This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗമാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൗമാരം

ബാല്യത്തിനും യൌവനത്തിനും ഇടയ്ക്കുള്ള കാലഘട്ടം. മനുഷ്യന്റെ വളര്‍ച്ചയെയും വികാസത്തെയും സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ഒരു ദശയാണിത്. 12-13 വയസ്സു മുതല്‍ 21-22 വയസ്സുവരെയുള്ള 9 വര്‍ഷം കൗമാരകാലമായി പരിഗണിച്ചു വരുന്നു. ശരീരവളര്‍ച്ച, മാനസിക പക്വത, സാമൂഹിക ചുറ്റുപാടുകള്‍, ജീവിതരീതി, വിദ്യാഭ്യാസം, സ്വാശ്രയത്വം തുടങ്ങി പല ഘടകങ്ങള്‍ കൗമാരദശയെ സ്വാധീനിക്കുന്നതിനാല്‍ ഒരു നിശ്ചിത കാലപരിധി ഈ ഘട്ടത്തിനു നല്കുവാന്‍ പ്രയാസമാണ്. ലൈംഗിക പക്വതയുടെ ആരംഭം ശാരീരികമായി കൗമാരദശയുടെ തുടക്കം കുറിക്കുന്നു. ഇതോടെ സന്താനോത്പാദനാവയവങ്ങള്‍ വളര്‍ച്ച പ്രാപിക്കുകയും പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യും. വേണ്ട അളവില്‍ പോഷകമൂല്യങ്ങള്‍ ഉള്ള ആഹാരക്രമം സ്വീകരിക്കാന്‍ നിവൃത്തിയില്ലാത്ത കുടുംബങ്ങളിലെ കുട്ടികളില്‍ ലൈംഗിക വളര്‍ച്ചയ്ക്ക് കാലതാമസമുണ്ടാകുന്നതുമൂലം കൗമാരദശയുടെ ആരംഭത്തിനും കാലവിളംബമുണ്ടാകുന്നു. ഹൈസ്കൂളിലും കോളജിലും പഠിക്കുന്ന കാലഘട്ടം കൗമാരദശയായി പരിഗണിച്ചു വരുന്നു. പരാശ്രയം കൂടാതെ ജീവിക്കുവാനും സ്വയം തീരുമാനങ്ങള്‍ എടുക്കുവാനും വ്യക്തി പ്രാപ്തമാകുന്നതോടെ സാമൂഹിക കാഴ്ചപ്പാടില്‍ കൗമാരകാലം പിന്നിട്ടതായി പരിഗണിക്കാം. നിയമത്തിന്റെ ദൃഷ്ടിയില്‍ കൗമാരത്തിലെ കുമാരീകുമാരന്മാര്‍ ശിശുക്കളാണ്. 21 വയസ്സു തികയുന്നതോടെ ഇവരെ പ്രായപൂര്‍ത്തിയായവരായി പരിഗണിക്കുന്നു.

ദ്രുതഗതിയിലുള്ള ശരീരവളര്‍ച്ചയും വികാസവുമാണ് കൗമാര ദശയുടെ പ്രകടലക്ഷണം. ആണ്‍കുട്ടികളില്‍ ഇതിന്റെ ആരംഭം മനസ്സിലാക്കുവാന്‍ പ്രയാസമാണ്. കൂടെക്കൂടെയുള്ള ഷേവ് ചെയ്യലും ശബ്ദത്തിലുണ്ടാകുന്ന ഘനവും ലൈംഗികാവയവത്തിന്റെ വളര്‍ച്ചയും ഇതു സൂചിപ്പിക്കുന്നു. സാധാരണയായി 14-15 വയസ്സിലാണ് ഇത്തരം മാറ്റങ്ങള്‍ ഇവരില്‍ ദൃശ്യമാകുന്നത്. ചില വ്യക്തികളില്‍ ഇത് 12-18 കാലയളവിലും നടക്കാറുണ്ട്.

പെണ്‍കുട്ടികളില്‍ സ്തനങ്ങളുടെ വളര്‍ച്ച ആരംഭിക്കുന്നതോടെ കൗമാരലക്ഷണങ്ങള്‍ ദൃശ്യമാകും. മിക്കവാറും എല്ലാ പെണ്‍കുട്ടികള്‍ക്കും ആദ്യത്തെ ആര്‍ത്തവത്തിനു മുമ്പു തന്നെ സ്തനങ്ങള്‍ വളര്‍ന്നിരിക്കും. ആര്‍ത്തവത്തിന്റെ തുടക്കം കൗമാരത്തിന്റെ ആരംഭം കുറിക്കുന്നു. സാധാരണഗതിയില്‍ 13-മത്തെ വയസ്സില്‍ ആര്‍ത്തവം ആരംഭിക്കും; ചിലരില്‍ ഇതു 10-18 വയസ്സിനിടയ്ക്ക് സംഭവിക്കാറുണ്ട്. 11-14 വയസ്സുവരെയുള്ള കാലഘട്ടത്തില്‍ സമപ്രായത്തിലുള്ള ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്ക് പൊക്കവും തൂക്കവും കൂടിയിരിക്കും. ഇതു പലര്‍ക്കും മാനസിക അസ്വസ്ഥതയ്ക്കു കാരണമാകാറുണ്ട്.

കൗമാരദശയില്‍ ഉണ്ടാകുന്ന ബുദ്ധിവികാസത്തിന്റെ പ്രകടലക്ഷണമാണ് സ്വയം ചിന്തിച്ച് തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവു നേടല്‍. കൗമാരത്തിന്റെ ആരംഭത്തോടെ ത്വരിതപ്പെടുന്ന ബുദ്ധിവികാസം ഏതാണ്ട് 20 വയസ്സു കഴിയുന്നതുവരെ തുടരുന്നു. കൗമാരദശയുടെ അന്ത്യത്തോടെ ഇതു മന്ദഗതിയിലായിരിക്കും. കൗമാരദശയുടെ ആദ്യഘട്ടത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് ബുദ്ധിശക്തിയില്‍ മികവു കാണിക്കാറുള്ളത്.

സ്വഭാവത്തിലുള്ള വൈകാരികതീവ്രത കൗമാരദശയുടെ മറ്റൊരു പ്രത്യേകതയാണ്. സ്നേഹം, എതിര്‍പ്പ്, ഭയം, കോപം തുടങ്ങിയ വികാരങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഈ ഘട്ടത്തിലാണ് വ്യക്തി തന്റെ ജീവിതത്തില്‍ കൂടുതല്‍ വൈകാരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുക. ശരീരവളര്‍ച്ചയില്‍ ഉണ്ടാകുന്ന വ്യതിയാനവും ലൈംഗിക ഹോര്‍മോണുകളുടെ ഉത്പാദനവും സാമൂഹിക ക്രമീകരണപ്രശ്നങ്ങളുമാണ്, വൈകാരികതീവ്രതയുടെ പ്രധാന കാരണങ്ങള്‍. ചലച്ചിത്രം, ടെലിവിഷന്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയും ഇവരില്‍ വൈകാരികതീവ്രത ഉളവാക്കാറുണ്ട്. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക കുമാരീകുമാരന്മാരുടെ സ്വഭാവമാണ്.

അനീതികള്‍ക്കു സാക്ഷ്യം വഹിക്കേണ്ടി വരുമ്പോഴും മറ്റുള്ളവര്‍ തങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം നല്കാതിരിക്കുമ്പോഴും കുമാരീകുമാരന്മാര്‍ കോപിക്കുക സാധാരണമാണ്. ഉന്നതമായ ആദര്‍ശബോധവും ആദര്‍ശധീരതയും വിശാല മനസ്കതയും കൗമാരപ്രായത്തിന്റെ ഉത്കൃഷ്ടഗുണങ്ങളാണ്. സമൂഹത്തില്‍ കാണുന്ന ഉച്ചനീചത്വങ്ങള്‍ക്കും അനീതികള്‍ക്കും അക്രമങ്ങള്‍ക്കും എതിരായി നിലകൊള്ളുന്നതിനും അതിനെ ഉന്മൂലനം ചെയ്യുന്നതിനും എന്തു ത്യാഗവും സഹിക്കാന്‍ ഇവര്‍ തയ്യാറാകാറുണ്ട്.

പരിഹസിക്കുന്നതോ നിന്ദിക്കുന്നതോ കൗമാരക്കാര്‍ ഇഷ്ടപ്പെടാറില്ല. ഇത് ഇവരില്‍ മാനസിക ക്ഷോഭത്തിനു കാരണമായിത്തീരും. മറ്റുള്ളവരെ പരിഹസിച്ചാണ് പലരും ഇതിനു പകരംവീട്ടുക. ആണ്‍കുട്ടികള്‍ ആഭാസ പദപ്രയോഗങ്ങളില്‍ക്കൂടിയും ചിലപ്പോള്‍ ആണയിട്ടും കോപപ്രകടനങ്ങള്‍ നടത്തുമ്പോള്‍ പെണ്‍കുട്ടികള്‍ മിക്കപ്പോഴും കരച്ചിലാണ് ഇതിനുള്ള ഉപാധിയായി സ്വീകരിക്കുക. ക്ഷോഭിച്ചു വാദപ്രതിവാദങ്ങള്‍ നടത്തിയും കൂട്ടുകാരുമൊത്തു സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തും ആണ്‍കുട്ടികള്‍ കോപപ്രകടനം നടത്താറുണ്ട്. ഇതു ചിലപ്പോള്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളിലും ചെന്നെത്തിയേക്കാം. ഇവ ബാലകുറ്റകൃത്യങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. കൗമാരദശയുടെ ആദ്യഘട്ടത്തിലാണു കുറ്റവാസന കൂടുതലായി കാണുന്നത്. പുകവലി, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയ ദുശ്ശീലങ്ങളും ഈ കാലയളവില്‍ തന്നെയാണു കുട്ടികളില്‍ കടന്നുകൂടുന്നത്. രക്ഷാകര്‍ത്താക്കളുടെ നിയന്ത്രണങ്ങളില്‍ നിന്നും വിട്ടുമാറി സമപ്രായക്കാരുമായി സ്വതന്ത്രമായി പെരുമാറാന്‍ അവസരം ലഭ്യമാകുന്നതാണ് ഇതിനുള്ള പ്രധാന കാരണം.

ലൈംഗികപക്വതയുടെ ആരംഭത്തോടെ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടാനുള്ള അഭിനിവേശവും വ്യഗ്രതയും കുമാരീകുമാരന്മാരില്‍ ഉടലെടുക്കുന്നു. എന്നാല്‍ സമൂഹത്തില്‍ നിലനിന്നു വരുന്ന സാമൂഹിക വ്യവസ്ഥിതിക്കനുസരണമായി തങ്ങളുടെ പെരുമാറ്റവും സ്വഭാവവും നിയന്ത്രിക്കുവാന്‍ ബാധ്യസ്ഥരായിത്തീരുന്ന ഇവര്‍ക്ക് ജന്മസിദ്ധമായി ലൈംഗികാസക്തികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുന്നു. ഇത് ഇവരില്‍ പലവിധത്തിലുള്ള മാനസിക സമ്മര്‍ദങ്ങളും മോഹഭംഗങ്ങളും ഉളവാക്കുന്നു. തങ്ങളുടെ പ്രവൃത്തികള്‍, ശരീരഘടന, സംസാരരീതി എന്നിവയെക്കുറിച്ചെല്ലാം കുമാരീകുമാരന്മാര്‍ അതീവ ബോധവാന്മാരാണ്. തങ്ങളുടെ ലൈംഗിക അവയവങ്ങള്‍ പൂര്‍ണമായ വിധത്തില്‍ രൂപാന്തരപ്പെട്ടിട്ടുണ്ടോ എന്നറിയുവാനുള്ള ജിജ്ഞാസ കൗമാരത്തിന്റെ പൊതുസ്വഭാവമാണ്. സമപ്രായക്കാരുമായുള്ള ആശയവിനിമയമാണ് ഇതിനുള്ള പ്രധാനമായ ഉപാധിയായി ഇവര്‍ സ്വീകരിക്കാറുള്ളത്.

സാമൂഹികമായ അംഗീകാരം ലഭ്യമാകത്തക്ക വിധത്തില്‍ തങ്ങളുടെ പെരുമാറ്റവും സ്വഭാവവും ക്രമീകരിക്കുന്നതിന് കൗമാരത്തിലെ കുമാരീകുമാരന്മാര്‍ക്ക് പല ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. തങ്ങള്‍ക്ക് ചുറ്റുമുള്ള സാമൂഹികവ്യവസ്ഥിതിയും സന്മാര്‍ഗിക മൂല്യങ്ങളും മനസ്സിലാക്കി അതിനനുയോജ്യമായ സ്വഭാവം കാഴ്ചവയ്ക്കുവാനാണ് ഇവരുടെ ശ്രമം. സ്വാഭാവികമായിട്ടുള്ള പല വികാരങ്ങളുടെയും അടിച്ചമര്‍ത്തല്‍മൂലമാണ് ഇതുസാധ്യമായിത്തീരുന്നത്. ഇത്തരം മാനസിക അടിച്ചമര്‍ത്തലുകള്‍ പല വിധത്തിലുള്ള വൈകാരിക പ്രശ്നങ്ങളും സൃഷ്ടിക്കാന്‍ പര്യാപ്തമാകുന്നു. പ്രശ്നങ്ങളുടെ യഥാര്‍ഥ കാരണം മനസ്സിലാകാതെയും പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തന്റെ കുറ്റങ്ങള്‍ കൊണ്ടാണെന്നു വ്യാകുലപ്പെട്ടും നട്ടംതിരിയുക ഈ കാലഘട്ടത്തിന്റെ ശാപമാണ്. പരസ്പരവിരുദ്ധങ്ങളായ ആഗ്രഹങ്ങളും ഇവരെ ക്ളേശിപ്പിക്കാറുണ്ട്.

എതിര്‍ലിംഗത്തില്‍പ്പെട്ട വ്യക്തിയോട് ലൈംഗികാസക്തി പ്രകടിപ്പിക്കുക കൗമാരദശയുടെ ആരോഗ്യകരമായ ലക്ഷണമാണ്. ചിലര്‍ ഇതിനു മുമ്പു തന്നെ സ്വവര്‍ഗലൈംഗികാസക്തി പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടിപ്പിച്ചേക്കാം. ആത്മവിശ്വാസമില്ലായ്മയും സാമൂഹിക സുരക്ഷിതത്വബോധമില്ലായ്മയുമാണ് സ്വവര്‍ഗലൈംഗികസ്നേഹത്തിന്റെ പ്രധാന കാരണങ്ങള്‍. എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് ആത്മവിശ്വാസത്തോടുകൂടി സ്നേഹപ്രകടനങ്ങള്‍ നടത്തുവാന്‍ കഴിയുന്നവര്‍ക്ക് സ്വവര്‍ഗ സുഹൃത്തുക്കളുമായി അഭികാമ്യമായ സ്നേഹബന്ധങ്ങള്‍ പുലര്‍ത്തുവാന്‍ കഴിയും. കൗമാരദശയിലെ ആരോഗ്യകരമായ ജീവിതത്തിനും പ്രവര്‍ത്തനത്തിനും ഇവരുടെ വിവിധങ്ങളായ ആവശ്യങ്ങള്‍- ശാരീരികം, മാനസികം, സാമൂഹികം-നിറവേറേണ്ടതായിട്ടുണ്ട്. ഇതിന് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും സഹകരണം ഇവര്‍ക്കാവശ്യമാണ്. ഈ കാലഘട്ടത്തില്‍ കുട്ടികളില്‍ക്കാണുന്ന സവിശേഷ സ്വഭാവങ്ങള്‍ പ്രായത്തിന്റെ ചാപല്യങ്ങളാണെന്നു മനസ്സിലാക്കി ഇവരുടെ കുറ്റങ്ങളും കുറവുകളും പരിഹരിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും നല്കുന്നതിന് മുതിര്‍ന്നവര്‍ക്കു കഴിയേണ്ടതാണ്.

കൗമാരദശയില്‍ കുട്ടികളുടെ മാനസികാരോഗ്യസംരക്ഷണത്തിനു പ്രത്യേക പരിഗണന നല്കേണ്ടതായിട്ടുണ്ട്. സ്നേഹം, സുരക്ഷിതത്വം, സ്വാതന്ത്യ്രം, സാന്മാര്‍ഗികമായ പൂര്‍ണത എന്നിവ തൃപ്തികരമായ മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതങ്ങളാണ്. ഈ ദശയില്‍ പെണ്‍കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്തായി മാതാവ് മാറിയാല്‍ ഏറെ നന്ന്. പിതാവിന്റെ സ്നേഹത്തോടെയുള്ള പെരുമാറ്റം ആണ്‍കുട്ടികളില്‍ നല്ല ഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.

(ഡോ. വി. ജോര്‍ജ്മാത്യു; സ.പ., ഡോ. രാഖി എ. എസ്.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%97%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍