This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗളിപിതാക്കന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൗളിപിതാക്കന്മാര്‍

സുവിശേഷകനായ യോഹന്നാന്റെ നാമധേയത്തില്‍ ഫാ. റിച്ചാഡ് മ്യൂക്സ്ബെന്‍സണ്‍ സ്ഥാപിച്ച സന്ന്യാസസമൂഹത്തിലെ അംഗങ്ങള്‍. ലണ്ടനിലെ കൗളി എന്ന സ്ഥലത്ത് സഭ ആരംഭിച്ചതുകൊണ്ട് ഇതിലെ അംഗങ്ങള്‍ കൗളിപിതാക്കന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. 1866 ഡി. 27-നു സുവിശേഷകനായ യോഹന്നാന്റെ നാളില്‍, സഭ പ്രവര്‍ത്തനം ആരംഭിച്ചു. പുരുഷന്മാര്‍ക്കായി ആംഗ്ളേയസഭയില്‍ സ്ഥാപിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന സന്ന്യാസ സമൂഹമാണിത്.

പ്രസിദ്ധ പ്രഭാഷകനായ ജെ. കെബിളിന്റെ ഒരു പ്രസംഗമാണ് പ്രത്യേക സന്ന്യാസസമൂഹം സ്ഥാപിക്കുവാന്‍ റിച്ചാഡിനെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ഫാ. ഒനെയില്‍, ഫാ. ഗ്രാപ്സണ്‍ എന്നിവരുടെ സഹകരണത്തോടും ഓക്സ്ഫഡിലെ ബിഷപ്പിന്റെ അനുമതിയോടും കൂടിയാണ് ഇദ്ദഹം ഈ സന്ന്യാസ സമൂഹം സ്ഥാപിച്ചത്.

മിഷനറി പ്രവര്‍ത്തനം, ശിക്ഷണം, ഭക്തി, ലളിതജീവിതം, ധ്യാനം എന്നിവയ്ക്കാണ് ഇതിലെ അംഗങ്ങള്‍ പ്രാധാന്യം നല്കിയിരുന്നത്. ഭൂരിഭാഗം അംഗങ്ങളും പുരോഹിതന്മാര്‍ തന്നെയാണ്. പ്രത്യേക വ്യവസ്ഥയില്‍ അല്മായക്കാരായ അംഗങ്ങളെയും സ്വീകരിക്കും. ധര്‍മശിക്ഷക് പ്രവര്‍ത്തനത്തിന് അപേക്ഷിച്ച് മൂന്നു മാസത്തെ പരിശീലനത്തിനുശേഷം സന്ന്യാസാശ്രമപ്രവേശനാര്‍ഥിയായി നിയമിക്കും. ഈ സമൂഹം വിഭാഗവ്യത്യാസമില്ലാതെ ധ്യാനപ്രസംഗ യോഗങ്ങള്‍ നടത്തുന്നതിനു മുഖ്യസ്ഥാനം നല്കിയിരിക്കുന്നു. യു.എസ്സില്‍ ബോസ്റ്റണ്‍ നഗരത്തില്‍ 1870 ന. 1-നാണ് കൗളി സമൂഹത്തിന്റെ ശാഖ ആരംഭിച്ചത്. 1921-ല്‍ സ്വതന്ത്ര സമൂഹമായി. യു.എസ്സില്‍ പരിശീലനം ലഭിച്ച രണ്ടു ജപ്പാന്‍കാര്‍ ടോക്കിയോയ്ക്കു വടക്ക് ഒയാമിയില്‍ ഒരു ഭവനത്തില്‍ കൗളിപിതാക്കളുടെ പ്രവര്‍ത്തനം തുടങ്ങി. 1927-ല്‍ കാനഡയില്‍ ആരംഭിക്കുകയും 1939-ല്‍ ഒരു സ്വതന്ത്രസമൂഹമായിത്തീരുകയും ചെയ്തു. ഓക്സ്ഫഡിലുള്ള മാതൃഭവനത്തോടനുബന്ധിച്ച് മറ്റൊരുശാഖ 1874-ല്‍ ഇന്ത്യയില്‍ സ്ഥാപിതമായി. 1883-ല്‍ തെക്കേ ആഫ്രിക്കയിലും സ്കോട്ട്ലന്‍ഡിലും പ്രവര്‍ത്തനം ആരംഭിച്ചു. ഇംഗ്ളണ്ട്, യു.എസ്., കാനഡ എന്നീ രാജ്യങ്ങളില്‍ സ്വതന്ത്ര സമൂഹങ്ങളായി ഇന്നു പ്രവര്‍ത്തിക്കുന്നു. ഇംഗ്ളണ്ടിലെ മാതൃഭവനം കേന്ദ്രമാക്കി ഓക്സ്ഫഡ്, ലണ്ടന്‍, പൂണെ, കേപ്ടൌണ്‍ മാസച്യുസെറ്റ്സ് എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം തുടരുന്നു.

(റവ. കെ.എന്‍. ജേക്കബ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍