This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലൈന്‍ ഫ്രാന്‍സ് ജോസഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലൈന്‍ ഫ്രാന്‍സ് ജോസഫ്

Kline, Franz Joseph (1910 - 62)

യു.എസ്. കലാകാരന്‍. അബ്സ്ട്രാക്റ്റ് എക്സ് പ്രഷനിസ്റ്റ് ചിത്രകാരന്‍ എന്ന നിലയിലാണ് ഇദ്ദേഹം ഏറെ അറിയപ്പെടുന്നത്. പെന്‍സില്‍വേനിയയിലെ വില്‍ക്സ്ബരേ എന്ന സ്ഥലത്ത് 1910 മേയ് 23-ന് ഫ്രാന്‍സ് ജോസഫ് ക്ലൈന്‍ ജനിച്ചു. ബോസ്റ്റണ്‍ സര്‍വകലാശാലയിലും ലണ്ടനിലെ ഹിഥര്‍ലിസ് ആര്‍ട്ട് സ്കൂളിലു(Heatherly's Art School)മായി ക്ലൈന്‍ തന്റെ കലാപഠനം സ്വായത്തമാക്കി. ഇംഗ്ലണ്ടിലെ പഠനത്തിനുശേഷം ഇദ്ദേഹം ന്യൂയോര്‍ക്കില്‍ താമസിക്കുകയും പ്രാറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (Pratt Institute), ബ്രൂക്ലിന്‍, കൂപ്പര്‍യൂണിയന്‍, ഫിലാഡെല്‍ഫിയ മ്യൂസിയം ആര്‍ട്ട്സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു.

പാശ്ചാത്യ കലാപാരമ്പര്യത്തിന്റെ പ്രതിനിധിയായിട്ടാണ് ഇദ്ദേഹം ഈ രംഗത്തു പ്രവേശിച്ചത്. 1940-ല്‍ ബ്ളാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും അതിനെപ്പറ്റി പഠിക്കുകയും ചെയ്തു. ഏതാനും വര്‍ഷം ക്ലൈന്‍ ഈ ജോലി തുടര്‍ന്നു. എന്നാല്‍ 1949-ല്‍ അമൂര്‍ത്തസ്വഭാവമുള്ള ചിത്രങ്ങളുടെ സ്വാധീനം മനസ്സിലാക്കുകയും റിയലിസം ഉപേക്ഷിച്ച് അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസം സ്വീകരിക്കുകയും ചെയ്തു. 1950-ലാണ് ഇദ്ദേഹം തന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആദ്യത്തെ പ്രദര്‍ശനം നടത്തിയത്. കാലിഗ്രാഫിക് (Calligraphic) എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ ബ്ളാക് ആന്‍ഡ് വൈറ്റ് രീതി ചൈനാക്കാരുടെ കാലിഗ്രാഫിക് രീതിയെ ഓര്‍മിപ്പിക്കുന്നവയായിരുന്നു. വെളുത്ത പ്രതലത്തില്‍ കറുത്ത വരകളുണ്ടാക്കി വലിയ കാന്‍വാസുകളില്‍ വിലകുറഞ്ഞ പെയിന്റും ബ്രഷും ഉപയോഗിച്ച് ചിത്രവേലകള്‍ ചെയ്തിരുന്ന ക്ലൈന്റെ രീതി, 1960-കളിലെ ശില്പികളെ വളരെ സ്വാധീനിച്ചിട്ടുണ്ട്. 1950-ല്‍ തന്റെ ചിത്രങ്ങള്‍ക്ക് വര്‍ണഭംഗി നല്കുകയും അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റ് എന്ന സംഘത്തിലെ ബഹുമാന്യ വ്യക്തിയായിത്തീരുകയും ചെയ്തു. 1962 മേയ് 13-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍