This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോര്‍ടെട്രാസൈക്ളിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോര്‍ടെട്രാസൈക്ലിന്‍

ഒരു ബ്രോഡ്സ്പെക്ട്രം ആന്റിബയോട്ടിക്. വ്യാവസായികനാമം ആറിയോമൈസിന്‍ എന്നാണ്. ബി.എം. ഡഗ്ഗാര്‍ എന്ന ശാസ്ത്രജ്ഞനും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇത് കണ്ടുപിടിച്ചത്. 1948-ല്‍ ലെഡര്‍ലി ലബോറട്ടറിക്കാര്‍ ഇത് വിപണിയില്‍ ഇറക്കി. ആദ്യത്തെ ടെട്രാസൈക്ളിന്‍ ആന്റിബയോട്ടിക് ആണ് ക്ലോര്‍ടെട്രാസൈക്ളിന്‍. വിവിധതരത്തിലുള്ള അനേകം രോഗങ്ങള്‍ക്കെതിരെ ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്.

മണ്ണില്‍ കാണപ്പെടുന്ന ഒരു സൂക്ഷ്മജീവിയായ സ്ട്രെപ്ട്രോമൈസിസ് ആറിയോഫാസീന്‍സ് ആണ് ക്ലോര്‍ടെട്രാസൈക്ലിന്‍ ഉത്പാദിപ്പിക്കുന്നത്. മഞ്ഞനിറവും പരലാകൃതിയുമുള്ള ഒരു യുഗ്മകമാണിത്. ആദ്യ സംവര്‍ധകത്തെ ഉയര്‍ന്ന പ്രവര്‍ത്തനശേഷിയുള്ള ഇനം ആക്കാന്‍വേണ്ടി ഉത്പരിവര്‍ത്തനപ്രക്രിയ (mutation) യ്ക്കു വിധേയമാക്കിയശേഷമാണ് വ്യാവസായിക ക്ലോര്‍ടെട്രാസൈക്ലിന്‍ നിര്‍മിച്ചത്. പലതരം സംവര്‍ധക മാധ്യമങ്ങളില്‍ ഇവ വളര്‍ത്താറുണ്ടെങ്കിലും കോണ്‍സ്റ്റീപ് ലിക്കര്‍ (corn steep liquor), പഞ്ചസാര (sucrose), കാത്സ്യംകാര്‍ബണേറ്റ്, അമോണിയംസള്‍ ഫേറ്റ് എന്നിവ ചേര്‍ന്ന മിശ്രിതമാണ് കൂടുതല്‍ നല്ലത്. സംവര്‍ധകത്തെ ആദ്യം ചെറിയ ചെറിയ അളവ് മിശ്രിതങ്ങളില്‍ കിണ്വനം ചെയ്യാന്‍ അനുവദിച്ചശേഷം 20,000 ഗാലന്‍ ടാങ്കില്‍ ദിവസങ്ങളോളം സൂക്ഷിച്ച് വളരാന്‍ അനുവദിക്കുന്നു. ശുദ്ധമായ അന്തരീക്ഷത്തില്‍ വായു കടത്തിവിട്ടും ഇളക്കിയും കിണ്വനം ത്വരിതപ്പെടുത്തുന്നു. 1 മില്ലിലിറ്റര്‍ ജലത്തില്‍ അനേകം മില്ലിഗ്രാം ഉത്പന്നം ലഭിക്കാറുണ്ട്.

കിണ്വനലായനിയില്‍നിന്ന് ആന്റിബയോട്ടിക് വേര്‍തിരിച്ചെടുക്കാന്‍ പല മാര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. ആദ്യപടിയായി ലായനിയില്‍നിന്ന് മൈസീലിയവും ആന്റിബയോട്ടിക്കിന്റെ കാത്സ്യം ലവണവും വേര്‍തിരിച്ചെടുക്കുന്നു. ഈ അരിപ്പില്‍നിന്ന് ക്ലോര്‍ടെട്രാസൈക്ലിന്‍ സംസ്ലേഷണം ചെയ്യുന്നു. പല തവണ സംസ്ലേഷണ പ്രക്രിയയും അവക്ഷേപണ പ്രക്രിയയും ആവര്‍ത്തിക്കുമ്പോള്‍ ശുദ്ധമായ ആന്റിബയോട്ടിക് ലഭിക്കുന്നു. ക്ലോര്‍ടെട്രാസൈക്ലിന്റെ എംപരികസൂത്രം C22 H23 O8 N2 Cl ആണ്.

ചിത്രം:Screen9.png

ഖരരൂപത്തില്‍ ദീര്‍ഘകാലം ക്ലോര്‍ടെട്രാസൈക്ലിന്‍ സൂക്ഷിക്കാം. ജലത്തില്‍ കലര്‍ന്നു കഴിഞ്ഞാല്‍ വിഘടനം നടക്കും.

പുറമേ പുരട്ടാനും ഉള്ളില്‍ കഴിക്കാനും ഇത് ഉപയോഗിക്കുന്നു. ദഹനേന്ദ്രിയങ്ങളില്‍നിന്ന് ഇത് വളരെവേഗം ആഗിരണം ചെയ്യപ്പെട്ട് ശരീരകലകളില്‍ വ്യാപിക്കുന്നു. 20 കിലോഗ്രാം ശരീര ഭാരത്തിന് 12.5 മില്ലിഗ്രാം എന്ന കണക്കിലാണ് ടെട്രാസൈക്ളിന്‍ ഉള്ളില്‍ കഴിക്കേണ്ടത്. രക്തസംരചനയിലും കരള്‍, വൃക്കകള്‍ ഇവയുടെ പ്രവര്‍ത്തനങ്ങളിലും ഈ ഔഷധത്തിനു യാതൊരു പ്രാതികൂല്യവും ഇല്ല. അപൂര്‍വമായ മനംപുരട്ടല്‍, ഛര്‍ദി, മലം അയഞ്ഞുപോകല്‍, ചൊറി, സ്റ്റൊമാറ്റിസ് എന്നിവ ഉണ്ടാകാറുണ്ടെന്നുമാത്രം.

ക്ലോര്‍ടെട്രാസൈക്ളിന്‍ മനുഷ്യരിലും മൃഗങ്ങളിലും ചികിത്സയ്ക്കായി ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ഗ്രാം പോസിറ്റീവ്, ഗ്രാം നെഗറ്റീവ് ബാക്റ്റീരിയങ്ങള്‍, സ്പൈറോകീറ്റ്സ്, റിക്കറ്റ്സിയെ, പ്രോട്ടോസോവ, ആക്റ്റിനോമൈസസ്, നൊക്കാര്‍ഡിയാ തുടങ്ങി അനവധി സൂക്ഷ്മാണുക്കളെ ഈ ഔഷധം നശിപ്പിക്കും. സിസ്റ്റെമിക്പ്രോട്ടിയസ് (സൂസോമോണാസ് രോഗങ്ങള്‍) ക്ഷയം, കവകങ്ങള്‍ വരുത്തുന്ന രോഗങ്ങള്‍ എന്നിവയ്ക്കെതിരെ ഇതു ഫലപ്രദമല്ല.

ഒരു പോഷകവസ്തു, ഭക്ഷ്യസംരക്ഷണ വസ്തു എന്നീ നിലകളിലും ക്ലോര്‍ടെട്രാസൈക്ളിന്‍ ഉപയോഗിക്കുന്നു. കാലികള്‍, കോഴി, പന്നി എന്നിവയുടെ ഭക്ഷണത്തില്‍ ക്ലോര്‍ടെട്രാസൈക്ളിന്‍ കലര്‍ത്തിയാല്‍ അവയുടെ ശരീരം പുഷ്ടിക്കപ്പെടുന്നതായി കണ്ടിട്ടുണ്ട്. ഇറച്ചി, മത്സ്യം എന്നിവ കേടുകൂടാതെ സംരക്ഷിക്കാന്‍ ഇത് ഉപയോഗിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍