This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വാര്‍ട്ട്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വാര്‍ട്ട്സ്

Quartz

പരല്‍ രൂപത്തിലുള്ള സിലിക്ക. ഫോര്‍മുല SiO2. സര്‍വസാധാരണമായി കണ്ടുവരുന്ന ശിലാകാരകധാതു. ഫെല്‍സ്പാര്‍ കഴിഞ്ഞാല്‍, നൈസര്‍ഗികരൂപത്തില്‍ ഏറ്റവും കൂടുതല്‍ അവസ്ഥിതമായിട്ടുള്ള ധാതുവാണ് ക്വാര്‍ട്ട്സ്. ശുദ്ധരൂപത്തില്‍ വര്‍ണരഹിതമായ ഈ ധാതുമാലിന്യങ്ങള്‍ ഉള്‍ക്കൊണ്ട് പലനിറങ്ങളിലായി കണ്ടുവരുന്നതു സാധാരണമാണ്. ഷഡ്ഭുജാകൃതിയുള്ള (hexagonal) പരലുകളായോ സൂക്ഷ്മപരലുകള്‍കൊണ്ട് സംപുഞ്ജമായോ (massive) ആണ് പ്രകൃതിയില്‍ കാണപ്പെടുന്നത്. ഒട്ടുമുക്കാലും അയിരു നിക്ഷേപങ്ങളില്‍ ആധാത്രി-ധാതു(gaunge mineral) എന്ന നിലയില്‍ ക്വാര്‍ട്ട്സ് ഉണ്ടായിരിക്കും. മണല്‍, മണല്‍ക്കല്ല് (Sand Stone), ക്വാര്‍ട്ട്സൈറ്റുകള്‍ എന്നിവയിലെ പ്രമുഖ ഘടകം ക്വാര്‍ട്ട്സ് ആണ്. ആഗ്നേയശിലകളിലും അവസാദശിലകളിലും കായാന്തരിത ശിലകളിലും ഒന്നുപോലെ അടങ്ങിയിരിക്കുന്നു.

കാചദ്യുതി (vitreous), ശംഖാഭമായ വിഭഞ്ജനം (conchoidal fracture) എന്നിവ ക്വാര്‍ട്ട്സിന്റെ സവിശേഷതകളാണ്. ആപേക്ഷിക ഘനത്വം: 2.6-2.65. ഒരു ബഹുരൂപകധാതുവായ ക്വാര്‍ട്ട്സിന്റെ കാഠിന്യം ഏഴ് (മോ സ്കെയില്‍ പ്രകാരം) ആണ്. അപക്ഷയത്തെ (weathering) ചെറുക്കുന്നതിന് അസാമാന്യമായ കഴിവുള്ള ക്വാര്‍ട്ട്സ് ഗാഢഅമ്ലങ്ങളില്‍പ്പോലും ലയിക്കുന്നില്ല. ഹൈഡ്രോഫ്ളൂറിക് അമ്ലത്തില്‍ മാത്രം ലയിക്കുന്നു. എന്നാല്‍ ക്ഷാരലായനികളില്‍ മന്ദഗതിയിലാണെങ്കിലും ലയിക്കും. ചൂടാക്കുമ്പോള്‍ സാധാരണ ക്വാര്‍ട്ട്സ് (α-ക്വാര്‍ട്ട്സ്) 573oC-ല്‍ പ്രതിലോമം (inversion) സംഭവിച്ച ഉച്ചതാപസഹ ക്വാര്‍ട്ട്സ് ( β - ക്വാര്‍ട്ട്സ്) ആയി രൂപാന്തരപ്പെടുന്നു. താപനില: 870oC എത്തുമ്പോള്‍ ട്രിഡിമൈറ്റ് ആയി മാറും. 1470oC വരെ ചൂടാക്കിയാല്‍ മറ്റൊരു രൂപാന്തരമായ ക്രിസ്റ്റൊബലൈറ്റ് ആയി മാറുന്നു. 1710oC - 1756oC വരെ ചൂടാക്കിയാല്‍ ഉരുകി കുഴമ്പുപരുവത്തിലുള്ള സിലിക്കയായിത്തീരും. ക്വാര്‍ട്ട്സിന്റെ അന്തിമരൂപമാണിത് എന്നു പറയാം. സമ്മര്‍ദത്തിനു വിധേയമാവുമ്പോള്‍ വിദ്യുത്-പ്രഭാവം പ്രകടമാക്കുന്നുവെന്നതാണ് ക്വാര്‍ട്ട്സിന്റെ മറ്റൊരു സവിശേഷത; ഒരേ പരലിന്റെ ഭിന്ന മുഖങ്ങളില്‍നിന്ന് ധനവൈദ്യുതിയുടെയും ഋണവൈദ്യുതിയുടെയും തരംഗങ്ങള്‍ ഒരേ അവസരത്തില്‍ പ്രേഷിതമാവുന്നു. ക്വാര്‍ട്ട്സ് പരലുകള്‍ ചൂടാക്കുമ്പോഴും പ്രത്യേക ഊഷ്മാവുകളില്‍ ഇമ്മാതിരി വിദ്യുത്-പ്രഭാവം അനുഭവപ്പെടാറുണ്ട്.

ക്വാര്‍ട്ട്സിന്റെ വിവിധരൂപാന്തരങ്ങളെ പൊതുവേ ക്രിസ്റ്റലീയം, ഗൂഢക്രിസ്റ്റലീയം, ദളികം (elastic) എന്നിങ്ങനെ വര്‍ഗീകരിക്കാവുന്നതാണ്.

1. ക്രിസ്റ്റലീയ-ക്വാര്‍ട്ട്സ്. ക്വാര്‍ട്ട്സിന്റെ കാചാഭമായ രൂപങ്ങളാണ് ഈയിനത്തില്‍പ്പെടുന്നത്. ഇവയിലെ പരല്‍മുഖങ്ങള്‍ എപ്പോഴും സ്ഫുടമായിരിക്കണമെന്നില്ല. ക്വാര്‍ട്ട്സിന്റേതായ ശിലാസിരകള്‍ [rock(veins], ക്ഷീരാഭക്വാര്‍ട്ട്സ്; തവിട്ടുനിറത്തിലുള്ള ലിമണൈറ്റിന്റെയോ ചുവപ്പുനിറത്തിലുള്ള ഹേമറ്റൈറ്റിന്റെയോ അംശം മാലിന്യമായി ഉള്‍ക്കൊണ്ട് ഏറേക്കുറെ അതാര്യമായ അയോമയ-ക്വാര്‍ട്ട്സ്; പച്ചകലര്‍ന്ന പാല്‍നിറത്തില്‍ തന്തുരൂപത്തില്‍ ലഭ്യമാകുന്ന മാര്‍ജാരനേത്രം (cat's eye); കടും പിങ്ക് അഥവാ വയലറ്റ് നിറമുള്ള അമിഥിസ്റ്റ്; സുതാര്യമോ അര്‍ധതാര്യമോ ആയി പീതവര്‍ണത്തില്‍ ലഭിക്കുന്ന സിട്രീന്‍; പാടലവര്‍ണത്തില്‍ സുതാര്യമോ അര്‍ധതാര്യമോ ആയി സംപുഞ്ജങ്ങളായി കാണപ്പെടുന്ന റോസ്-ക്വാര്‍ട്ട്സ്; മഞ്ഞകലര്‍ന്ന തവിട്ടുനിറം മുതല്‍ കടും ചാരനിറം വരെയുള്ള ധൂമിലക്വാര്‍ട്ട്സ് അഥവാ മോറിയണ്‍; ചുവപ്പുകലര്‍ന്ന തവിട്ടുനിറമുള്ള കേണ്‍ഗോം (caringorm); വര്‍ണരഹിതവും ഷഡ്ഭുജാകൃതിയുമുള്ള സുതാര്യ പരലുകളായി വര്‍ത്തിക്കുന്ന ശുദ്ധക്വാര്‍ട്ട്സ് എന്നിവയാണ് ക്രിസ്റ്റലീയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

ശുദ്ധക്വാര്‍ട്ട്സ് പരലുകളും അമിഥിസ്റ്റ്, സിട്രീന്‍, റോസ് ക്വാര്‍ട്ട്സ്, ധൂമില-ക്വാര്‍ട്ട്സ് എന്നീയിനങ്ങളും രത്നങ്ങളും അര്‍ധ-രത്നങ്ങളുമായി ഉപയോഗിക്കപ്പെട്ടുവരുന്നു.

സംശുദ്ധ ക്വാര്‍ട്ട്സ് പരലുകള്‍ സാമാന്യമായ സമ്മര്‍ദവിദ്യുത്പ്രഭാവം (piezo-electric effect) ഉള്ളതായതിനാല്‍ ഇതിന് ധ്വാനിക-മാപികള്‍ (depth-sounding devices), സമയമാപികള്‍, ദൂരമാപികള്‍ (range finders),, സൂക്ഷ്മോപകരണങ്ങള്‍, ബഹുമുഖ-ടെലിഫോണ്‍ വ്യൂഹങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ വലുതായ പങ്കുണ്ട്. വയര്‍ലസ് സംവിധാനത്തിലും ക്വാര്‍ട്ട്സ് പരലുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. എന്നാല്‍ ഇതിനുള്ള പരലുകള്‍ തികച്ചും സുതാര്യവും യമളനം (twinning), വിള്ളല്‍ തുടങ്ങിയ അപാകതകളില്‍നിന്ന് പൂര്‍ണവിമുക്തവും ആയിരിക്കണം; പരലിന്റെ രണ്ടു മുഖങ്ങളിലെങ്കിലും 2.5 x 4.5 സെ.മീ. വിസ്തീര്‍ണമുള്ള ഫലകങ്ങള്‍ അത്യാവശ്യമാണ്. വിവിധയിനം കാചങ്ങള്‍, പ്രിസങ്ങള്‍, ആപ്പുകള്‍ (wedges) തുടങ്ങിയ പ്രകാശികോപകരണങ്ങളുടെ നിര്‍മാണത്തിനും ശുദ്ധ-ക്വാര്‍ട്ട്സ് പ്രയോജനപ്പെടുന്നു.

ശിലാസിരകളില്‍ക്കാണുന്ന സംപുഞ്ജിക-ക്വാര്‍ട്ട്സ് കടുപ്പമേറിയതും വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ്. എന്നാല്‍ ചൂടാക്കിയാല്‍ പൊടിഞ്ഞുതകരാവുന്ന നിലയിലെത്തുകയും, പെട്ടെന്ന് തണുപ്പിക്കുമ്പോള്‍ എളുപ്പം ഉടയ്ക്കാനും പൊടിക്കാനും സാധിക്കുകയും ചെയ്യുന്നു. രാസികോപകരണങ്ങള്‍, ക്വാര്‍ട്ട്സ്-കമ്പികള്‍, അപഘര്‍ഷകങ്ങള്‍, അമ്ലസംഭരണികളുടെ അടപ്പുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനും സിലിക്കണ്‍ കാര്‍ബൈഡ്, സോഡിയം സിലിക്കേറ്റ് തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനും ഈയിനം ക്വാര്‍ട്ട്സ് അത്യുത്തമമാണ്. സിലിക്കണ്‍, ഫെറോ-സിലിക്കണ്‍, സിലിക്കണിന്റെ കൂട്ടുലോഹങ്ങള്‍ തുടങ്ങിയവയുടെ നിഷ്കര്‍ഷണത്തില്‍ 'ഫ്ളക്സ്' ആയും സംപുഞ്ജിത-ക്വാര്‍ട്ട്സ് പ്രയോജനപ്പെടുന്നു.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വലിയ ക്വാര്‍ട്ട്സ് പരലുകളുള്ള പെഗ്മറ്റൈറ്റ് ധാരാളമായി ലഭ്യമാണ്. ഇവയില്‍ കാണുന്ന ക്വാര്‍ട്ട്സ് സാമാന്യേന മാലിന്യരഹിതമാണ്. ബിഹാര്‍, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അഭ്രനിക്ഷേപങ്ങളടങ്ങിയ പെഗ്മറ്റൈറ്റുകളാണ് സംപുഞ്ജിത-ക്വാര്‍ട്ട്സിന്റെ വന്‍തോതിലുള്ള ഉപഭോഗത്തിന് ഇതഃപര്യന്തം വിധേയമായിട്ടുള്ളത്. ബിഹാറിലെ ധന്‍ബാദ്, ഹസാരിബാഗ്, മോങ്ഘീര്‍, റാഞ്ചി, സന്താര്‍ പര്‍ഗാന, മധ്യപ്രദേശിലെ ജബല്‍പൂര്‍, കര്‍ണാടകയിലെ ബംഗ്ളൂരു, ഒഡിഷയിലെ കോരാപുട്ട്, സംബല്‍പൂര്‍, രാജസ്ഥാനിലെ അജ്മീര്‍, ജയ്പൂര്‍ എന്നീ ജില്ലകളിലാണ് ഇത്തരം പെഗ്മറ്റൈറ്റ് നിക്ഷേപങ്ങളുള്ളത്.

ഡക്കാന്‍ട്രാപ്, രാജ്മഹല്‍ ട്രാപ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബസാള്‍ട്ട് ശിലാവ്യൂഹങ്ങള്‍ക്കിടയിലെ പെഗ്മറ്റൈറ്റ് സിരകളുമായി ബന്ധപ്പെട്ടാണ് രത്നങ്ങളുടെയോ അര്‍ധരത്നങ്ങളുടെയോ നിലവാരമുള്ള ക്വാര്‍ട്ട്സ് ഇനങ്ങള്‍ ഗണ്യമായ തോതില്‍ കണ്ടെത്തിയിട്ടുള്ളത്. ബിഹാര്‍, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അഭ്രനിക്ഷേപങ്ങളടങ്ങിയ പെഗ്മറ്റൈറ്റ് സിരകളിലും ഒഡിഷയിലെ സംബല്‍പൂര്‍ ജില്ലയിലും കണ്ടെത്തിയിട്ടുള്ള അമിഥിസ്റ്റ്, സിട്രീന്‍, ധൂമില-ക്വാര്‍ട്ട്സ് തുടങ്ങിയവ ഉന്നത നിലവാരത്തിലുള്ളതും തന്മൂലം അമൂല്യങ്ങളുമാണ്. തമിഴ്നാട്ടില്‍ വള്ളുവം, തഞ്ചാവൂര്‍ എന്നീ ജില്ലകളിലെ നദീതടങ്ങളില്‍ നിന്ന് പ്ലേസര്‍ നിക്ഷേപങ്ങളുടെ രൂപത്തില്‍ ലഭ്യമാകുന്ന വിവിധയിനം ക്വാര്‍ട്ട്സ് പരലുകള്‍ അര്‍ധരത്നങ്ങളായി പ്രചാരം നേടിയിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ഗോദാവരി, ഹൈദരാബാദ്, വാറങ്കല്‍, ബിഹാറിലെ സന്താള്‍ പര്‍ഗാന, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, കര്‍ണാടകയിലെ ബെല്ലാറി, രാജസ്ഥാനിലെ ജയ്പൂര്‍ എന്നീ ജില്ലകളിലും മധ്യപ്രദേശ്-മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നര്‍മദാതടത്തിലും ജമ്മു-കാശ്മീര്‍ സംസ്ഥാനത്തെ സഫയര്‍-ഖനിയിലും അമിഥിസ്റ്റിന്റെ സാമാന്യം കനത്ത നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്പിപ്പല (ഗുജറാത്ത്), നീലഗിരി (തമിഴ്നാട്), എറണാകുളം (കേരളം) എന്നീ ജില്ലകളില്‍ മാര്‍ജാര-നേത്രവും വിശാഖപട്ടണം, വാറങ്കല്‍ (ആന്ധ്രപ്രദേശ്), ബങ്കൂറാ (പ. ബംഗാള്‍), ഹസാരിബാഗ് (ബിഹാര്‍), ഛിന്ദ്വാഡ (മധ്യപ്രദേശ്), സംബല്‍പൂര്‍ (ഒഡിഷ) എന്നീ ജില്ലകളില്‍ റോസ്-ക്വാര്‍ട്ട്സും ഉള്ളതായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരിക്കുന്നു.

2. 'ഗൂഢ'-ക്രിസ്റ്റലീയ-ക്വാര്‍ട്ട്സ്. ഒറ്റനോട്ടത്തില്‍ പരല്‍ രൂപമില്ലാത്തതെന്നു തോന്നാവുന്ന ഇനം ക്വാര്‍ട്ട്സ്. സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കുമ്പോള്‍ അതുള്‍ക്കൊള്ളുന്ന സൂക്ഷ്മ-പരലുകളെ ദ്വയാപഭംഗത്തിലൂടെ (double defraction) നിദര്‍ശിക്കുന്നു. ഈയിനം ക്വാര്‍ട്ട്സിലെ മാതൃകാരൂപം കാല്‍സിഡോണി (chalcedony) ആണ്. വിവിധ വര്‍ണങ്ങളില്‍ അര്‍ധതാര്യം മുതല്‍ അതാര്യം വരെയുള്ളയിനം കാല്‍സിഡോണികള്‍ക്ക് മെഴുകിന്റെതുപോലുള്ള തിളക്കമുണ്ട്. സമകേന്ദ്രീയമോ പരസ്പരം സമാന്തരമോ ആയ ആരടുക്കുകളിലൂടെ വിവിധ വര്‍ണതരംഗങ്ങള്‍ പ്രസ്ഫുരിപ്പിക്കുന്നയിനം കാല്‍സിഡോണിയാണ് അഗേറ്റ്. ഓരോ നിറത്തിലുമുള്ള ആരുകള്‍ക്ക് വ്യത്യസ്തമായ പാരഗമ്യതയാണ് (porocity) ഉണ്ടായിരിക്കുക. ക്ളോറൈറ്റ്, മാങ്ഗനീസ് ഓക്സൈഡ്, ലെഡ് ഓക്സൈഡ് തുടങ്ങിയ മാലിന്യങ്ങള്‍മൂലം വിവിധതരത്തിലുള്ള വര്‍ണവൈചിത്രങ്ങള്‍ പ്രകടമാക്കുന്ന ഇനത്തിനെ മോസ് അഗേറ്റ് എന്നു വിളിക്കുന്നു. ഇതിലെ വര്‍ണതന്തുക്കള്‍ ദ്രുമാകൃതികമായി (dendritic) പടര്‍ന്നു കാണുന്നു. ഒന്നിടവിട്ടുള്ള ആരുകള്‍ കറുപ്പും വെളുപ്പും നിറത്തിലുള്ളതാകുമ്പോള്‍, കാല്‍സിഡോണിയെ ഒണിക്സ് എന്നു പറയുന്നു. ചുവന്ന വര്‍ണതന്തുക്കളുള്ള കാര്‍ണീലിയന്‍ (സാര്‍ഡ്); ഇളം പച്ച വീചികളുള്ള ക്രിസോപ്രേസ് (chrysoprase); മഞ്ഞ, തവിട്ട്, കടുംപച്ച, ചുവപ്പ് എന്നീ നിറങ്ങള്‍ ദ്യോതിപ്പിക്കുന്ന അതാര്യമായ ജാസ്പര്‍ എന്നിവ കാല്‍സിഡോണിയുടെ മറ്റിനങ്ങളില്‍പ്പെടുന്നു. കറുപ്പോ ഇരുണ്ട തവിട്ടോ നിറത്തില്‍ ശംഖാഭവിഭഞ്ജനത്തോടെയുള്ള അതാര്യവസ്തുവാണ് ഫ്ളിന്റ്; ഈയിനം ചാല്‍സിഡോണിയുടെ അരികുകള്‍ അര്‍ധതാര്യാവസ്ഥയിലായിരിക്കും. മൂര്‍ച്ചയുള്ള അരികുകള്‍ ഫ്ളിന്റിന്റെ സവിശേഷതയാണ്. എല്ലാ പ്രത്യേകതകളും പൂര്‍ണമായില്ലാത്തയിനം ഫ്ളിന്റിനെ ചെര്‍ട്ട് എന്നു വിശേഷിപ്പിക്കുന്നു.

'ഗൂഢ'-ക്രിസ്റ്റലീയങ്ങളായ ക്വാര്‍ട്ട്സ് ഇനങ്ങളൊക്കെത്തന്നെ തേച്ചുമിനുക്കി ആഭരണങ്ങള്‍ക്കും അലങ്കാരവസ്തുക്കള്‍ക്കും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വിവിധ ഉപകരണങ്ങളിലും യന്ത്രങ്ങളിലും നന്നേ നേരിയ താങ്ങുകളും (support) ശീര്‍ഷകങ്ങളും (vertex) ആവശ്യമുള്ളപ്പോള്‍ അഗേറ്റോ, തത്തുല്യമായ മറ്റിനം ചാല്‍സിഡോണിയോ ആണ് ഉപയോഗിക്കുന്നത്. ഫ്ളിന്റുകൊണ്ടുള്ള ചാണകളും ഉരകല്ലുകളും സര്‍വസാധാരണമാണ്. അപഘര്‍ഷകം എന്ന നിലയില്‍ ഏറെ പ്രയോജനപ്പെടുന്ന വസ്തുക്കളാണ് ഫ്ളിന്റ്, ചെര്‍ട്ട് എന്നിവ. കോണ്‍ക്രീറ്റ് നിര്‍മിതികളെ ബലപ്പെടുത്തുന്നതിനും റോഡുകളെ ടാറിട്ടുറപ്പിക്കുന്നതിനും ധൂളീരൂപത്തിലുള്ള ചെര്‍ട്ട് കൂട്ടിക്കലര്‍ത്തുന്ന സമ്പ്രദായം പ്രചാരത്തിലായിട്ടുണ്ട്.

ഡക്കാണ്‍ ട്രാപ്പിലും രാജ്മഹല്‍ ട്രാപ്പിലും ഉള്‍പ്പെട്ട ബസാള്‍ട്ട് വ്യൂഹങ്ങള്‍ക്കിടയിലുള്ള ക്വാര്‍ട്ട്സ് സിരകളില്‍ ഗൂഢ-ക്രിസ്റ്റലീയം വിഭാഗത്തില്‍പ്പെട്ട അഗേറ്റ്, കാര്‍ണീലിയന്‍, ഒണിക്സ്, ജാസ്പര്‍ തുടങ്ങിയവ സാമാന്യതോതില്‍ കാണുന്നു. ഗോദാവരി, കൃഷ്ണ, നര്‍മദ എന്നീ നദികളുടെ തടങ്ങളില്‍ പ്ലേസര്‍ നിക്ഷേപങ്ങളായാണ് ഈയിനങ്ങള്‍ ലഭ്യമാകുന്നത്. ആന്ധ്രപ്രദേശിലെ ഗോദാവരി, ഹൈദരാബാദ്, ബിഹാറിലെ ഭഗല്‍പൂര്‍, പലാമു, സാന്താള്‍ പര്‍ഗാന; ഗുജറാത്തിലെ അഹമ്മദാബാദ്, വഡോദര, ഖൈര, നവനഗര്‍, ഭവനഗര്‍, ജൂനാഗഢ്, രാജ്പിപ്പല, കച്ച്; രാജസ്ഥാനിലെ ജോധ്പൂര്‍, കോട്ടാ, ഉദയ്പൂര്‍; മധ്യപ്രദേശിലെ ജബല്‍പൂര്‍, ഹോഷംഗാബാദ്, സാഗര്‍, ഗ്വാളിയര്‍; മഹാരാഷ്ട്രയിലെ ബീജാപൂര്‍, പൂണെ, ഒഡിഷയിലെ മയൂര്‍ഭഞ്ജ്, കര്‍ണാടകത്തിലെ ബംഗ്ളൂരു എന്നീ ജില്ലകളാണ് മേല്പറഞ്ഞയിനം കാല്‍സിഡോണി ലഭ്യമാകുന്ന പ്രധാനകേന്ദ്രങ്ങള്‍. ഉത്തര്‍പ്രദേശിലെ ബാരു, മിഴ്സാപൂര്‍ എന്നീ ജില്ലകളിലും കുറഞ്ഞതോതില്‍ ലഭ്യമാണ്.

ഗുജറാത്തിലെ രാജ്പിപ്പലാ-കാംബേ മേഖലകളാണ് ഇന്ത്യയിലെ അഗേറ്റ് ഉത്പാദനകേന്ദ്രങ്ങള്‍. മറ്റു പ്രദേശങ്ങളില്‍ ഖനനം ചെയ്യപ്പെടുന്ന അഗേറ്റ് കാംബേയിലാണ് തേച്ചുമിനുക്കിയെടുക്കുന്നത്. ഫ്ളിന്റ് ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയില്‍ നിന്നാണ്. ബിഹാറിലെ സിങ്ഭൂം, ആന്ധ്രപ്രദേശിലെ ഹൈദരാബാദ്, ജമ്മു-കാശ്മീരിലെ പൂഞ്ച്, മധ്യപ്രദേശിലെ ജബല്‍പൂര്‍, ത്സാബുവ, വാര്‍ധ, മഹാരാഷ്ട്രയിലെ നാഗപ്പൂര്‍, തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, സൗത്ത് ആര്‍ക്കാട് എന്നീ ജില്ലകളില്‍ ചെര്‍ട്ടിന്റെ കനത്ത ശേഖരങ്ങള്‍ കണ്ടുവരുന്നു.

3. ദളികാ-കണികാമയ ക്വാര്‍ട്ട്സ്. മണല്‍, ചരല്‍, മണല്‍ക്കല്ല്, ക്വാര്‍ട്ട്സൈറ്റ് എന്നിവയാണ് ഈ വിഭാഗത്തില്‍പ്പെട്ട ക്വാര്‍ട്ട്സിനങ്ങള്‍. 0.06 മി.മീ. മുതല്‍ 2 മി.മീ. വരെ വ്യാസമുള്ള ക്വാര്‍ട്ട്സ് തരികള്‍ അസംപിണ്ഡിതമായി ((unconsolidated) കൂടിക്കലര്‍ന്ന വസ്തുവാണ് മണല്‍. രണ്ടുമുതല്‍ എട്ടു വരെ മി.മീ. വ്യാസമുള്ള പരുക്കന്‍ തരികള്‍ കൂട്ടുചേര്‍ന്ന് അസംപിണ്ഡിതമായി വര്‍ത്തിക്കുമ്പോള്‍ ചരല്‍ എന്നു വിശേഷിപ്പിക്കുന്നു. നന്നേ സൂക്ഷ്മം മുതല്‍ സാമാന്യം പരുക്കന്‍ വരെയുള്ള ക്വാര്‍ട്ട്സ് തരികള്‍ സിലിക്കാമയമോ, കാത്സ്യമയമോ, അയോമയമോ, മൃണ്‍മയമോ (argillaceous) ആയ വസ്തുക്കളിലൂടെ സംയോജിക്കപ്പെട്ട് ദൃഢീഭവിക്കുമ്പോള്‍ മണല്‍ക്കല്ല് (sand-stone) ആയിത്തീരും. സിലിക്കാമയ വസ്തുക്കളാല്‍ ഇടതൂര്‍ന്ന നിലയില്‍ സംയോജിപ്പിക്കപ്പെട്ടോ, കായാന്തരണപ്രക്രിയകളിലൂടെ പുനഃക്രിസ്റ്റിലീകരണത്തിനു വിധേയമായോ ഉള്ളതും, എന്നാല്‍ ക്വാര്‍ട്ട്സ് തരികള്‍ വ്യതിരിക്തമല്ലാതെ അടുക്കപ്പെട്ടതുമായ മണല്‍ക്കല്ലുകളാണ് ക്വാര്‍ട്ട്സൈറ്റ് (Quartzite).

ഉപയോഗക്രമത്തെ ആസ്പദമാക്കി മണലിനെ വിവിധയിനങ്ങളായി വ്യവഹരിക്കാറുണ്ട്. ഇവയില്‍ കണ്ണാടിമണല്‍, ഉരമണല്‍ എന്നിവയ്ക്കാണ് വ്യാവസായിക പ്രാധാന്യം. സാധാരണ ഉപയോഗങ്ങള്‍ക്കൊപ്പം അഗ്നിപ്രതിരോധം, ശബ്ദപ്രതിരോധം തുടങ്ങിയ സാങ്കേതികോപയോഗങ്ങളും ഇപ്പോള്‍ മണലിനുണ്ടായിത്തുടങ്ങിയിരിക്കുന്നു. ചരല്‍, മണല്‍ക്കല്ല്, ക്വാര്‍ട്ട്സൈറ്റ് തുടങ്ങിയവയുടെ പൊതു ഉപഭോഗം കെട്ടിടനിര്‍മാണത്തിലും ഇതര നിര്‍മാണപ്രവര്‍ത്തനങ്ങളിലുമാണ്. ഈയിനങ്ങളില്‍ പ്രത്യേക ഘടനയും ഭൗതികഗുണവിശേഷങ്ങളുമുള്ളവയെ ഉരകല്ല്, അരകല്ല് തുടങ്ങിയവയ്ക്കും ലോഹനിഷ്കര്‍ഷണത്തില്‍ ഫ്ളക്സ് ആയും, കണ്ണാടി, ചീനമണ്‍സാമഗ്രികള്‍ എന്നിവയുടെ നിര്‍മാണത്തിനും പ്രയോജനപ്പെടുത്തിവരുന്നു.

0.2 മുതല്‍ 0.5 വരെ മി.മീ. വ്യാസമുള്ളതും ഇരുമ്പിന്റെ ഓക്സൈഡുകള്‍, അലുമിന തുടങ്ങിയ മാലിന്യങ്ങള്‍ തീരെയില്ലാത്തതുമായ മണല്‍ നിശ്ചിതാനുപാതത്തില്‍ ചുണ്ണാമ്പുകല്ല്, സോഡിയം കാര്‍ബണേറ്റ് എന്നിവയുമായി കലര്‍ത്തി ഉരുക്കി കണ്ണാടിമണല്‍ (glass sand) നിര്‍മിക്കുന്നു. സിലിക്കാംശം ഏറെയുള്ള മണലാണ് ഇതിനുപയോഗിക്കുന്നത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍, ഹൈദരാബാദ്, പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍, താല്‍ദങ്ഗ; ബിഹാറിലെ ധന്‍ബാദ്, സിങ്ഭൂം, ഭഗല്‍പൂര്‍; ഗുജറാത്തിലെ വഡോദര, പഞ്ചമഹല്‍; മധ്യപ്രദേശിലെ ജബല്‍പൂര്‍; തമിഴ്നാട്ടിലെ ചെങ്കല്‍പെട്ട്; കര്‍ണാടകത്തിലെ ബംഗ്ളൂരു, മൈസൂര്‍, ഷിമോഗ; ഒഡിഷയിലെ മയൂര്‍ഭഞ്ജ്; രാജസ്ഥാനിലെ സവോയ്മാധവ്പൂര്‍, ബുന്ദി, ജയ്പൂര്‍, ബിക്കാനീര്‍; ഉത്തര്‍പ്രദേശിലെ അലഹബാദ്, ബാരു, ഝാന്‍സി എന്നീ ജില്ലകളിലും കേരളത്തിലെ കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും 98-99 ശതമാനം സിലിക്കാംശമുള്ള ശുദ്ധമണല്‍ ധാരാളമായി ലഭ്യമാണ്.

കണ്ണാടിമണല്‍ കഴിഞ്ഞാല്‍ മണലിനങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് ഉരമണല്‍ (refractory sand) ആണ്. അപഘര്‍ഷകസ്വഭാവമുള്ള സിലിക്കാ-ഇഷ്ടികകള്‍ കൊണ്ടാണ് ലോഹനിഷ്കര്‍ഷണത്തിനുള്ള ചൂളകള്‍, വൈദ്യുത ചൂളകള്‍, ഗ്യാസ്പ്ലാന്റുകള്‍, കണ്ണാടി അടുപ്പുകള്‍ തുടങ്ങിയവയുടെ മേല്‍മൂടികള്‍ നിര്‍മിക്കുന്നത്. ഉയര്‍ന്ന സിലിക്കാംശമുള്ളതും, എന്നാല്‍ ചുണ്ണാമ്പ്, മഗ്നീഷ്യം, ഇതര ക്ഷാരവസ്തുക്കള്‍ തുടങ്ങിയവ നന്നെ കുറവുള്ളതുമായയിനം മണലാണ് ഉരമണല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ബിഹാറിലെ മോങ്ഘീര്‍, ഗയ, പാടലീപുത്ര, സിങ്ഭൂം; ഒഡിഷയിലെ സംബല്‍പൂര്‍, കിയോന്‍ഝാഡ്, ബാമ്റ; കര്‍ണാടകത്തിലെ തുംകൂര്‍ എന്നീ ജില്ലകളില്‍ ഉരമണല്‍ നിര്‍മിതിക്ക് അത്യുത്തമമായ ക്വാര്‍ട്ട്സൈറ്റ് നിക്ഷേപങ്ങള്‍ വന്‍തോതില്‍ കണ്ടുവരുന്നു. പഞ്ചാബ്, ജമ്മു-കാശ്മീര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സിവാലിക് മേഖലയില്‍ നിന്നു ലഭ്യമാകുന്ന ക്വാര്‍ട്ട്സൈറ്റ് ശിലകള്‍ റോഡുനിര്‍മാണത്തിലും, കോണ്‍ക്രീറ്റിലെ ചേരുവയായ ചരലുല്പാദനത്തിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അടുത്തകാലത്തായി സിവാലിക് ക്വാര്‍ട്ട്സൈറ്റ് പൊടിച്ച് മണല്‍പ്പരുവത്തിലാക്കി കണ്ണാടിനിര്‍മാണവും നടത്തുന്നുണ്ട്.

മണല്‍ക്കല്ലും ക്വാര്‍ട്ട്സൈറ്റും ഭാരതത്തിലെ വിവിധ ശിലാവ്യൂഹങ്ങളില്‍ വന്‍തോതില്‍ ലഭ്യമാണ്. വാസ്തുശിലകളായി പൊതുവേ ഉപയോഗിക്കപ്പെടുന്ന ഇവ അരകല്ല്, ഉരല്‍, ആട്ടുകല്ല് തുടങ്ങിയവയുടെ നിര്‍മാണത്തിനും ഉതകുന്നു. വാസ്തുശിലകളിലും ക്വാര്‍ട്ട്സിന്റെ മറ്റിനങ്ങളിലും ഭാരതം തികച്ചും സമ്പന്നമാണ്. നോ. ക്വാര്‍ട്ട്സൈറ്റ്

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍