This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലൗസെവിറ്റ്സ്, കാള്‍ ഫൊണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലൗസെവിറ്റ്സ്, കാള്‍ ഫൊണ്‍

Clausiwitz, Carl von (1780 - 1831)

പ്രഷ്യന്‍ സൈനിക മേധാവി. 1780 ജൂണ്‍ 1-ന് മഗ്ഡെ ബുര്‍ഗിന് സമീപം ബെര്‍ഗില്‍ ജനിച്ചു. 12-ാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ഇദ്ദേഹം 1801-ല്‍ ബര്‍ലിനിലുള്ള യുദ്ധ അക്കാദമിയില്‍ അംഗമായി. ഇക്കാലത്ത് ഗെര്‍ഹാര്‍ഡ് ഫൊന്‍ ഷാണ്‍ ഹൊര്‍സ്റ്റ് (Gerhard von Scharnhorst) എന്ന വിഖ്യാതനായ സൈനിക പരിഷ്കര്‍ത്താവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ക്ലൗസെവിറ്റ്സ് 1806-ല്‍ നെപ്പോളിയന് എതിരെ നടന്ന യുദ്ധത്തില്‍ പങ്കെടുത്തു. പിന്നീട് കുറേക്കാലം പ്രഷ്യയിലെ യുവരാജാവിന് യുദ്ധതന്ത്രത്തില്‍ ശിക്ഷണം നല്കിയ ഇദ്ദേഹം ഇക്കാലത്ത് യുദ്ധസംബന്ധമായി പല കൃതികളും രചിക്കുകയുണ്ടായി. 1812-ല്‍ പ്രഷ്യ ഫ്രാന്‍സുമായി സന്ധിചെയ്തപ്പോള്‍ ഇദ്ദേഹം റഷ്യയുടെ പക്ഷത്തു ചേരുകയും, ക്രമേണ പ്രഷ്യയെ ഫ്രഞ്ചുവിരുദ്ധസഖ്യത്തിലേക്ക് നയിക്കുകയും ചെയ്തു. തുടര്‍ന്ന് നെപ്പോളിയന് എതിരെയുണ്ടായ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്ത ഇദ്ദേഹം 1818-ല്‍ മേജര്‍ ജനറലായും യുദ്ധഅക്കാദമിയുടെ അധിപനായും നിയമിതനായി.

സൈനിക സേവനരംഗത്ത് ശ്രദ്ധേയനായിരുന്നുവെങ്കിലും യുദ്ധതന്ത്രങ്ങളെ സംബന്ധിച്ച് രചിച്ച ഗ്രന്ഥങ്ങളാണ് ഇദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തത്. യുദ്ധതന്ത്രങ്ങളില്‍ വന്നുചേര്‍ന്ന മാറ്റങ്ങളെ സംബന്ധിച്ച് ഇദ്ദേഹം സൂക്ഷ്മവും ശാസ്ത്രീയവുമായ പഠനങ്ങള്‍ നടത്തി. യുദ്ധചരിത്രകാരന്‍ എന്നതിലുപരി യുദ്ധതത്ത്വശാസ്ത്രത്തിന്റെ പ്രണേതാവ് എന്ന നിലയിലാണ് ക്ലൗസെവിറ്റ്സ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ യുദ്ധം രാജ്യഭരണനയത്തിന്റെ മറ്റൊരു തുടര്‍ച്ച മാത്രമാണ്. അണുവായുധങ്ങള്‍ ഉപയോഗിക്കുന്ന സമകാലിക യുദ്ധതന്ത്രത്തിലും ഇദ്ദേഹത്തിന്റെ ആശയങ്ങളുടെ സ്വാധീനം പ്രകടമാണ്. ഇദ്ദേഹം രചിച്ച ഫൊം-ക്രീഗെ (Vom Kriege) എന്ന പ്രസിദ്ധ കൃതി ലോകത്തിലെ പല പ്രമുഖ ഭാഷകളിലേക്കും തര്‍ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. 1831 ന. 16-ന് ബ്രെസ്ലൌവില്‍ (ഇപ്പോള്‍ വ്റൊറ്റ്സ്ലാഫ് Wroclaw, Poland) ക്ലൗസെവിറ്റ്സ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍