This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വാര്‍ട്ട്സൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വാര്‍ട്ട്സൈറ്റ്

Quartzite

മുഖ്യമായോ പൂര്‍ണമായോ ക്വാര്‍ട്ട്സ് അടങ്ങിയ ഒരു കായന്തരിതശില. മണല്‍ക്കല്ലുകള്‍ക്ക് രൂപാന്തരണം നടക്കുമ്പോഴുണ്ടാകുന്ന ഉത്പന്നങ്ങളാണ് മിക്ക ക്വാര്‍ട്ട്സൈറ്റുകളും. എന്നാല്‍ ചിലത് അന്തര്‍വേധി-പദാര്‍ഥങ്ങളുടെ സാമീപ്യത്താല്‍ സമീപശിലകളില്‍ സിലിക്കയുടെ പ്രതിസ്ഥാപന നുഴഞ്ഞുകയറ്റം (metasomatic introduction) മൂലം രൂപമെടുക്കുന്നവയാണ്.

ചില മണല്‍ക്കല്ലുകള്‍ പൂര്‍ണമായി രൂപാന്തരവിധേയമാകുന്നു. മറ്റുള്ളവ വളരെയേറെ പ്രതിരോധത ഉള്ളതാണ്. പ്രീ-കാമ്പ്രിയന്‍ യുഗത്തിലെ പല കായാന്തരിത ക്വാര്‍ട്ട്സൈറ്റുകളിലും അവശിഷ്ട ഘടനകള്‍ (relict structures) ഇപ്പോഴും ശേഷിക്കുന്നു. സാധാരണയായി, മണല്‍ക്കല്ല് ക്വാര്‍ട്ട്സൈറ്റായി രൂപാന്തരപ്പെടുന്നത് ക്രമാനുഗതമായാണ്. അവശിഷ്ട-ക്ലാസ്റ്റിക് ഘടനകളുടെ വിവിധഘട്ടങ്ങള്‍ക്കു മാറ്റം വരാത്തതരത്തില്‍ മാത്രമേ ഈ വ്യതിയാനങ്ങള്‍ സംഭവിക്കൂ.

ശുദ്ധമായ മണല്‍ക്കല്ലുകള്‍ ശുദ്ധമായ ക്വാര്‍ട്ട്സൈറ്റുകള്‍ക്ക് ജന്മമേകുന്നു. അശുദ്ധമായവ അവയിലടങ്ങിയിരിക്കുന്ന മാലിന്യങ്ങള്‍ക്കനുസൃതമായി വിവിധതരം ക്വാര്‍ട്ട്സൈറ്റുകള്‍ക്ക് രൂപം നല്കുന്നു. ആദ്യത്തെ മണല്‍ക്കല്ലിലെ മണ്‍തരികളെ ചേര്‍ത്തുനിര്‍ത്തുന്ന പദാര്‍ഥങ്ങള്‍ ക്വാര്‍ട്ട്സൈറ്റ് രൂപീകരണസമയത്ത് തനതായ സ്വഭാവഗുണങ്ങളുള്ള സിലിക്കേറ്റ് ധാതുക്കളായി പുനര്‍ക്രിസ്റ്റലീകരിക്കുന്നു. ഈ സിലിക്കേറ്റ് ധാതുക്കളുടെ ഘടന മിക്കവാറും ക്വാര്‍ട്ട്സൈറ്റ് വകഭേദത്തിന്റെ രൂപാന്തരണരീതി പ്രതിഫലിപ്പിക്കുന്നവയാണ്. സ്ഥാനീയ-കായാന്തരണ പ്രക്രിയയുടെ ദശകളില്‍ കളിമണ്ണടങ്ങിയ സിമന്റ് പദാര്‍ഥങ്ങള്‍ സിലിമനൈറ്റിനോ കയനൈറ്റിനോ ജന്മം നല്കുന്നു. ഉയര്‍ന്ന അളവില്‍ പൊട്ടാഷ് അടങ്ങിയിട്ടുള്ള സിമന്റ് പദാര്‍ഥം പൊട്ടാഷ് ഫെല്‍സ്പാറോ മൈക്കയോ തരുന്നു. ചുണ്ണാമ്പും അലുമിനിയവും പ്ലേജിയോക്ളേസ്, എപ്പിഡോട്ട് എന്നിവയ്ക്കു രൂപം നല്കുന്നു. ഡോളമൈറ്റ് അടങ്ങിയ സിമന്റ് പദാര്‍ഥം ഡയോപ്സൈഡ്, ട്രെമലൈറ്റ് എന്നിവയില്‍ ഏതെങ്കിലുമൊന്നിനും സിഡറൈറ്റ് അടങ്ങിയ സിമന്റ് ഗ്രൂണറൈറ്റിനും ജന്മമേകുന്നതായി കാണാം. കാത്സ്യം അടങ്ങിയ സിമന്റ് വൂളസ്റ്റനൈറ്റ് ഉത്പാദിപ്പിക്കും. ഉച്ച-താപകായാന്തരണസമയത്ത് കാര്‍ബണേറ്റ്സിമന്റ് സിലിക്കയുമായി പ്രവര്‍ത്തിച്ച് സിലിക്കേറ്റുകള്‍ ഉത്പാദിപ്പിക്കുന്നു. എന്നാല്‍ മരുഭൂമിയിലെ മണല്‍നിക്ഷേപങ്ങളിലുള്ള അയണ്‍-ഓക്സൈഡ് പിഗ്മെന്റ് ഒരു തരത്തിലുള്ള കായാന്തരണ പ്രക്രിയയ്ക്കും വിധേയമാകാറില്ല. പുരാതന പ്രീ-കാമ്പ്രിയന്‍ ക്വാര്‍ട്ട്സൈറ്റുകള്‍, സഹാറാ മരുഭൂമിയില്‍ ഇന്നു കാണുന്ന മണലിന്റെ അത്രതന്നെ ചുവപ്പുനിറം കാണിക്കുന്നതിന്റെ കാരണവും ഇതുതന്നെ.

സമ്പര്‍ക്ക കായാന്തരണ പ്രക്രിയയുടെ വിവിധ ദശകളില്‍ പ്രാരംഭമണല്‍ക്കല്ലിലെ സിമന്റ് പദാര്‍ഥം പുനര്‍ക്രിസ്റ്റലീകരിക്കുകയും, 'ഹോണ്‍-ഫെല്‍സ് ഫേഷീസി'ലെ ധാതുക്കള്‍ രൂപംകൊള്ളുകയും ചെയ്യുന്നു. ക്വാര്‍ട്ട്സ് സാധാരണനിലയില്‍ ഒരു സ്ഥിരധാതുവാണ്. എന്നാല്‍ ഉയര്‍ന്ന താപനിലയില്‍ ഇത് അല്പസിലിക്കാ-അന്തര്‍വേധി ശിലകളുമായി സമ്പര്‍ക്കമുണ്ടായാല്‍ ട്രിഡിമൈറ്റായി മാറിയെന്നുവരാം. ഈ ട്രിഡിമൈറ്റ് വീണ്ടും ക്വാര്‍ട്ട്സായി മാറുകയോ അപൂര്‍വമായി ഉരുകിപ്പോകുകയോ ചെയ്യും. കണ്ണാടിപോലെയുള്ള ഈ മണല്‍-കല്‍ കഷണങ്ങള്‍ ആഗ്നേയശിലകളുടെ ഭാഗിക സംയോജനഫലമായി രൂപമെടുക്കുന്നതാണ്. ഇവയെ 'ബുക്കൈറ്റു'കള്‍ എന്നു വിളിക്കുന്നു.

താപീയ കായാന്തരണം ഒരു ക്വാര്‍ട്ട്സ്-മണല്‍ക്കല്ലിനെ (ഓര്‍തോക്വാര്‍ട്ട്സൈറ്റ്) ഒരു ക്വാര്‍ട്ട്സൈറ്റ് (മെറ്റാ ക്വാര്‍ട്ട്സൈറ്റ്) ആയി രൂപാന്തരപ്പെടുത്തുന്നു. ഇതിനെ ക്വാര്‍ട്ട്സ് ഹോണ്‍-ഫെല്‍സ് എന്നു വിളിക്കാം. തരികളുടെ വക്കുകളില്‍ക്കൂടി മുറിയുന്ന ശിലയാണ് മണല്‍ക്കല്ല്. ഈ തരികള്‍ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന സിമന്റ് പദാര്‍ഥം പുനഃക്രിസ്റ്റലീകരണം വഴി തരികളെ കൂടുതല്‍ ഗാഢമായി ബന്ധിപ്പിക്കുമ്പോള്‍ അതിനെ ക്വാര്‍ട്ട്സൈറ്റ് എന്നുവിളിക്കുന്നു. ശുദ്ധമായ ക്വാര്‍ട്ട്സ്-മണല്‍ക്കല്ലുകള്‍ താപീയ കായാന്തരണത്തോട് കടുത്ത പ്രതിരോധം പ്രദര്‍ശിപ്പിക്കുന്നവയാണ്. താഴ്ന്ന ഗ്രേഡിലുള്ള കായാന്തരണത്തില്‍ ഇവ വളരെക്കുറഞ്ഞ വ്യതിയാനങ്ങളേ കാണിക്കൂ. തരികള്‍ക്കിടയിലടങ്ങിയിരിക്കുന്ന കളിമണ്ണിലെ ലഘുമാലിന്യങ്ങള്‍ പുനഃക്രിസ്റ്റലീകരിച്ച് വെളുത്ത മൈക്കാപ്പാളികള്‍ക്കു (muscovite) രൂപംകൊടുക്കുന്നു. തീരെ ചെറിയ ഈ പാളികള്‍ തരികള്‍ക്കിടയിലുള്ള ഭാഗങ്ങളിലാണ് കാണപ്പെടുന്നത്.

കായാന്തരണത്തിന് അനുയോജ്യമായ മിക്കവാറും എല്ലാ താപനിലകളിലും ക്വാര്‍ട്ട്സ് സ്ഥിരസ്വഭാവിയാണ്. പുനഃക്രിസ്റ്റലീകരണത്തിനു കാരണമാകാവുന്ന സ്വതന്ത്രോര്‍ജ-നിയത-ശക്തികളൊന്നും ഇതിനുള്ളിലില്ലതാനും. എന്നാല്‍, അവ സ്ഥിതിചെയ്യുന്ന പാറയ്ക്കുള്ളില്‍ വച്ചോ 'ക്ലാസ്റ്റിക്' തരികള്‍ ലഭിച്ച പാറയ്ക്കുള്ളില്‍ വച്ചോ ക്വാര്‍ട്ട്സ് ഏതെങ്കിലും തരത്തിലുള്ള ആയാസങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കില്‍ പുനഃക്രിസ്റ്റലീകരണമോ ബഹുഭുജരൂപീകരണമോ സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. അങ്ങനെ, വലുപ്പമേറിയ പരുപരുത്ത അനേകം ക്വാര്‍ട്ട്സൈറ്റ് തരികള്‍ക്കുപകരം, ഒന്നോ രണ്ടോ അതിലേറെയോ, ആയാസവിധേയമായിട്ടില്ലാത്ത പുതിയ ക്വാര്‍ട്ട്സ് തരികളെ കാണാന്‍ കഴിയും. പ്രാഥമിക തരികള്‍ വലുപ്പം കൂടിയവയാണെങ്കില്‍, തരികളുടെ വക്കിലുള്ള നിയതോര്‍ജശക്തി ചെറുതായിരിക്കും. ഉദ്ദേശം ഒരു മി.മീ. തരി-വലുപ്പമുള്ള ക്വാര്‍ട്ട്സ്-മണല്‍ക്കല്ലുകള്‍ പുനഃക്രിസ്റ്റലീകരിച്ച് മൂന്നു മി.മീ. കുറുകെ തരി-വലുപ്പമുള്ള സാക്കറോയിഡല്‍ ക്വാര്‍ട്ട്സൈറ്റ് ഉണ്ടാകുന്നത് പതിവാണ്. എന്നാല്‍, ഈ പ്രക്രിയയ്ക്ക് ഉയര്‍ന്ന ഗ്രേഡിലുള്ള കായാന്തരണവും തരികള്‍ക്കിടയില്‍ (inter-grannular) ഒരു ദ്രാവകത്തിന്റെ സാന്നിധ്യവും ആവശ്യമാണ്. ബഹുഭുജാകൃതിയുള്ള ഒരു 'ഗ്രാനോബ്ലാസ്റ്റിക്' ക്വാര്‍ട്ട്സൈറ്റാണ് ഈ പ്രക്രിയയുടെ അന്ത്യോത്പന്നം. താരതമ്യേന ഋജുവായ തരിവക്കുകള്‍ 'ത്രിഗുണബിന്ദുക്കളില്‍' തുല്യ-അന്തര്‍മുഖകോണുകളോടെ കൂടിച്ചേരുന്നതും കൂട്ടുപിണഞ്ഞു കിടക്കുന്നതുമായ ക്വാര്‍ട്ട്സ് ക്രിസ്റ്റലുകളാണ് ഈ ക്വാര്‍ട്ട്സൈറ്റിലുള്ളത്. താഴ്ന്ന ലാറ്റിസ്-അതുല്യക്രാന്തിവലയമുള്ള ബഹുക്രിസ്റ്റലീയ സമുച്ചയത്തിന് സമമായ ഘടനയാണിത്. പ്രാഥമിക പുനഃക്രിസ്റ്റലീകരണത്തിനും അനീലനത്തിനും (annealing) സദൃശമാണ് ഇതെന്നു കരുതപ്പെടുന്നു. താഴ്ന്ന പ്രതിബലത്തിലോ, സമൃദ്ധമായ വിവര്‍ത്തനിക ക്രിസ്റ്റലീകരണത്തിനുശേഷമോ ഉള്ള പുനഃക്രിസ്റ്റലീകരണം ഒരു ഗ്രാനോബ്ലാസ്റ്റിക്-ബഹുഭുജ ക്വാര്‍ട്ട്സൈറ്റിന് രൂപം നല്കിയേക്കാം. എന്നാല്‍ ഇങ്ങനെ സംഭവിക്കുമ്പോള്‍ തരിവക്കുകള്‍ ഒരിക്കലും ഋജുവായിരിക്കുകയില്ല; ക്രമരഹിതമോ വിടവുകളുള്ളതോ ആയിരിക്കും.

ഇന്ത്യയില്‍, വിവിധ ഭൂതലശിലാസമൂഹങ്ങളില്‍ ഒരു മുഖ്യ ശിലാവിഭാഗമായി ക്വാര്‍ട്ട്സൈറ്റ് സ്ഥിതിചെയ്യുന്നു. വിന്ധ്യാനിരകള്‍, ആന്ധ്രപ്രദേശ്, കര്‍ണാടകം, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം ക്വാര്‍ട്ട്സൈറ്റ് ധാരാളമായി കണ്ടുവരുന്നു. സിലിക്കാ-ഇഷ്ടികകളുടെ നിര്‍മാണത്തിനാണ് ക്വാര്‍ട്ട്സൈറ്റ് പ്രധാനമായും ഉപയോഗിക്കുന്നത്.

(ഡോ. എം. സന്തോഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍