This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലിന്‍തസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലിന്‍തസ്

Cleanthes (B.C. 331 - 232)

സ്റ്റോയിക്ദാര്‍ശനികനും സ്റ്റോയിക് സ്കൂളിന്റെ 2-ാമത്തെ അധ്യക്ഷനും. ട്രോഡിലെ അസോസില്‍ ബി.സി. 331-ല്‍ ആവാം ഇദ്ദേഹം ജനിച്ചതെന്നു കരുതപ്പെടുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി ആഥന്‍സില്‍ എത്തിയ ഇദ്ദേഹം ഒരു സിനിക്കായിരുന്ന ക്രെറ്റസിന്റെ കീഴില്‍ പഠനം ആരംഭിച്ചു. പിന്നീട് സ്റ്റോയിക് ആചാര്യനായ സെനോവിന്റെ വിദ്യാലയത്തില്‍ ചേര്‍ന്നു. സെനോവിന്റെ തത്ത്വചിന്തയാണ് ക്ലിന്‍തസ് പിന്നീട് പിന്തുടര്‍ന്നത്. ബി.സി. 263-ല്‍ സെനോയുടെ മരണത്തെത്തുടര്‍ന്ന് ക്ലിന്‍തസ് സ്റ്റോയിക് സ്കൂളിന്റെ പ്രധാന ആചാര്യനായിത്തീര്‍ന്നു. സ്റ്റോയിക് സ്കൂളിന്റെ രണ്ടാമത്തെ സ്ഥാപക ആചാര്യനായി കരുതപ്പെടുന്ന ക്രൈസിപ്പസും മാസിഡോണ്‍ രാജാവായ ആന്റിഗോണസും അന്ന് ഇവിടത്തെ വിദ്യാര്‍ഥികളായിരുന്നു.

ഊര്‍ജസ്വലത, ക്ഷമാശീലം, വിദ്വേഷമില്ലായ്മ തുടങ്ങിയ സദ്ഗുണങ്ങളുടെ സംഗമമായിരുന്ന ക്ലിന്‍തസിനെ സദാചാരത്തിന്റെ പ്രതീകമായി ആരാധിച്ചിരുന്നു. സുഖം പ്രകൃതിക്കനുസൃതമല്ലെന്നും എന്നാല്‍ പ്രകൃതിക്കനുസൃതമായ ജീവിതമാണ് സദാചാരമെന്നും ക്ലിന്‍തസ് അഭിപ്രായപ്പെട്ടു. സദ്ഗുണങ്ങളുടെ ഉറവിടമായിരുന്ന ക്ലിന്‍തസിനു ധാരാളം വിമര്‍ശകരും ഉണ്ടായിരുന്നു. വ്യക്തിത്വമില്ലാത്ത ഒരു മന്ദബുദ്ധിയായി ക്ലിന്‍തസിനെ ചിത്രീകരിച്ച വിമര്‍ശകര്‍ ഇദ്ദേഹത്തെ കഴുത എന്നു വിളിച്ചു. എന്നാല്‍ ശിഷ്യനും പ്രശസ്ത സ്റ്റോയിക് പണ്ഡിതനുമായിരുന്ന ക്രൈസിപ്പസ്, ക്ലിന്‍തസിനെ ആരാധിച്ചു ബഹുമാനിച്ചിരുന്നു. ക്ലിന്‍തസിന്റെ കീഴില്‍ സ്റ്റോയിക് സ്കൂളിന്റെ പ്രശസ്തിക്കു മങ്ങലേറ്റെങ്കിലും ക്രൈസിപ്പസ് സ്കൂളിനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. 50-ഓളം കൃതികള്‍ ക്ലിന്‍തസ് രചിച്ചതായി കരുതപ്പെടുന്നു. അവയില്‍ ചിലതിന്റെ അവശിഷ്ടങ്ങള്‍ സ്റ്റോബെയ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. ക്ലിന്‍തസ് കൃതികളുടെ പ്രധാന അംശങ്ങള്‍ ഡയോജിനസ് ലയര്‍ട്ടിയസ്, സ്റ്റോബയസ്, സിസിറോ സെനക്ക എന്നിവരുടെ രചനകളിലും കാണാന്‍ കഴിയും. ബി.സി. 230-ല്‍ ക്ലിന്‍തസ് അന്തരിച്ചു.

ദൈവത്തിനെയും പ്രപഞ്ചത്തെയും ഒന്നായി കരുതുന്ന പാന്‍തീസത്തിന്റെ (pantheism) ഉപജ്ഞാതാവ് എന്ന നിലയിലാണ്, ക്ലിന്‍തസിന്റെ പ്രശസ്തി. ഇദ്ദേഹം രചിച്ചിട്ടുള്ള മിക്കകൃതികളിലെയും മുഖ്യപ്രതിപാദ്യവും ഈ സിദ്ധാന്തം തന്നെയാണ്. സെനോയുടെ ഭൗതിക സിദ്ധാന്തത്തെയും ക്ലിന്‍തസ് പിന്‍താങ്ങിയിരുന്നു. ഇദ്ദേഹത്തിന്റെ അഭിമതത്തില്‍ അസ്തിത്വം ഉള്ളത് സര്‍വഥാ കര്‍മനിരതമാണ്. ഈ കാണുന്നതിനെല്ലാം ഒരു ആദികാരണമുണ്ട്. ഈ ആദികാരണമാണ് വസ്തുക്കളുടെ ചലനകാരണം. വസ്തുക്കള്‍ക്കു മാത്രമേ വസ്തുക്കളുടെമേല്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയൂ. അതുകൊണ്ട് ദ്രവ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആദികാരണവും ദ്രവ്യം തന്നെയാണ്. ക്ലിന്‍തസ് അവതരിപ്പിച്ചിട്ടുള്ള ഈ ആശയത്തെ അടിസ്ഥാനമാക്കിയാണ് സ്റ്റോയിക്കുകള്‍ പ്രപഞ്ചത്തെ വിശകലനം ചെയ്യുന്നത്. സര്‍വവ്യാപിയായ ദ്രവ്യത്തിനുണ്ടാകുന്ന മര്‍ദമാണ് പ്രപഞ്ചത്തിന്റെ ചലനാത്മകതയ്ക്ക് കാരണം എന്ന് ഇവര്‍ വിശ്വസിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍