This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലേ, ഹെന്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലേ, ഹെന്റി

Clay, Henry (1777 - 1852)

അമേരിക്കന്‍ രാജ്യതന്ത്രജ്ഞനും, വിഗ് പാര്‍ട്ടിയുടെ സ്ഥാപകനും. ജാക്സനെതിരെ യാഥാസ്ഥിതികരെ നയിച്ചത് ഇദ്ദേഹമായിരുന്നു. 1820, 1833, 1850 വര്‍ഷങ്ങളിലെ സന്ധിസംഭാഷണങ്ങളിലൂടെയും അമേരിക്കന്‍ യൂണിയന്റെ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിച്ചതിലൂടെയും 'ദ് ഗ്രേറ്റ് പസിഫിക്കേറ്റര്‍' എന്ന പേര് ലഭിച്ചു. 1777 ഏ. 12-ന് വിര്‍ജിനിയയിലെ ഹാനോവറില്‍ ജനിച്ചു. 1797-ല്‍ വിര്‍ജിനിയയില്‍ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു.

രാഷ്ട്രീയത്തില്‍ ഭരണഘടനയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊണ്ടു വരുന്നതിനായി വാദിച്ചു. ജഫേഴ്സന്റെ പിന്‍ഗാമി എന്ന നിലയില്‍ അടിമത്തത്തിന് എതിരായിരുന്നു. ഇടക്കാലത്ത് അടിമത്തം അംഗീകരിച്ചിരുന്നുവെങ്കിലും തന്റെ മരണപത്രത്തില്‍ അടിമകളുടെ മോചനത്തിന് അനുകൂലമായി എഴുതിയിരുന്നു. രണ്ടു തവണ സെനറ്റു മെംബര്‍ ആയിരുന്നു. 1811-ല്‍ ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 1811-14 വരെ സഭയുടെ സ്പീക്കര്‍ ആയിരിക്കുകയും ചെയ്തു. 1814-ല്‍ ബ്രിട്ടനുമായുള്ള സമാധാനസന്ധി ചര്‍ച്ചകളില്‍ പ്രധാന പങ്കു വഹിച്ചു. 1824-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെട്ടു. സ്പീക്കര്‍ എന്ന നിലയില്‍ ജോണ്‍ ആഡംസിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിനു സഹായിച്ചു. തുടര്‍ന്ന് ഇദ്ദേഹം സെക്രട്ടറി ഒഫ് സ്റ്റേറ്റ് ആയി. തിരികെവന്ന് വീണ്ടും പ്രതിക്ഷനേതാവായെങ്കിലും 1832-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജാക്സനോടു പരാജയപ്പെട്ടു. 1833-ല്‍ കോംപ്രമൈസ് താരിഫ് പാസാക്കിയെടുക്കുന്നതിലൂടെ സൗത്ത് കരോളിന വേര്‍പിരിയുന്നത് തടഞ്ഞു. 1837-ല്‍ സെനറ്റ് മെംബര്‍ ആയി. 1842-ല്‍ വൈസ് പ്രസിഡന്റ് ജോണ്‍ ടൈലറുമായുള്ള ഭിന്നതമൂലം സെനറ്റ് മെംബര്‍ സ്ഥാനം രാജിവച്ചു. 1844-ല്‍ ജെയിംസ് പോക്കിനോട് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 1849-ല്‍ സെനറ്റില്‍ തിരികെ വരികയും, രാഷ്ട്രവിഭജനത്തിന് എതിരെ ധീരമായി പോരാടുകയും ചെയ്തു. 1850 ഫെ. 5-6-ന് ഇദ്ദേഹം ചെയ്ത പ്രസംഗമാണ് 1850-ലെ ഒത്തുതീര്‍പ്പിനു വഴിതെളിച്ചത്. ഇത് അടിമത്ത സംസ്ഥാനങ്ങളും സ്വതന്ത്ര സംസ്ഥാനങ്ങളും തമ്മില്‍ തുല്യത വരുത്തുകയും അമേരിക്കന്‍ ആഭ്യന്തരയുദ്ധം ഒരു പതിറ്റാണ്ടോളം താമസിപ്പിക്കുകയും ചെയ്തു. 1852 ജൂണ്‍ 29-ന് അന്തരിച്ചു.

(അലക്സാണ്ടര്‍ ജേക്കബ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍