This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗമുദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൗമുദി

കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ ഒരു മലയാള വാരിക. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഈ വാരികയുടെ പങ്ക് ശ്രദ്ധേയമാണ്. 1950 മാ. 6-ന് കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ചു. സി.എന്‍. ശ്രീകണ്ഠന്‍നായര്‍ ഇതിന്റെ സഹപത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൗമുദി ആഴ്ചപ്പതിപ്പിലെ പല പംക്തികളും അനുവാചകരെ ഹഠാദാകര്‍ഷിച്ചിരുന്നു, 'കൗമുദിക്കുറിപ്പുകള്‍', 'കിറുക്കുകള്‍', 'കഴിഞ്ഞയാഴ്ച', 'കൗമുദി ലീഗ്' എന്നിവ ഉദാഹരണം. പത്രാധിപരായ കെ. ബാലകൃഷ്ണന്‍ തന്നെ കൈകാര്യം ചെയ്തിരുന്ന 'കൗമുദിക്കുറിപ്പുകള്‍' ശൈലീമേന്മ, ആത്മാര്‍ഥത, ആശയഗാംഭീര്യം എന്നിവയാല്‍ പൊതുജനപ്രശംസ നേടി. തിരഞ്ഞെടുപ്പുകാലത്ത് 'പ്രിയപ്പെട്ട നാട്ടുകാരെ' എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പുകളും ശ്രദ്ധേയമായിരുന്നു.

പത്രാധിപരോട് സംസാരിക്കുക' എന്ന പംക്തിയിലെ ചോദ്യോത്തരങ്ങള്‍ രസകരവും വിജ്ഞാനപ്രദവുമായിരുന്നു.

'കിറുക്കുകള്‍' എന്ന പംക്തി കൈകാര്യം ചെയ്തിരുന്ന പ്രതിഭാസമ്പന്നനായ കാര്‍ത്തികേയന്‍ അനനുകരണീയമായൊരു ശൈലിയില്‍ രാഷ്ട്രീയവിമര്‍ശനം നിര്‍വഹിച്ചു. ഓരോ ആഴ്ചയിലും നാട്ടില്‍ നടക്കുന്ന രാഷ്ട്രീയസംഭവങ്ങളെ വിലയിരുത്തുന്ന മറ്റൊരു പംക്തിയായിരുന്നു എന്‍. രാമചന്ദ്രന്റെ 'കഴിഞ്ഞയാഴ്ച'.

കലാകുതുകികളായ ബാലികാബാലന്മാര്‍ക്കു വേണ്ടി മാറ്റിവച്ചിരുന്ന 'കൗമുദി ലീഗ്' എന്ന പംക്തിയില്‍ പില്ക്കാലത്ത് പ്രസിദ്ധരായ ടി.എന്‍. ജയചന്ദ്രന്‍, ശ്രീകുമാരന്‍തമ്പി, രമാകാന്തന്‍ മുതലായവര്‍ അംഗങ്ങളായിരുന്നു.

സി. കേശവന്റെ പ്രസിദ്ധ ഗ്രന്ഥമായ ജീവിതസമരം കൗമുദി ആഴ്ചപ്പതിപ്പിലാണ് ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്. ഒ.എന്‍.വി. കുറുപ്പ്, വയലാര്‍ രാമവര്‍മ, തിരുനല്ലൂര്‍ കരുണാകരന്‍, പുനലൂര്‍ ബാലന്‍ മുതലായ പ്രശസ്ത കവികളുടെ ആദ്യകാല കവിതകള്‍ പലതും വെളിച്ചം കണ്ടത് ഈ വാരികയിലൂടെയാണ്. പ്രസിദ്ധ നാടകനടനായിരുന്ന വിക്രമന്‍നായര്‍ മരണമടഞ്ഞ അവസരത്തില്‍ പത്രാധിപരുടെ പ്രേരണയാല്‍ വയലാര്‍ രചിച്ച കവിത ശ്രദ്ധേയമായിരുന്നു. ജി.ശങ്കരപ്പിള്ളയുടെ ആദ്യകാല നാടകങ്ങളും എം. കൃഷ്ണപിള്ളയുടെ വിമര്‍ശന ലേഖനങ്ങളും ഡി.എം. പൊറ്റക്കാട്, ജി. വിവേകാനന്ദന്‍, സരസ്വതിയമ്മ തുടങ്ങിയവരുടെ കഥകളും ഈ വാരികയ്ക്ക് മാറ്റുകൂട്ടിയിരുന്നു. പല അവസരങ്ങളിലും കൗമുദി സാഹിത്യ, രാഷ്ട്രീയ വിവാദങ്ങളുടെ വേദിയായി മാറിയിട്ടുണ്ട്.

കൗമുദിയുടെ ഓണപ്പതിപ്പുകള്‍ മലയാള സാഹിത്യത്തിനൊരു മുതല്‍ക്കൂട്ടായി മാറി. തകഴി, കേശവദേവ്, ബഷീര്‍ തുടങ്ങിയവര്‍ കൗമുദി ഓണം വിശേഷാല്‍പ്രതികളിലെ സ്ഥിരം എഴുത്തുകാരായിരുന്നു. 1970-ല്‍ വാരികയുടെ പ്രസിദ്ധീകരണം അവസാനിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%97%E0%B4%AE%E0%B5%81%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍