This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗടല്യന്‍ (ബി.സി. 4-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൗടല്യന്‍ (ബി.സി. 4-ാം ശ.)

പ്രാചീനഭാരതത്തിലെ രാജ്യതന്ത്രജ്ഞനും രാഷ്ട്രമീമാംസകനും. ചാണക്യന്‍ (ചണകദേശക്കാരന്‍) എന്ന പേരിലും അറിയപ്പെടുന്ന കൗട(ടി)ല്യന്‍, പാടലീപുത്രം ഭരിച്ച ചന്ദ്രഗുപ്തമൗര്യന്റെ (ബി.സി. 324-300) ബ്രാഹ്മണമന്ത്രിയായിരുന്നു. വിഷ്ണുഗുപ്തന്‍ എന്നാണ് വിഷ്ണുഭക്തനായ പിതാവു നല്കിയ പേര്‍ എന്ന് കാമനന്ദകീയ നീതിസാരവ്യാഖ്യയിലും കുടലഗോത്രജനാണെന്ന് നാനാര്‍ഥാര്‍ണവസംക്ഷേപത്തിലും കാണുന്നു. ദ്രാമിളന്‍ എന്നും ചില പ്രാചീന കോശഗ്രന്ഥങ്ങളില്‍ കാണാം.

അതിബുദ്ധിമാനും ഋഷികല്പനും സര്‍വതന്ത്രവേദിയുമാണ് ഇദ്ദേഹം എന്നതിന് അര്‍ഥശാസ്ത്രം എന്ന രാഷ്ട്രമീമാംസാഗ്രന്ഥം തെളിവാണ്. സര്‍വശാസ്ത്രങ്ങളും ഇതില്‍ താന്‍ വിവരിക്കുന്നത് നരേന്ദ്രനുവേണ്ടിയാണെന്ന് കൗടല്യന്‍ വ്യക്തമാക്കുന്നുണ്ട്. ഈ നരേന്ദ്രന്‍ ചന്ദ്രഗുപ്തനാണെന്നും, അദ്ദേഹത്തിനുവേണ്ടി നന്ദരാജവംശം നശിപ്പിക്കുകയും നീതിശാസ്ത്രത്തെ ഉദ്ധരിക്കുകയും ചെയ്തത് വിഷ്ണുഗുപ്തന്‍ (കൗടല്യന്‍) ആണെന്നും കാമന്ദകന്റെ നീതിശാസ്ത്രത്തില്‍ (ബി.സി. 1-ാം ശ.) പ്രസ്താവിക്കുന്നു. 6000 സ്ലോകങ്ങളുള്ള അര്‍ഥശാസ്ത്രത്തിന്റെ കര്‍ത്താവായ കൗടല്യന്‍ ചന്ദ്രഗുപ്തന്റെ മന്ത്രി തന്നെയോ എന്ന കാര്യത്തില്‍ ചില പാശ്ചാത്യ ചരിത്രകാരന്മാര്‍ക്കു സംശയമുണ്ടെങ്കിലും എല്ലാ ഭാരതീയ പണ്ഡിതന്മാരും ഡോ. ജക്കോബി, വിന്‍സന്റ് സ്മിത്ത് തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാരും ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിയായിരുന്നു കൗടല്യന്‍ എന്ന പക്ഷക്കാരാണ്.

പാടലീപുത്രം തലസ്ഥാനമായ മഗധയില്‍നിന്നു നന്ദന്മാര്‍ നാടുകടത്തിയവരാണ് ചന്ദ്രഗുപ്തമൗര്യനും ചാണക്യനും. ഇവര്‍ തക്ഷശിലയിലേക്കു പോവുകയും അലക്സാണ്ടറെ സന്ദര്‍ശിക്കുകയും ചെയ്തു. ബാബിലോണിയയില്‍വച്ച് അലക്സാണ്ടര്‍ മരിച്ചതോടെ ചന്ദ്രഗുപ്തനും ചാണക്യനും ഗ്രീക്കുഭടന്മാരെ തോല്പിച്ച് തക്ഷശില പിടിച്ചു. തുടര്‍ന്ന് ദേശീയത മുന്‍നിര്‍ത്തി ചന്ദ്രഗുപ്തനും ചാണക്യനും മഗധരാജ്യം കീഴടക്കി മൗര്യസാമ്രാജ്യം സ്ഥാപിച്ചു. ചാണക്യനെ ഇന്ത്യന്‍ മാക്കിയവെല്ലി എന്നു പറയാറുണ്ട്. എന്നാല്‍ ഇദ്ദേഹം മാക്കിയവെല്ലിയെക്കാള്‍ ബുദ്ധികൊണ്ടും കര്‍മംകൊണ്ടും വളരെ മഹത്ത്വമുള്ള ആളായിരുന്നു എന്ന് ജവഹര്‍ലാല്‍ നെഹ്രു ഇന്ത്യയെ കണ്ടെത്തലില്‍ പറയുന്നു. സ്വജീവിതത്തില്‍ സരളനും കഠിനവ്രതനും ആഡംബരങ്ങളില്‍ മുഴുകാത്തവനും ആയ ചാണക്യന്‍ തന്റെ പ്രതിജ്ഞ നിറവേറ്റിയപ്പോഴും ബ്രാഹ്മണോചിതമായി പ്രാപഞ്ചിക കാര്യങ്ങളില്‍ നിന്നൊഴിഞ്ഞ് ആത്മീയചിന്തയില്‍ മുഴുകിയതേയുള്ളൂ.

നയതന്ത്രബന്ധങ്ങള്‍ക്ക് കൗടല്യന്റെ നിയമങ്ങള്‍ ഇന്നും പ്രസക്തമാണ്. മുഖ്യശത്രുവിനെ തോല്പിക്കുക മാത്രമല്ല, സ്വപക്ഷത്തേക്കു കൊണ്ടുവരികയും വേണം എന്നാണ് ഇദ്ദേഹത്തിന്റെ സിദ്ധാന്തം.

രാജ്യഭരണത്തിന്റെ പ്രായോഗികവിധികള്‍ അടങ്ങിയ അര്‍ഥശാസ്ത്രവും അതിന്റെ ഭാഷ്യവും കൗടല്യന്‍ രചിച്ചു. കൗടലീയാര്‍ഥശാസ്ത്രം ഒരു ഗ്രന്ഥമെന്നതിനുപരി പ്രാചീന ഭാരതത്തിലെ ഗ്രന്ഥസമൂഹമാകുന്നു എന്നാണ് അഭിജ്ഞമതം.

അര്‍ഥശാസ്ത്രമല്ലാതെ മറ്റു കൃതികള്‍ കൗടല്യന്‍ രചിച്ചിരുന്നോ എന്നു തീര്‍ച്ചയില്ല. ഭട്ടസ്വാമി, തന്റെ വ്യാഖ്യാനത്തില്‍ ധാതുകൗടലീയം എന്നൊരു കൃതിയെ പരാമര്‍ശിക്കുന്നുണ്ട്. ബൃഹത്സംഹിതയില്‍ ജ്യോതിശ്ശാസ്ത്രവിഷയകമായ ചില സ്ലോകങ്ങള്‍ കൗടല്യന്റെതാണെന്നു പറയുന്നു.

ചാണക്യന്‍ എന്ന വാക്ക് കുശാഗ്രബുദ്ധിക്കു പര്യായമായിത്തീര്‍ന്നിട്ടുണ്ട് മിക്ക ഇന്ത്യന്‍ ഭാഷകളിലും. നയതന്ത്രജ്ഞതയെയും ആ പദം സൂചിപ്പിക്കുന്നതിനാലാവണം, ദില്ലിയില്‍ നയതന്ത്രപ്രതിനിധികാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിന് 'ചാണക്യപുരി' എന്നും അവിടത്തെ വീഥിക്ക് 'കൗടില്യാമാര്‍ഗ്' എന്നും പേരിട്ടത്. ചാണക്യതന്ത്രം രംഗത്തു പ്രയോഗിക്കുന്ന ഒരു സംസ്കൃത നാടകമാണ് വിശാഖദത്തന്റെ മുദ്രാരാക്ഷസം (8-ാം ശ.). നന്ദരാജമന്ത്രിയായ രാക്ഷസനെ കൃത്രിമരേഖകളുണ്ടാക്കി ചാരന്മാര്‍ മുഖാന്തിരം ഒറ്റപ്പെടുത്തുന്നതും രാക്ഷസന്റെ പ്രതിക്രിയയെ അതിലും കവിഞ്ഞ ബുദ്ധിയുപയോഗിച്ചു പരാജയപ്പെടുത്തുന്നതും രാജ്യലബ്ധിക്കുവേണ്ടി ചതി, കൊല തുടങ്ങിയ ഉപായങ്ങള്‍വരെ ആശ്രയിക്കുന്നതും ചിത്രീകരിക്കുന്ന ഈ നാടകത്തിലെ പ്രധാന കഥാപാത്രം ചാണക്യനാണ്. നോ. അര്‍ഥശാസ്ത്രം

(ഡോ. കെ. രാഘവന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍