This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലെമന്റ്, അലക്സാണ്ട്രിയയിലെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലെമന്റ്, അലക്സാണ്ട്രിയയിലെ

Clement of Alexandria

എ.ഡി. 3-ാം ശതകത്തില്‍ അലക്സാണ്ട്രിയയില്‍ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ വേദശാസ്ത്ര പണ്ഡിതന്‍. ആഥന്‍സിലാണ് ഇദ്ദേഹം ജനിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. അക്രൈസ്തവനായിരുന്ന ഇദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം ക്രൈസ്തവ തത്ത്വങ്ങള്‍ പഠിക്കാന്‍ പല സ്ഥലങ്ങളിലും സഞ്ചരിച്ചു. പലരെയും സന്ദര്‍ശിച്ചശേഷം അലക്സാണ്ട്രിയയിലെത്തി. അവിടെ ഇദ്ദേഹം പന്തേന്നൂസ് എന്ന പണ്ഡിതന്റെ ശിഷ്യനായിത്തീരുകയും അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. പന്തേന്നൂസിന്റെ കാലശേഷം ക്ലെമന്റ് അലക്സാണ്ട്രിയയിലെ വേദപഠനകേന്ദ്രത്തിന്റെ മേധാവിയായിത്തീര്‍ന്നു.

ഗ്രീക്കു തത്ത്വശാസ്ത്രജ്ഞന്‍, ക്രിസ്തുമത വേദശാസ്ത്രപണ്ഡിതന്‍ എന്നീ നിലകളിലൊക്കെ ക്ലെമന്റ് പ്രശസ്തനായിരുന്നു. ഇദ്ദേഹം രചിച്ചിട്ടുള്ള നിരവധി ഗ്രന്ഥങ്ങള്‍ ക്രൈസ്തവ സാഹിത്യത്തിനു മുതല്‍ക്കൂട്ടാണ്. ക്രിസ്തുമതത്തെ ഗ്രീക്കു സംസ്കാരവുമായി പൊരുത്തപ്പെടുത്തിക്കൊണ്ടാണ് ക്ലെമന്റ് ലേഖന രചന നടത്തിയത്. അതിന്റെ ഫലമായി ഗ്രീക്-ക്രൈസ്തവ ആധ്യാത്മികത എന്ന പേരില്‍ ഒരു പുതിയ ആധ്യാത്മികപ്രസ്ഥാനം അക്കാലത്ത് ഉടലെടുത്തിരുന്നു.

എ.ഡി. 202-ല്‍ ഈജിപ്തില്‍ ക്രൂരമായ ഒരു ക്രൈസ്തവപീഡനം നടന്നപ്പോള്‍ ക്ലെമന്റ് ജീവരക്ഷാര്‍ഥം ഈജിപ്ത് വിട്ടുപോയി. പിന്നീട് കുറേക്കാലം ഇദ്ദേഹം കപ്പദോച്ചിയ എന്ന സ്ഥലത്തെ ബിഷപ്പായ അലക്സാണ്ടറിനോടൊപ്പം കഴിഞ്ഞുകൂടി. എ.ഡി. 215-നു മുമ്പുതന്നെ ക്ലെമന്റ് കപ്പദോച്ചിയയില്‍ മരണമടഞ്ഞുവെന്നു കരുതപ്പെടുന്നു.

(പ്രൊഫ. നേശന്‍. റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍