This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗലി, എബ്രഹാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൗലി, എബ്രഹാം

Cowley, Abraham (1618 - 67)

എബ്രഹാം കൗലി

ഇംഗ്ലീഷ് കവിയും പ്രബന്ധകാരനും. 1618-ല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററില്‍ ജനിച്ചു. വിദ്യാര്‍ഥിയായിരിക്കെത്തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയ ഇദ്ദേഹം 1637-ല്‍ ട്രിനിറ്റി കോളജില്‍ (കേംബ്രിജ്) ചേര്‍ന്നു പഠിച്ചു. രാജപക്ഷക്കാരനായതിനാല്‍ ആഭ്യന്തരയുദ്ധക്കാലത്ത് (1643) കോളജില്‍ നിന്നു പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ഓക്സ്ഫഡിലെ സെന്റ് ജോണ്‍സ് കോളജില്‍ ചേര്‍ന്നു. രാജകുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്നു കൗലി. മാര്‍സ്റ്റണ്‍മൂര്‍ യുദ്ധാനന്തരം രാജ്ഞിക്ക് ഇംഗ്ളണ്ടില്‍ നിന്നു പാരിസിലേക്കു മാറേണ്ടിവന്നതോടെ 1645-ല്‍ കൗലി പാരിസിലേക്കു പോയി. 1656-ല്‍ ഇംഗ്ളണ്ടില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും പാരിസില്‍ച്ചെന്ന് രാജ്ഞിക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഇംഗ്ളണ്ടില്‍ രാജഭരണം വീണ്ടെടുത്തതോടെ മടങ്ങിയെത്തി. 1660-ല്‍ ജോലിയില്‍ നിന്നു വിരമിച്ച് റോയല്‍ സൊസൈറ്റി സ്ഥാപിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചു. 1667 ജൂല. 28-ന് സറേയില്‍ അന്തരിച്ചു.

ഇംഗ്ലീഷ് കവിതയിലെ ഓഡ് (Ode)-അര്‍ച്ചനാഗാനം-എന്ന രൂപശില്പത്തില്‍ എബ്രഹാം കൗലിക്ക് പങ്കുണ്ട്. അലങ്കാരശബളിമയും യുക്തിവിശേഷവും നിര്‍ലോപം പ്രകടിപ്പിച്ച്, അന്നത്തെ പദ്യരചനയെ നിയന്ത്രിക്കുകയും ആധുനിക ഇംഗ്ലീഷ് ഗദ്യം രൂപപ്പെടുത്തുന്നതില്‍ സഹായിക്കുകയും ഉണ്ടായി. 18-ാം ശതകത്തിലെ നിയോക്ളാസ്സിക് കവികള്‍ക്ക് ഇത് മാര്‍ഗദര്‍ശകമായിരുന്നു. എപ്രോപ്പൊസിഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഒഫ് എക്സ്പെരിമെന്റല്‍ ഫിലോസഫി (1661) കൗലിയുടെ ഏറ്റവും നല്ല ഗദ്യരചനയാണ്. മറ്റു പ്രധാനകൃതികള്‍: പോയറ്റിക്കല്‍ ബ്ളോസംസ് (Poetical Blossoms, 1633), ദ് ഗാഡിയന്‍ (The Guardian, 1641), പിണ്ഡാരിക് ഓഡ്സ് (Pindarique Odes, 1655), മിസെലനിസ് (Miscellanies, 1656), ഓഡ് ഒഫ് വിറ്റ് (Ode of wit, 1656), ദ് മിസ്ട്രിസ് (The Mistress, 1656), ദേവിദേസ് (Devideis,, 1656), എസ്സേസ് ഇന്‍ വേഴ്സ് ആന്‍ഡ് പ്രോസ് (Essays in Verse and Prose, 1668).

(മൂടാടി ദാമോദരന്‍).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍