This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലെയ്റോ, അലക്സി-ക്ലോദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലെയ്റോ, അലക്സി-ക്ലോദ്

Clairaut, Alexis-Claude (1713 - 65)

ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും. 1713 മേയ് 7-ന് പാരിസില്‍ ജനിച്ചു. യൂക്ലിഡിന്റെ എലിമെന്റ്സി (Elements)ലൂടെയാണ് ക്ലെയ്റോ അക്ഷരാഭ്യാസമാരംഭിച്ചത്. ഒമ്പതാംവയസ്സില്‍ പിതാവിന്റെ നിര്‍ദേശപ്രകാരം വിസ്ലേഷണ ജ്യാമിതി, അനന്തസൂക്ഷ്മകലനം എന്നിവയില്‍ പ്രാവീണ്യം നേടാനുള്ള ഗ്രന്ഥമായ ഗ്വിസ്നി, (Guisnee)യുടെ അപ്ളിക്കാസിയോങ് ദ് ലാല്‍ ഷെബ്ര് അ ലാ ഷിയോമെത്രീ (Application de l'algebre a la geometrie) പഠിക്കാന്‍ തുടങ്ങി. പത്താം വയസ്സില്‍ ലാ ഹോസ്പിറ്റലിന്റെ ഗഹനമായ ഗ്രന്ഥങ്ങള്‍ പഠിക്കാനും തുടങ്ങി. പന്ത്രണ്ടാംവയസ്സില്‍ 'അക്കാദമി ദേ സിയാന്‍സില്‍' (Academie des sciences) ഒരു ഗവേഷണപ്രബന്ധം (Quatre Problems Sur des nouvelles Courbes) അവതരിപ്പിച്ചു. 1726-ല്‍ ചില യുവസുഹൃത്തുക്കളോടൊത്ത് ക്ലെയ്റോ 'സൊസൈറ്റി ദെ ആര്‍ത്തെ' (Societc des arts) സ്ഥാപിച്ചു. ഇക്കാലത്ത് ക്ലെയ്റോ വക്രങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും ഇതു സംബന്ധിച്ച് ദീര്‍ഘമായ ഒരു പ്രബന്ധവും പ്രസിദ്ധീകരിക്കുകയും ചെയ്തു (1929). 18-ാമത്തെ വയസ്സില്‍ അക്കാദമി അംഗമായി ക്ലെയ്റോ നിയമിതനായി. പ്രസിദ്ധ ജ്യോതിശ്ശാത്രജ്ഞനായ കാസിനിയുടെ പഠനങ്ങളുമായി കെയ്റോ പരിചയപ്പെട്ടു. ബാസലില്‍ ഏതാനും മാസങ്ങളോളം പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ യോഹന്‍ ബര്‍ണോളിയോടൊത്തു കഴിഞ്ഞു.

1736 ഏ. 30-ന് ക്ലെയ്റോ പാരിസ് വിട്ട് പഠനസംഘത്തോടൊപ്പം ലപ്ലാന്‍ഡിലേക്കു പോയി. അവിടെ ഇദ്ദേഹത്തിന് ആര്‍ട്ടിക് വൃത്തത്തിനുള്ളില്‍ വച്ച് ഉച്ചരേഖയുടെ (meridian) ഒരു ഡിഗ്രി അളക്കാന്‍ സാധിച്ചു. 1737 ആഗ. 30-ന് പാരിസില്‍ തിരിച്ചെത്തി. പിന്നീട് ഖഗോളീയ യാന്ത്രിക(celestial mechanics)ത്തിലായി ക്ലെയ്റോവിന്റെ ശ്രദ്ധ. അനവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു. ന്യൂട്ടന്റെ പ്രിന്‍സിപ്പിയ എന്ന മൗലികഗ്രന്ഥത്തിന്റെ വിവര്‍ത്തനത്തില്‍ ഷാത്തലേ(Chatelet)യെ ക്ലെയ്റോ വളരെയേറെ സഹായിച്ചിട്ടുണ്ട്. റോയല്‍ സൊസൈറ്റിയിലും ബര്‍ലിന്‍, സെന്റ് പീറ്റേഴ്സ് ബര്‍ഗ്, ബൊളോണ, ഉപ്സാല എന്നീ അക്കാദമികളിലും അംഗമായിരുന്നു.

1734-ല്‍ ക്ലെയ്റോ അവകലസമവാക്യങ്ങളെ (differencial equations)ക്കുറിച്ച് ഒരു പ്രബന്ധം അക്കാദമിയുടെ പ്രസിദ്ധീകരണത്തില്‍ അവതരിപ്പിച്ചു. 1739-40 കാലത്ത് സമാകലന (integral calculus)ത്തെ സംബന്ധിച്ച ഗവേഷണം നടത്തി. ഗുരുത്വാകര്‍ഷണത്തെപ്പറ്റി ക്ലെയ്റോ നടത്തിയ ഗവേഷണത്തിലൂടെ ഭൗമാകര്‍ഷണം അക്ഷാംശത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്ന് തെളിയിക്കപ്പെട്ടു. 1740-ല്‍ 'വേലിയേറ്റസിദ്ധാന്ത'ത്തെപ്പറ്റിയുള്ള പ്രബന്ധമത്സരത്തില്‍ ക്ലെയ്റോവിന്റെ പ്രബന്ധം അംഗീകരിക്കപ്പെടുകയുണ്ടായി. ന്യൂട്ടന്റെ നിഗമനങ്ങളെ തിരുത്തിയെഴുതിയ തത്ത്വങ്ങളാണ് ക്ലെയ്റോ അവതരിപ്പിച്ചത് (1743). ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണനിയമത്തില്‍ ദൂരത്തിന്റെ ചതുഷ്ഘാതത്തെ വ്യുത്ക്രമമാക്കി; ഇതിന് ആനുപാതികമായ സംഖ്യകൂടി ചേര്‍ക്കണമെന്ന് ക്ലെയ്റോ നിര്‍ദേശിച്ചു.

ക്ലെയ്റോവിന്റെ ശാസ്ത്രസംഭാവനകള്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്. 1765 മേയ് 17-ന് പാരിസില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍