This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വാര്‍ട്സ് ഘടികാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വാര്‍ട്സ് ഘടികാരം

പാറകളില്‍ സമൃദ്ധിയായി കണ്ടുവരുന്ന ക്വാര്‍ട്സ് ധാതുവിന്റെ ക്രിസ്റ്റലിനെ മര്‍ദവൈദ്യുതിക്കു വിധേയമാക്കുമ്പോള്‍ സംജാതമാകുന്ന സ്ഥിരചലനം പ്രയോജനപ്പെടുത്തി നിര്‍മിക്കപ്പെടുന്ന ഘടികാരം. സ്വാഭാവികമായിത്തന്നെ ക്വാര്‍ട്സ് ക്രിസ്റ്റലിന് ഏറെക്കുറെ സ്ഥിരമായ കമ്പനാവൃത്തിയുണ്ട്. അതിന്റെ വലുപ്പം, ആകൃതി എന്നിവയെ ആശ്രയിച്ചാണ് ഈ ആവൃത്തിയുണ്ടാകുന്നത്. ക്വാര്‍ട്സ് ക്രിസ്റ്റല്‍ കമ്പനം ചെയ്യുമ്പോള്‍ അതിന്റെ വശങ്ങള്‍ തമ്മില്‍ ഒരു വൈദ്യുത പൊട്ടന്‍ഷ്യല്‍ വ്യതിയാനം ഉളവാകുന്നതാണ്. ക്രിസ്റ്റലിന്റെ കമ്പനാവൃത്തിതന്നെയുള്ള ദോലനവൈദ്യുതപരിപഥ( Ascillating electric circuit)ത്തില്‍ ക്രിസ്റ്റല്‍ ചേര്‍ത്തുവച്ചാല്‍ ക്രിസ്റ്റലിനു കമ്പനം ഉണ്ടാകാനും മൊത്തം പരിപഥത്തിന് ക്രിസ്റ്റലിന്റെ കമ്പനാവൃത്തിതന്നെ നിലനിര്‍ത്താനും ഒരുമിച്ചു കഴിയും. ഈ തത്ത്വം ഉപയോഗിച്ചാണ് ക്വാര്‍ട്സ് ഘടികാരം നിര്‍മിക്കുന്നത്. ഇതില്‍ ദോലനപരിപഥത്തില്‍ നിന്നുള്ള പ്രത്യാവൃത്തിധാര (alternating current) പ്രവര്‍ധനം (amplify) ചെയ്ത് തത്ഫലമായുണ്ടാകുന്ന കമ്പനാവൃത്തി 10 കിലോ ഹെര്‍ട്സില്‍ നിന്ന് ഒരു കിലോ ഹെര്‍ട്സിലേക്കു ഘട്ടംഘട്ടമായി വിഭജിക്കപ്പെടുന്നു. ഈ സംവിധാനംകൊണ്ടു തുല്യകാലിക മോട്ടോറും ഗിയര്‍വ്യൂഹവും പ്രവര്‍ത്തിക്കുകയും ഘടികാരമുഖത്തുള്ള സമയസൂചകങ്ങളെ തദനുസാരിയായി ചലിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്റ്റല്‍ കൃത്യമായി നിര്‍മിക്കുകയാണെങ്കില്‍ അതിന്റെ കമ്പനാവൃത്തിയെ സ്ഥിരമായ താപമര്‍ദനിലകളില്‍ ക്ളിപ്തമാക്കി നിര്‍ത്താന്‍ കഴിയും. ഭൗതികാവസ്ഥയില്‍ വരുന്ന വ്യത്യാസംകൊണ്ട് ക്രിസ്റ്റലിന്റെ ആവൃത്തിയില്‍ വര്‍ഷത്തില്‍ 0.1 സെക്കന്‍ഡ് വ്യത്യാസമേ വരികയുള്ളൂ. ലബോറട്ടറികളില്‍ കൂടുതല്‍ ക്വാര്‍ട്സ് ഘടികാരങ്ങള്‍ ഉപയോഗിച്ച് ശരാശരി സമയം നിര്‍ണയിക്കുകയാണ് പതിവ്. ഇപ്രകാരം സെക്കന്‍ഡിന്റെ ആയിരത്തിലൊരംശം വ്യത്യാസത്തില്‍ കൃത്യത പാലിക്കുന്ന സമയനിര്‍ണയനം സാധിക്കുന്നതാണ്. നോ. ഘടികാരം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍