This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗശാംബി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൗശാംബി

നാമാവശേഷമായിക്കഴിഞ്ഞ ഒരു പുരാതന ഇന്ത്യന്‍ നഗരം. ഉത്തര്‍പ്രദേശിലെ അലഹബാദില്‍നിന്ന് 48 കി.മീ. തെക്കു പടിഞ്ഞാറായിരുന്നു ഈ നഗരത്തിന്റെ സ്ഥാനം.

ബ്രഹ്മപുത്രനായ കുശന് വിദര്‍ഭാരാജകുമാരിയിലുണ്ടായ നാലു പുത്രന്മാരില്‍ മൂത്തയാളായ കുശാംബന്‍ പിതാവിന്റെ ആജ്ഞയനുസരിച്ച് പണികഴിപ്പിച്ചതായി കരുതപ്പെടുന്ന നഗരമാണ് കൗശാംബി. കുശാംബന്‍ നിര്‍മിച്ചതിനാലാണ് ഇതിന് ഈ പേരു ലഭിച്ചത്. വത്സരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന കൗശാംബിയുടെ സ്ഥാനം രാജ്യത്തിന്റെ ഏതാണ്ട് മധ്യത്തിലായിട്ടായിരുന്നു. പാണ്ഡവവംശജനായ ഉദയനന്റെ തലസ്ഥാനവും കൗശാംബി ആയിരുന്നതായി കഥാസരിത് സാഗരത്തില്‍ പറയുന്നുണ്ട്.

ആറാമത്തെ തീര്‍ഥങ്കരന്റെ ജന്മദേശമായ കൗശാംബിയില്‍ ശ്രീബുദ്ധന്‍ രണ്ടുപ്രാവശ്യം താമസിച്ചിട്ടുണ്ടത്രേ. ഉദയനന്‍ ബുദ്ധമതം സ്വീകരിച്ചതോടെ ഇവിടെ അനേകം ബുദ്ധവിഹാരങ്ങള്‍ പണിതുയര്‍ത്തി. ശക-കനിഷ്ക കാലഘട്ടങ്ങളില്‍ കൗശാംബി നിലനിന്നിരുന്നതായാണ് ഉത്ഖനനപഠനങ്ങള്‍ വെളിവാക്കുന്നത്. ഹൂണന്മാരും ഇവിടം ഭരിച്ചിരുന്നതായി കരുതപ്പെടുന്നു. 6-ാം ശതകത്തോടെ കൗശാംബിയുടെ പതനമാരംഭിച്ചു.

യമുനാതീരത്തു കണ്ടെത്തിയിട്ടുള്ള കൗശാംബിയുടെ അവശിഷ്ടങ്ങളില്‍ മണ്ണുമൂടിക്കിടക്കുന്ന പ്രാകാരഭിത്തികളും മറ്റും ഉള്‍പ്പെടുന്നു. വാല്മീകിരാമായണം, കഥാസരിത് സാഗരം, പാണിനീയസൂത്രങ്ങള്‍, പതഞ്ജലിഭാഷ്യം, സ്വപ്നവാസവദത്തം തുടങ്ങിയ പുരാതനഗ്രന്ഥങ്ങളിലൊക്കെ കൗശാംബി എന്ന സാംസ്കാരിക-വിദ്യാ-കേന്ദ്രത്തെക്കുറിച്ച് പരാമര്‍ശം കാണാം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%97%E0%B4%B6%E0%B4%BE%E0%B4%82%E0%B4%AC%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍