This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ഷത്രിയര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്ഷത്രിയര്‍
ഹിന്ദുസമൂഹത്തിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയനുസരിച്ചുള്ള ഒരു ജാതി. രാജന്യര്‍ എന്നും പേരുണ്ടായിരുന്നു. പുരാതന ഭാരതത്തില്‍ നിവസിച്ചിരുന്ന ആര്യ, ദ്രാവിഡ, സിഥിയ, കുഷാന, ഹൂണ, മംഗോളിയ തുടങ്ങിയ വര്‍ഗക്കാരില്‍ യുദ്ധവും ഭരണവും തൊഴിലായി സ്വീകരിച്ചിരുന്ന ജനവിഭാഗങ്ങളാണ് പില്ക്കാലത്ത് ക്ഷത്രിയരായിത്തീര്‍ന്നത്. 'ക്ഷത്രിയഃ പരിപാലയേല്‍' (ക്ഷത്രിയന്റെ ധര്‍മം ജീവന്റെയും സ്വത്തിന്റെയും പരിപാലനമാണ്) എന്ന് ഹിന്ദുധര്‍മശാസ്ത്രം നിര്‍ദേശിക്കുന്നു. ക്ഷതത്തില്‍നിന്നു ത്രാണനം ചെയ്യുന്നവര്‍ (മുറിവില്‍ നിന്നു രക്ഷിക്കുന്നവര്‍) എന്നാണ് ക്ഷത്രിയര്‍ എന്ന വാക്കിന്റെ അര്‍ഥം 'ക്ഷത്രിയോ വീര്യതഃഭവേല്‍' (വീര്യത്വംമൂലം ക്ഷത്രിയനായി ഭവിക്കുന്നു) എന്നു മഹാഭാരതത്തില്‍ പറഞ്ഞിട്ടുണ്ട്.
വേദസാഹിത്യത്തില്‍ സമൂഹത്തെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ ഇങ്ങനെ മൂന്നായി തിരിച്ചിരുന്നതായി പരാമര്‍ശമുണ്ട്. അന്നു തൊഴിലിനെ അടിസ്ഥാനമാക്കിയാണ് ഇത്തരം വിഭജനം നടത്തിയിരുന്നത് എന്നു കരുതപ്പെടുന്നു. വേദത്തിലും ബ്രാഹ്മണങ്ങളിലും രാജാക്കന്മാരെ കുറിക്കാന്‍ ക്ഷത്രിയര്‍ എന്ന വാക്കു പ്രയോഗിച്ചു കാണുന്നു. കൃഷിയും കുടില്‍വ്യവസായങ്ങളും ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരുന്ന ഒരു വിഭാഗം പിന്നീട് ശൂദ്രര്‍ എന്ന പേരില്‍ അറിയപ്പെട്ടു. ഒരു ജാതിയില്‍പ്പെട്ട ഒരംഗം മറ്റൊരു ജാതിയുടേതെന്ന് അംഗീകരിച്ചിരുന്ന ജോലിയിലേര്‍പ്പെട്ടാല്‍ ആ ജാതിയിലെ അംഗമായി അക്കാലത്ത് പരിഗണിച്ചിരുന്നു. അങ്ങനെ ബ്രാഹ്മണരില്‍ നിന്നും വൈശ്യരില്‍നിന്നും ശൂദ്രരില്‍ നിന്നും യുദ്ധപ്രിയരും ഭരണതത്പരരുമായവര്‍ ക്ഷത്രിയരായി മാറി. കുരുക്ഷേത്രയുദ്ധത്തിലെ സേനാനായകന്മാരായിരുന്ന ദ്രോണാചാര്യരും അശ്വത്ഥാമാവും ബ്രാഹ്മണരായിരുന്നു. ഗ്രീക്കുകാരെയും പേര്‍ഷ്യന്‍ യോദ്ധാക്കളെയുംകൂടി ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തി ക്ഷത്രിയരായി അംഗീകരിക്കാമെന്ന് ചില ധര്‍മശാസ്ത്രങ്ങള്‍ വിധിക്കുന്നു.
കാലക്രമത്തില്‍ ഒരു കുടുംബത്തില്‍ ജനിക്കുന്നയാള്‍ക്ക് ഒരു പ്രത്യേക ജാതി എന്നു ജനനംകൊണ്ടുതന്നെ ജാതിസ്ഥിരീകരിക്കുന്ന സ്ഥിതി ഹിന്ദുസമൂഹത്തില്‍ വന്നുചേര്‍ന്നു. ജാതികള്‍ക്ക് ഉച്ചനീചത്വവും കല്പിക്കപ്പെട്ടു. ഏറ്റവും ഉയര്‍ന്ന ജാതിക്കാരന്‍ ബ്രാഹ്മണന്‍, പിന്നീടു ക്ഷത്രിയന്‍ മൂന്നാമത് വൈശ്യന്‍, നാലാമത് ശൂദ്രന്‍ എന്നുവിധിച്ചു. വിരാട്പുരുഷന്റെ മുഖത്തുനിന്നു ബ്രാഹ്മണനും കൈയില്‍നിന്നു ക്ഷത്രിയനും തുടയില്‍നിന്നു വൈശ്യനും പാദത്തില്‍ നിന്നു ശൂദ്രനും ഉണ്ടായി എന്നു പുരുഷസൂക്തം പറയുന്നു. ബ്രാഹ്മണന്‍ സന്ന്യാസിയായാല്‍ ബ്രഹ്മര്‍ഷി എന്നും ക്ഷത്രിയര്‍ സന്ന്യാസിയായാല്‍ രാജര്‍ഷി എന്നും അറിയപ്പെട്ടു. രാജര്‍ഷിയായ വിശ്വാമിത്രനും ബ്രഹ്മര്‍ഷിയായ വസിഷ്ഠനും തമ്മില്‍ ശക്തിപരീക്ഷ നടത്തിയ കഥ ക്ഷത്രിയര്‍ ബ്രാഹ്മണരെ ശ്രേഷ്ഠന്മാരെന്നു പലപ്പോഴും അംഗീകരിച്ചിരുന്നില്ല എന്നു തെളിയിക്കുന്നു. ജനകന്‍, അജാതശത്രു തുടങ്ങിയ പല ക്ഷത്രിയരാജാക്കന്മാരും തത്ത്വചിന്തകരും ബ്രഹ്മവിദ്യ പഠിപ്പിച്ചിരുന്നവരുമായിരുന്നു. ബുദ്ധമതം പ്രചരിച്ചിരുന്ന കാലത്തു രാജാക്കന്മാര്‍ പലരും ബുദ്ധമതം സ്വീകരിക്കുകയും മതപ്രചാരണം നടത്തുകയും ചെയ്തു. ബുദ്ധമതസ്ഥാപകനായ ശ്രീബുദ്ധനും ജൈനമതസ്ഥാപകനായ മഹാവീരനും രാജാക്കന്മാരായിരുന്നു. എന്നാല്‍ പില്ക്കാലത്തു രാജാക്കന്മാര്‍ വീണ്ടും ഹിന്ദുമതാനുയായികളായിമാറി.
സൂര്യവംശമെന്നും ചന്ദ്രവംശമെന്നും പ്രധാനപ്പെട്ട രണ്ടു ക്ഷത്രിയവംശങ്ങള്‍ പ്രാചീനകാലത്ത് ഉണ്ടായിരുന്നു. അവയില്‍പ്പെട്ട അനേകം രാജാക്കന്മാരുടെ ചരിത്രം മഹാഭാരതത്തിലും പുരാണങ്ങളിലും മഹാകാവ്യങ്ങളിലും വിവരിക്കുന്നുണ്ട്. രാജാവിന് അഷ്ടദിക്പാലകന്മാരുടെ ശക്തി സ്വായത്തമാണെന്ന് വിശ്വസിച്ചിരുന്നു. ഭരണത്തിന്റെ നടത്തിപ്പിനു തീരുവയും ചുങ്കവും നികുതിയും പിരിച്ചുവന്നു. വ്യാപാരികളും, ജന്മിമാരും വരുമാനത്തിന്റെ ആറില്‍ ഒന്ന് ഖജനാവിലേക്കു നല്കി. ജനപ്രതിനിധികള്‍, വൈദികന്മാര്‍, വൈദ്യന്മാര്‍, ജ്യോത്സ്യന്മാര്‍, മന്ത്രിമാര്‍ ഇവര്‍ 'പഞ്ചമഹാസഭകള്‍' എന്നു പ്രസിദ്ധമായ ആലോചനാസഭകള്‍ വഴി രാജാവിനു ഭരണപരമായ നിര്‍ദേശങ്ങള്‍ നല്കിപ്പോന്നു. അയല്‍രാജ്യം ആക്രമിച്ചു കീഴടക്കുന്നത് രാജാവിന്റെ ധര്‍മമായി കണക്കാക്കി. ധര്‍മയുദ്ധം ക്ഷത്രിയന്റെ ധര്‍മമായി അംഗീകരിക്കപ്പെട്ടു. വിജ്ഞാനഭിക്ഷുക്കളും സമാധാനപ്രിയരുമായ ബ്രാഹ്മണരെയും, സത്യാന്വേഷികളും തപോധനന്മാരുമായ സന്ന്യാസിമാരെയും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക രാജാവിന്റെ കടമയായി അംഗീകരിച്ചിരുന്നു.
ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ സമൂഹത്തില്‍ ക്ഷത്രിയര്‍ക്കു പ്രബലമായ സ്വാധീനമുണ്ട്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 'ക്ഷത്രിയസഭ' സംഘടിപ്പിച്ചിട്ടുള്ള ഇവര്‍ രാഷ്ട്രീയരംഗത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നു.
ബീഹാറിലെ 'ബാഭന്‍' വര്‍ഗക്കാരും ആന്ധ്രയിലെ 'കാപു' വിഭാഗക്കാരും ഉത്തര്‍പ്രദേശിലെ 'ലോധാ' വിഭാഗക്കാരും ക്ഷത്രിയരുടെ പിന്‍ഗാമികളാണെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ഇവരുടെ പരമ്പരാഗതമായ തൊഴില്‍ കൃഷിയാണ്. 'പ്രഭു' എന്ന വിഭാഗക്കാരും ക്ഷത്രിയരാണെന്ന് ഒരു പക്ഷമുണ്ടെങ്കിലും വ്യാപാരവും ഓഫീസ്ജോലിയും മറ്റുമാണ് ഇവര്‍ ഇഷ്ടപ്പെട്ടിരുന്ന തൊഴില്‍. ജമ്മുവിലെ 'ദോഗ്രി' വിഭാഗക്കാരും ക്ഷത്രിയരുടെ പിന്‍ഗാമികളാണെന്നു വിശ്വസിക്കുന്നുണ്ട്. ആന്ധ്രപ്രദേശിലും വടക്കേ ഇന്ത്യയിലും ഒരു പ്രബല വൈശ്യവിഭാഗമായ 'കായസ്ഥര്‍' ക്ഷത്രിയരുടെ പിന്‍ഗാമികളാണെന്ന് ഒരു പക്ഷമുണ്ട്. മറ്റൊരു പ്രബലവിഭാഗമായ 'ജാട്ടുകള്‍' ഇപ്പോള്‍ പിന്നോക്ക വിഭാഗക്കാരാണെന്നു കരുതപ്പെടുന്നുണ്ടെങ്കിലും രജപുത്രരുടെ പിന്‍ഗാമികളാണെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പഞ്ചാബിലും പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും വലിയ വ്യാപാരികളായി പേരുകേട്ട 'ഖത്രി' വിഭാഗക്കാര്‍ നൂറ്റാണ്ടുകളായി വൈശ്യരായി അറിയപ്പെടുന്നുണ്ടെങ്കിലും ക്ഷത്രിയധര്‍മം ഉപേക്ഷിച്ചു വൈശ്യവൃത്തി സ്വീകരിച്ചവരാണ് എന്ന അഭിപ്രായമുണ്ട്. ഇവരില്‍ പല കുടുംബക്കാരും നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ സിക്കുമതം സ്വീകരിച്ചു.
ക്ഷത്രിയരില്‍ പല വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. ക്ഷത്രിയരായി അറിയപ്പെടുന്ന ഏറ്റവും പ്രധാനവിഭാഗമാണ് രാജസ്ഥാനിലെ രജപുത്രര്‍. ഇവര്‍ ആക്രമണകാരികളായ മുഗളന്മാരോടും പിന്നീട് ബ്രിട്ടീഷുകാരോടും നിരന്തരം യുദ്ധം ചെയ്തിരുന്നു. ഭര്‍ത്താക്കന്മാര്‍ക്ക് യുദ്ധത്തില്‍ അപകടം സംഭവിച്ചാല്‍ ശത്രുക്കളില്‍ നിന്നുള്ള മാനഹാനി ഭയന്ന് രജപുത്രസ്ത്രീകള്‍ കൂട്ടമായി അഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ക്ഷത്രിയവംശത്തിലെ ധീരരായ വനിതകളുടെ പ്രതീകമാണ് യുദ്ധത്തിനു നേരിട്ടിറങ്ങിയ ഝാന്‍സിറാണി.
കേരളത്തില്‍ സംഘകാലത്തു ഭരണം നടത്തിയിരുന്ന ക്ഷത്രിയര്‍ ഒരു ജാതിയായി അറിയപ്പെട്ടിരുന്നില്ല. മഹോദയപുരം കേന്ദ്രമാക്കി രണ്ടാം ചേരസാമ്രാജ്യം വാണ കുലശേഖരന്മാര്‍ മുതലാണ് ക്ഷത്രിയരായി അവര്‍ അറിയപ്പെട്ടത്. കുലശേഖരന്മാരുടെ പിന്തുടര്‍ച്ചക്കാരായിരുന്നു വേണാട് (തിരുവിതാംകൂര്‍), കൊച്ചി രാജാക്കന്മാര്‍ എന്നു കരുതുന്നു. അവസാനത്തെ കുലശേഖരന്റെ സഹായിയായി കോഴിക്കോട്ടുണ്ടായിരുന്ന ഏറാടി കുടുംബക്കാരാണ് സാമൂതിരിമാരായി മാറിയതെന്നും വിശ്വസിക്കുന്നു. കോലത്തുനാട് രാജാക്കന്മാര്‍ കുലശേഖരന്റെ പിന്‍തുടര്‍ച്ചക്കാരായിരുന്നെന്നും, അല്ല, മൂഷികവംശത്തില്‍പ്പെട്ടവരായിരുന്നെന്നും അഭിപ്രായമുണ്ട്. തിരുവിതാംകൂര്‍ രാജാക്കന്മാരും കോലത്തുനാടു രാജാക്കന്മാരും തമ്മില്‍ സൗഹൃദവും ബന്ധുത്വവുമുണ്ടായിരുന്നു. ഈ നാലു പ്രധാന രാജ്യങ്ങളോടൊപ്പം കേരളത്തില്‍ അനേകം ചെറിയ രാജ്യങ്ങളും നിലനിന്നു. ഇവയിലധികവും ഭരിച്ചിരുന്നത് ക്ഷത്രിയ കുടുംബക്കാരായിരുന്നു. വടക്കേ അറ്റത്തെ രാജ്യമായിരുന്ന കുമ്പള ഭരിച്ചിരുന്നത് ഉത്തരേന്ത്യയില്‍ നിന്നു കുടിയേറിപ്പാര്‍ത്ത ഒരു ക്ഷത്രിയ കുടുംബമാണെന്നു കരുതുന്നു. പന്തളവും പൂഞ്ഞാറും രാജകുടുംബങ്ങള്‍ പാണ്ഡ്യരാജാക്കന്മാരുടെ പിന്തുടര്‍ച്ചക്കാരാണെന്നാണ് വിശ്വാസം. മറ്റു പ്രധാന രാജകുടുംബങ്ങള്‍ ആറ്റിങ്ങല്‍, കൊല്ലം, കായംകുളം, കൊട്ടാരക്കര, ചിറയിന്‍കീഴ്, എണ്ണയ്ക്കാട്, പ്രായിക്കര, മാവേലിക്കര, തിരുവല്ല, കാര്‍ത്തികപ്പള്ളി, മറിയപ്പള്ളി, ആറന്മുള, തെക്കുംകൂര്‍ (കോട്ടയം), ഏറ്റുമാനൂര്‍, കടനാട്, വടക്കുംകൂര്‍, കൊടുങ്ങല്ലൂര്‍, അയിരൂര്‍, ഏറനാട്, വെട്ടം, തലപ്പിള്ളി, വള്ളുവനാട്, വടക്കന്‍ കോട്ടയം, കുറുമ്പനാട്, പരപ്പനാട്, നീലേശ്വരം എന്നിവിടങ്ങളില്‍ താമസിച്ചു വന്നു.
കേരളത്തിലെ പ്രധാന ക്ഷത്രിയവിഭാഗക്കാര്‍ മഹാരാജ, രാജാ, കോയിത്തമ്പുരാന്‍, തിരുമുല്‍പ്പാട്, തമ്പാന്‍ ഇവരാണ്. അടിയോടി, ഉണ്യാതിരി, ഏറാടി, വെള്ളോടി, നെടുങ്ങാടി, സാമന്ത എന്നിവരും ക്ഷത്രിയരായിത്തന്നെ കരുതപ്പെടുന്നു. കോയിത്തമ്പുരാന്‍, രാജാ, തമ്പാന്‍, തിരുമുല്‍പ്പാട് ഈ വിഭാഗങ്ങളിലാണ് കൂടുതല്‍ കുടുംബങ്ങളുള്ളത്. കോയിത്തമ്പുരാന്‍-രാജാകുടുംബക്കാര്‍ മാവേലിക്കരയും, തമ്പാന്‍ കുടുംബക്കാര്‍ വൈക്കത്തും, തിരുമുല്‍പ്പാട് കുടുംബക്കാര്‍ ചേര്‍ത്തലയിലും തിരുവല്ലയിലുമാണ് കൂടുതലുള്ളത്. കുലശേഖര വംശത്തിന്റെ പിന്തുടര്‍ച്ചക്കാരെന്നു കരുതപ്പെടുന്ന കോയിത്തമ്പുരാന്‍ കുടുംബക്കാര്‍ ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്തു തിരുവിതാംകൂറിലേക്കു കുടിയേറിപ്പാര്‍ത്തു. തിരുവിതാംകൂര്‍ രാജാവിന്റെ ക്ഷണപ്രകാരമാണ് മലബാറിലെ തട്ടാരിക്കോവിലകത്തുനിന്നു കോയിത്തമ്പുരാന്‍ കിളിമാനൂരെത്തിയത്. ആയിലക്കോട്ടു കോവിലകത്തുനിന്ന് ചങ്ങനാശ്ശേരിയില്‍ താമസമാക്കിയ കുടുംബത്തില്‍ നിന്നാണ് പള്ളം, പാലിയക്കര, മാവേലിക്കര, ചെമ്പ്രോല്‍ തുടങ്ങിയ സ്ഥലത്ത് ഇവര്‍ എത്തിയത്. 1856-ല്‍ വടക്കേ മലബാറിലെ ബെയ്പൂരില്‍ നിന്നു വന്ന കുടുംബം ചെറുകോല്‍ കോവിലകത്തു താമസമാക്കി. വടക്കേമഠം കുടുംബം ഇവരുടെ ഒരു ശാഖയാണ്.
കേരളത്തിലെ ക്ഷത്രിയര്‍ വിദ്യാസമ്പന്നരും കലാപ്രേമികളുമായിരുന്നു. പലരും സംസ്കൃത പണ്ഡിതന്മാരും കവികളുമായിരുന്നു. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, ഏ.ആര്‍. രാജരാജവര്‍മ, പന്തളം കേരളവര്‍മ, ആട്ടക്കഥാകൃത്തുക്കളായ കൊട്ടാരക്കര, കോട്ടയം (വടക്കന്‍ കോട്ടയം) രാജാക്കന്മാര്‍, കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്മാര്‍, വയലാര്‍രാമവര്‍മ തുടങ്ങിയവര്‍ കേരളീയ സാഹിത്യത്തിലും, പ്രസിദ്ധ ചിത്രകാരന്‍ രവിവര്‍മ ചിത്രകലയിലും, സ്വാതിതിരുനാള്‍ രാജാവ് സംഗീതത്തിലും അഗ്രഗണ്യരായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സാഹിത്യത്തെയും കലകളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ തത്പരരായിരുന്നു. വലിയ ഭൂവുടമകളായിരുന്ന കോയിത്തമ്പുരാന്മാരും മഹാരാജാക്കന്മാരും രാജാക്കന്മാരും താമസിച്ചിരുന്ന വീടിന് കോവിലകമെന്നും കൊട്ടാരമെന്നും; തമ്പാന്‍, തിരുമുല്‍പ്പാട് തുടങ്ങിയവരുടെ വീടിന് കോവിലകമെന്നും മഠമെന്നും പറഞ്ഞിരുന്നു.
കേരളത്തിലെ ക്ഷത്രിയര്‍ ഭരണക്രമത്തില്‍ ബ്രാഹ്മണരെ അനുകരിച്ചിരുന്നു. ഈശ്വരവിശ്വാസികളായിരുന്ന ഇവര്‍ വീട്ടില്‍ ദൈനംദിന പൂജയും ഭജനയും നടത്തിയിരുന്നു. ഇവരില്‍ മിക്കവരും യജുര്‍വേദികളാണ്. കോയിത്തമ്പുരാന്മാരും തിരുമുല്‍പ്പാടന്മാരും വിശ്വാമിത്രഗോത്രക്കാരും, രാജാക്കന്മാര്‍ ഭാര്‍ഗവഗോത്രക്കാരുമാണ്. ഒരു ഗോത്രത്തില്‍ നിന്നുള്ളവര്‍ മറ്റു ഗോത്രങ്ങളില്‍ നിന്നു വിവാഹം കഴിക്കണമെന്ന ആചാരം നിലനിന്നിരുന്നു. പുംസവനം, സീമന്തം, നാമകരണം, ഉപനയനം തുടങ്ങിയ ബ്രാഹ്മണരുടെ ആചാരങ്ങള്‍ ക്ഷത്രിയരും ആചരിക്കുന്നു. നമ്പൂതിരിവൈദികരായിരുന്നു പുരോഹിതന്മാര്‍.