This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലിഫോര്‍ഡ് റെയിന്‍സ് ജോണ്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലിഫോര്‍ഡ് റെയിന്‍സ് ജോണ്‍സ്

Clifford, Rains Jones (1924 - )

കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളെക്കുറിച്ച് പഠനം നടത്തിവരുന്ന പൗരസ്ത്യ രംഗകലാ ഗവേഷകന്‍. കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡില്‍ 1924 സെപ്. 4-ന് ജനിച്ചു. കാലിഫോര്‍ണിയ കോളജ് ഒഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ്, സാന്‍ ജോസ് സ്റ്റേറ്റ് കോളജ്, മദ്രാസ് മ്യൂസിക് അക്കാദമി, കേരള കലാമണ്ഡലം എന്നിവിടങ്ങളില്‍ ശിക്ഷണം നേടി. 1960-കളിലാണ് ഇദ്ദേഹം കഥകളിയുമായി ബന്ധം സ്ഥാപിക്കുന്നത്. തുടര്‍ന്ന് ഭാര്യ ബെറ്റിയുമൊത്ത് കേരളത്തിലെത്തി കലാമണ്ഡലത്തില്‍ച്ചേര്‍ന്ന് കലാമണ്ഡലം പത്മനാഭന്‍നായരില്‍ നിന്നും കഥകളിയിലും പൈങ്കുളം രാമച്ചാക്യാരില്‍ നിന്നും കൂടിയാട്ടവും അഭ്യസിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ബെറ്റിയും കലാമണ്ഡലം വിദ്യാര്‍ഥിയായിരുന്നു. കലാമണ്ഡലം രാമന്‍കുട്ടി നായരില്‍നിന്ന് കഥകളിയും തോട്ടാശ്ശേരി ചിന്നാമ്മു അമ്മയില്‍നിന്നും മോഹിനിയാട്ടവും ഇവര്‍ അഭ്യസിക്കുകയുണ്ടായി.

1961-62-ല്‍ 'ആര്‍ട്ട് ഹിസ്റ്ററി ആന്‍ഡ് ട്രഡീഷണല്‍ തിയെറ്റര്‍' (കലാചരിത്രവും പാരമ്പര്യ നാടകവേദിയും) എന്ന വിഷയത്തില്‍ കേരള യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥി ആയിരുന്നു. 1965-ല്‍ യൂണിവേഴ്സിറ്റി ഒഫ് പെന്‍സില്‍വേനിയയില്‍നിന്ന് 'സൌത്ത് ഏഷ്യ റീജണല്‍ സ്റ്റഡീസി'ല്‍ ഡോക്ടറേറ്റ് നേടി. മലയാളം, സംസ്കൃതം, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകള്‍ വശമാക്കി. കേരളത്തിന്റെ കലാസാംസ്കാരിക ചരിത്രത്തെപ്പറ്റിയും കഥകളി, കൂടിയാട്ടം എന്നിവയെക്കുറിച്ചും ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. 1966-ല്‍ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യന്‍ സ്റ്റഡീസിന്റെയും കേരള കലാമണ്ഡലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൂടിയാട്ടത്തെപ്പറ്റി നടത്തിയ ആദ്യത്തെ സാര്‍വദേശീയ സെമിനാറിന്റെ സംഘാടകനായിരുന്നു. ഒരു റിസര്‍ച്ച് ആന്‍ഡ് ഡോക്യുമെന്റേഷന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ അനുഷ്ഠാന കലകളെപ്പറ്റി നാലു ഡോക്കുമെന്ററി ചിത്രങ്ങള്‍ നിര്‍മിച്ചു. കഥകളിയിലും കൂടിയാട്ടത്തിലും വേഷം കെട്ടാന്‍ കഴിവുള്ള ചുരുക്കം പാശ്ചാത്യരില്‍ ഒരാളാണ് ജോണ്‍സ്. കലാമണ്ഡലം നടത്തിയ ലോക പര്യടനങ്ങളില്‍ ഉപദേശകനായിരുന്നു. കേരള കലാമണ്ഡലത്തില്‍ അഞ്ചുവര്‍ഷം അഭ്യസിച്ച ഇദ്ദേഹം ദക്ഷിണേന്ത്യയിലെ പാരമ്പര്യകലകളെപ്പറ്റി ഗവേഷണം നടത്തിവരുന്നു. ചിത്രകല, ശില്പം, വാസ്തുവിദ്യ, നൃത്തം, നാട്യരൂപങ്ങള്‍, ഇവയുടെ പരസ്പരബന്ധം, സാഹിത്യരൂപം, സാമൂഹിക-സാംസ്കാരിക-ചരിത്ര പശ്ചാത്തലം എന്നിവയാണ് പഠന വിഷയങ്ങള്‍.

റോച്ചസ്റ്റര്‍, പെന്‍സില്‍വേനിയ, കൊളംബിയ എന്നീ യൂണിവേഴ്സിറ്റികളില്‍ പഠിപ്പിച്ചിട്ടുണ്ട്. എ തൌസന്‍ഡ് ഇയേഴ്സ് ഒഫ് ടെമ്പ്ള്‍ തിയെറ്റര്‍ : കൂടിയാട്ടം, സാന്‍സ്ക്രിറ്റ്, ഡ്രാമ എന്ന ലഘു പ്രബന്ധം തയ്യാറാക്കിയിട്ടുള്ള ഇദ്ദേഹം കഥകളി: ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ദ് ഡാന്‍സ് ഡ്രാമ ഒഫ് കേരള, കഥകളി, എപ്പിക് ഡാന്‍സ് ഡ്രാമ ഒഫ് ഇന്ത്യ എന്നീ കൃതികളുടെ രചയിതാവാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ കലാരൂപങ്ങള്‍, കൂത്തമ്പലങ്ങള്‍ തുടങ്ങിയവയെപ്പറ്റി പഠനങ്ങള്‍ എഴുതി. നിളാ നദീതീരത്തുള്ള നാട്യമണ്ഡപം രൂപകല്പന ചെയ്തത് റെയിന്‍സ് ജോണ്‍സാണ്. കേരള കലകള്‍ക്കും സംസ്കാരത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് 2009-ല്‍ കേരള കലാമണ്ഡലം മനക്കുളം മുകുന്തരാജസ്മൃതി ഉപഹാരം നല്‍കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. നിലവില്‍ ഇദ്ദേഹം കാലിഫോര്‍ണിയയിലെ സാന്റാറോസയില്‍ എത്നിക് ആര്‍ട്സ് സെന്ററിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍