This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വീന്‍സ് ലന്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വീന്‍സ് ലന്‍ഡ്

Queensland

വടക്കുകിഴക്കന്‍ ആസ്റ്റ്രേലിയയിലെ ഒരു സംസ്ഥാനം. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിസ്തൃതിയില്‍ രണ്ടാം സ്ഥാനവും ജനസംഖ്യയില്‍ മൂന്നാംസ്ഥാനവുമാണ് ക്വീന്‍സ്ലന്‍ഡിന്റേത്. തലസ്ഥാനം: ബ്രിസ്ബെയ്ന്‍; വിസ്തീര്‍ണം: 1,852,642 ച.കി.മീ.; ജനസംഖ്യ: 4,580,700 (2011) വടക്കും കിഴക്കും പസിഫിക് സമുദ്രം, തെക്ക് ന്യൂ സൗത്ത് വെയില്‍സ്, തെക്കു പടിഞ്ഞാറ് തെക്കേ ആസ്റ്റ്രേലിയ, പടിഞ്ഞാറ് വടക്കന്‍ സംസ്ഥാനം-ഇവയാണ് അതിരുകള്‍. ഈ സംസ്ഥാനത്തിന്റെ വടക്കുനിന്നു തെക്കുവരെയുള്ള ഏറ്റവും കൂടിയനീളം 2,000 കി.മീറ്ററും, വീതി 1,500 കി.മീറ്ററുമാണ്.

ക്വീന്‍സ്ലന്‍ഡിന്റെ കിഴക്കുഭാഗത്ത് കടല്‍ത്തീരത്തിനു സമാന്തരമായി വന്‍പര്‍വതനിരകള്‍ കാണപ്പെടുന്നു. മൗണ്ട് ബാര്‍റ്റില്‍ ഫ്രീയര്‍ ആണ് ഏറ്റവും ഉയരംകൂടിയ കൊടുമുടി (1,611 മീ.). പര്‍വതനിരയ്ക്കും സമുദ്രത്തിനുമിടയ്ക്ക് ഫലപുഷ്ടമായ ഒരു സമതലമുണ്ട്. ഇതും പടിഞ്ഞാറതിരിനരികെയുള്ള ഉയര്‍ന്ന പീഠഭൂമിയുമൊഴിച്ചാല്‍ ബാക്കിഭാഗം അര്‍ധ-ഊഷരമാണെന്നു പറയാം. ഈ ഭാഗത്തെ ഉത്സ്രുതദ്രോണി (artesian basin) എന്നു പറയുന്നു. കിഴക്കോട്ടൊഴുകുന്ന ബ്രിസ്ബെയ്ന്‍, ഫിറ്റ്സ്രോയ്, ബര്‍ഡേകിന്‍; തെക്കുപടിഞ്ഞാട്ടൊഴുകുന്ന ഡയാമാന്റിനാ, തോംസണ്‍; വടക്കുകിഴക്കോട്ടൊഴുകുന്ന ഫ്ളിന്‍ഡേഴ്സ്, ഗില്‍ബര്‍ട്ട്, മിഷേല്‍ എന്നിവയാണ് പ്രധാനനദികള്‍. എന്നാല്‍ നൈസര്‍ഗികതടാകങ്ങള്‍ ഇവിടെയില്ല എന്നുതന്നെ പറയാം.

സംസ്ഥാനത്തിന്റെ പകുതിഭാഗവും ദക്ഷിണാര്‍ധഗോളത്തിന്റെ അയനാന്തരരേഖയ്ക്കുള്ളിലാണ്. മിതശൈത്യം അനുഭവപ്പെടുന്ന ഇവിടെ വേനല്‍ക്കാലത്തെ താപനില വന്‍വ്യതിയാനങ്ങള്‍ പ്രകടിപ്പിക്കുന്നു. വേനല്‍ക്കാലത്താണ് ഇവിടെ നല്ല മഴ ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വിനോദസഞ്ചാരം, ഖനനവ്യവസായം എന്നിവ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ വലിയ സംഭാവന നല്‍കിവരുന്നു. മാംസവും ക്ഷീരോത്പന്നങ്ങളും വ്യവസായാടിസ്ഥാനത്തില്‍ത്തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെയുള്ള സ്ഥലം മാത്രമേ കൃഷിക്കായി ഉപയോഗിക്കുന്നുള്ളൂ. ഗോതമ്പ്, കരിമ്പ്, ബാര്‍ലി, ചോളം എന്നിവയാണ് പ്രധാന കാര്‍ഷികോത്പന്നങ്ങള്‍. പഴവര്‍ഗങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. കാര്‍ഷികോത്പന്നങ്ങളുടെയും വനവിഭവങ്ങളുടെയും സംസ്കരണമാണ് മുഖ്യവ്യവസായങ്ങള്‍. പഞ്ചസാരഫാക്ടറികള്‍, തടിമില്ലുകള്‍, ക്ഷീരോത്പാദനകേന്ദ്രങ്ങള്‍, മാംസസംസ്കരണകേന്ദ്രങ്ങള്‍, പ്ളൈവുഡ്-റബ്ബര്‍ ഫാക്ടറികള്‍, വസ്ത്രനിര്‍മാണശാലകള്‍ എന്നിവയും ഇവിടെയുണ്ട്. നിര്‍മാണശാലകളിലെ ഭൂരിഭാഗം തൊഴിലാളികളും ബ്രിസ്ബെയ്നിലോ അതിനു സമീപമോ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്നു. കല്‍ക്കരി, ചെമ്പ്, ബോക്സൈറ്റ്, ലെഡ്, സ്വര്‍ണം, വെള്ളി, സിങ്ക് എന്നിവ ഖനനം ചെയ്തെടുക്കുന്നു. 1860-ല്‍ കണ്ടുപിടിച്ച സ്വര്‍ണനിക്ഷേപം ഇവിടേക്ക് പുതിയ കുടിയേറ്റക്കാരെ വന്‍തോതില്‍ ആകര്‍ഷിച്ചു. 1960-ല്‍ എണ്ണ പ്രകൃതിവാതക നിക്ഷേപങ്ങളും കണ്ടെത്തുകയുണ്ടായി. തീരപ്രദേശങ്ങളും മഴക്കാടുകളും വരണ്ട ഉള്‍നാടന്‍ പ്രദേശങ്ങളും ക്വിസ്ലാന്‍ഡിന്റെ പ്രകൃതിപരമായ സവിശേഷതകളാണ്. ബ്രിസ്ബെയിന്‍, കെയിന്‍സ്, പോര്‍ട്ട് ഡഗ്ലസ്, ഡെയ്ന്‍ ടീ മഴക്കാടുകള്‍, ഗോള്‍ഡ് കോസ്റ്റ് തുടങ്ങിയ സ്ഥലങ്ങള്‍, വന്യജീവിസങ്കേതങ്ങള്‍ എന്നിവ ക്വീന്‍സ്ലന്‍ഡിന്റെ വിനോദസഞ്ചാരമേഖലയെ സമ്പന്നമാക്കുന്നു.

1770-ല്‍ ക്യാപ്റ്റന്‍ ജയിംസ് കുക്ക് ആയിരുന്നു ക്വീന്‍സ്ലന്‍ഡ് ആദ്യമായി കണ്ടെത്തിയത്. ന്യൂ സൗത്ത്വെയില്‍സിന്റെ അധികാരപരിധിക്കുള്ളിലായിരുന്നു ആദ്യകാലത്ത് ക്വീന്‍സ്ലന്‍ഡ്. 1824 മുതല്‍ 43 വരെ ഇംഗ്ലീഷ് തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള കോളനിയായി ഇതുമാറി. 1842-ല്‍ മറ്റു ജനങ്ങളും കുടിയേറ്റത്തിനു മുതിര്‍ന്നതോടെ ഇതിനു മാറ്റംവന്നു. 1859-ല്‍ ന്യൂ സൗത്ത്വെയില്‍സില്‍നിന്നു വിട്ടുമാറിയ ഇവിടെ ഒരു ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു. 1901-ല്‍ ആസ്റ്റ്രേലിയന്‍ ജനാധിപത്യഭരണകൂടത്തിലെ ഒരു ഘടകസംസ്ഥാനമായിത്തീര്‍ന്നു.

ജനസംഖ്യയില്‍ പകുതിയും ബ്രിസ്ബെയ്ന്‍ കേന്ദ്രീകരിച്ചാണ് വസിക്കുന്നത്. ജനങ്ങളില്‍ ഭൂരിഭാഗവും ബ്രിട്ടീഷ് പാരമ്പര്യമുള്ളവരാണ്. ഇംഗ്ലീഷാണ് ഔദ്യോഗികഭാഷ. ഇവിടെ ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യമുണ്ട്. ആംഗ്ളിക്കന്‍, റോമന്‍കാതലിക്, മെഥോഡിസ്റ്റ് എന്നിവയാണ് പ്രധാനമതങ്ങള്‍, പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമാണ് 1909-ല്‍ ബ്രിസ്ബെയ്നില്‍ സ്ഥാപിച്ച ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാല, ജെയിംസ്കുക്ക് സര്‍വകലാശാല, ബോണ്ട് സര്‍വകലാശാല, ക്വീന്‍സ്ലന്‍ഡ് യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജി, സെന്‍ട്രല്‍ ക്വീന്‍സ്ലന്‍ഡ് യൂണിവേഴ്സിറ്റി തുടങ്ങി ഒട്ടനവധി ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ ഇവിടെ സ്ഥിതിചെയ്യുന്നു.

വന്‍നഗരങ്ങള്‍, പട്ടണങ്ങള്‍, ഗ്രാമപ്രദേശങ്ങള്‍ എന്നിങ്ങനെ സംസ്ഥാനത്തെ തിരിച്ചിരിക്കുന്നു. ഇവയുടെയെല്ലാം ഭരണം തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളും കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് നടത്തുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പിലായിക്കഴിഞ്ഞു. ജനകീയ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളടങ്ങിയതാണ് ലെജിസ്ലേറ്റീവ് അസംബ്ലി. ഒരു ഗവര്‍ണറും ലെജിസ്ലേറ്റീവ് അസംബ്ലിയും ചേര്‍ന്ന് ഭരണം നടത്തുന്നു. ഭരണഘടനാസ്ഥാപനങ്ങളായ സുപ്രീംകോടതി, ജില്ലാക്കോടതി, ഇതര കോടതികള്‍, ട്രിബ്യൂണലുകള്‍ എന്നിവ ചേര്‍ന്നതാണ് സംസ്ഥാനത്തെ നിയമസംവിധാനം. 2001-ല്‍ സംസ്ഥാനത്ത് പുതിയ ഭരണഘടന നിലവില്‍ വരികയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍