This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലെമന്‍സ്, സാമുവല്‍ ലാങ്ഗോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലെമന്‍സ്, സാമുവല്‍ ലാങ്ഗോണ്‍

Clemens, Samuel Langhjorne(1835 - 1910)

യു.എസ്. ഹാസ്യസാഹിത്യകാരന്‍. മാര്‍ക് ട്വൈന്‍ (Mark Twain) എന്നാണ് തൂലികാനാമം. മിസ്സിസ്സിപ്പി നദിക്കരയിലുള്ള ഫേളോറിഡയിലെ മിസോറി ഗ്രാമത്തില്‍ 1835 ന. 30-ന് ജനിച്ചു. 11-ാം വയസ്സില്‍, പിതാവ് മരിച്ചതോടെ വിദ്യാഭ്യാസം മുടങ്ങി. 17-ാം വയസ്സില്‍ വീടുവിട്ടിറങ്ങിയ ക്ലെമന്‍സ് അച്ചടിജോലിക്കാരനായും സ്റ്റീംബോട്ട് പൈലറ്റായും ആഭ്യന്തരയുദ്ധകാലത്ത് പട്ടാളക്കാരനായും നെവാദയിലും കാലിഫോര്‍ണിയയിലും പത്രപ്രവര്‍ത്തകനായും കഴിഞ്ഞുകൂടി. നെവാദയിലെ സ്വര്‍ണഖനിയില്‍ ചേര്‍ന്നുസമ്പന്നനാകാമെന്നു കരുതിയെങ്കിലും ഉള്ളതൊക്കെ നഷ്ടപ്പെട്ടു.

1862-ല്‍ 'ജോഷ്' എന്ന പേരില്‍ എഴുതിയ ഹാസ്യലേഖനങ്ങള്‍ എന്റര്‍പ്രൈസ് എന്ന കാലിഫോര്‍ണിയന്‍ പത്രത്തില്‍ പ്രസിദ്ധം ചെയ്തു. ഈ പത്രത്തില്‍ ഫീച്ചര്‍ എഴുതാന്‍ ദൂരയാത്രകള്‍ പതിവാക്കി. സ്വയം ശിക്ഷണത്തെ ആശ്രയിച്ച് എഴുതിയ ഫീച്ചറുകളില്‍ പലതും, അവയിലെ ജീവിതത്തിന്റെ ചൂടും ചൂരും കൊണ്ട് വായനക്കാരെ ആകര്‍ഷിച്ചു. നെവാദ ഭരണഘടനാസമ്മേളനം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് 'മാര്‍ക് ട്വൈന്‍' എന്ന പേര്‍ ആദ്യമായി സ്വീകരിച്ചത് (രണ്ടാള്‍ത്താഴ്ച എന്ന അര്‍ഥത്തില്‍ നാവികരുപയോഗിക്കുന്ന ഒരു വാക്കാണിത്). 1864-ല്‍ ക്ലെമന്‍സ് സാന്‍ഫ്രാന്‍സിസ്കോയിലെത്തി.

ദ് ഗോള്‍ഡന്‍ ഈറ, ദ് കാലിഫോര്‍ണിയ എന്ന രണ്ട് ആനുകാലികങ്ങള്‍ക്കു ലേഖനപരമ്പര എഴുതി. കാലിഫോര്‍ണിയയിലെ ഉള്‍നാട്ടില്‍ പോയി താമസിച്ചപ്പോള്‍ അവിടെ കേട്ട ഒരു പഴങ്കഥ സമര്‍ഥമായി പുനരാഖ്യാനം ചെയ്തതാണ്-ദ് സെലിബ്രെയ്റ്റഡ് ജംപിങ് ഫ്രോഗ് ഒഫ് കലാവെറസ് കൌണ്ടി (1865). സാന്‍വിച്ച് ദ്വീപുകള്‍ സന്ദര്‍ശിച്ചപ്പോള്‍ എഴുതിയ യാത്രാവിവരണമാണ് അടുത്ത ഗ്രന്ഥം. ഓക്സ്ഫഡ്, യേല്‍, മിസോറി സര്‍വകലാശാലകള്‍ ബിരുദങ്ങള്‍ നല്കി ഇദ്ദേഹത്തെ ആദരിച്ചു.

1873-ലാണ് അതിബൃഹത്തായ സ്മരണകളില്‍ നിന്നു ചിലതെടുത്ത് കഥാസാഹിത്യമാക്കാന്‍ മാര്‍ക് ട്വൈന്‍ തുടങ്ങിയത്. ചിരിപ്പിക്കുന്ന ഹാസ്യം മാത്രമല്ല, നേര്‍ത്ത വികാരങ്ങളുടെയും അഗാധമായ ഭാവങ്ങളുടെയും ആവിഷ്കാരം കൂടിയാണ് ഇദ്ദേഹത്തിന്റെ മുഖ്യ കൃതികളായ ദ് അഡ്വെഞ്ചേഴ്സ് ഒഫ് ടോം സായര്‍ (The Adventures of Tom Sawyer, 1876), ദ് അഡ്വെഞ്ചേഴ്സ് ഒഫ് ഹക്കിള്‍ബറി ഫിന്‍ (The Adventures of Huckleberry Finn 1874), ദി പ്രിന്‍സ് ആന്‍ഡ് ദി പോപ്പര്‍ (The Prince and the Pauper, 1880) എന്നിവയില്‍ കാണുന്നത്. ഇതില്‍ ആദ്യത്തേത് കുറച്ചൊക്കെ ആത്മകഥാപരമാണ്. കൂടുതല്‍ പ്രൗഢമായ രചനാ ശില്പമുള്ള രണ്ടാമത്തേതാകട്ടെ ആധുനിക അമേരിക്കന്‍ സാഹിത്യത്തെ മുഴുവന്‍ സ്വാധീനിച്ചിട്ടുണ്ട് എന്നു പറയാം. ലൈഫ് ഓണ്‍ ദ് മിസ്സിസ്സിപ്പി (Life on the Mississippi, 1883), എ കണക്റ്റിക്കറ്റ് യാങ്കീ ഇന്‍ കിങ് ആര്‍ഥേഴ്സ് കോര്‍ട്ട് (A Connecticut yankee in King Arthur's Court, 1894), ദ് ട്രാജഡി ഒഫ് പുഡിന്‍ ഹെഡ് വില്‍സണ്‍ (The Tragedy of Puddinhead Wilson, 1894), പഴ്സണല്‍ റീകളക്ഷന്‍സ് ഒഫ് ജോവന്‍ ഒഫ് ആര്‍ക് (Personal recollections of Joan of Arc, 1896), ഫോളോയിങ് ദ് ഇക്വേറ്റര്‍ (Following the Equator, 1897), വാട്ട് ഇസ് മേന്‍ (What is man, 1906), ദ് മിസ്റ്റീരിയസ് സ്റ്റ്രേഞ്ചര്‍ (The Mysterious Stranger, 1916) എന്നിവ ഇദ്ദേഹത്തിന്റെ പ്രകൃഷ്ട രചനകളില്‍പ്പെടുന്നു.

നാടോടിശൈലിയും ഗ്രാമ്യഭാഷയും ഫലിതവും ആണ് മാര്‍ക് ട്വൈനിനെ പ്രിയങ്കരനാക്കിയത്. സഞ്ചാരസാഹിത്യരചനയില്‍ ഇദ്ദേഹം സ്വീകരിച്ച വീക്ഷണത്തിനും രീതിക്കും പുതുമയുണ്ട്. യാഥാര്‍ഥ്യങ്ങളെ ഇദ്ദേഹം ഭാവനാസൃഷ്ടമായ ഹാസ്യം കലര്‍ത്തി അവതരിപ്പിക്കുന്നു. 'എപ്പോഴും ഞാനുദ്ദേശിച്ചതു പൊതുജനങ്ങളെ മാത്രമാണ്, വല്ലപ്പോഴുമേ ഉപദേശിച്ചിട്ടുള്ളൂ. രസിപ്പിക്കുവാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതെന്നെ സംതൃപ്തനാക്കി' എന്നു തന്റെ ലക്ഷ്യത്തെക്കുറിച്ച് ഇദ്ദേഹം പ്രസ്താവിച്ചിരുന്നു. 1910 ഏ. 21-ന് കണക്റ്റിക്കറ്റില്‍ മാര്‍ക് ട്വൈന്‍ അന്തരിച്ചു.

(മൂടാടി ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍