This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോറോപ്ലാസ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോറോപ്ലാസ്റ്റ്

സസ്യകോശങ്ങളിലെ സൈറ്റോപ്ലാസത്തില്‍ കാണുന്ന ക്ലോറോഫില്‍ അടങ്ങിയ വസ്തു. പച്ചനിറമുള്ള സസ്യങ്ങളില്‍ പ്രകാശസംസ്ലേഷണപ്രക്രിയ മുഴുവന്‍ നടക്കുന്നത് ക്ലോറോപ്ലാസ്റ്റുകളില്‍ വച്ചാണ്. ഉയര്‍ന്നതരം സസ്യങ്ങളുടെ പച്ചനിറമുള്ള ഭാഗങ്ങളിലെ കോശങ്ങളിലോരോന്നിലും 20 മുതല്‍ 50 വരെ ക്ലോറോപ്ലാസ്റ്റുകളുണ്ടായിരിക്കും. എന്നാല്‍ താണതരം സസ്യങ്ങളായ ആല്‍ഗകളില്‍ ഓരോ സെല്ലിലും ഓരോ ക്ലോറോപ്ലാസ്റ്റ് വീതമേ കാണുകയുള്ളൂ. അണ്ഡാകൃതിയോ ഡിസ്കിന്റെ ആകൃതിയോ ഉള്ളവയും പ്ലാസ്റ്റിഡുകള്‍ എന്നു വിളിക്കപ്പെടുന്നവയുമായ മൂന്നുതരം വസ്തുക്കള്‍ സസ്യങ്ങളിലുണ്ട്. നിറമില്ലാത്ത ല്യൂക്കോപ്ലാസ്റ്റുകള്‍, മഞ്ഞയോ ചുവപ്പോ നിറമുള്ള ക്രോമോപ്ലാസ്റ്റുകള്‍, പച്ചനിറമുള്ള ക്ലോറോപ്ലാസ്റ്റുകള്‍. ക്ലോറോഫില്‍-എ, ക്ലോറോഫില്‍-ബി എന്നീ വര്‍ണവസ്തുക്കളുടെ സാന്നിധ്യമാണ് ക്ലോറോപ്ലാസ്റ്റിന്റെ പച്ചനിറത്തിനുകാരണം. ഈ വര്‍ണവസ്തുക്കള്‍ സൂര്യപ്രകാശത്തിലെ ഊര്‍ജം വലിച്ചെടുത്തു പ്രകാശസംസ്ലേഷണത്തിനാവശ്യമായ രാസോര്‍ജമാക്കി മാറ്റുന്നു.

താണതരം സസ്യങ്ങളിലെ ക്ലോറോപ്ലാസ്റ്റുകള്‍ക്ക് അസാധാരണമായ ആകൃതികളാണുള്ളത്. ഉയര്‍ന്നതരം സസ്യങ്ങളിലുള്ളവയ്ക്ക് തട്ടത്തി (Saucer)ന്റെ ആകൃതിയും അവയ്ക്ക് 5 മുതല്‍ 20 വരെ മൈക്രോണ്‍ (0.001-0.002 മി.മീ.) ഘനവുമുണ്ടായിരിക്കും. അര്‍ധതാര്യ തനുസ്തരം (Semi permeable membrane) കൊണ്ടു പൊതിഞ്ഞ ഈ ക്ലോറോപ്ലാസ്റ്ററുകള്‍ക്കുള്ളില്‍ ഗ്രാന(grana) എന്നു വിളിക്കപ്പെടുന്നതും വൃത്താകൃതിയിലുള്ളതുമായ തണ്ടുകളുണ്ട്. അവയില്‍ പല അടുക്കുകളുണ്ടായിരിക്കും. ഓരോ അടുക്കിലും ക്ലോറോഫില്‍ നിറച്ച നിരവധി കണികകളു(ക്വാന്റസോമുകള്‍)ണ്ടായിരിക്കും. കാര്‍ബണ്‍ ഡൈഓക്സൈഡിനെ നിരോക്സീകരിക്കാന്‍ പറ്റിയ രൂപത്തില്‍ പ്രകാശോര്‍ജത്തെ രൂപാന്തരപ്പെടുത്തുന്നത് ക്വാന്റസോമുകളാണ്. ഓരോ ക്ലോറോപ്ലാസ്റ്റിലും ഒട്ടനവധി ഗ്രാനകളുണ്ടായിരിക്കും. ഗ്രാനകള്‍ക്കിടയിലുള്ള എന്‍സൈമുകള്‍ ഊര്‍ജം ഉപയോഗപ്പെടുത്തി കാര്‍ബോഹൈഡ്രേറ്റുകള്‍ ഉത്പാദിപ്പിക്കുന്നു.

ക്ലോറോപ്ലാസ്റ്റിന്റെ ഇലക്ട്രോണ്‍ മൈക്രോഗ്രാഫ്

ക്ലോറോപ്ലാസ്റ്ററുകള്‍ ഉത്പാദിപ്പിക്കുവാന്‍ ക്ലോറോപ്ലാസ്റ്റുകള്‍ക്ക് മാത്രമേ കഴിയൂ. താണതരം സസ്യങ്ങളില്‍ ക്ലോറോപ്ലാസ്റ്റുകള്‍ക്ക് സ്വയം വിഭജനശേഷിയുണ്ട്. എന്നാല്‍ ഉയര്‍ന്നതരം സസ്യങ്ങളില്‍ 'പ്രോപ്ലാസ്റ്റിഡുകള്‍' എന്നു പേരുള്ള ചെറുതരം നിറമില്ലാത്തതും അപക്വവുമായ രൂപത്തില്‍ നിന്നാണ് ഇവ വളര്‍ന്നുവരുന്നത്. കോശവിഭജനം നടക്കുമ്പോള്‍ ക്ലോറോപ്ലാസ്റ്റുകളല്ല, പ്രോപ്ലാസ്റ്റിഡുകളാണ് വിഭജിക്കപ്പെടുന്നത്. പ്രോപ്ലാസ്റ്റിഡുകളുടെ ക്ലോറോപ്ലാസ്റ്റിലേക്കുള്ള വളര്‍ച്ച നിയന്ത്രിക്കുന്നത് ജീനുകളാണ്.

സസ്യങ്ങളുടെ എല്ലാ കോശങ്ങളിലും പ്രോപ്ലാസ്റ്റിഡുകളുണ്ടെങ്കിലും അവയെല്ലാം ക്ലോറോപ്ലാസ്റ്റുകളായി വളരുന്നില്ല. ഇലകള്‍പോലുള്ള സസ്യഭാഗങ്ങളിലുള്ള പ്രോപ്ലാസ്റ്റിഡുകള്‍ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ക്ലോറോപ്ലാസ്റ്റുകളായി വളരുന്നു. ഇലകളുടെ ഏറ്റവും പുറത്തുള്ള 6 മുതല്‍ 10 വരെ കോശ അടുക്കുകളില്‍ മാത്രമേ സൂര്യപ്രകാശം നന്നായി ഏല്‍ക്കാറുള്ളൂ. അതുകൊണ്ട് അവിടെ മാത്രമേ ക്ലോറോപ്ലാസ്റ്റുകള്‍ കാണുകയുള്ളൂ. പ്രോപ്ലാസ്റ്റിഡുകള്‍ പരാഗരേണുക്കള്‍ വഴിയല്ല മാതൃസസ്യത്തില്‍ നിന്നാണ് അടുത്ത തലമുറയ്ക്ക് ലഭിക്കുന്നത്.

സസ്യകോശങ്ങള്‍ക്കകത്താണ് ഇരിക്കുന്നതെങ്കിലും ക്ലോറോപ്ലാസ്റ്റുകള്‍ സ്വയം പ്രവര്‍ത്തനക്ഷമവും വിഭജനക്ഷമവുമാണ്. ഏകകോശ സസ്യങ്ങള്‍ക്കുള്ളതുപോലെ ഇവയ്ക്ക് സ്വന്തമായ ജീനുകളുണ്ടെന്നു മാത്രമല്ല, സ്വന്തമായി റൈബോസോമുകള്‍ നിര്‍മിക്കാനുള്ള കഴിവുമുണ്ട്. ക്ലോറോപ്ലാസ്റ്റ് ഏതു കോശത്തിലാണോ ഇരിക്കുന്നത് ആ കോശം നിര്‍മിക്കുന്ന റൈബോസോമുകളില്‍നിന്ന് ഇവ തികച്ചും വ്യത്യസ്തമായിരിക്കും. പ്രകാശസംസ്ലേഷണത്തിന് ആവശ്യമുള്ള എല്ലാ എന്‍സൈമുകളും ക്ലോറോപ്ലാസ്റ്റുകള്‍ സ്വയം നിര്‍മിക്കുന്നു. വ്യത്യസ്ത ജീനുകളുള്ള രണ്ടു ക്ലോറോപ്ലാസ്റ്റുകള്‍ ഒരേ കോശത്തില്‍ ഇരിക്കാനിടയായാല്‍ അവ തമ്മില്‍ സംയോഗമാരംഭിക്കും. ഇത് ഏകകോശജീവികള്‍ തമ്മിലുള്ള ലൈംഗികബന്ധത്തിന് സമാനമാണ്. എല്ലാത്തരം സസ്യങ്ങളുടെ ക്ലോറോപ്ലാസ്റ്റുകളും ഗുണപരമായി വളരെ സാമ്യമുള്ളവയാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് ക്ലോറോപ്ലാസ്റ്റും അതിരിക്കുന്ന സസ്യകോശവും തമ്മിലുള്ള യോഗജീവിബന്ധ (symbiotic-relationship)മാണ്. ഈ ബന്ധം ജീവന്റെ നിലനില്പിനുതന്നെ ആധാരമാണ്.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍