This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വാലാലംപൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വാലാലംപൂര്‍

Kualalumpur

മലേഷ്യയുടെ തലസ്ഥാന നഗരം. പടിഞ്ഞാറന്‍ മലേഷ്യയിലെ സെലാങ്ഗോര്‍ സംസ്ഥാനത്തില്‍ കലാങ് (അഥവാ ക്ലാങ്), ഗോബാക് എന്നീ നദികളുടെ സംഗമസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഈ നഗരം വികസനത്തിലും ജനസംഖ്യയിലും മലേഷ്യയില്‍ ഒന്നാമതാണ്. ജനസംഖ്യ: 16,00,000 (2012).

ക്വാലാലംപൂര്‍ നഗരം -ഒരു രാത്രികാഴ്ച

സംയുക്തമലയാരാഷ്ട്രത്തിലെ ഏറ്റവും വലിയ പട്ടണമായ ഇത് മലേഷ്യന്‍ സംസ്കാരത്തിന്റെയും വാണിജ്യ-ഗതാഗതങ്ങളുടെയും കേന്ദ്രമാണ്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഒരു പ്രമുഖ നഗരമായി ഇന്നറിയപ്പെടുന്ന ക്വാലാലംപൂരിന്റെ വളര്‍ച്ചയ്ക്കു തുടക്കം കുറിച്ചത് 1857-ലാണ്. ചൈനക്കാരായ 87 ഈയ ഖനി ത്തൊഴിലാളികള്‍ ഇപ്പോഴത്തെ നഗരത്തിന്റെ പ്രാന്തപ്രദേശമായ അംപാങ്ങില്‍ ഒരു കോളനി സ്ഥാപിച്ചു. 1874-ല്‍ ഒരു ബ്രിട്ടീഷ് പ്രൊട്ടക്റ്ററേറ്റ് ആകുന്നതുവരെ ഇത് ഒരു ചെറുഗ്രാമം മാത്രമായിരുന്നു. എന്നാല്‍ 1874-നു ശേഷമുള്ള ഇതിന്റെ വളര്‍ച്ച അഭൂതപൂര്‍വമായിരുന്നു. 1880-ല്‍ സംസ്ഥാന തലസ്ഥാനം ക്ലാങ്ങില്‍ നിന്ന് ഇവിടേക്കു മാറ്റി. സംസ്ഥാന തലസ്ഥാനമായശേഷം 1882 മുതലുള്ള ഈ പട്ടണത്തിന്റെ അനുസ്യൂതമായ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത് അന്നത്തെ ബ്രിട്ടീഷ് റസിഡന്റായ സര്‍ ഫ്രാങ്ക് സ്വെറ്റനാം ആയിരുന്നു. ക്ലാങ്-ക്വാലാലംപൂര്‍ തീവണ്ടിപ്പാതയുടെ നിര്‍മാണപ്രവര്‍ത്തനത്തിനു നേതൃത്വം നല്കിയതും ഇദ്ദേഹമായിരുന്നു. ഇഷ്ടികയും ഓടും ഉപയോഗിച്ച് ആധുനിക മാതൃകയില്‍, കൂടുതല്‍ സുരക്ഷിതമായ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനെയും ഇദ്ദേഹം പ്രോത്സാഹിപ്പിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ഇവിടം ജാപ്പനീസ് സൈന്യം പിടിച്ചടക്കുകയും 1945 ആഗ.15 വരെ തങ്ങളുടെ അധീനതയില്‍ നിലനിര്‍ത്തുകയും ചെയ്തു. 1948-ല്‍ രൂപംകൊണ്ട മലയന്‍ ഫെഡറേഷന്റെ തലസ്ഥാനമായി മാറിയ ക്വാലാലംപൂര്‍ 1963-ല്‍ മലേഷ്യയോടു ചേര്‍ക്കപ്പെട്ടു.

1969 മേയ് 13-ന് മലയ സമൂഹവും ചൈനാക്കാരും തമ്മിലുണ്ടായ കലാപത്തില്‍ 196 പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഒപ്പം സാമ്പത്തികരംഗത്ത് അതുവരെ ചൈനക്കാര്‍ ഉറപ്പിച്ചിരുന്ന ആധിപത്യത്തിനും ഇടിവ് സംഭവിച്ചു. 1972-ല്‍ ക്വാലാലംപൂരിന് നഗര പദവിയും 1978-ല്‍ തലസ്ഥാന പദവിയും ലഭിച്ചു. 1998-ലുണ്ടായ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ രാജ്യത്തെന്നപോലെ ക്വാലാലംപൂരിലും ഭരണസംവിധാനങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. 1999 വരെ ക്വാലാലംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രഗവണ്‍മെന്റിന്റെ എകിസിക്യുട്ടീവ്, ജുഡീഷ്യല്‍ ബ്രാഞ്ചുകള്‍ പുതുതായി രൂപംകൊണ്ട ഫെഡറല്‍ ഭരണപ്രദേശമായ പുത്രജയയിലേക്ക് മാറ്റി.

നഗരത്തില്‍ ആധുനിക-പൗരാണിക വാസ്തുവിദ്യാരീതികള്‍ സമ്മിശ്രമായി സമ്മേളിച്ചിരിക്കുന്നതു കാണാം. മൂറിഷ്- ചൈനീസ് രീതികളില്‍ പണികഴിപ്പിച്ച ഭവനങ്ങള്‍, മലായ് വര്‍ഗക്കാരുടെ കാംപേങ് എന്നറിയപ്പെടുന്ന ഗ്രാമങ്ങള്‍ മലേഷ്യന്‍ രാജാവിന്റെ ആസ്ഥാനമായ ഇസ്താന നഗരം തുടങ്ങിയവ ക്വാലാലംപൂരില്‍ സ്ഥിതിചെയ്യുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുവെങ്കിലും നഗരം വളരെ ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു. രാജ്യത്തെ സാമ്പത്തിക-വാണിജ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് ക്വാലാലംപൂര്‍. സേവന മേഖലയാണ് സമ്പദ്ഘടനയുടെ അടിത്തറ. ആധുനിക മാതൃകയിലുള്ള ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് ആഫീസുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ കലാങ് നദിയുടെ കിഴക്കുഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ മന്ദിരങ്ങളും പ്രധാന റെയില്‍വേസ്റ്റേഷനും നദിയുടെ പടിഞ്ഞാറുഭാഗത്താണ്. സെപാങ്ങിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളും മള്‍ട്ടീമീഡിയ സൂപ്പര്‍ കോറിഡോര്‍, ക്ലാങ് തുറമുഖം എന്നിവയും നഗരത്തിന്റെ സമ്പദ്ഘടനയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്നുവരുന്നു. ഇസ്ലാമിക് ബാങ്കിങ് രംഗത്ത് ലോകത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ നഗരം. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളാണ് സമ്പദ്ഘടനയെ ത്വരിതപ്പെടുത്തുന്ന ഇതര മേഖലകള്‍.

ആഹാരപദാര്‍ഥങ്ങള്‍, വെണ്ണ, സോപ്പ് തുടങ്ങിയവയുടെ നിര്‍മാണശാലകള്‍, തടിമില്ലുകള്‍, സിമന്റുഫാക്ടറികള്‍, ഈയത്തിന്റെയും റബ്ബറിന്റെയും ശുദ്ധീകരണശാലകള്‍ തുടങ്ങിയവയാണ് പ്രധാന വ്യവസായ സ്ഥാപനങ്ങള്‍. ഒരു റെയില്‍നിര്‍മാണശാലയും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ക്വാലാലംപൂര്‍ നഗരത്തിലേക്കാവശ്യമായ ഇന്ധനം ബത്തു അരാങ് കല്‍ക്കരിപ്പാടത്തു നിന്നും, വൈദ്യുതി കൊണോട്ട് ബ്രിഡ്ജിലെ താപോര്‍ജനിലയത്തില്‍ നിന്നുമാണ് ലഭിക്കുന്നത്.

ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങളെല്ലാമുള്ള ഈ പട്ടണം തന്നെയാണ് മലയന്‍ സര്‍വകലാശാലയുടെ ആസ്ഥാനവും. ടെക്നിക്കല്‍ കോളജ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇവിടത്തെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെട്ടതാകുന്നു. ക്ഷയരോഗചികിത്സാകേന്ദ്രമുള്‍പ്പെടെ സര്‍ക്കാരുടമയിലുള്ള ആശുപത്രികളും നവീന സൗകര്യങ്ങളാടുകൂടിയ ക്ളിനിക്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. മലേഷ്യയിലെ വൈദ്യഗവേഷണ സ്ഥാപനം, വൈദ്യശാസ്ത്ര സര്‍വകലാശാല തുടങ്ങിയവയും ഇവിടെയാണ്.

ഗതാഗതത്തിലും ക്വാലാലംപൂര്‍ അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചിരിക്കുന്നു. സെപാങ്ങിലുള്ള ക്വാലാലംപൂര്‍ രാജ്യാന്തര വിമാനത്താവളവും (KILA), സുല്‍ത്താന്‍ അബ്ദുല്‍ അസീസ് വിമാനത്താവളവുമാണ് ഇവിടത്തെ രണ്ട് പ്രമുഖ വിമാനത്താവളങ്ങള്‍. റാപ്പിഡ് ട്രാന്‍സ്സിസ്റ്റ്, ലൈറ്റ് റെയില്‍, മോണോറെയില്‍, കെ.ടി.എം കോമുട്ടര്‍ എന്നീ മൂന്നു സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന റെയില്‍ ഗതാഗതസംവിധാനം നഗരഗതാഗതത്തിന്റെ നാഡീവ്യൂഹമായി നിലകൊള്ളുന്നു. മലേഷ്യയിലെ പ്രമുഖ തുറമുഖമായ സ്വെറ്റനാം ക്വാലാലംപൂരിനടുത്ത് സ്ഥിതിചെയ്യുന്നു. ഇവിടെ നിന്നും റബ്ബറും ഈയവും വന്‍തോതില്‍തന്നെ കയറ്റുമതി ചെയ്യുന്നുണ്ട്. ദൃശ്യമാധ്യമങ്ങളും എഫ്.എം. റേഡിയോ നിലയങ്ങളും അത്യാധുനിക സൗകര്യങ്ങളോടെ നിലകൊള്ളുന്നു.

ജനസംഖ്യയില്‍ ഏറിയപങ്കും ഇസ്ലാം മതവിശ്വാസികളാണ്. ഇവര്‍ക്കു പുറമേ ചൈനക്കാര്‍, ഇന്ത്യക്കാര്‍, മലയന്‍ വര്‍ഗക്കാര്‍ എന്നിവരും ഇവിടത്തെ ജനവിഭാഗങ്ങളില്‍പ്പെടുന്നു. ചൈനക്കാരാണ് പൊതുവില്‍ ഇവിടത്തെ സമ്പന്ന വര്‍ഗം. സ്വദേശികളായ മലയന്‍ വര്‍ഗക്കാര്‍ ജനവാസകേന്ദ്രമായ കാംപോങ്ങിനു ചുറ്റുമായി കഴിയുന്നു. ബത്തു ഗുഹയിലെ ഹൈന്ദവക്ഷേത്രമാണ് നഗരത്തിലെ പ്രധാന ആരാധനാലയം (ഉദ്ദേശം 122 മീ.). ഇവിടത്തെ ദീപാവലി ആഘോഷങ്ങള്‍ പ്രസിദ്ധമാണ്. ലോകത്തിലെ അതീവ സുന്ദരമായ നഗരങ്ങളില്‍ ഒന്നായ ക്വാലാലംപൂര്‍ വിനോദസഞ്ചാരികളുടെ ഒരു പ്രധാന താവളമാണ്. മനോഹരമായ മുസ്ലിം പള്ളികള്‍, കാഴ്ചബംഗ്ലാവ്, പാര്‍ലമെന്റ് മന്ദിരം, തടാകപൂന്തോട്ടങ്ങള്‍, സംസ്ഥാനത്തലവന്റെ കൊട്ടാരം തുടങ്ങിയവ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നവയാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സൗധങ്ങളില്‍ ഒന്നായ പെട്രോണാ ടവേഴ്സും (ഉയരം 452 മീ.) ഈ നഗരത്തിലാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍