ്മത ഒരു കോണിക സെക്കന്‍ഡും അതില്‍ കുറവുമായി. നക്ഷത്രങ്ങളുടെ തനതു ചലനവും (Proper motion ) ദിഗ്ഭ്രംശവും (Parallax) മറ്റും കണ്ടെത്താന്‍ ഇത് സഹായിച്ചു. ദൂരദര്‍ശിനിയോടു കൂടിയ സര്‍ക്കിളിന് ട്രാന്‍സിറ്റ് ദൂരദര്‍ശിനി എന്നുപറയുന്നു.

1729-ല്‍ ജെയിംസ് ബ്രാഡ്ലി നക്ഷത്രങ്ങളുടെ ദൃഗ്ഭ്രംശം ആദ്യമായി അളക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ ദൂരദര്‍ശിനിക്ക് അളക്കാവുന്നതിലും ചെറുതായിരുന്നു ദിഗ്ഭ്രംശം. പക്ഷേ, പകരം ഭൂമിയുടെ അച്ചുതണ്ടിന്റെ ദോലനവും (Nutation) പ്രകാശത്തിന്റെ അപഭംഗവും (Aberration) അദ്ദേഹം കണ്ടുപിടിക്കുകയുണ്ടായി. 3222 നക്ഷത്രങ്ങളുടെ വിവരപ്പട്ടിക (Catalogue) ബ്രാഡ്ലി തയ്യാറാക്കി. ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രീദ്രിറിഷ് ബെസ്സെല്‍ (Friedrich Bessel) ഈ വിവരപ്പട്ടിക മെച്ചപ്പെടുത്തുകയും 1838-ല്‍ ആദ്യമായി ഒരു നക്ഷത്രത്തിന്റെ ദൃഗ്ഭ്രംശം അളക്കുകയും ചെയ്തു.

ദിഗ്ഭ്രംശം അളക്കുന്നത് വളരെ പ്രയാസമുള്ള കാര്യമായതുകൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴും ഏതാണ്ട് 60 ശതമാനം നക്ഷത്രങ്ങളുടെ ദിഗ്ഭ്രംശം മാത്രമേ അളക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ദൂരദര്‍ശനിയോടൊപ്പം ഛായാഗ്രഹണ സംവിധാനവും കൂടി ചേര്‍ക്കാനായപ്പോള്‍ സൂക്ഷ്മത പിന്നെയും വര്‍ധിപ്പിക്കാനായി. 1960-കളില്‍ സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കുറേ നക്ഷത്രങ്ങളുടെ ദിഗ്ഭ്രംശംകൂടി അളക്കാന്‍ കഴിഞ്ഞു. 1980-കളില്‍ സി.സി.ഡി. (Charge Coupled Device) കണ്ടുപിടിച്ചു കഴിഞ്ഞപ്പോള്‍ അളക്കുന്നതിന്റെ സൂക്ഷ്മത വര്‍ധിക്കുകയും ഈ കര്‍മം അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ചെയ്യാവുന്നതായി തീരുകയും ചെയ്തു.

അതിദീര്‍ഘ ബേസ് ലൈന്‍ ഇന്റര്‍ഫെറോമെട്രി:ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലത്തിലുള്ള ദൂരദര്‍ശിനികളില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ത്ത് ഒരൊറ്റ രേഖപ്പെടുത്താന്‍ സാധിക്കുന്ന സംവിധാനം. ഒരു ഭാവനാചിത്രം

ഇന്റര്‍ഫെറോമെട്രി എന്ന സാങ്കേതികവിദ്യയും സൂക്ഷ്മത കൂട്ടാന്‍ സഹായിച്ചു. ഈ പുതിയ സാങ്കേതികവിദ്യ ദൃശ്യ, ഇന്‍ഫ്രാറെഡ്, മൈക്രോവേവ്, റേഡിയോ തരംഗദൈര്‍ഘ്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിദീര്‍ഘ ബേസ് ലൈന്‍ ഇന്റര്‍ഫെറോമെട്രി (Very Long Base Line Interferometry) എന്ന സാങ്കേതികവിദ്യ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലത്തിലുള്ള ദൂരദര്‍ശിനികളില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ത്ത്, അവയെല്ലാം കൂടി ചേര്‍ന്നാലുണ്ടാകുന്ന അത്രയും വലുപ്പത്തിലുള്ള ദൂരദര്‍ശിനിയില്‍ നിന്നെന്ന പോലെയുള്ള, ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കുന്നു. വേറെ ഏത് ദൂരദര്‍ശിനിയില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ സൂക്ഷ്മതയേറിയ ചിത്രങ്ങള്‍ നല്കാന്‍ ഇന്റര്‍ഫെറോമീറ്ററുകള്‍ക്ക് കഴിയും. റേഡിയോ തരംഗദൈര്‍ഘ്യങ്ങളില്‍ ഒരു കോണികസെക്കന്‍ഡിന്റെ ലക്ഷത്തിലൊരു ഭാഗം സൂക്ഷ്മത നേടാന്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് ആയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മൗണ്ട് വില്‍സണ്‍ നിരീക്ഷണകേന്ദ്രത്തില്‍ സ്ഥാപിച്ച മൈക്കിള്‍സണ്‍ നക്ഷത്ര ഇന്റര്‍ഫെറോമീറ്ററാണ് (Michloson Interferometry) ദൃശ്യതരംഗദൈര്‍ഘ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഇന്റര്‍ഫെറോമീറ്റര്‍. തിരുവാതിര എന്ന ചുവപ്പുഭീമന്‍ നക്ഷത്രത്തിന്റെ വ്യാസം അളക്കാന്‍ ഈ ഉപകരണത്തിലൂടെ സാധിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം ആയപ്പോഴേക്ക് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് നക്ഷത്രങ്ങളുടെ സ്ഥാനവും മറ്റും അളക്കുന്നതിന്റെ സൂക്ഷ്മത വര്‍ധിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമായി. അന്തരീക്ഷത്തിന്റെ സാന്നിധ്യം ഉണ്ടാക്കുന്ന പ്രശ്നങ്ങളും ഉപകരണത്തിന്റെ താപനിലയില്‍ വരുന്ന മാറ്റങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളും മറ്റുമായിരുന്നു ഇതിനു കാരണം. അങ്ങനെ ഇതിനുവേണ്ടി ഒരു ഉപഗ്രഹം വിക്ഷേപിക്കുന്നതിനെപ്പറ്റി ആലോചനയുണ്ടായി. 1989-ല്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ഹിപ്പോര്‍കോസ് (Hipparcos, High Precision Parallax Collecting Satalite) എന്ന ഉപഗ്രഹം വിക്ഷേപിച്ചു. ഒരു ഷ്മിറ്റ് ദൂരദര്‍ശിനിയായിരുന്നു ഇതിലുണ്ടായിരുന്നത്. ഖഗോളമിതീയ പഠനങ്ങള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ കൃത്രിമ ഉപഗ്രഹമായിരുന്നു അത്. 1989 മുതല്‍ 1993 വരെ നക്ഷത്രങ്ങളുടെ സ്ഥാനം, ദൃഗ്ഭ്രംശം, ചലനങ്ങള്‍ എന്നിവ സൂക്ഷ്മതയോടെ അത് അളന്നു. ഈ ദൗത്യത്തില്‍ നിന്നു ഒരു ലക്ഷത്തിലധികം നക്ഷത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അസാധാരണമായ സൂക്ഷ്മതയോടെ ലഭിച്ചു. ഇപ്പോള്‍ ദൂരെയുള്ള നക്ഷത്രങ്ങള്‍ക്ക് സൂര്യനുള്ളതുപോലെ ഗ്രഹങ്ങളുണ്ടോ എന്ന് പഠിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരം അനേകം ഗ്രഹങ്ങള്‍ കണ്ടെത്താനും ആയിട്ടുണ്ട്.

ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് തങ്ങളുടെ നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനാവശ്യമായ സ്ഥാനീയ വിവരങ്ങള്‍ നല്കുക എന്നതാണ് ഖഗോളമിതിയുടെ പ്രധാന കര്‍മം. എന്നാല്‍ ഇത് നല്കുന്ന വിവരങ്ങള്‍ ഖഗോള ബലതന്ത്രം, നക്ഷത്രങ്ങളുടെ ഗതികവിജ്ഞാനീയം (stellar dynamics), നക്ഷത്രസമൂഹങ്ങളുടെ ജ്യോതിശ്ശാസ്ത്രം (galactic astronomy) തുടങ്ങിയ ശാസ്ത്രശാഖകള്‍ക്ക് പ്രധാനമാണ്. ഭൂമിയിലെ സമയം കൃത്യമായി വയ്ക്കുന്നതിലും അകലെയുള്ള നക്ഷത്രത്തിന് ഗ്രഹങ്ങളുണ്ടോ എന്നു കണ്ടെത്തുന്നതിലും മറ്റും ഖഗോളമിതിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

(വി. ശശികുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍